29 December 2025, Monday

ആരവല്ലിയെ നിർവചിച്ച് കൊല്ലരുത്

അശ്വിനി മാടവന
December 29, 2025 4:40 am

ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ മലനിരയാണ് ആരവല്ലി. അരാവലിയെന്നും വിളിപ്പേരുണ്ട്. 250 കോടി വർഷമാണ് ഈ മടക്ക് മലനിരകളുടെ പ്രായം കണക്കാക്കുന്നത്. ഡൽഹിക്ക് സമീപം തുടങ്ങി ഹരിയാനയുടെ തെക്കൻ മേഖലയിലൂടെ രാജസ്ഥാനിലേക്ക് കടന്ന് ​ഗുജറാത്തിലെ അഹമ്മ​ദാബാദിൽ അവസാനിക്കുന്ന 670 കിലോമീറ്റർ നീളമുള്ള പ്രകൃതി മതിലാണ് ആരവല്ലി. 37 ജില്ലകളിലൂടെ ഇത് കടന്നുപോകുന്നു. 600 മുതൽ 900 മീറ്റർ വരെയാണ് ശരാശരി ഉയരം. രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ​ഗുരു ശിഖറാണ് ഏറ്റവും ഉയരം കൂടിയ സ്ഥലം. 1,722 മീറ്ററാണ് ​ഇതിന്റെ ഉയരം.
ആരവല്ലി പർവതനിരകളുടെ വടക്ക് വിശാലമായ താർ മരുഭൂമിയും കിഴക്ക് ഫലഭൂയിഷ്ഠമായ ​ഗം​ഗാ സമതലവുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താറിനെയും ലോകത്തിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ ​ഗം​ഗാ സമതലത്തെയും വേർതിരിച്ചുനിർത്തുന്നതിൽ മലനിരകൾ നിർണായക പങ്ക് വഹിക്കുന്നു. അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ മേഖലകളിൽ നിന്ന് വരുന്ന വരണ്ട, ചൂടുകാറ്റിനെ തടഞ്ഞുനിർത്താനും താർ മരുഭൂമിയുടെ വിസ്തൃതി വർധിക്കുന്നത് തടയാനും ആരവല്ലി പർവതനിരകൾ മുഖ്യപങ്ക് വഹിക്കുന്നു. വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകളെ തടഞ്ഞുനിർത്തി ഉത്തർപ്രദേശ്, ഹരിയാന, ഡൽ​​ഹി മേഖലകൾക്ക് മഴ ഉറപ്പാക്കുന്നതും ഇതേ പർവതനിരകളാണ്. പ്രീ കാമ്പ്രിയൻ കാലഘട്ടത്തിലെ ക്വാർട്സൈറ്റ് പാറകളാലാണ് മലനിരകൾ രൂപപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കം മൂലം ഈ പാറകളിലുണ്ടാകുന്ന വിള്ളലുകളും ചെറുകുന്നുകളും മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ സഹായിക്കുന്ന റീചാർജ് സോണുകളായി പ്രവർത്തിക്കുന്നു. സെൻട്രൽ ​ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ (സിജിഡബ്ല്യുബി) കണക്കുകൾ പ്രകാരം ആരവല്ലിയിലെ നൂറ് മീറ്റർ താഴെയുള്ള ഒരു ഹെക്ടർ പ്രദേശത്തുള്ള പാറക്കെട്ടുകൾക്ക് പ്രതിവർഷം 20 ലക്ഷം ലിറ്റർ വെള്ളം വരെ ഭൂ​ഗർഭത്തിലേക്ക് ഒഴുക്കാനുള്ള ശേഷിയുണ്ട്. കിഴക്ക് ​ഗം​ഗാന​ദീവ്യൂഹത്തിനും പടിഞ്ഞാറ് സിന്ധുനദീവ്യൂഹത്തിനും ആവശ്യമായ ജലമെത്തിക്കുന്നതിനും മധ്യേന്ത്യയുടെ പ്രധാന ജലദാതാവാകുന്നതും ആരവല്ലി മലനിരകളാണ്. മേഖലയിലെ തനത് ആവാസവ്യവസ്ഥകൾ, വന്യജീവി സങ്കേതങ്ങൾ, സംസ്കാരം തുടങ്ങിയവയുടെയെല്ലാം നിലനില്പ് ആരവല്ലിയെ ആശ്രയിച്ചാണ്. ശൈത്യകാലത്ത് മധ്യേഷ്യൻ മേഖലയിൽ നിന്ന് വരുന്ന തണുത്ത കാറ്റിനെയും ഈ മലനിരകൾ തടഞ്ഞുനിർത്തുന്നു. 

