
1917ലെ റഷ്യൻ വിപ്ലവത്തിന്റെ വിസ്ഫോടനം റഷ്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കുക മാത്രമല്ല ചെയ്തത്, നൂറ്റാണ്ടുകളായി ചൂഷണം, കീഴടക്കൽ, ശ്രേണീബദ്ധമായ സാമൂഹ്യക്രമങ്ങൾ എന്നിവയെ ആശ്രയിച്ചിരുന്ന കൊളോണിയൽ സാമ്രാജ്യങ്ങളുടെ അടിത്തറയെത്തന്നെ ഇളക്കിമറിച്ചു. ഭൂഖണ്ഡങ്ങളിലുടനീളം അത് തരംഗങ്ങൾ സൃഷ്ടിച്ചു. മനുഷ്യരാശിയുടെ വലിയൊരു വിഭാഗം വിദേശ ഭരണത്തിലോ സാമ്രാജ്യത്വ നിയന്ത്രണത്തിലോ ആയിരിക്കെ വിമോചനം, സമത്വം എന്നിവയ്ക്കുള്ള വിപ്ലവത്തിന്റെ ആഹ്വാനം പെട്രോഗ്രാഡിന്റെ തെരുവുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. കൊളോണിയൽ ലോകത്തിന്റെ നാഡികളെ അത് ആഴത്തിൽ സ്പർശിച്ചു.
1900ത്തിന്റെ ആദ്യ ദശകങ്ങളിൽ, യൂറോപ്യൻ കൊളോണിയലിസം ലോകത്തിന്റെ ഏകദേശം 80 ശതമാനത്തോളം വ്യാപിച്ചിരുന്നു. ലോകജനതയുടെ ബഹുഭൂരിപക്ഷവും കൊളോണിയൽ ഭരണത്തിന് വിധേയരായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അടിമത്തത്തിന്റെ ഈ അവസ്ഥ അമൂർത്തമായിരുന്നില്ല. ഏഷ്യ, ആഫ്രിക്ക, കരീബിയൻ എന്നിവിടങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതാവസ്ഥ തന്നെയായിരുന്നു. ആ സാഹചര്യത്തിൽ റഷ്യൻ വിപ്ലവം ഒരു ഭൂകമ്പം പോലെ, പഴയതിനെ തകിടം മറിക്കുകയും അടിച്ചമർത്തപ്പെട്ടവർക്ക് പ്രതീക്ഷ നൽകുകയും ചെയ്തു. വിദേശ ഭരണത്തെ മാത്രമല്ല, കൊളോണിയലിസം വളർത്തിയെടുത്ത ഘടനാപരമായ ശ്രേണികളെയും വെല്ലുവിളിക്കുമെന്ന പ്രഖ്യാപനമായിരുന്നു ആഴമേറിയ അനുരണനമുണ്ടാക്കിയത്. ഇന്ത്യയിലെ പതിറ്റാണ്ടുകളുടെ ബ്രിട്ടീഷ് ഭരണം സാമ്പത്തിക ചൂഷണത്തോടൊപ്പം, മനുഷ്യാധ്വാനം, വിഭവങ്ങൾ എന്നിവയുടെ ചൂഷണവും ജാതി, വർഗീയ, പുരുഷാധിപത്യ വ്യവസ്ഥകളുമായുള്ള കൂട്ടുകെട്ടും ശക്തമാക്കിയിരുന്നു. ആഴത്തിൽ വേരൂന്നിയ സാമൂഹ്യ ശ്രേണികളിലൂടെ ദുരിതമനുഭവിച്ച ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലും വിപ്ലവത്തിന്റെ ജ്വാല പടർന്നു. ഇന്ത്യയും സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് പൊരുതി നടന്നെത്തി. എങ്കിലും ജാതീയമായ അടിച്ചമർത്തൽ, വിവേചനം, അക്രമം എന്നിവ നമ്മുടെ റിപ്പബ്ലിക്കിന്റെ കളങ്കമായി ഇപ്പോഴും തുടരുകയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച്, പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ 2023ൽ 57,789 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത് പ്രതിവർഷം വർധിച്ചുവരികയാണ്. പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 28.8% വർധനവാണുണ്ടായത്. 2023ൽ ഇത് 12,960 ആയിരുന്നു. ഇത് വെറും സംഖ്യകളല്ല; ജാതീയമായ അടിച്ചമർത്തൽ ദൈനംദിന ജീവിതത്തെ വിഷലിപ്തമാക്കുന്ന ഒരു സമൂഹത്തിന്റെ സാക്ഷ്യങ്ങളാണ്. രാജ്യത്ത് കൊളോണിയൽ ഭരണം ഔദ്യോഗികമായി അവസാനിച്ചെങ്കിലും തൊട്ടുകൂടായ്മ, ജാതി വിവേചനം, അക്രമം തുടങ്ങിയ സാമൂഹിക അടിച്ചമർത്തൽ ഘടനകൾ നിലനിൽക്കുന്നു. ജാതിയടിസ്ഥാനമാക്കിയുള്ള വിദ്വേഷം എത്രത്തോളം വ്യാപകമാണ് എന്നതിന്റെ സൂചനയാണ്, ദളിത് സമുദായത്തിൽപ്പെട്ട ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കെതിരെ ഒരാൾ തന്റെ ചെരിപ്പ് എറിഞ്ഞത്. വലതുപക്ഷം ഉയർത്തിപ്പിടിച്ച മനുവാദി മാനസികാവസ്ഥയുടെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല ഇത്.
