11 December 2025, Thursday

വലതു മാധ്യമങ്ങള്‍ക്കറിയുമോ ചെങ്കൊടി പാർട്ടിയെ?

ബേബി കാസ്ട്രോ
August 8, 2025 4:14 am

കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ചു മരിക്കുമെന്ന് പറഞ്ഞ ഒരു മാധ്യമപ്രഭു ഇവിടെ ജീവിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തിൽ തന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. എന്നുമാത്രമല്ല, ഇനിയാർക്കും തിരിച്ചുകൊണ്ടുപോകാൻ കഴിയാത്തവിധം ഈ കൊച്ചു സംസ്ഥാനത്തെ മാറ്റിത്തീർക്കുകയും ചെയ്തു. കുടിയൊഴിപ്പിക്കൽ നിരോധിച്ചു. ജന്മിത്വം അവസാനിപ്പിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും പഠിക്കാൻ വിദ്യാലയങ്ങൾ തീർത്തു. ആയുസും ആരോഗ്യവും അക്ഷരവും സൗഖ്യവും നൽകി. പ്രഭുത്വവും ജന്മിത്വവും നാട് നീങ്ങിയെങ്കിലും നമ്മുടെ മാധ്യമലോകത്ത് ഇപ്പോഴും പ്രഭുക്കന്മാർ അരങ്ങുവാഴുന്നു. അവരുടെ കാര്യസ്ഥന്മാർ എന്നപോലെ കൂലി എഴുത്തുകാരായ ചിലരും. അതിലൊരു വിദ്വാനാണ് ഇന്നലത്തെ മലയാള മനോരമയിൽ സിപിഐ എങ്ങോട്ട് എന്ന ലേഖനം എഴുതിയത്. സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനക്കാലം ഇത്തരക്കാര്‍ക്ക് ചാകരക്കാലമാണ്. സത്യത്തോടും വസ്തുതകളോടും ഇവർക്ക് പ്രത്യേക പ്രതിപത്തിയൊന്നുമില്ല. ഊഹാപോഹങ്ങളും കെട്ടുകഥകളുമാണ് അവർക്ക് വാർത്ത. സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട്, അതിന്മേലുള്ള ചർച്ചകൾ, കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം തങ്ങളുടെ ഇഷ്ടപ്രകാരം അവർ വ്യാഖ്യാനിക്കും. ചേരികളും ഗ്രൂപ്പുകളും അവർ തന്നെ സൃഷ്ടിക്കും. സെക്രട്ടറിമാരെ വാഴിക്കുകയും മാറ്റുകയും ചെയ്യും. ഒടുക്കം പറഞ്ഞതെല്ലാം പിഴച്ചെന്നു വരുമ്പോൾ ഛർദ്ദിച്ചത് തിരികെ വിഴുങ്ങി അടുത്ത മേച്ചിൽപ്പുറങ്ങൾ തേടിപ്പോകും. ഈ വാർത്താവ്യഭിചാരം മഹനീയമായ മാധ്യമപ്രവർത്തനത്തിന് മാത്രമല്ല പൊതുജീവിതത്തിന്റെ ആകെത്തന്നെ അന്തസ് കെടുത്തുന്നതാണ്. രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ സ്വജീവിതം സമർപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അസ്ഥികൾ ഇവരെയോർത്ത് ക്ഷോഭംകൊണ്ട് വിങ്ങുന്നുണ്ടാകും. ഇക്കൂട്ടർ പറയാൻ വിട്ടുപോകാറുള്ളത് ഒന്നേയുള്ളൂ — സത്യം. 