അടുത്തകാലങ്ങളിൽ സുപ്രീം കോടതി ഉൾപ്പെടെ നിരന്തരം ഇടപെടുന്ന വിഷയമാണ് ഡൽഹിയിലെ വായുമലീനികരണം. പൊടിക്കാറ്റ് ഡൽഹിയിലേക്ക് എത്തുന്നത് തടയുന്നതും ഭൂ​ഗർഭജലവും പ്രദേശത്തേയ്ക്കുള്ള മറ്റ് ജലവിതരണ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതും ആരവല്ലിയുടെ സഹായത്താൽ തന്നെയാണ്. ആരവല്ലി മലനിരകളുടെ അഭാവത്തിൽ തീർത്തും വാസയോ​ഗ്യമല്ലാത്ത സ്ഥലമായി ഡൽഹി ഇതിനകം മാറിയേനെ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര പ്രത്യേകതയും സവിശേഷതകളുമാണ് ആരവല്ലി മലനിരകൾക്കുള്ളത്. അതിനാൽത്തന്നെ ഇവ സംരക്ഷിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും മനുഷ്യനിർമ്മിതമായ പ്രശ്നങ്ങളുമാണ് ആരവല്ലി മലനിരകൾക്ക് വെല്ലുവിളിയാകുന്നത്. അതിശക്തമായ ചൂടും അതികഠിനമായ തണുപ്പും മാറിമാറിയുണ്ടാകുന്നത് പാറകൾ പൊടിയുന്നതിനും കുന്നുകളുടെ വലിപ്പം കുറയുന്നതിനും കാരണമാകുന്നുണ്ട്. ഇത് നൂറ്റാണ്ടുകൾ കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. എന്നാൽ മലനിരകളിലെ ധാതുസമ്പത്തിനെ ലക്ഷ്യമിട്ട് നടത്തുന്ന വലിയരീതിയിലുള്ള ഖനനങ്ങൾ ദിനംപ്രതി കുന്നുകളുടെ വലിപ്പം കുറയ്ക്കുന്നു. ചെമ്പ് ഖനനത്തിന് ഏറെ പേരുകേട്ടതാണ് രാജസ്ഥാനിലെ ഖേത്രി സിങ്കാന ബെൽറ്റ്. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡാണ് ഇതിന്റെ ഉടമ. 325 ചതുരശ്ര കിലോമീറ്റർ വരുന്ന മേഖലയിൽ 300ലധികം ഖനികളാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ആകെ ഉല്പാദിപ്പിക്കുന്നതിന്റെ 50 ശതമാനവും ഇവിടെ നിന്നാണ്. ഈ പ്രദേശത്തെയാകെ കോപ്പർ സിറ്റിയെന്നാണ് വിളിക്കുന്നത്. ഏതാണ്ട് 2000 വർഷങ്ങൾക്ക് മുമ്പുതന്നെ പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സിങ്ക്, ലെഡ് തുടങ്ങിയ ധാതുക്കളും വൻതോതിൽ ഇവിടെ നിന്ന് ഖനനം ചെയ്യുന്നുണ്ട്. മറ്റൊന്ന് പേരുകേട്ട രാജസ്ഥാൻ മാർബിളുകളാണ്. ഇവയിൽ 90 ശതമാനത്തിലേറെ ആരവല്ലി കുന്നുകളിൽ നിന്നാണെടുക്കുന്നത്. ഇതിൽ ഏറെ പ്രശസ്തം മക്രാന വൈറ്റ് മാർബിളുകളാണ്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ തറ, ഭിത്തി തുടങ്ങിയവയെല്ലാം നിർമ്മിച്ചിരിക്കുന്നത് രാജസ്ഥാനിൽ നിന്നെത്തിച്ച ഈ പ്രത്യേക മാർബിളുകൾ ഉപയോ​ഗിച്ചാണ്. ഭം​ഗി, ബലം, കാലപ്പഴക്കം, തണുപ്പ് ഇവയൊക്കെ ഈ മാർബിളിന്റെ പ്രത്യേകതകളാണ്. സാമ്പത്തിക