കൊളോണിയൽ കാലത്തെപ്പോലെ തന്നെ വിനാശകരമാണ് ആദിവാസികളെ വനത്തിൽ നിന്ന് പുറത്താക്കുന്നതും കോർപ്പറേറ്റ് ലാഭത്തിനായി വിഭവങ്ങൾ പിടിച്ചെടുക്കുന്നതും. ഭൂമി പിടിച്ചെടുക്കുകയും വനങ്ങൾ വെട്ടിമാറ്റുകയും അവകാശങ്ങൾ അവഗണിക്കുകയും ചെയ്യുമ്പോൾ, ആദിവാസി വിമോചനമെന്ന വാഗ്ദാനം നിഷേധിക്കപ്പെടുന്നു. രാജ്യത്തെ ഈ സമൂഹങ്ങൾ കൈവശാവകാശ ലംഘനത്തിന്റെ പ്രതീകമാകുന്നു. അരികുവൽക്കരിക്കപ്പെടലിന്റെ കേന്ദ്രങ്ങളായി വനങ്ങൾ മാറിയിരിക്കുന്നു. അടിച്ചമർത്തൽ വ്യവസ്ഥാപിതവും, പലപ്പോഴും ‘വികസനത്തിന്റെ’ ഭാഷയിൽ ന്യായീകരിക്കപ്പെടുന്നതുമാണ്. ഈ ധിക്കാരപരമായ കൊള്ളയ്ക്കെതിരെ സംസാരിക്കുന്നവരെ നക്സലുകൾ, മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ ചൂഷണത്തിന്റെ കൊളോണിയൽ യുക്തി പുതിയ രൂപത്തിൽ ഇപ്പോഴും സജീവമാണ്. സ്ത്രീകൾക്കെതിരായ അക്രമവും സ്ത്രീകളെ ഗാർഹിക ചുമതലകളിൽ ഒതുക്കി നിർത്താനുള്ള പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിലേക്കും തിരിയുന്നത് സമത്വത്തെ ദുർബലപ്പെടുത്തുന്നു. 2023ൽ സ്ത്രീകൾക്കെതിരായ 4.48 ലക്ഷം കുറ്റകൃത്യങ്ങൾ എൻസിആർബി റിപ്പോർട്ട് ചെയ്തു. ഓരോ മിനിറ്റിലും ഒരു കുറ്റകൃത്യത്തിന് തുല്യമാണിത്. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, സ്ഥാപനവൽക്കരിക്കപ്പെട്ടതും സാമൂഹികവുമാണ്. മനുഷ്യരാശിയുടെ പകുതിയും പൂർണ പൗരത്വത്തിനും സ്വയംഭരണത്തിനും വേണ്ടി ഇപ്പോഴും വിലപേശുന്ന ഒരു ലോകത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ മുന്നിൽ, വിവേചനം, ആൾക്കൂട്ടക്കൊല, ബുൾഡോസർ രാജ് എന്നിവ ഭയാനകമാംവിധം സാധാരണമായിരിക്കുന്നു. ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾ, ജാഗ്രതാസംഘങ്ങളെന്ന പേരിലുള്ള അക്രമം, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം നടത്തുന്നവർക്കുള്ള ശിക്ഷായിളവ് എന്നിവയുടെ റിപ്പോർട്ടുകളും പുറത്തുവരുന്നു. ഭരണകൂടം അനുവദിച്ചതോ അല്ലെങ്കിൽ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതോ ആയ ഈ അക്രമം സമത്വത്തിന്റെ കാതലിലാണ് ചെന്ന് പതിക്കുന്നത്. ഒരു സമൂഹത്തെ മറ്റൊരു സമൂഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനോ പീഡിപ്പിക്കാനോ ഭീഷണിപ്പെടുത്താനോ അനുവദിക്കുന്ന രാജ്യം പൂർണാർത്ഥത്തിൽ ഒരു റിപ്പബ്ലിക്കല്ല — അത് പുതിയ രൂപത്തിലുള്ള ആധിപത്യത്തിന്റെ പുനരുത്ഥാനമാണ്.
