22 December 2024, Sunday
KSFE Galaxy Chits Banner 2

നിയമസഭകളിലും ബിജെപിയെ തോല്പിക്കാനൊരുങ്ങി കര്‍ഷകര്‍

പ്രത്യേക ലേഖകന്‍
July 13, 2024 4:45 am

മോഡി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കതിരെ, സംയുക്ത കിസാൻ മോർച്ച വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നു. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ സമരങ്ങളിലൂടെ ചെറുത്തുതോല്പിക്കുമെന്നാണ് നേതാക്കൾ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. വൻകിട കോർപറേറ്റുകൾക്ക് വേണ്ടി കർഷകവിരുദ്ധനയങ്ങൾ നടപ്പിലാക്കുകയാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരെന്ന് സംയുക്ത കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. 2020ലെ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കിക്കാെണ്ട് 2021 ഡിസംബർ ഒമ്പതിന് കേന്ദ്രസർക്കാർ ഒപ്പിട്ട കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം പുനരാരംഭിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കർഷക പ്രസ്ഥാനത്തിന്റെ സ്വാധീനം ഭരണകക്ഷിയായ ബിജെപിയുടെ സീറ്റുകൾ കുറയ്ക്കാൻ സഹായിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 38 ഗ്രാമീണ സീറ്റുകളിലും യുപിയിലെ ലഖിംപൂർ ഖേരിയില്‍ മുൻ കേന്ദ്രമന്ത്രി അജയ് മിശ്ര തേനി, ഝാര്‍ഖണ്ഡില്‍ അർജുൻ മുണ്ട എന്നിവരുടെ പരാജയവും കർഷക സമരത്തിന്റെ ആഘാതം വെളിപ്പെടുത്തുന്നതാണ്. കാര്‍ഷികമേഖലയിലെ 159 മണ്ഡലങ്ങളിൽ ബിജെപി പരാജയപ്പെട്ടത് കർഷകരുടെ രോഷം മൂലമാണെന്ന് എസ്‌കെഎം അവകാശപ്പെടുന്നു. 

2020 നവംബർ 26 മുതൽ 2021 ഡിസംബർ 11 വരെ (384 ദിവസം) നീണ്ട കർഷക പ്രക്ഷോഭത്തിൽ 736 രക്തസാക്ഷികളാണ് ജീവത്യാഗം നടത്തിയത്. ഡൽഹി അതിർത്തിയിൽ ദുരിതങ്ങൾ നേരിട്ടുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ പ്രക്ഷോഭം നയിച്ചു. സമരം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ കരാറിൽ, എല്ലാ വിളകളും സംഭരിക്കുന്നതോടൊപ്പം താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി മേഖലയും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളും സ്വകാര്യവൽക്കരിക്കരുത്, സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം അംഗീകരിച്ചത്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുക, കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമുള്ള മലിനീകരണ നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തി കർഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും കേന്ദ്രം ഇതുവരെ വാക്കുപാലിച്ചിട്ടില്ല. സമരം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, എല്ലാ പാർലമെന്റംഗങ്ങൾക്കും നിവേദനം സമർപ്പിക്കും. ഈ മാസം 16,17,18 തീയതികളിൽ ഒരു പ്രതിനിധി സംഘം അംഗങ്ങളെ നേരിട്ട് കാണുകയും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ അഭ്യർത്ഥിക്കുകയും ചെയ്യും. കേന്ദ്ര ബജറ്റിൽ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുമെന്നും കർഷകനേതാക്കൾ പറഞ്ഞു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ അധികാരധാർഷ്ട്യത്തിനും വിഭവങ്ങളുടെ കേന്ദ്രീകരണ നയത്തിനുമെതിരെ പഞ്ചാബിന്റെ ഫെഡറൽ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നു. ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ ബാധിക്കുന്നതിനിടെ ജലം, ഭൂമി, വനം, ധാതുക്കൾ എന്നിവയുൾപ്പെടെ പ്രകൃതി വിഭവങ്ങളെ കോർപറേറ്റ് ചരക്കുകളാക്കുന്നതിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ കോ-ഓർഡിനേഷൻ കമ്മിറ്റികൾ യോഗം ചേർന്ന് ബിജെപിയെ തുറന്നുകാട്ടിക്കൊണ്ട് കർഷകർക്കിടയിൽ സ്വതന്ത്രവും ബൃഹത്തായതുമായ പ്രചരണം നടത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന-വർഗ സംഘടനകളുമായും ഏകോപിച്ച് വാഹന ജാഥ, പദയാത്ര, മഹാപഞ്ചായത്തുകൾ എന്നിവയും സംഘടിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.