നേട്ടമാണ് നിയമപരമായും അല്ലാതെയും ആരവല്ലിക്കുന്നുകളിലേക്ക് കോർപറേറ്റുകളുടെ കടന്നുകയറ്റത്തിലേക്ക് നയിക്കുന്നത്. അനധികൃത കടന്നുകയറ്റത്തിലൂടെ ആരവല്ലി പർവത നിരകൾ ഇല്ലാതാകുന്നത് തടയാനാണ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കോർപറേറ്റുകൾക്ക് കുട പിടിക്കുമ്പോഴും ചില അനധികൃത ഖനനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള നീക്കങ്ങൾ പ്രാദേശിക സർക്കാരുകൾ നടത്തിയെങ്കിലും ഓരോ സംസ്ഥാനങ്ങളിലെയും ആരവല്ലി കുന്നുകളുടെ നിർവചനം വ്യത്യസ്തമായത് വെല്ലുവിളിയുയർത്തി. ഇതുസംബന്ധിച്ച കേസുകളും ചർച്ചകളും കാലാകാലങ്ങളായി തുടർന്നുവരുന്നു. അതിനാലാണ് ആരവല്ലി പർവത നിരകൾക്ക് പൊതുവായ നിർവചനം നൽകാൻ സുപ്രീം കോടതി നിർദേശിച്ചത്. 

എന്താണ് ആരവല്ലി പർവതനിരകൾ എന്ന് വ്യക്തമാക്കിയ ശേഷം സംരക്ഷണ നടപടികളിലേക്ക് കടക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. ഇതിന്റെ ഭാ​ഗമായി കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കുകയും കോടതി അം​ഗീകരിക്കുകയും ചെയ്ത ആരവല്ലി നിർവചനമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. രണ്ടു കാര്യങ്ങൾ മാത്രമാണ് നിർവചനത്തിൽ പ്രധാനമായും പറയുന്നത്. തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 100 മീറ്റർ എങ്കിലും ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലി മലനിരകളായി പരി​ഗണിക്കൂ. സാധാരണ​ഗതിയിൽ കുന്നുകളുടെയും മലനിരകളുടെയും ഉയരം കണക്കാക്കുന്നത് സമുദ്രനിരപ്പിൽ നിന്നാണ്. എന്നാൽ ഇവിടെ, ഒരു കുന്നും അതിന് ചുറ്റും കുറച്ച് ഉയർന്ന പ്രദേശവും ഉണ്ടെങ്കിൽ ആ പ്രദേശത്തുനിന്നാകും കുന്നുകളുടെ ഉയരം കണക്കാക്കുക. ഇത്തരത്തിൽ ഉയരം കണക്കാക്കുന്നത് സംബന്ധിച്ച് 2003ൽ രാജസ്ഥാൻ സർക്കാരിന്റെ ഖനന മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി തള്ളിയിരുന്നു. അതിനാണ് കഴിഞ്ഞ നവംബറിൽ വീണ്ടും അനുമതി നൽകിയത്. തറനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിലുള്ള കുന്നുകൾ ഖനന നിരോധിത മേഖലയായി കണക്കാക്കണമെന്നായിരുന്നു രാജസ്ഥാന്റെ റിപ്പോർട്ട്. എന്നാൽ മലനിരകളുടെ സ്ഥിരതയുറപ്പാക്കുന്നത് ചരിഞ്ഞ പ്രദേശങ്ങളാണെന്നും കുന്നിന്‍ചെരിവുകളെ സംരക്ഷിച്ചാലേ ആരവല്ലിയുടെ സമ്പൂർണസംരക്ഷണം