
രാജ്യത്തും ലോകത്തിന്റെ ചില ഭാഗങ്ങളിലും കോവിഡ് രോഗം വ്യാപിക്കുന്നുവെന്ന വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഇതിനു തൊട്ടുമുമ്പാണ് കോവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്ന 2020, 2021 വർഷങ്ങളിൽ രാജ്യത്തുണ്ടായ മരണനിരക്കുകളുടെ വൈരുധ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ അനുസരിച്ച് മഹാമാരി വ്യാപനം ഏറ്റവും രൂക്ഷമായ സമയത്ത് കോവിഡ് മൂലം 3.3 ലക്ഷം മരണങ്ങളാണ് ഉണ്ടായത്. മൊത്തം ജനസംഖ്യയുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ഈ നിരക്ക് അത്ര വലുതല്ലെന്നും കോവിഡ് കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ പ്രകടനം പല രാജ്യങ്ങളെക്കാളും മെച്ചമാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കുന്നതാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ മേനി നടിച്ചുനിൽക്കുകയായിരുന്നു ഇന്ത്യൻ സർക്കാർ. (അതേസമയം വേൾഡോമീറ്റേഴ്സ് എന്ന വെബ്സൈറ്റ് പ്രകാരം 2025 മേയ് 12 വരെയുള്ള കോവിഡ് മരണ നിരക്ക് 5,33,570 ആണ്. ഈ കണക്കനുസരിച്ച് 12,19,487 മരണങ്ങൾ കണക്കാക്കിയ യുഎസ്എ, 7,11,380 മരണങ്ങൾ ഉണ്ടായ ബ്രസീൽ എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ).
സർക്കാരിന്റെ ഈ അവകാശവാദങ്ങളെ സംശയാസ്പദമാക്കുന്നതാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. ആധികാരികമായി ആശ്രയിക്കാവുന്ന, സർക്കാരിന്റെ സെൻട്രൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്), സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്), മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത് (എംസിസിഡി) എന്നിവയിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തലുകളാണ് നേരത്തെയുള്ള കണക്കുകളിൽ നിന്നും ഞെട്ടിപ്പിക്കുന്ന വ്യത്യാസം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.
കോവിഡ് കാലത്ത് പുറത്തുവന്ന മരണനിരക്കിനെ കുറിച്ച് സംശയിക്കാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണക്കൂടുതൽ, അതേസമയം ചികിത്സയ്ക്കായി കിടക്കകൾ ലഭ്യമാകാത്ത സാഹചര്യം, മൃതദേഹങ്ങൾ കുന്നുകൂടിയ ശ്മശാനങ്ങൾ, സംസ്കരിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്ന സ്ഥിതി, നദീതീരങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ദൃശ്യങ്ങൾ, നദികളിൽ മൃതദേഹങ്ങൾ ഒഴുകിയത് എന്നിവയൊന്നും നമുക്ക് മറക്കാൻ കഴിയുന്നതല്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ പ്രകാരം മരണസംഖ്യ സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്ന് അന്നുതന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയാകട്ടെ ഏകദേശം 47 ലക്ഷം മരണമാണ് ഇന്ത്യയിൽ ഉണ്ടായതെന്ന് പറയുകയുമുണ്ടായി. ഇതാകട്ടെ സർക്കാരിന്റെ അവകാശവാദങ്ങളുടെ പത്തു മടങ്ങിലധികവുമാണ്. ഇതെല്ലാം സർക്കാർ നിഷേധിക്കുകയും ബോധപൂർവം അധിക കണക്ക് പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയുമായിരുന്നു ചെയ്തത്. എന്നാൽ സിആർഎസിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം 2021ൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം 1,02,24,506 ആണ്. 2020ൽ ഇത് 81,15,882 ആയിരുന്നു. അതായത് 2021ൽ മുൻ വർഷത്തെ അപേക്ഷിച്ച് 21,08,624 മരണങ്ങൾ കൂടുതലുണ്ടായി.
ആയിരം ജനങ്ങളിൽ ഇത്ര മരണം എന്ന നിലയിൽ ശരാശരി നിരക്ക് കണക്കാക്കുന്ന സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റ (എസ്ആർഎസ്) ത്തിന്റെ കണക്കുകളിലും ഈ വ്യത്യാസം കാണാവുന്നതാണ്. എസ്ആർഎസ് കണക്കുകൾ പ്രകാരം 2021ൽ ആയിരത്തിന് 7.5 ആണ് മരണനിരക്ക്. 2020ൽ ആറ് ആയിരുന്നത് 1.5 ശതമാനം വർധിച്ചുവെന്നർത്ഥം. 2014 മുതൽ 19 വരെയുള്ള മരണനിരക്ക് പരിശോധിക്കുമ്പോൾ ഇത് ശരാശരി 6.35 ആയിരുന്നു. വിവിധ കാരണങ്ങളാൽ കാലാകാലങ്ങളിൽ മരണനിരക്കിൽ നേരിയ വ്യതിയാനം സംഭവിക്കാമെങ്കിലും 2020, 21 വർഷങ്ങളിലെ ഗണ്യമായ വർധന ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.
