
ആഗോളതലത്തിൽ വരുമാന അസമത്വം ‘ഗുരുതരഘട്ട’ത്തിലാണെന്നും ഇത് ജനാധിപത്യത്തെയും സാമൂഹിക ഐക്യത്തെയും അപകടത്തിലാക്കുന്നുവെന്നും അസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര പാനൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ സമ്പന്നർ കൂടുതൽ സമ്പന്നരായപ്പോൾ ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും റിപ്പോർട്ട് പറയുന്നു. നിരവധി ക്ഷേമ മാതൃകകൾ നടപ്പിലാക്കിയിട്ടും, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ, അസമത്വം കൂടുതൽ പ്രകടമാണ്. 2000–23 കാലത്ത് രാജ്യത്തെ ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ സമ്പത്ത് 62% വർധിച്ചുവെന്ന് ജി20 കമ്മിഷൻ ചെയ്ത റിപ്പോർട്ട് പറയുന്നു. ഇത് വർധിച്ചുവരുന്ന ധനകാര്യ കേന്ദ്രീകരണത്തിന്റെ ആഗോള പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. 2000–24 കാലത്തിനിടയിൽ സൃഷ്ടിക്കപ്പെട്ട പുതിയ സമ്പത്തിന്റെ 41% ലോകത്തിലെ അതിധനികരായ ഒരു ശതമാനം ആളുകൾ കയ്യടക്കിയെന്നും ആഗോള ജനസംഖ്യയുടെ താഴെത്തട്ടിലുള്ള പകുതി പേർക്ക് ഒരു ശതമാനം മാത്രമേ ലഭിച്ചുള്ളൂവെന്നും പഠനം കണ്ടെത്തി. വർധിച്ചുവരുന്ന സാമ്പത്തികാസമത്വം ജനാധിപത്യത്തെയും സാമൂഹിക ഐക്യത്തെയും അപകടത്തിലാക്കുന്ന ഒരു ആഗോള പ്രതിസന്ധിയാണ്.
നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന പഠനം, ആഗോള അസമത്വം ‘അടിയന്തരാവസ്ഥയിൽ’ എത്തിയിരിക്കുന്നുവെന്നും ഇത് സാമ്പത്തിക സ്ഥിരതയെയും പുരോഗതിയെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. അസമത്വം സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുകയും രാഷ്ട്രീയ ധ്രുവീകരണത്തിന് ഇന്ധനം നൽകുകയും ചെയ്യുന്നു. സമൂഹത്തിൽ ദരിദ്രരായ പൗരന്മാരുടെ പങ്കാളിത്തം കുറയ്ക്കുകയും പലതരത്തിലുള്ള സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ജയതി ഘോഷ്, വിന്നി ബ്യാനിമ, ഇമ്രാൻ വലോഡിയ എന്നിവരുൾപ്പെടെ ആഗോള അസമത്വത്തെക്കുറിച്ചുള്ള വിദഗ്ധരുടെ ജി20 സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2019 മുതൽ 335 ദശലക്ഷം പേർ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. ലോകജനസംഖ്യയിൽ പകുതി പേർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമല്ല. 130 കോടി ആളുകൾ ചികിത്സാച്ചെലവുകൾ കാരണം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു. ലോകത്തെ നാലിൽ ഒരാൾക്ക് പതിവായി ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നു. അതേസമയം സമ്പത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സഹകരണത്തിലൂടെ അസമത്വത്തിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്റർനാഷണൽ പാനൽ ഓൺ ഇക്വാളിറ്റി (ഐപിഐ) എന്ന പുതിയ സ്ഥാപനം സൃഷ്ടിക്കാനുള്ള വിദഗ്ധ പാനലിന്റെ ശുപാർശ ഗൗരവമായ പരിഗണനയർഹിക്കുന്നു. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മാതൃകയിലുള്ള നിർദിഷ്ട ബോഡി, ലോകമെമ്പാടുമുള്ള അസമത്വ പ്രവണതകൾ കണ്ടെത്തുകയും സർക്കാരുകൾക്ക് വ്യക്തവും വിശ്വസനീയവുമായ ഡാറ്റ നൽകുകയും ചെയ്യും. ഉയർന്ന അസമത്വമുള്ള രാജ്യങ്ങൾ സമ്പത്തിന്റെ ന്യായമായ വിതരണമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജനാധിപത്യപരമായ തകർച്ച നേരിടാൻ ഏഴുമടങ്ങ് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ ഇത് വളരെ നിർണായകമാണ്.
