9 January 2025, Thursday
KSFE Galaxy Chits Banner 2

പ്രവാസം-അനുഭവങ്ങൾ യാഥാർത്ഥ്യങ്ങൾ

പി ശ്രീരാമകൃഷ്ണന്‍ 
റസിഡന്റ് വൈസ് ചെയർമാൻ നോർക്ക റൂട്ട്സ്
January 9, 2025 4:45 am

ആഗോള തലത്തിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സംഗമമായ പ്രവാസി ഭാരതീയ ദിവസ് ഒഡിഷയിലെ ഭുവനേശ്വറിൽ ജനുവരി 10 വരെ ചേരുകയാണ്. പ്രവാസികൾക്കായി ഇതുൾപ്പെടെ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണെന്ന് വ്യക്തമാണ്. പ്രവാസിസമൂഹത്തെ നെഞ്ചോടു ചേർക്കുന്ന നടപടികളും സമീപനവുമാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. ഉപരിപ്ലവമായ ചർച്ചകൾ മാത്രമല്ല നമുക്ക് ആവശ്യം, പ്രവാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കൈപിടിക്കാനും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകരാനും പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി പരിഹരിക്കാനും കഴിയുന്ന സമീപനവും നടപടികളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന തിരിച്ചറിവ് ആണ് ഉണ്ടാകേണ്ടത്.
പ്രവാസിഭാരതീയർ ഇന്ത്യയിലേക്കയച്ചത് 129 ബില്യൺ ഡോളറാണെന്നാണ് ഇക്കഴിഞ്ഞ അന്താരാഷ്ട്ര പ്രവാസിദിനത്തോട് (ഡിസംബർ 18) അനുബന്ധിച്ച് ലോകബാങ്ക് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിലെ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള മൈഗ്രേഷൻ സർവേ (കെഎംഎസ്) 2023 റിപ്പോർട്ട് പ്രകാരം 2023ൽ കേരളത്തിലേക്കുള്ള പ്രവാസികേരളീയരുടെ റെമിറ്റൻസ് ഗണ്യമായ രീതിയിൽ വർധിച്ചതായി വ്യക്തമാക്കുന്നുണ്ട്. 2017–2018: 85,092 കോടി, 2018–2019: 114,506 കോടി, 2021–2022: 144,640 കോടി, 2022–2023: 1,90,734 കോടി, 2023: 2,16,893 കോടി രൂപ വീതമാണിത്. അഞ്ച് വർഷത്തിനുള്ളിൽ 154 ശതമാനം വർധനവ് കൈവരിച്ചതിലൂടെ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയിൽ പ്രവാസി വരുമാനത്തിന്റെ പ്രാധാന്യവും ഇത് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികേരളീയരെന്നതാണ് പ്രധാനം.

റമിറ്റൻസുകൾ തുടർച്ചയായി വളരുമ്പോൾ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും പ്രവാസിസമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. വിദേശകാര്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രവാസി എന്ന യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട നിർവചനത്തിൽ സംസ്ഥാനങ്ങൾക്ക് നയപരവും നിയമപരവുമായ പരിമിതികളുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാകേണ്ടത്. പ്രവാസിസാന്ദ്രത ഏറെയുള്ള സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളിൽ നിയമനിർമ്മാണത്തിനും ഇടപെടലുകൾക്കും സംസ്ഥാനങ്ങള്‍ക്ക് അവസരമൊരുക്കേണ്ടതുമുണ്ട്.

ലോക കേരളസഭയെ മാതൃകയാക്കാം
പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന പോരായ്മകളിൽ ഒന്ന് കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയോ, പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ്. ഇന്ത്യ പോലെ വലിയ രാജ്യത്തിലെ പ്രവാസികളുടെ ഒരു പരിച്ഛേദം മാത്രമേ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നുള്ളു. അല്ലെങ്കിൽ പ്രായോഗികത മൂലം പങ്കെടുക്കാൻ കഴിയുന്നുള്ളു. ഇവിടെയാണ് കേരള സർക്കാർ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ലോക കേരളസഭയെ മാതൃകയാക്കാനാവുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി ഭാരതീയ ദിവസിന് അനുബന്ധമായി ലോക കേരള സഭ മാതൃകയിൽ പ്രവാസി സംഗമത്തിന് അവസരമൊരുക്കണം. ഇതിന്റെ ഭാഗമായി ലോകത്തെ ഓരോ മേഖലകൾ തിരിച്ചും പ്രവാസി സംഗമങ്ങൾ ഉണ്ടാകണം. പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി ഉന്നയിക്കുന്നതിനും ശരിയായ രീതിയിൽ അവ പരിഹരിക്കുന്നതിനും ഇത് അവസരമൊരുക്കും. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം വളരെ ശക്തമായ ഇന്ത്യൻ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതിലൂടെ രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്ക് കുതിപ്പേകാൻ സാധിക്കുമെന്നതാണ്.

