വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡൽഹിയിൽ തെരഞ്ഞെടുപ്പ് ജ്വരം പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു സംസ്ഥാനമെന്ന നിലയില്‍ ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും ഡൽഹിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അത് രാജ്യത്താകമാനമുള്ള രാഷ്ട്രീയ ധാരണകളെ സ്വാധീനിക്കുന്നു. സമീപ വർഷങ്ങളിൽ, ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും തമ്മിലുള്ള കടുത്ത മത്സരവും, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ അറസ്റ്റും എല്ലാം ചേര്‍ന്ന് അഭൂതപൂർവമായ വിവാദങ്ങള്‍ കാരണം ദേശീയ തലസ്ഥാനം ദേശീയ ശ്രദ്ധയാകർഷിച്ചു. മദ്യനയത്തിലും കരാർ അനുവദിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് കെജ്‌രിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കളെ വരിഞ്ഞുമുറുക്കിയത്. പാർട്ടിയുടെ ജന്മസ്ഥലമായ ഡൽഹിയിലെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ തകർക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് അവകാശപ്പെട്ട എഎപി, ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. എന്നാല്‍ ഒരു ദശാബ്ദമായുള്ള എഎപി സര്‍ക്കാറിനെതിരെ വലിയ ഭരണവിരുദ്ധ വികാരമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം വിവാദങ്ങളും അഴിമതി ആരോപണങ്ങളും അറസ്റ്റുകളും ലെഫ്റ്റനന്റ് ഗവർണറുമായുള്ള അടിക്കടിയുള്ള ഉരസലുകളും കൊണ്ടാണ് അടയാളപ്പെടുന്നത്. ഇത് ഒരുവിഭാഗം വോട്ടർമാരില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ പുരോഗതി, ആരോഗ്യമേഖലയിലെ മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയ ആം ആദ്മി പാർട്ടിയുടെ ആദ്യകാല നേട്ടങ്ങളുടെ തിളക്കവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ കാര്യമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം ഡൽഹി നിവാസികളെ നിരാശരാക്കുന്നു. പ്രത്യേകിച്ചും അയൽ നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ. തൊട്ടുമുമ്പുള്ള 15 വർഷത്തെ ഷീല ദീക്ഷിതിന്റെ ഭരണകാലത്തെ സുഗമമായ ഭരണനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇത് വോട്ടർമാരെ പ്രേരിപ്പിക്കുന്നു. ഈ വികാരം തിരിച്ചറിഞ്ഞുകൊണ്ട്, കഴിഞ്ഞകാലങ്ങളില്‍ പാർട്ടി ഏറെക്കുറെ അവഗണിച്ച അന്തരിച്ച ഷീല ദീക്ഷിതിന്റെ പാരമ്പര്യം പ്രയോജനപ്പെടുത്തി കോൺഗ്രസ് അതിന്റെ രാഷ്ട്രീയ സാന്നിധ്യം പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ഉയിർത്തെഴുന്നേൽപ്പ് എഎപിയെ ഭയപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 26ന് മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിന്റെയും ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും നേതൃത്വത്തിൽ എഎപി വാർത്താ സമ്മേളനം നടത്തി. ഡൽഹി കോൺഗ്രസ് ഘടകം ബിജെപിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു, അരവിന്ദ് കെജ്‌രിവാളിനെ ‘ദേശവിരുദ്ധൻ’ എന്ന് പരാമർശിച്ച അജയ് മാക്കനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് ശക്തമായ താക്കീത് നൽകി. ന്യൂഡൽഹി മണ്ഡലത്തിൽ കെജ്‌രിവാളിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നടത്തിയ പ്രചരണം ബിജെപി പിന്തുണയാേടെയാണെന്നും എഎപി ആരോപിച്ചു. നടപടിയുണ്ടായില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആവശ്യപ്പെടുമെന്നും എഎപി ഭീഷണിപ്പെടുത്തി.
ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം മൂലം ദുർബലമായ തങ്ങളുടെ വോട്ടിങ് അടിത്തറ ഏകീകരിക്കാനുള്ള എഎപിയുടെ ശ്രമമായാണ് ആക്രമണാത്മക നിലപാട് വിലയിരുത്തപ്പെടുന്നത്. പക്ഷേ കോൺഗ്രസ് ദേശീയ നേതൃത്വം എഎപിയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം എഎപിയുടെ തന്ത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഡൽഹിയിലെ വോട്ടർമാർ മിക്കവാറും സംസ്ഥാന‑ദേശീയ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായി വോട്ട് ചെയ്യുന്ന രീതി പ്രകടമാക്കിയിട്ടുണ്ട്. അവര്‍ പലപ്പോഴും ഭരണപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നു.
