
സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യത്തിന്റെ അന്ത: സത്ത. ജനാധിപത്യം തന്നെ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈകളിലാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അമ്പയറാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാൻ ഭരണഘടന അനുശാസിക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ). നിയമസഭകളിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. ഇന്ത്യൻ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്. അതുപ്രകാരം പാർലമെന്റ്, സംസ്ഥാന നിയമസഭകള്‍, ഭരണഘടന പ്രകാരം നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെയും വോട്ടർ പട്ടിക തയാറാക്കുന്നതിന്റെയും മേൽനോട്ടം, നിർദേശം, നിയന്ത്രണം എന്നിവ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും (സിഇസി) കമ്മിഷണർമാരുടെയും നിയമന പ്രക്രിയയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ് ബരൻവാൾ 2015ൽ ഒരു പൊതുതാല്പര്യ ഹർജി സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രസിഡന്റ് സിഇസിയെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും വിട്ടുവീഴ്ച ചെയ്യുന്നതിന് ഇടയാക്കുന്നതാണെന്ന് അദ്ദേഹം ഹർജിയിൽ ഉന്നയിച്ചു. അനൂപ് ബരൻവാൾ നൽകിയ ഹർജി നിലവിലിരിക്കെ സമാനസ്വഭാവമുള്ള നിരവധി റിട്ട് ഹർജികൾ കൂടി സുപ്രീം കോടതി മുമ്പാകെയെത്തി. ന്യായവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ നിയമന പ്രക്രിയയാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ കാര്യത്തിൽ വേണ്ടതെന്നും ഹർജിക്കാർ വാദം ഉന്നയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. 2023ൽ ജസ്റ്റിസ്‌മാരായ കെ എം ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവര്‍ ഉൾപ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വാദം കേട്ടത്.
ഭരണഘടനയുടെ അനുച്ഛേദം 324, 324 (2) എന്നിവയുടെ യഥാർത്ഥ വ്യാഖ്യാനം പരിഗണിക്കാൻ കോടതി തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം എല്ലാ ബാഹ്യ രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും മുക്തമായിരിക്കണമെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. നീണ്ട വാദ പ്രതിവാദങ്ങൾക്കിടയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മീഷണർമാരുടേയും നിയമന നടപടിക്രമത്തെ സംബന്ധിച്ച ചരിത്രപരമായ വിധി 2023 മാർച്ച് രണ്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ചു. അതാണ് അനൂപ് ബരൻവാൾ Vs യൂണിയൻ ഓഫ് ഇന്ത്യ കേസ്. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതാവ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന ഒരു സെലക്ഷൻ കമ്മിറ്റിയുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കേണ്ടതെന്ന് കോടതി അസന്നിഗ്ദമായി പറഞ്ഞു. വോട്ടവകാശം ഒരു പൗരന്റെ നിയമപരമായ അവകാശമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളോട് അന്യായമായോ ഏകപക്ഷീയമായോ പെരുമാറുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി അനുച്ഛേദം 14ന്റെ ലംഘനമാണ്. ജനാധിപത്യം തന്നെ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലാണ്. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരു സ്വതന്ത്ര സമിതിയുടെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും നിയന്ത്രണത്തിലും ആയിരിക്കണമെന്നാണ് ഭരണഘടന നിർദേശിക്കുന്നത്. ഭരണഘടന പറയുന്ന ആ സ്വതന്ത്രസമിതിയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് അനൂപ് ബരൻവാൾ കേസിൽ കോടതി ഓർമ്മപ്പെടുത്തി. ഭരണഘടനാ സംവിധാനത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും കമ്മീഷണർമാരും വളരെ ഉയർന്ന സ്ഥാനത്താണ് നിലകൊള്ളുന്നത്. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതേതരത്വം ഭരണകൂടത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും സ്വാധീനിക്കണംമെന്നും ഭരണസംവിധാനങ്ങൾ പൗരന്റെ മൗലികാവകാശങ്ങൾ അക്ഷരാർത്ഥത്തിൽ പാലിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ജനാധിപത്യം കൈവരിക്കാൻ കഴിയൂ എന്നും വിധിന്യായത്തിൽ വ്യക്തമാക്കി.
അനൂപ് ബരൻവാൾ കേസിലെ വിധി മോഡി സർക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തെ അസ്ഥിരപ്പെടുത്തി ഭരണകക്ഷിയുടെ പ്രതിനിധികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിൽ ഗണ്യമായ സ്വാധീനം ഉറപ്പു വരുത്താനും ചീഫ് ജസ്റ്റിസിനെ സെലക്ഷൻ പാനലിൽ നിന്നും ഒഴിവാക്കി പകരം കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനുമായി ‘തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി-2023’ എന്ന പുതിയ നിയമം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2023ലെ ഈ നിയമത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത നിരവധി തവണ നിയമപരമായി ചോദ്യം ചെയ്യപ്പെട്ടങ്കിലും ഇതുവരെയും അന്തിമവാദം കേൾക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സെലക്ഷൻ പാനലിൽ നിന്നും ഒഴിവാക്കിയ നിയമനിർമ്മാണം ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടങ്കിലും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 2024 മാർച്ച് 22ന് വിശദ ഉത്തരവിലൂടെ സ്റ്റേ ഹർജി തള്ളുകയായിരുന്നു. ഒരു പക്ഷേ ആ നിയമം സ്റ്റേ ചെയ്തിരുന്നുവെങ്കിൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും രാജ്യത്തിന് വ്യത്യസ്തമായ ഒരു അമ്പയർ ഉണ്ടാകുമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് ഉയർന്ന് വന്നിട്ടുള്ളത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്, ന്യായമായ ഒരു ഏജൻസിയുടെ ആഴമേറിയതും സമഗ്രവുമായ വിശകലനം ആവശ്യമാണ്. നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഏക മാർഗം അനൂപ് ബരൻവാൾ വിധിന്യായം പുനഃസ്ഥാപിക്കുകയും, 2023ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും (നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി) നിയമം റദ്ദാക്കുക എന്നുള്ളതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.