പ്രവാസികാര്യ മന്ത്രാലയം പുനഃസ്ഥാപിക്കണം
പ്രവാസി ക്ഷേമം പൂർണതയിൽ എത്തിക്കുന്നതിനുള്ള ആദ്യ പടിയായി കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് പ്രവാസികാര്യ മന്ത്രാലയത്തിന്റെ പുനഃസ്ഥാപനമാണ്. വിദേശകാര്യവും പ്രവാസികാര്യവും സവിശേഷവും പരമ പ്രധാനമായ പ്രത്യേക നിലയിൽ ശ്രദ്ധ വേണ്ട പരസ്പര ബന്ധിതമായ രണ്ടു വിഷയങ്ങളാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനും അനുഭാവ പൂർണവും സമയബന്ധിതവുമായ നടപടി ഉറപ്പാക്കുന്നതിനും പ്രവാസികാര്യ മന്ത്രാലയം അനിവാര്യമാണ്.
വിദേശ തൊഴിൽ വാഗ്ദാനങ്ങളുടെ സുതാര്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് എംബസികളുമായി ബന്ധപ്പെട്ട് വിപുലവും ഫലപ്രദവുമായ സംവിധാനം ഒരുക്കണം. ഇന്ത്യ പോലെ വലിയ രാജ്യത്തെ പ്രവാസികളുടെ / ഉദ്യോഗാർത്ഥികളുടെ ആവശ്യകത നിറവേറ്റാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുടെ പിൻബലമുള്ള ഫലപ്രദമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. റിക്രൂട്ടിങ് തട്ടിപ്പുകൾക്ക് ശാശ്വതമായ അന്ത്യം കുറിക്കുന്നതിന് ശിക്ഷാ നടപടികൾ ശക്തമാക്കണം. തട്ടിപ്പ് നടത്തി സ്വരുക്കൂട്ടിയ സമ്പത്ത് സർക്കാർ കണ്ടുകെട്ടണം.
2024‑ൽ രാജ്യത്തുനിന്നും 1.33 ദശലക്ഷം വിദ്യാർത്ഥികളാണ് വിദേശരാജ്യത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോയത്. ഈ കാലയളവിൽ 54 രാജ്യങ്ങളിലേക്ക് 2.25 ലക്ഷം വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്നും മാത്രം പോയത്. സ്റ്റുഡന്റ് എന്നത് പ്രവാസി എന്ന നിർവചനത്തിൽ ഉൾപ്പെടുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും ഇന്ത്യൻ വിദ്യാർത്ഥികൾ നിലവാരമില്ലാത്ത സർവകലാശാലകളിലും കോളജുകളിലും എത്തപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുളളത്. ഇക്കാര്യം നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പിക്കാനും നടപടി ആവശ്യമാണ്. എജ്യൂക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കാൻ രാജ്യത്താകെ നിയമനിർമ്മാണം ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിരവധി പരിമിതികളുണ്ട്. എന്നിരുന്നാലും സ്വന്തമായ നിയമനിർമ്മാണവും ലൈസൻസിംങ്ങും ഏർപ്പെടുത്താനാകുമോ എന്ന് കേരളം ഗൗരവപൂർവം പരിശോധിച്ചു വരികയാണ്.
പ്രവാസികളെ വിമാന കമ്പനികൾ ഭീമമായ യാത്രാനിരക്കിലൂടെ കൊള്ളയടിക്കുന്നതിന് തടയിടണം. ഓരോ സെക്ടറിലെയും യാത്രാനിരക്ക് പഠന വിധേയമാക്കണം. വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള തടയുന്നതിന് സത്വര നടപടി ഉണ്ടാകണം. പ്രവാസികളുടെ ആവശ്യകതയും യാത്രക്കാരുടെ എണ്ണവും കണക്കാക്കി വിദേശത്തുനിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണം. പ്രത്യേകിച്ച് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന ജിസിസി രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സീസണുകളിലെ വിമാനകൊള്ളയ്ക്ക് അറുതി വരുത്തേണ്ടതുണ്ട്. ക്രൂയിസ് ഷിപ്പുകൾ ഉൾപ്പെടെ സാധ്യമായ ബദൽ യാത്രാമാർഗങ്ങളിലും കേന്ദ്രപിന്തുണ അനിവാര്യമാണ്.
വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്ത്രീകളുടെ സുരക്ഷ, തൊഴിലിടം, തൊഴിൽ ദാതാവ്, വേതനം എന്നിവ പ്രാദേശിക സർക്കാർ മുഖേന ഉറപ്പാക്കണം. വിദേശ നാണ്യത്തിലൂടെ രാജ്യത്തെ ഖജനാവിനെ ശക്തിപ്പെടുത്തുന്നവരാണ് പ്രവാസികൾ. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം സ്വന്തം രാജ്യത്ത് സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രവാസികൾക്ക് അവസരമൊരുക്കണം. കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമനിധി രൂപീകരിക്കണം. പ്രവാസ ജീവിതത്തിനു ശേഷം അല്ലലില്ലാതെ സ്വന്തം നാട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് ആവശ്യമായ ന്യായമായ പെൻഷനും ഉറപ്പാക്കണം. കേരളത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന നോർക്ക പ്രവാസി ക്ഷേമനിധി ബോർഡിനെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്.
ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ശക്തമാക്കണം. വിദേശത്ത് നിയമസഹായം ആവശ്യമാകുന്ന പ്രവാസികൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ അഭിഭാഷകനുമായി നേരിട്ട് സംസാരിക്കുന്നതിന് അവസരമൊരുക്കണം. നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന നിയമസഹായ സെൽ പദ്ധതി ( പിഎൽഎസി)യെ ഇവിടെയും മാതൃകയാക്കാവുന്നതാണ്.
പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ആവശ്യകത അനുസരിച്ച് കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കണം.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് സമഗ്രമായ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കണം. പ്രവാസത്തിന്റെ എല്ലാ മേഖലകളെയും കാലയളവുകളെയും ഈ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരണം.
സമ്പദ്ഘടനയെ കെട്ടുറപ്പുള്ളതാക്കുന്നതിന് പ്രവാസികൾ നൽകുന്ന വലിയ പിന്തുണ തർക്കമറ്റതാണ്. ഇത് കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ധന സഹായം അനുവദിക്കണം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്ര — സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.