ഈ രാജ്യത്ത് പാർട്ടികൾ പലതുണ്ട്. തീവ്ര വർഗീയ പാർട്ടികളും മതേതര പാർട്ടികളുമുണ്ട്. ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളുമുണ്ട്. ദീർഘകാല ചരിത്രമുള്ളവയും സമീപകാലത്ത് ഉണ്ടായവയുമുണ്ട്. ഇവയിലൊക്കെ വിവിധ തലങ്ങളിലുള്ള നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? അതതുകാലത്തെ നയങ്ങളും പരിപാടികളും രൂപീകരിക്കുന്നത് എങ്ങനെ? സഖ്യങ്ങളും തെരഞ്ഞെടുപ്പ് നിലപാടുകളും സ്വീകരിക്കുന്നത് എങ്ങനെ? ഇതെല്ലാം നിരീക്ഷിക്കുന്നവർക്ക് ഒരുകാര്യം വ്യക്തമാകും, കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മാത്രം. എല്ലാ തലങ്ങളിലെയും സമിതികളെയും നേതാക്കളെയും താഴത്തട്ടിൽ നിന്ന് പ്രതിനിധികൾ തെരഞ്ഞെടുക്കുന്നു. പ്രതിനിധികളെ അംഗങ്ങൾ തെരഞ്ഞെടുക്കുന്നു. രാഷ്ട്രീയ പ്രമേയവും റിപ്പോർട്ടുകളും ചർച്ചകളിലൂടെ സമ്പുഷ്ടീകരിച്ച് അംഗീകരിക്കുന്നു. വേറെ എവിടെയുണ്ട് ഈ ജനാധിപത്യം?
ഏറ്റവും രസകരമായ വസ്തുത ചില മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളും ജനാധിപത്യ പാർട്ടികളും എന്നൊരു വർഗീകരണം തന്നെ നടത്തിക്കളയാറുണ്ട് എന്നതാണ്. എന്തൊരു പരിഹാസ്യമായ വിഭജനം? മുമ്മൂന്ന് കൊല്ലം കൂടുമ്പോൾ ബ്രാഞ്ച് മുതൽ ദേശീയ കൗൺസിൽ വരെ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുന്ന, കമ്മിറ്റികളിൽ ചർച്ച ചെയ്തു മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യം പോരാ! ഒരിക്കലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്ത, നേതാക്കന്മാരെയും സമിതികളെയും മുകളിൽ നിന്ന് കെട്ടിയിറക്കുന്നവ ജനാധിപത്യ പാർട്ടികൾ!
കേരളത്തിലെ സമീപകാല സംഭവങ്ങൾ മാത്രം എടുക്കുക. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ വച്ചത് ആരാണ്? ആരായാലും അത് കേരളത്തിലെ കോൺഗ്രസുകാരല്ല. ആ പാവങ്ങൾ രാവിലെ പത്രം വായിച്ചാണ് കാര്യമറിഞ്ഞത്. ഇനി ബിജെപിയുടെ കാര്യമെടുക്കാം. മറ്റേ കൂട്ടർ നെഹ്രു കുടുംബ വാഴ്ചക്കാരാണെന്നും തങ്ങൾ ഒറിജിനൽ ജനാധിപത്യക്കാരാണെന്നുമാണ് അവർ പറയുക. ഈയടുത്ത് കുറേക്കാലമായി ചുമതലയിൽ ഇരുന്ന അവരുടെ സംസ്ഥാന അധ്യക്ഷനെ മാറ്റി ഒരു മുതലാളിയെ ആ സ്ഥാനത്ത് കൊണ്ടിരുത്തി. ആരോട് ചോദിച്ചിട്ട് എങ്ങനെ വന്നു എന്നൊന്നും ചോദിച്ചേക്കരുത്. (ആ പദവിക്ക് കുപ്പായം തയ്പിച്ചു നടന്ന ഒരു വനിതാ നേതാവ് കുറച്ചു കോടികൾ അത്യാവശ്യമായി വേണമെന്നും ഒരു പോസ്റ്റ് സംഘടിപ്പിക്കാനാണെന്നും പറഞ്ഞത് നാട്ടുകാർ ഒക്കെ കേട്ടതാണ്).

