22 December 2024, Sunday
KSFE Galaxy Chits Banner 2

നഗരങ്ങളില്‍ തൊഴില്‍സാധ്യത കുറയുന്നു

ഡോ. ഗ്യാന്‍ പഥക്
August 25, 2024 4:25 am

2024–25 കേന്ദ്രബജറ്റ് ഏകദേശം മൂന്ന് കോടി ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി പറയുന്നു. ഇതേ അവസരത്തില്‍ത്തന്നെ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (പിഎല്‍എഫ്എസ്) ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലവസരങ്ങള്‍ ഇടിയുന്നതായി ചൂണ്ടിക്കാണിച്ചു. പുരുഷന്‍മാരെക്കാൾ കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീത്തൊഴിലാളികളാണ്. 2024 ഏപ്രിൽ‑ജൂൺ കാലയളവിൽ, നിലവിലെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്‌സിആര്‍) ജനുവരി-മാർച്ച് കാലയളവിലെ 39.5 ശതമാനത്തിൽ നിന്ന് 39.3 ശതമാനമായി കുറഞ്ഞുവെന്ന് ഇതേ റിപ്പോര്‍ട്ട് ചൂണ്ടി ക്കാണിക്കുന്നു. പുരുഷന്മാരുടെ തൊഴിലവ സരങ്ങള്‍ 20 ശതമാനവും സ്ത്രീകളുടേത് 58 ശതമാനവുമായി ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
15 വയസിനു മുകളിലുള്ളവരുടെ തൊഴില്‍ നിരക്ക് 50.2 ശതമാനത്തിൽ നിന്ന് 50.1 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ത്രീത്തൊഴിലാളികളാണ് എവിടെയും കഷ്ടത്തിലാവുന്നത്. അവരുടെ തൊഴില്‍ശക്തിപങ്കാളിത്ത നിരക്ക് 25.6ൽ നിന്ന് 25.2 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോള്‍, പുരുഷന്മാരുടെ നിരക്ക് 74.4ൽ നിന്ന് 74.7 ശതമാനമായി ഉയർന്നു. 15–29 വയസിനിടയിലുള്ള തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, എൽഎഫ്‌പിആര്‍ 40.7ൽ നിന്ന് 40.8 ശതമാനമായി ചെറിയ വർധനവുണ്ടായി. സ്ത്രീകളുടെ എൽഎഫ്‌പിആർ 21.3 ശതമാനമായി തുടർന്നു. പുരുഷ തൊഴിലാളികളുടേത് 58.2 ശതമാനത്തിൽ നിന്ന് 58.9 ശതമാനമായി വർധിച്ചു.
2024–25ലെ കേന്ദ്ര ബജറ്റിൽ സ്വീകരിച്ച നയങ്ങൾ രാജ്യത്തെ നഗരപ്രദേശങ്ങളിൽ തൊഴില്‍പങ്കാളിത്തം കുറഞ്ഞ വനിതകൾക്ക് ഉപകാരപ്രദമ ല്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. സിഡബ്ല്യുഎസിലെ (നിലവിലെ പ്രതിവാര നില) തൊഴിലാളി അനുപാതം (ഡബ്ല്യുപിആർ) സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ നഗരപ്രദേശങ്ങളിൽ 36.9 ശതമാനത്തിൽ നിന്ന് 36.7 ശതമാനമായി കുറഞ്ഞു. ജനുവരി-മാർച്ച് കാലയളവിൽ സ്ത്രീകളുടെ ഡബ്ല്യുപിആർ 18.6 ശതമാനമായിരുന്നെങ്കിലും ഏപ്രിൽ‑ജൂണിൽ 18.2 ആയി കുറഞ്ഞു. ഈ കാലയളവിൽ പുരുഷന്മാരുടെ ഡബ്ല്യുപിആർ 54.5 ശതമാനത്തിൽ നിന്ന് 54.7 ശതമാനമായി വർധിച്ചു. സ്ത്രീകളുടെ ഡബ്ല്യുപിആർ എല്ലാ പ്രായവിഭാഗങ്ങളിലും കുറഞ്ഞു, അതേസമയം എല്ലാ പ്രായത്തിലുള്ള പുരുഷതൊഴിലാളികളുടെ നിരക്ക് വർധിച്ചു.