ഉറപ്പാക്കാനാകുവെന്നുമുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആശങ്കയിലായിരുന്നു കോടതിയുടെ നീക്കം. മൂന്ന് ഡി​ഗ്രി ചെരിവുള്ള കുന്നിൻ പ്രദേശങ്ങളെ ആരവല്ലി വനമേഖലയായി സംരക്ഷിക്കണമെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ നിർദേശം. ഇത്തരത്തിൽ 100 മീറ്റർ ഉയരമുള്ള ആരവല്ലി മലനിരകളുടെ ദൂരം 500 മീറ്ററിനുള്ളിൽ വരണമെന്നതാണ് നിർവചനത്തിൽ പറയുന്ന മറ്റൊരു മാനദണ്ഡം. ഈ കുന്നുകൾക്കിടയിലെ ​ദൂരം 500 മീറ്ററോ അതിൽ കുറവോ ആണെങ്കിൽ മാത്രമേ അതിനിടയിലുള്ള പ്രദേശത്തെ ആരവല്ലി പർവതനിരകളിൽ ഉൾപ്പെടുത്തൂ എന്നാണ് കേന്ദ്രം നിർവചിച്ചിരിക്കുന്നത്. 100 മീറ്റർ ഉയരം, 500 മീറ്റർ അകലം എന്നീ മാനദണ്ഡങ്ങൾ അം​ഗീകരിച്ചതോടെ ആരവല്ലി പർവത നിരകളിലെ 90 ശതമാനവും നിർവചനത്തിന് പുറത്തായിരിക്കുകയാണ്. രാജസ്ഥാനിൽ മാത്രം 12,000 കുന്നുകൾ ആരവല്ലിയുടെ ഭാഗമായിരുന്നു. പുതിയ നിർവചന പ്രകാരം ഇത് കേവലം 1000 ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും സമാനസ്ഥിതിയാണ്. ഇതാണ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. 

ആരവല്ലി സംരക്ഷണത്തിന് പ്രധാനമായും ശാസ്ത്രീയ വിശകലനം വേണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഇതിനായി ജിയോളജിക്കൽ മാപ്പിങ് നടത്തേണ്ടത് ആവശ്യമാണെന്നും അതിന്റെ ആദ്യ പടിയെന്ന നിലയിലാണ് നിർവചനത്തിന് അം​ഗീകാരം നൽകിയതെന്നും മാപ്പിങ് പൂർത്തിയാകുന്നതുവരെ പുതിയ ഖനന ലൈസൻസുകൾ നൽകരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പ്രതിഷേധങ്ങൾ രൂക്ഷമായതോടെ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് നടപടികൾ ആരംഭിച്ചത്. കേസ് ഇന്ന് പരിഗണിക്കും.
ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി നടക്കുന്ന പോരാട്ടങ്ങളാണ് നിർവചനം കണ്ടെത്തുകയെന്ന ആദ്യ ഘട്ടത്തിലേക്ക് എത്തിച്ചത്. തുടക്കം മുതൽ കുത്തക കോർപറേറ്റുകൾക്ക് മുമ്പിൽ രാജ്യത്തിന്റെ ധാതുസമ്പത്ത് അടിയറവയ്ക്കുന്ന പതിവ് നിലപാട് തന്നെയാണ് കേന്ദ്രസർക്കാർ തുടരുന്നത്. രാജ്യത്തിന്റെ അന്തസത്തയും പ്രകൃതി സമ്പത്തുമൊക്കെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഷേധങ്ങളിലൂടെ കേന്ദ്രസർക്കാരിന്റെ മുന്നിലെത്തുന്നുണ്ടെങ്കിലും വിഷയത്തിൽ സുപ്രീം കോടതിയുടെ ഓരോ നീക്കവും ചരിത്രമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.