ഇങ്ങനെയൊക്കെ നേതാക്കളെ നിശ്ചയിക്കുകയും മാറ്റുകയും ചെയ്യുന്നത് കണ്ടുശീലമായതിനാലാകണം മനോരമ ലേഖകന് ‘സിപിഐ എങ്ങോട്ട് ’ എന്നൊരു ആശങ്ക കടുത്തത്. സിപിഐക്കുണ്ടായ ഈ ദുർഗതിയിൽ ലേഖകന് മനഃക്ലേശവുമുണ്ട്. പാർട്ടിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന നിലപാടുകളിലേക്ക് സിപിഐ(എം) അടക്കമുള്ളവരെ എത്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ വൈഭവത്തിന് ചോർച്ച വന്നത്രേ. അത് അദ്ദേഹത്തിനു സഹിക്കുന്നുമില്ല. അതിനുള്ള തെളിവുകളോ ഭയങ്കരം. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലാ സമ്മേളനങ്ങൾ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ പാർട്ടി നേതൃത്വത്തിനും സർക്കാരിനും എതിരെ വിമർശനങ്ങൾ ഉണ്ടത്രേ. അതും പോരാഞ്ഞ് പ്രതിനിധികളും വിമർശിച്ചു. എന്തൊരു അത്ഭുതം! കേട്ടുകേൾവിയില്ലാത്ത സംഭവമാണല്ലോ.
ലേഖകനും കൂട്ടരും പ്രാഥമികമായി അറിയേണ്ട ചില കാര്യങ്ങളുണ്ട്. വിമർശിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് റിപ്പോർട്ടും ചർച്ചയും? പിന്നെന്തിനാണ് സമ്മേളനങ്ങൾ? എല്ലാം തികഞ്ഞ ഒരു ഭരണമോ നേതൃത്വമോ മനുഷ്യസഹജമാണോ? നിരന്തരം വിമർശിക്കുകയും, സ്വയം വിമർശിക്കുകയും തിരുത്തുകയും നവീകരിക്കുകയും ചെയ്തുകൊണ്ടല്ലേ ഒരു പ്രസ്ഥാനം മുന്നോട്ടു പോകേണ്ടത്? അത് ഇന്നും ഇന്നലെയും തുടങ്ങിയതാണോ? ടിവിയും അച്യുതമേനോനും എൻ ഇ ബാലറാമും പികെവിയും ചന്ദ്രപ്പനും എല്ലാം വിമർശനങ്ങൾ കേൾക്കാതെ വന്നവരാണോ? ഒളിവിലും ജയിലിലും പീഡനങ്ങൾക്ക് നടുവിലും ചേർന്നിട്ടുള്ള രഹസ്യയോഗങ്ങളിൽ പോലും വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തിയല്ലേ ഈ പാർട്ടി ഇവിടെവരെ എത്തിയത്? ലേഖകനുപോലും സമ്മതിക്കേണ്ടിവന്ന ആ ‘രാഷ്ട്രീയ വൈഭവം’ അതിന്റെയെല്ലാം കൂടി സൃഷ്ടിയല്ലേ? സെപ്റ്റംബറിൽ പാർട്ടി കോൺഗ്രസിലേക്കും സംസ്ഥാന സമ്മേളനത്തിലേക്കും പോകുന്നതിന്റെ മുന്നോടിയായി സിപിഐയുടെ 11 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു. കോട്ടയം സമ്മേളനം ഇന്ന് ആരംഭിക്കുന്നു. ഇനിയുള്ളത് പത്തനംതിട്ട മാത്രം. കഴിഞ്ഞ 11 ജില്ലാ സമ്മേളനങ്ങളിലും ഏകകണ്ഠമായാണ് കമ്മിറ്റികളെയും സെക്രട്ടറിമാരെയും തെരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയിലാണ് ആദ്യത്തെ സമ്മേളനം നടന്നത് — ഭരണിക്കാവിൽ. വലിയ പ്രതീക്ഷയോടെ കാത്തുനിന്ന വലതുപക്ഷ മാധ്യമപ്പടയെ പാടെ നിരാശപ്പെടുത്തിക്കൊണ്ട് നിമിഷങ്ങൾ മാത്രം എടുത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ആലപ്പുഴയിലെ സഖാക്കൾ പൂർത്തിയാക്കി. തുടർന്നുവന്ന എല്ലാ ജില്ലകളിലും ഇത് ആവർത്തിച്ചു.
നൂറുവർഷം പിന്നിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ മാത്രമല്ല ജനാധിപത്യപരമായ ആഭ്യന്തര സംഘടനാ പ്രവർത്തനത്തിന്റെയും സമ്പന്നമായ ചരിത്രമുണ്ട്. അതറിയാത്ത കൂലി എഴുത്തുകാരോട് സഹതപിക്കുകയല്ലാതെ മാർഗമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.