അധിക മരണങ്ങൾ വളരെയധികം സംഭവിക്കണമെങ്കിൽ ഏതെങ്കിലും പ്രകൃതി ദുരന്തം, യുദ്ധം, അല്ലെങ്കിൽ മനുഷ്യനിർമ്മിതമായ സംഭവം എന്നിവ പോലുള്ള ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകണം. 2020, 21 വർഷങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരേയൊരു സംഭവം കോവിഡ് മഹാമാരിയായിരുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ 2020, 21 വർഷങ്ങളിലെ അധികമരണങ്ങൾക്ക് കാരണം കോവിഡ് 19 ആണെന്ന് വ്യക്തവുമാണ്.
കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പിശകുകളുടെ വിശകലനം — 2022 എന്ന പേരിൽ 2024 സെപ്റ്റംബർ 17ന് സ്പ്രിങ്കർ നെയ്ച്ചർ ലിങ്കിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ എംസിസിഡിയിലെ കണക്കുകളിൽ പിശകുകൾ പതിവായി സംഭവിക്കുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോഗ്യപരിപാലന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന മരണങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ബോധിക്കുന്നത് കൃത്യമായല്ലെന്നും മരണകാരണം സൂചിപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 50 മുതൽ 60 ശതമാനം വരെ തെറ്റാണെന്നും പ്രസ്തുത ലേഖനത്തിൽ വ്യക്തമാക്കുന്നു. മരണകാരണം വ്യക്തമാക്കേണ്ട ഇടത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മരണത്തിന്റെ അടിസ്ഥാന കാരണമെന്നത് മരണത്തിലേക്ക് നേരിട്ട് നയിച്ച രോഗമോ പരിക്കോ അല്ലെങ്കിൽ മാരകമായ പരിക്കിന് കാരണമായ അപകടത്തിന്റെയോ അക്രമത്തിന്റെയോ സാഹചര്യങ്ങളോ ആയിരിക്കണമെന്ന് ലോക ആരോഗ്യ സംഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഉടനടി ഉണ്ടാകുന്ന മരണത്തിന്റെ കാരണമായി അതിലേക്ക് നേരിട്ട് നയിച്ച രോഗമോ അവസ്ഥയോ ആണ് രേഖപ്പെടുത്തേണ്ടതെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
നിർദിഷ്ട മരണനിരക്കും രോഗപ്രവണതകളും കണ്ടെത്തുന്നതിനും വിവിധ ആരോഗ്യപരിപാടികളുടെ നിരീക്ഷണത്തിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും ആരോഗ്യ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും മരണകാരണങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഇത് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തേണ്ടതും നിർബന്ധമാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ അവരുടെ ആരോഗ്യപരമായ സിദ്ധാന്തങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നത്. ഇത് ഉപയോഗിച്ച് സാമൂഹികവും സാമ്പത്തികവുമായ പ്രവണതകൾ പഠിക്കാനും രോഗ വ്യാപനം കണ്ടെത്താനും പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുവാനും നമുക്ക് സാധിക്കുന്നു. തീരുമാനമെടുക്കൽ പ്രക്രിയയിലും ഈ വിവരങ്ങൾ സഹായകമാകുന്നു. നടത്തിയതും നടത്തുന്നതുമായ ഗവേഷണങ്ങൾ ആധികാരികമാണെന്ന് സ്ഥിരീകരിക്കാനും ഇത് ഉപയോഗപ്രദമാകുന്നു. അതിനാൽ തന്നെ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കരുത്. വിവരങ്ങൾ മുൻവിധികളോ രാഷ്ട്രീയ പരിഗണനകളോ ഇല്ലാത്തതായിരിക്കുകയും വേണം. യഥാർത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വസൂരി, പോളിയോ എന്നിവ ഇല്ലാതാക്കുന്നതിൽ നാം വിജയം കൈവരിച്ചതെന്നും ക്ഷയരോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതെന്നും മനസിലാക്കണം. വ്യാജമായ വിവരങ്ങൾ അഥവാ കുറഞ്ഞ മരണനിരക്കുകൾ എന്നത് നമുക്ക് ആത്മസംതൃപ്തി നൽകിയേക്കാം. എന്നാൽ ഇത് തെറ്റായ ആസൂത്രണത്തിലേക്ക് നയിക്കുന്നതിന് ഇടയാക്കും, പ്രത്യേകിച്ച് കോവിഡ് 19 പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ. കണക്കുകളുടെ വ്യാജനിർമ്മിതി, പദ്ധതികൾ രൂപകല്പന ചെയ്യുന്നതിലെ പോരായ്മകൾക്ക് കാരണമാവുകയും അതുകൊണ്ടുതന്നെ തെറ്റായ ഏത് വിവരവും ഭാവിയിലേക്കുള്ള ആസൂത്രണത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.