കഴിഞ്ഞ 40 വർഷത്തിനിടയിൽ, ലോകത്തെ താഴെത്തട്ടിലുള്ള 50% വ്യക്തികളുടെ ശരാശരി വരുമാനം 358 യുഎസ് ഡോളർ വർധിച്ചപ്പോൾ, ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേർ 1,91,000 ഡോളറിന്റെ വർധനവ് നേടിയെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയുമാണ്. 2011 മുതൽ 23 വരെ 17 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഈ വർഷമാദ്യം ലോക ബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾ തയ്യാറാക്കിയ രീതിശാസ്ത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാതെ, സ്വയം പ്രശംസിക്കുകയായിരുന്നു കേന്ദ്രം. സാമ്പത്തിക വിദഗ്ധർ പൊതുവെ സമ്പത്തിനുമേൽ നികുതി ചുമത്തുന്നതിൽ താല്പര്യം കാണിക്കുന്നില്ലെങ്കിലും, അതിസമ്പന്നർ അവരുടെ ന്യായമായ വിഹിതം ഖജനാവിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം.
ഇന്ത്യയിൽ, 2000ത്തിനും 2023നും ഇടയിൽ ധനികർ അവരുടെ സമ്പത്തിൽ 62% വർധനവരുത്തി. ചൈനയിൽ ഇത് 54% ആണ്. ഇന്ത്യയുടെ അവസ്ഥ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. 2014ലെ പത്താമത്തെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ദ്രുതഗതിയിലുള്ള വളർച്ച പൊള്ളയാണ്. കാരണം അതിജീവനത്തിനായി പോരാടുന്ന താഴെത്തട്ടിലുള്ള 50% പേരുടെ ദുരവസ്ഥ അവഗണിക്കുകയാണ് ആ റിപ്പോർട്ട്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗം പ്രധാനമായും ക്ഷേമ പദ്ധതികൾ കൊണ്ട് ജീവിച്ചുപോരുന്നവരും രാഷ്ട്രീയ പ്രാതിനിധ്യം കുറഞ്ഞവരുമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ എൻജിനായി കണക്കാക്കപ്പെടുന്ന മധ്യവർഗവും വളരെ ബുദ്ധിമുട്ടിലാണ്. കാരണം മധ്യവർഗ പദവിക്ക് കാലവുമായി പൊരുത്തപ്പെടുന്ന നിശ്ചിത തലത്തിലുള്ള ഉപഭോഗം ആവശ്യമാണ്. വർധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെയും വരുമാനം കുറയുന്നതിന്റെയും പശ്ചാത്തലത്തിൽ ഇത് നേടാൻ ഈ വർഗം പാടുപെടുകയാണ്. ഉയർന്ന അസമത്വം പകർച്ചവ്യാധികൾക്ക് ഇന്ധനം പകരുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് തെളിയിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഫ്രിക്കൻ ഭൂഖണ്ഡം ഒരേസമയം വിവിധ പകർച്ചവ്യാധികളെ നേരിടുന്നുണ്ട്. കോവിഡ് 19, എയ്ഡ്സ്, എം പോക്സ്, എബോള, ക്ഷയം തുടങ്ങിയവ സമ്മിശ്രമാകുന്നു. കഴിഞ്ഞയാഴ്ചയാണ് നമീബിയയിൽ പുതിയ എം പോക്സ് പൊട്ടിപ്പുറപ്പെട്ടത്. അസമത്വം സമൂഹത്തെ രോഗവ്യാപനത്തിന് കൂടുതൽ ഇരയാക്കുന്നു. ഫലപ്രദമായ പ്രതിരോധം ദുർബലപ്പെടുന്നത് പകർച്ചവ്യാധികളെ ദീർഘിപ്പിക്കുകയും കൂടുതൽ മാരകവും സാമ്പത്തികമായി വിനാശകരവുമാക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള