31 December 2025, Wednesday

ചരിത്രം നീക്കുന്നത് ദേശീയതയെ വളർത്തില്ല

ഡോ. രാം പുനിയാനി
May 24, 2025 4:45 am

2020ലെ പുതിയ വിദ്യാഭ്യാസ നയം (എൻഇപി) ക്രമേണ നടപ്പിലാക്കിവരികയാണ് മോഡി സർക്കാർ. അത് ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളിലും പാരമ്പര്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ചരിത്രവുമായി ബന്ധപ്പെട്ട മാറ്റങ്ങളിലൂടെ ഡൽഹി സുൽത്താനേറ്റിനെയും മുഗൾ ഭരണത്തെയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ഏഴ് നൂറ്റാണ്ടുകളുടെ സുവർണചരിത്രമാണ് അസാന്നിധ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. ഏത് മാനദണ്ഡങ്ങൾ വച്ചുനോക്കിയാലും ഇത് വളരെ നീണ്ട കാലഘട്ടമാണ്. മുഗളരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ എൻസിഇആർടി മുമ്പേ വെട്ടിക്കുറച്ചിരുന്നു. 2022–23ലെ കോവിഡ് സമയത്ത് സിലബസ് യുക്തിസഹമാക്കുന്നതിന്റെ പേരിലാണ് തുഗ്ലക്, മിൽജി, മംലൂക്, ലോധി തുടങ്ങിയ രാജവംശങ്ങളുടെ വിവരണവും ചക്രവർത്തിമാരുടെ നേട്ടങ്ങളെക്കുറിച്ചുള്ള രണ്ട് പേജുള്ള പട്ടികയും ഉൾപ്പെടെ വെട്ടിക്കുറച്ചത്. ഇപ്പോൾ പുതിയ പാഠപുസ്തകം അവരെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്തു. ഡൽഹി സുൽത്താനേറ്റിനെയും മുഗൾ ഭരണാധികാരികളെയും കുറിച്ചുള്ള പരാമർശങ്ങൾ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നാണ് മുഴുവനായി ഇല്ലാതാക്കിയത്. മുംബൈ ആക്രമണം (92 — 93), ഗുജറാത്ത് കലാപം (2002), നാഥുറാം ഗോഡ്സെ ആർഎസ്എസിന്റെ പരിശീലനം ലഭിച്ച പ്രചാരകനാണെന്ന പരാമർശം, ഗാന്ധി വധത്തിന് ശേഷം ആർഎസ്എസിനെ നിരോധിച്ചത് എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളും ഇല്ലാതാക്കിയിരിക്കുന്നു. കുംഭമേള സ്ഥാനം കണ്ടെത്തുമ്പോൾ, തിക്കിലും തിരക്കിലും നിരവധി പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് സ്ഥാനമില്ല. 

കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കുക എന്ന വ്യാജേനയാണ് ഈ ആശയം തുടങ്ങിവച്ചത്. തുടർന്ന് ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന ഭാഗങ്ങൾ ഇല്ലാതാക്കുന്നതിന് ‘യുക്തിസഹമാക്കൽ’ എന്ന് പേരിട്ടു. മുഗളരെ പൈശാചികവൽക്കരിക്കുന്നതിനും അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും, അവരെ ചരിത്രത്തിലെ പ്രധാന വില്ലന്മാരായി അവതരിപ്പിച്ചു. ഇതുവരെ മുസ്ലിങ്ങളെ ഭീകരരാക്കിയത് മുസ്ലിം ഗുണ്ടകൾ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന വ്യാജേനയായിരുന്നു. ഇത് യുക്തിരഹിതമെന്ന് ചരിത്രകാരന്മാർ എതിർത്തിട്ടുണ്ട്. മുസ്ലിം രാജാക്കന്മാർ വാളുപയോഗിച്ച് ഇസ്ലാം മതം പ്രചരിപ്പിച്ചുവെന്നത് ഇതിന്റെ മറ്റൊരു വശമാണ്. അറബ് വ്യാപാരികളുമായുള്ള സാമൂഹിക ഇടപെടൽ മൂലമാണ് ഇസ്ലാമിലേക്കുള്ള പരിവർത്തനങ്ങൾ നടന്നത് എന്നതാണ് സത്യം. പിന്നീട് ജാതിവ്യവസ്ഥയുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷപ്പെടാൻ നിരവധി താഴ്ന്ന ജാതിക്കാർ ഇസ്ലാം മതം സ്വീകരിച്ചു. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം മുഗള കാലഘട്ടത്തെ ഹിന്ദുക്കൾക്കെതിരായ കൂട്ടക്കൊല നടന്ന ഇരുണ്ട കാലഘട്ടമായി അവതരിപ്പിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാൽ അക്കാലഘട്ടം യുദ്ധത്താൽ നിറഞ്ഞിരുന്നു എന്നതിൽ സംശയമില്ല. രാജാക്കന്മാർ എപ്പോഴും രാജ്യത്തിന്റെ വ്യാപ്തി വികസിപ്പിക്കാൻ ആഗ്രഹിച്ചു. ഈ പ്രക്രിയയിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇതിനെ കൂട്ടക്കൊല എന്നോ വംശഹത്യയെന്നോ വിളിക്കുന്നത് തികച്ചും തെറ്റാണ്. ഹിന്ദുത്വ ആഖ്യാനം യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ അവതരിപ്പിച്ച ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയം പിന്തുടരുന്ന വർഗീയ ചരിത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇതിൽ; രാജാക്കന്മാരുടെ എല്ലാ ലക്ഷ്യങ്ങളെയും അത് മതവുമായി ബന്ധപ്പെടുത്തുന്നു. രാജാക്കന്മാരെ മുഴുവൻ മതസമൂഹത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു.
മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളെ പീഡിപ്പിച്ച ‘വിദേശികൾ’ ആണെന്ന് അവകാശപ്പെടുന്ന ഹിന്ദുത്വ ചരിത്രരചന അതിനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി. മുസ്ലിം സമുദായ ചരിത്രരചനയാകട്ടെ നാണയത്തിന്റെ മറുവശം അവതരിപ്പിച്ചു. അതായത് മുസ്ലിങ്ങളെ ഭരണാധികാരികളായും ഹിന്ദുക്കളെ അടിമകളായും ചിത്രീകരിച്ചു. ഈ യുക്തിയാണ് ബ്രിട്ടീഷുകാരെ നമ്മുടെ രാജ്യത്തെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കാൻ സഹായിച്ചത്. 