എഎപിയുടെ വോട്ട് വിഹിതം 2013ലെ 29.5 ശതമാനത്തിൽ നിന്ന് 2015ൽ 54 ശതമാനമായും 2020ൽ 53.7 ശതമാനമായും വർധിച്ചു. കോൺഗ്രസിന്റെ വോട്ട് 2013ലെ 24.5ൽ നിന്ന് 2015ൽ 9.7 ശതമാനമായും 2019ൽ അഞ്ച് ശതമാനത്തിൽ താഴെയായും മാറി. ബിജെപിയാകട്ടെ കോൺഗ്രസ് വോട്ടിന്റെ പിന്‍ബലത്തില്‍ വോട്ട് വിഹിതം സ്ഥിരമായി നിലനിർത്തി. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിൽ, ബിജെപി ശ്രദ്ധേയമായ വോട്ട് വിഹിതവുമായി ആം ആദ്മിയെ മറികടന്നു: 2014ൽ 46.6, 2019ൽ 56.7, 2024ൽ 54.33 ശതമാനം എന്നിങ്ങനെയാണ് അവരുടെ വോട്ട്. 2019 ല്‍ എഎപി വെറും 18.10 ശതമാനം മാത്രം നേടി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാംസ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് 22.6 ശതമാനം വോട്ട് നേടി.
2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ എഎപി വോട്ട് വിഹിതം 34.10 ശതമാനമായപ്പോള്‍ കോൺഗ്രസിന്റെ വിഹിതം 18.94 ശതമാനമായി കുറഞ്ഞു.
കോൺഗ്രസിന്റെ വോട്ടുകൾ എഎപിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാൽ തിരിച്ച് അങ്ങനെയല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ച കോൺഗ്രസ് വോട്ടർമാരെ നിലനിർത്തുക എന്നതാണ് എഎപിയുടെ വെല്ലുവിളി, പ്രത്യേകിച്ച് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുമ്പോള്‍. മുൻകാല വോട്ടിങ് രീതി ആവർത്തിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ എഎപിയുടെ ആശങ്ക വ്യക്തമാണ്.
2013ൽ, ഡൽഹി വോട്ടർമാർ കോൺഗ്രസിനെതിരെ നിർണായകമായി വോട്ട് ചെയ്തു, 1998ലെ അവരുടെ 40 ശതമാനം വോട്ട് 24.6 ശതമാനമായി കുറച്ചു. വിവാദങ്ങളും ഭരണപ്രശ്നങ്ങളുമാണ് വോട്ടർ അടിത്തറ ഇളക്കിയതെങ്കില്‍ ആം ആദ്മി പാർട്ടിക്കെതിരെ സമാനമായ മാറ്റം ഇത്തവണ സംഭവിക്കാം. എഎപിക്ക് സ്ഥാനം ഉറപ്പാക്കണമെങ്കില്‍ കോൺഗ്രസിൽ നിന്ന് തങ്ങള്‍ക്കുള്ള വ്യതിരിക്തത തെളിയിക്കുകയും ലോക്‌സഭയിലേക്ക് പിന്തുണച്ച കോൺഗ്രസ് അനുകൂല വോട്ടർമാരെ നിലനിർത്തുകയും വേണം. തങ്ങള്‍ക്കും കോൺഗ്രസിനുമിടയിൽ വ്യക്തമായ അതിര്‍വരമ്പിടുന്നതിലൂടെ, ഇന്ത്യ സഖ്യത്തെ അപകടത്തിലാക്കുന്നതാണെങ്കിലും ആ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തയ്യാറാണെന്ന സന്ദേശമാണ് എഎപി നല്‍കുന്നത്.
ഈ ധ്രുവീകരണം എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിരിക്കാം. പക്ഷേ ഇത് ഇന്ത്യ സഖ്യത്തിലെ വിള്ളലുകൾ തുറന്നുകാട്ടുന്നു. എഎപി, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളൊക്കെ ഉൾപ്പെടുന്നതാണ് സഖ്യം. ചരിത്രപരമായി ഈ പാര്‍ട്ടികളൊക്കെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊണ്ടവരാണ്. ഇന്ത്യ സഖ്യത്തെ ചില പാർട്ടികൾ തത്വാധിഷ്ഠിത കൂട്ടുകെട്ടിന് പകരം സൗകര്യാധിഷ്ഠിത ക്രമീകരണമായി മാത്രമാണ് കാണുന്നത്. അതുകൊണ്ട് ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിന് അഗ്നിപരീക്ഷണമായി മാറിയേക്കാം. പ്രധാനമന്ത്രി മോഡിയോടുള്ള എതിർപ്പിൽ മാത്രം അതിന്റെ വിശ്വാസ്യത നിലനിൽക്കില്ല. ഡൽഹിയിൽ കോൺഗ്രസ് ധീരമായി അടിത്തറ വീണ്ടെടുക്കുമോ അതോ സഖ്യത്തിന് വേണ്ടി എഎപിക്ക് വഴങ്ങുമോ എന്ന് കാലം ഉത്തരം പറയട്ടെ.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.