ജാതി — ഗോത്ര വിവേചനം, ലിംഗപരമായ അക്രമം, വർഗീയ ലക്ഷ്യം തുടങ്ങിയ അടിച്ചമർത്തലുകളിലൂടെ ഉയർന്നുവരുന്നത്, നിലവിലുള്ള അധികാര സംവിധാനങ്ങൾ സമത്വം, ഐക്യം, നീതി എന്നിവയ്ക്ക് പകരം അധികാരശ്രേണി, ഒഴിവാക്കൽ, വർഗീയ നിയന്ത്രണം എന്നിവ ശക്തിപ്പെടുത്തുന്നുവെന്നാണ്. റഷ്യൻ വിപ്ലവം പ്രഖ്യാപിച്ച ആശയങ്ങളാണ് സമത്വം, സാഹോദര്യം, നീതി എന്നിവ. ഇന്ത്യൻ റിപ്പബ്ലിക് അതിന്റെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചതും ഇവയാണ്.
ആർഎസ്എസ് — ബിജെപി ഭരണവും സ്വാധീനവും അടിച്ചമർത്തൽ സംഘങ്ങളെ നിലനിർത്തുക മാത്രമല്ല, അവയെ ശക്തിപ്പെടുത്തുകയും ധൈര്യം പകരുകയും ചെയ്യുന്നു. വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണം ന്യൂനപക്ഷ സംരക്ഷണം ദുർബലപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നയപരിപാടികളിലും ജാതി — ലിംഗ ശ്രേണികൾ ആയുധമാക്കപ്പെടുന്നു. സമത്വം നടപ്പിലാക്കാൻ രൂപകല്പന ചെയ്ത ഘടനകൾ സമത്വത്തെ എതിർക്കുന്നവർ തന്നെ പിടിച്ചെടുക്കുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ഉപരോധത്തിലാകുന്നു. സമൂഹത്തിനും രാഷ്ട്രത്തിനും ഈ അപകടം ഗുരുതരമാകുന്നത് എന്തുകൊണ്ട്? വ്യവസ്ഥാപിതമായ ഒഴിവാക്കൽ, ശ്രേണീപരമായ പ്രത്യേകാവകാശം, തെരഞ്ഞെടുക്കപ്പെട്ട നീതി എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന് സ്വയം നിലനിൽക്കാൻ കഴിയില്ല. വർഗം, ജാതി, മതം, ലിംഗഭേദം എന്നിവയിലെ സാമൂഹിക വിവേചനം വിശ്വാസം കുറയ്ക്കുകയും കൂട്ടായ ലക്ഷ്യത്തെ ഇല്ലാതാക്കുകയും സാമൂഹിക ബന്ധങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യും. ഭൂരിപക്ഷം പിന്നാക്കാവസ്ഥയിലേക്ക് പോകുമ്പോൾ സാമ്പത്തിക വളർച്ച പൊള്ളയായി മാറുന്നു. പൗരന്മാർക്ക് തുല്യാവകാശം ലഭിക്കാത്തപ്പോൾ ജനാധിപത്യം പുറംതോട് മാത്രമാകുന്നു. സ്വത്വം ഐക്യത്തിനുള്ള അടിസ്ഥാനമാകാതെ, വിഭജനത്തിന്റെ ആയുധമായി മാറുമ്പോൾ രാഷ്ട്രം തകരുന്നു. അതിനാൽ, അതിനെ ഒറ്റക്കെട്ടായി ചെറുക്കുകയും പരാജയപ്പെടുത്തുകയും വേണം. ഒരു സാമ്രാജ്യം തകർന്നുവെന്നതല്ല റഷ്യൻ വിപ്ലവത്തിന്റെ ചരിത്രപാഠം. അടിച്ചമർത്തപ്പെട്ടവർ ഒന്നിക്കുമ്പോൾ, സമത്വം അവകാശമാകുമ്പോൾ, അടിച്ചമർത്തൽ സ്ഥാപനങ്ങളെ അട്ടിമറിക്കാൻ കഴിയുമെന്നതാണ്.
അതുകൊണ്ട് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഫാസിസ്റ്റ് അധികാര കേന്ദ്രങ്ങള്‍ക്കെതിരെ, ഭരണഘടനാ വാഗ്ദാനമായ സമത്വം സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം. അടിച്ചമർത്തപ്പെട്ടവർ പ്രത്യേക വിഭാഗമായിട്ടല്ല, മറിച്ച് ഒരു ഏകീകൃത പ്രസ്ഥാനമായി ഒരുമിച്ച് നിൽക്കുമ്പോൾ മാറ്റത്തിന്റെ പ്രേരകശക്തിയായി മാറും. ഒരു നൂറ്റാണ്ടിലേറെ മുമ്പ് ജ്വലിപ്പിച്ച വിമോചനത്തിന്റെ വിപ്ലവം, ഇന്നും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.