20 January 2026, Tuesday

ലേബർ കോഡ്‌ കാണാത്ത ഡിജിറ്റൽ ലോകം

എ എം ദിൽഷാദ്‌
December 27, 2025 4:45 am

ഇരുമ്പുരുക്കും കൽക്കരി ഖനികളും തുണിമില്ലുകളും വ്യവസായങ്ങളുടെ നിർവചനം കുറിച്ച കാലത്തുനിന്ന്‌ വ്യവസായ ലോകം പാടേ മാറി. തൊഴിൽ ഘടനയും തൊഴിലാളികളുടെ സേവനവ്യവസ്ഥകളും അനുദിനം മാറുകയാണ്‌. 18-ാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവ കാലത്ത്‌ ബ്രിട്ടനിൽ രൂപപ്പെട്ടതും സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബോംബെയിലും മദ്രാസിലും ഉദിച്ചുയർന്നതുമായ തൊഴിൽ സംസ്കാരം ഇന്ന്‌ ചരിത്രത്താളുകളിൽ മാത്രമായി മാറി. കമ്പ്യൂട്ടറുകളുടെയും അനുബന്ധ ശാസ്ത്ര — സാങ്കേതിക സംവിധാനങ്ങളുടെയും വളർച്ചയോടെ ഡിജിറ്റൽ ലോകം എന്ന പേരിൽ പുതിയൊരു ഭൂപടം തീർക്കുകയാണ്‌. ഈ മാറ്റങ്ങൾക്ക്‌ നേരെയും മുഖം തിരിച്ചുപിടിച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർ കോഡ്‌. 

എഐ അഥവാ നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ തൊഴിൽ വിപണിയിലേക്ക്‌ ലേബർ കോഡുകൾ എത്തിനോക്കുക പോലും ചെയ്യുന്നില്ല. ലോകത്തെ മാറ്റിമറിക്കാൻ കെല്പുളള ഒരു സാങ്കേതികവിദ്യയെ അവഗണിക്കുന്ന ഈ നിയമത്തിന്‌ എങ്ങനെ ഭാവിയുടെ തൊഴിൽ നിയമമാകാൻ കഴിയും എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. 29 പഴയ തൊഴിൽനിയമങ്ങളെ ഏകോപിപ്പിച്ച് ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴിൽബന്ധം, തൊഴിൽസുരക്ഷ എന്നീ നാല് പ്രധാന നിയമങ്ങളാക്കി മാറ്റി പുതുക്കിയ ലേബർ കോഡിനെ “ഭാരതത്തിന്റെ തൊഴിൽരംഗത്തെ ആധുനികമാക്കാനുള്ള ചരിത്രപരമായ പരിഷ്കരണം” എന്ന് കേന്ദ്രം വിശേഷിപ്പിക്കുകയാണ്‌. എന്നാല്‍ അതിലെ പിന്തിരിപ്പന്‍ നയങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് കേന്ദ്ര തൊഴിലാളി സംഘടനകള്‍.

തൊഴിൽ നിയമങ്ങളിലെ സങ്കീർണത കുറച്ച് ‘ഒറ്റ രജിസ്ട്രേഷൻ, ഒറ്റ റിട്ടേൺ, ഒറ്റ ലൈസൻസ്’ എന്ന രീതിയിൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ്‌ കേന്ദ്രസർക്കാർ പറയുന്നത്‌. ഇത് തൊഴിൽവിപണിയിൽ സുതാര്യതയും ഡിജിറ്റൽ പുനഃസംഘടനയും ഉറപ്പാക്കുമെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ തൊഴിൽരംഗത്ത് കൃത്രിമബുദ്ധിയും ഓട്ടോമേഷനും വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, തൊഴിൽ സ്വഭാവം തന്നെ മാറുകയാണ്. എഐ അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്റ്, പെർഫോമൻസ് വിലയിരുത്തൽ, ഡാറ്റാ അനാലിറ്റിക്സ് തുടങ്ങിയ മേഖലകൾ വ്യാപിക്കുന്നതോടെ ‘ആൽഗോരിതമിക് നിയന്ത്രണത്തിൽ’ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമത്തിൽ പരാമർശങ്ങളോ നിര്‍ദേശങ്ങളോ ഇല്ല.