ഏപ്രിൽ‑ജൂൺ കാലയളവിൽ ഇന്ത്യയിലെ നഗരങ്ങളിൽ സ്ഥിരമായ വേതനമോ ശമ്പളമോ 49 ശതമാനത്തിനായിരുന്നു. മുൻ പാദത്തിൽ ഇത് 48 ശതമാനമായിരുന്നു. താല്‍ക്കാലിക തൊഴിലാളി നിരക്ക് 10.8 ശതമാനത്തിൽ നിന്ന് 11 ശതമാനമായി വർധിച്ചു. സ്വയം തൊഴിലെടുക്കുന്നവര്‍, തൊഴിലുടമ, ഗാർഹിക സംരംഭങ്ങളിലെ സഹായികൾ, സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലും കുറവുണ്ടായി. സ്വയംതൊഴിൽ ചെയ്യുന്നവർ 40.5 ശതമാനത്തിൽ നിന്ന് 40 ശതമാനമായും ഗാർഹിക സംരംഭങ്ങളിലെ സഹായികൾ 6.4ല്‍ നിന്ന് 6.1 ശതമാനമായും കുറഞ്ഞു, സ്വന്തം സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നവര്‍ 33 ശതമാനത്തിൽ നിന്ന് 32.9 ശതമാനമായും കുറഞ്ഞു. സ്ത്രീകളില്‍ സ്ഥിരം വേതനവും ശമ്പളവുമുള്ള ജീവനക്കാര്‍ 52.3 ശതമാനത്തിൽ നിന്ന് 54 ശതമാനമായി വർധിച്ചുവെങ്കിലും, മറ്റെല്ലാ വിഭാഗം തൊഴിലിലും അവരുടെ ശതമാനം ഇടിഞ്ഞു. സ്വന്തം സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നവര്‍ ഒഴികെ, ഇത് 27.5 ശതമാനമായി തുടർന്നു.  ഗാർഹിക സംരംഭങ്ങളിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾ നാലിരട്ടി കൂടുതലാണ്. ആദ്യപാദത്തിൽ ഏകദേശം 4.4 ശതമാനം പുരുഷന്മാർ ഗാർഹിക സംരംഭങ്ങളിൽ സഹായികളായിരുന്നെങ്കില്‍ സ്ത്രീകളുടെ ശതമാനം നഗരങ്ങളിൽ 11.4 ശതമാനമാണ്. കഴിഞ്ഞ പാദത്തിലെ 62.2 ശതമാനത്തെ അപേക്ഷിച്ച് സമ്പദ്‌വ്യവസ്ഥയുടെ തൃതീയ മേഖല (സേവന മേഖല) യിലെ തൊഴിലാളികൾ 62.4 ശതമാനമായി. ആദ്യപാദത്തിൽ 5.9 ശതമാനം നഗരതൊഴിലാളികൾ മാത്രമാണ് കൃഷിയിൽ ഏർപ്പെട്ടിരുന്നത്, 32.1 ശതമാനം പേർ ഖനനവും ക്വാറിയും ഉൾപ്പെടെയുള്ള ദ്വിതീയ മേഖലയിൽ ഏർപ്പെട്ടിരുന്നു.