രാജ്യത്ത് രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് സവർക്കർ വാദിച്ചു. തുടർന്ന് മുസ്ലിങ്ങൾക്ക് ജിന്ന പ്രത്യേക രാജ്യം — പാകിസ്ഥാൻ ആവശ്യപ്പെട്ടു. പാകിസ്ഥാൻ തുടക്കം മുതൽ തന്നെ മുസ്ലിം വർഗീയതയുടെ കെണിയിൽ വീണു. അതിന്റെ പാഠപുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം അവർ എട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ കാസിം മുതൽ പാകിസ്ഥാന്റെ ആരംഭം അവതരിപ്പിച്ചു. ഇന്ന് അവരുടെ ചരിത്ര പുസ്തകങ്ങളിൽ ഹിന്ദു ഭരണാധികാരികളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. മുസ്ലിം വർഗീയത, ഹിന്ദുക്കൾക്കെതിരെ പ്രചരിപ്പിച്ച വിദ്വേഷം അവരുടെ സ്കൂൾ പാഠങ്ങളിൽ നിന്ന് ഹിന്ദു രാജാക്കന്മാരെയും സംസ്കാരത്തെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കംചെയ്തുകൊണ്ട് അതിന്റെ ഉച്ചസ്ഥായിയിലെത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യ പാകിസ്ഥാന്റെ കാൽപ്പാടുകളാണ് പിന്തുടരുന്നത്. ഈ യാഥാർത്ഥ്യം പാക് കവി ഫഹ്മിദ റിയാസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകർക്കലിനുശേഷം ‘അരേ തും ഭി ഹം ജൈസേ നികലേ, അബ് തക് കഹാൻ ചുപെ ദ ഭായ്’ (ഓ! നീയും ഞങ്ങളെപ്പോലെ തന്നെ മാറിയിരിക്കുന്നു, ഇതുവരെ നീ എവിടെയാണ് ഒളിച്ചിരുന്നത്) എന്ന് അവരെഴുതിയിട്ടുണ്ട്.
ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പൂർണനിയന്ത്രണത്തിലേക്ക് വരുന്നതിനുമുമ്പ്, ആർഎസ്എസ് ശാഖകൾ, ഏകൽ വിദ്യാലയങ്ങൾ, ശിശു മന്ദിറുകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ സമൂഹത്തിൽ വർഗീയത പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. കാലക്രമേണ മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതേ സേവനം ചെയ്തു. ഹിന്ദുത്വത്തിന്റെ പിടിമുറുക്കത്തോടെ ധാരാളം സാമൂഹിക മാറ്റങ്ങൾ സംഭവിച്ചു. വാസ്തുവിദ്യ, ഭക്ഷണശീലങ്ങൾ, വസ്ത്രധാരണം, സാഹിത്യം എന്നിവയ്ക്ക് പുറമേ, മതമേഖലയിലെ സമന്വയം, ഭക്തി, സൂഫി പാരമ്പര്യം എന്നിവ വികസിച്ചു. ഈ കാലഘട്ടത്തിൽ സിഖ് മതവും വളർന്നു. ഇനിയിപ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രം പാത മാറ്റേണ്ടി വന്നേക്കാം. മുസ്ലിം ഭരണാധികാരികൾ ഇല്ലാത്തപ്പോൾ മുസ്ലിങ്ങളെ എങ്ങനെ പൈശാചികവൽക്കരിച്ച് പ്രചരിപ്പിക്കും? 

ദേശീയത എന്ന ആശയത്തിന് ചരിത്രം വളരെ പ്രധാനമാണ്. ‘കറുപ്പിന് അടിമയായവന് ലഹരി എങ്ങനെയാണോ അതുപോലെയാണ് ദേശീയതയ്ക്ക് ചരിത്രം. ’ എന്ന് എറിക് ഫ്രോം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1998ൽ എൻഡിഎ ആയി ബിജെപി അധികാരത്തിൽ വന്നതിനുശേഷം, അവർ ചെയ്ത പ്രധാന കാര്യം ‘വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം’ തന്നെയാണ്. മഹത്വമുള്ളവരും ധീരരുമായ ഹിന്ദു രാജാക്കന്മാരെയും ദുഷ്ടരും ആക്രമണകാരികളുമായ മുസ്ലിം രാജാക്കന്മാരെയും കുറിച്ചുള്ള വിവരണം ചരിത്രമായി അവതരിപ്പിച്ചു. ഇതുവരെ ചരിത്രം ഡൽഹി ഭരണാധികാരികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുസ്ലിം അനുകൂലികളായ ഇടതുപക്ഷ ചരിത്രകാരന്മാരാണ് എഴുതിയതെന്നായിരുന്നു അവരുടെ ആരോപണം. 1980കളിലെ ചരിത്ര പുസ്തകങ്ങളിൽ ഹിന്ദു, മുസ്ലിം രാജാക്കന്മാരെക്കുറിച്ചുള്ള മികച്ച ഭാഗം ഉണ്ടായിരുന്നു. ആഖ്യാനം മതത്തെ ചുറ്റിപ്പറ്റിയായിരുന്നില്ല, മറിച്ച് സമൂഹങ്ങളുടെ സമഗ്രമായ വീക്ഷണം അവതരിപ്പിക്കുന്നതായിരുന്നു — വ്യാപാരം, സംസ്കാരം, സാഹിത്യം തുടങ്ങിയവ. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ, ദളിതർ, സ്ത്രീകൾ, ആദിവാസികൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് പ്രാധാന്യം നൽകിക്കൊണ്ട്, കെട്ടുകഥകളിൽ കാര്യമായ സ്ഥാനം ലഭിക്കാത്തവരെയാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.