പുതിയ നിയമങ്ങൾ 20-ാം നൂറ്റാണ്ടിന്‌ ആധാരമായ തൊഴിൽ വ്യവസ്ഥകളാണ്‌ സമ്മാനിക്കുന്നത്‌. എഐ ആധാരമായ തൊഴിൽവിപണിക്ക് വേറെ നിയമങ്ങൾ ആവശ്യമാണ്. ഡാറ്റാ സ്വകാര്യത, യാന്ത്രികമായ വിലയിരുത്തലിന്റെ നീതി, പുനഃപരിശീലനം തുടങ്ങിയവ നിയമങ്ങളിൽ പരാമർശിക്കുന്നില്ല. ഇവിടെയാണ്‌ ഏറെ കൊട്ടിഘോഷിക്കുന്ന പുതിയ ലേബർ കോഡ്‌ നിലവിലെ സാഹചര്യങ്ങൾക്ക്‌ ഉതകുന്നതല്ലെന്ന്‌ പറയുന്നത്‌.
കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ തൊഴിൽസ്ഥിരതയും കൂട്ടായ്മാവകാശവും കുറയ്ക്കുന്നതാണെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. എഐയും ഓട്ടോമേഷനും കൂടി ചേർന്നാൽ തൊഴിൽ നഷ്ടം വേഗത്തിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പുതിയ നിയമങ്ങൾ കമ്പനികൾക്ക്‌ അനുകൂലമാണ്. അത്
മനുഷ്യ സൗഹൃദമാകേണ്ടതുണ്ടെന്ന വാദമാണ്‌ തൊഴിലാളികള്‍ പ്രധാനമായും ഉയർത്തുന്നത്‌. 

പുതിയ നിയമങ്ങൾ പ്രായോഗികമാകണമെങ്കിൽ നിർമ്മിത ബുദ്ധിയുമായി ഇണങ്ങുന്ന നിയമപരമായ സംരക്ഷണങ്ങൾ ഉൾപ്പെടെ കൂട്ടിച്ചേർക്കണം. എഐ അധിഷ്ഠിത തീരുമാനങ്ങളിൽ മനുഷ്യ നിരീക്ഷണം, പുനഃപരിശീലനവും റീസ്കില്ലിങ്ങും, ആൽഗോരിതമിക് വിവേചനത്തിനെതിരെ ചട്ടങ്ങൾ, ഡാറ്റാ സ്വകാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ എന്നിവ ഉണ്ടായാലേ ഡിജിറ്റൽ ലോകത്തെ തൊഴിലാളികൾക്കും മാന്യമായി ജോലിയെടുക്കാൻ കഴിയൂ.
ദീർഘവീക്ഷണമില്ലാത്ത വാറോലകളാൽ തീർത്ത ലേബർ നിയമങ്ങൾ കാലികമായോ യാഥാർത്ഥ്യങ്ങൾക്കൊപ്പമോ സഞ്ചരിക്കില്ലെന്നുറപ്പാണ്‌. അതിവേഗം മാറുന്ന നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ തൊഴിൽരംഗത്തെ യാഥാർത്ഥ്യങ്ങൾക്കൊപ്പം നീങ്ങാൻ നിയമങ്ങൾക്കും ബുദ്ധിപരമായ പരിണാമം ആവശ്യമാണ്. എഐ മനുഷ്യരുടെ ജോലി മാറ്റുന്നില്ല, തൊഴിൽ ധാർമ്മികതയെയും വ്യാഖ്യാനത്തെയും പുതുക്കുകയാണ്. അതിനാൽ നിയമവും അതിനനുസരിച്ച് വികസിക്കേണ്ടതുണ്ട്.
ചരിത്രപരമായ മണ്ടത്തരങ്ങൾക്കായി മത്സരിക്കുന്ന കേന്ദ്രത്തിന്റെ ജനജീവിതത്തെ ദുരിതത്തിലാക്കുന്ന മറ്റൊരു നടപടി മാത്രമാണിത്‌. മതാന്ധതയിലും നിരക്ഷരതയിലും തളച്ചിട്ടിരിക്കുന്ന ജനങ്ങളെ എങ്ങനെ വിഡ്ഢികളാക്കണമെന്ന്‌ കേന്ദ്രത്തിനറിയാം. വിപ്ലവമാറ്റം, ചരിത്രതീരുമാനം എന്നൊക്കെ പറഞ്ഞ്‌ വീട്ടിലെ പാത്രങ്ങൾ കൊട്ടിക്കാൻ ഉൾപ്പെടെ ജനങ്ങളെ തെരുവിലേക്കിറക്കി, കോമാളികളായ കോടിക്കണക്കിന്‌ ജനത തങ്ങളുടെ പക്കലുണ്ടെന്ന്‌ ലോകത്തെ കാട്ടിക്കൊടുക്കാനുളള പുതിയ തന്ത്രമാണ്‌ പുതിയ നിയമങ്ങൾ. അത്‌ കാലഹരണപ്പെട്ടതാണോ വികസനം ലക്ഷ്യമിട്ടാണോ എന്നൊന്നും ഭരണാധികാരികളും അവരുടെ ‘പ്രജ’കളും ശ്രദ്ധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.