ഏപ്രിൽ‑ജൂൺ കാലയളവിലെ നഗരതൊഴിലില്ലായ്മാ നിരക്ക് 6.6 ശതമാനമായിരുന്നു. ഇത് 2023 ഒക്ടോബർ‑ഡിസംബർ കാലയളവിലെ 6.5 ശതമാനത്തെക്കാള്‍ കൂടുതലാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്കാകട്ടെ മുൻപാദത്തിലെ 8.4ൽ നിന്ന് 8.9 ശതമാനമായി വർധിച്ചു. ഈ കാലയളവിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും തൊഴിലില്ലായ്മ കൂടിയെന്നാണ് റിപ്പോര്‍ട്ട്. 15–29 പ്രായത്തിലുള്ള സ്ത്രീകളുടെ തൊഴിലില്ലായ്മ ആദ്യ പാദത്തിൽ 23 ശതമാനവും പുരുഷന്മാരുടേത് 14.8 ശതമാനവുമാണ്. മൊത്തം നഗര തൊഴിലില്ലായ്മ 16.8 ശതമാനമാണെങ്കില്‍ 15 വയസിന് മുകളിലുള്ള വിഭാഗത്തിലേത് ആദ്യ പാദത്തിൽ 6.6 ശതമാനമായിരുന്നു. പുരുഷന്മാരുടേത് 5.8 ശതമാനവും സ്ത്രീകളിൽ ഒമ്പത് ശതമാനവുമാണിത്.
മൂന്ന് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 2024–25 ബജറ്റിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെങ്കിൽ സർക്കാർ കൂടുതൽ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇത് തൊഴിലവസരം സൃഷ്ടിക്കുന്നതിലെ പരാജയത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താനുള്ള തന്ത്രമായും വിലയിരുത്താം.

(ഐപിഎ)

സ്ത്രീകളുടെ തൊഴിലില്‍ പിന്നില്‍

വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട 2023ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ. 14 വർഷമായി തുടർച്ചയായി ഒന്നാംറാങ്കിൽ തുടരുന്ന ഐസ്‌ലൻഡാണ് ലോകത്തിലെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യം. ഇന്ത്യയുടെ അയൽ രാജ്യങ്ങളില്‍ ബംഗ്ലാദേശ് (59), ഭൂട്ടാൻ (103), ചൈന (107), ശ്രീലങ്ക (115), നേപ്പാൾ (116) പാകിസ്ഥാൻ (142) എന്നിങ്ങനെയാണ് നില.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വേതന വ്യത്യാസമാണ്. ഈ വിടവ് ലോകമെമ്പാടും വ്യാപകമാണ്. തുല്യജോലിക്ക് സ്ത്രീകൾക്ക് ഇപ്പോഴും പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. തൊഴിൽപരമായ വേർതിരിവ്, അസമമായ അവസരങ്ങൾ, ലിംഗാധിഷ്ഠിത വേതന വിവേചനം എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങള്‍ ഇതിനു കാരണമാണ്. വിവാഹവും മാതൃത്വവും ഒരു ശിക്ഷയായി വനിതകൾക്ക് നേരിടേണ്ടിവരുന്നുവെന്നതാണ് മറ്റൊരു വസ്തുത. അമ്മയാകുമ്പോൾ അവരുടെ വരുമാനസാധ്യതയും തൊഴിലവസരങ്ങളും കുറയുന്നു. ജോലിയും കുടുംബ ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കുന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.
ഇന്ത്യയിലെ വനിതകള്‍ക്കിടയില്‍ അഞ്ചിലാെരാള്‍ മാത്രമാണ് തൊഴില്‍ സേനയില്‍ സജീവമായുള്ളത്. അതേസമയം, പുരുഷന്മാരില്‍ മൂന്നില്‍ രണ്ടും തൊഴിലെടുക്കുന്നു. ആഗോള തൊഴില്‍ സംഘടന നടത്തിയ പഠനത്തില്‍ രാജ്യത്തെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവിവാഹിതരെ അപേക്ഷിച്ച് ജോലി സാധ്യത വളരെ കുറവാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി ഡാറ്റ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് 2005ല്‍ 32 ശതമാനമായിരുന്നത് 2021ല്‍ 19 ശതമാനമായി കുറഞ്ഞുവെന്നാണ്. ലോകബാങ്കിന്റെ കണക്ക് പ്രകാരം രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് 1990ലെ 28.6ല്‍ നിന്ന് 2020ല്‍ 20.8 ശതമാനമായി ചുരുങ്ങി. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനെെസേഷന്റെ ലേബര്‍ സര്‍വേ പറയുന്നത് സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് കൂടിയെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.