അസമത്വം ഈ ദുർബലതയെ ആഗോളവൽക്കരിക്കുന്നു. അന്താരാഷ്ട്ര ധനകാര്യത്തിലേക്കും ആധുനിക ശാസ്ത്രത്തിലേക്കുമുള്ള അസമമായ പ്രവേശനത്തിലൂടെ പകർച്ചവ്യാധികൾക്കുള്ള ഭാവിയിലെ സാധ്യതയും വർധിപ്പിക്കുന്നു. താഴ്ന്ന വരുമാനക്കാർ കൂടുതൽ ദുർബലരാണെന്ന് മാത്രമല്ല, അസമത്വം പകർച്ചവ്യാധി പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും അസമമായ 20 രാജ്യങ്ങളിൽ എട്ടെണ്ണം ആഫ്രിക്കയിലാണ്. അവിടെയാണ് വളരെയധികം പകർച്ചവ്യാധികൾ പടരുന്നത്. ഒരു രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലുതാകുമ്പോൾ, എച്ച്ഐവി ബാധകളുടെയും എയ്ഡ്സ് മരണങ്ങളുടെയും കോവിഡ് മരണനിരക്കുകളുടെയും അളവ് ഉയർന്നതാണെന്ന് റിപ്പോർട്ട് കാണിക്കുന്നു. ഉയർന്ന അസമത്വമുള്ള സമൂഹങ്ങളിൽ ഫലപ്രദമായ പ്രതിരോധങ്ങൾ ഏകോപിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അവിടെ ഒന്നിച്ചുനിൽക്കുന്നതിനുപകരം വരേണ്യരും സമ്പന്നരും അവരുടെ അപകടസാധ്യത മറ്റുള്ളവരിലേക്ക് കൈമാറുന്നു. ഇന്ത്യയിലും ലോകത്തും സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും വലിയ ആഘാതം സമൂഹത്തിനാണ്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ദരിദ്രർക്ക് ഏതാണ്ട് അപ്രാപ്യമായതിനാൽ, രാഷ്ട്രനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തം ലഘുവായിത്തീരുന്നു. അവർ രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കുകളായി ചുരുങ്ങുന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് ഇതൊരു ഭീഷണിയാണ്. ഏതൊരു രാജ്യവും അന്താരാഷ്ട്രതലത്തിൽ വളരാനും നിലനിൽക്കാനും, ജനങ്ങൾക്കിടയിൽ ഒരു നിശ്ചിത തലത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അവബോധം ആവശ്യമാണ്. അത് അഭിവൃദ്ധിയിലൂടെ മാത്രമേ സാധ്യമാകൂ. ജനസംഖ്യയുടെ പകുതിയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു രാജ്യത്ത്, അത്തരം ശ്രമങ്ങളെ നിസംഗതയോടെ നേരിടുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിലേക്കും സമൂഹത്തിന്റെ ശിഥിലീകരണത്തിലേക്കും നയിക്കും. തെരഞ്ഞെടുപ്പുകളിൽ, ഒരാൾ ചെയ്ത പ്രവൃത്തികൾക്ക് പകരം ഒരു പ്രത്യേക ജാതിക്കോ മതത്തിനോ ജനങ്ങൾ വോട്ട് ചെയ്യുന്നു.
ലോക വേദിയിൽ ഇന്ത്യക്ക് അതിന്റെ സ്ഥാനം അവകാശപ്പെടണമെങ്കിൽ, വളർന്നുവരുന്ന അസമത്വത്തിന്റെ ഭാരം ഇല്ലാതാക്കാൻ ശക്തവും ഏകീകൃതവുമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. അല്ലാത്തപക്ഷം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർധിച്ചുവരുന്ന വിടവ് ഇതുവരെയുള്ള നേട്ടങ്ങളെ സാമ്പത്തികമായും സാമൂഹികമായും ദുർബലപ്പെടുത്തും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.