
കാലാവസ്ഥാ വ്യതിയാനം മൂലം കുതിച്ചുയരുന്ന കടലിന്റെ ചൂട് മത്സ്യ സമ്പത്തിന് മരണമണി മുഴക്കുന്നു. അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവുമെല്ലാം ഈ പ്രതിഭാസത്തിന് ഇരയാകുന്നുവെന്ന് വിവിധ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മൂന്നു ഭാഗവും കരയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അറബിക്കടലാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ജൈവ സമ്പത്തുള്ള സമുദ്രം. വൈവിധ്യങ്ങൾ നിറഞ്ഞ മത്സ്യങ്ങളും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും വ്യത്യസ്ത ഇനങ്ങളിലുള്ള ആമകളും തിമിംഗലങ്ങളുമെല്ലാം അറബിക്കടലിനെ വേറിട്ട് നിർത്തുന്നു. ലോകത്ത് മറ്റെങ്ങും കാണാത്ത ചാകരയെന്ന പ്രതിഭാസവും കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ മൺസൂണുമെല്ലാം അറബിക്കടലിന്റെ സംഭാവനയാണ്. കാലാവസ്ഥാ വ്യതിയാനം പലതരത്തിൽ ബാധിക്കുമ്പോൾ കടലിലും മാറ്റങ്ങൾ പ്രകടമാണ്. ആഗോളതാപനത്തിന്റെ ഫലമായി അടുത്ത 75 വർഷത്തിനുള്ളിൽ സമുദ്രനിരപ്പ് 6.2 അടി വരെ ഉയരുമെന്ന് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ലോകമെങ്ങും സമുദ്രത്തിന്റെ ജലനിരപ്പ് ഒരു വർഷം ശരാശരി 4.77 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ പഠനത്തിലും പറയുന്നു. 1993നെ അപേക്ഷിച്ച് ജലനിരപ്പ് രണ്ടുമടങ്ങ് വർധിച്ചതായി വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടിൽ 2.13 മില്ലിമീറ്ററായിരുന്നു ശരാശരി സമുദ്ര ജലനിരപ്പിലെ ഉയർച്ച.
സമുദ്രത്തിലെ താപനില വലിയതോതില്‍ വര്‍ധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ കാരണമെന്ന് ഗവേഷകരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ആഗോള സമുദ്ര താപനില സര്‍വകാല റെക്കോഡിലാണ് എത്തിനില്‍ക്കുന്നത്. അതേസമയം സമുദ്ര താപനിലയുടെ 44 ശതമാനവും സൂര്യനില്‍ നിന്നുള്ള ചൂട് സമുദ്രങ്ങള്‍ അതിവേഗം ആഗിരണം ചെയ്യുന്നതുകൊണ്ടാണെന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ഗവേഷകനായ ക്രിസ് മര്‍ച്ചന്റ് നടത്തിയ പഠനങ്ങളിൽ വെളിപ്പെടുത്തി. വ്യവസായ വിപ്ലവാനന്തരം ലോകം പിന്തുടർന്ന് പോരുന്ന വികസന സമീപനങ്ങളുടെ അനിവാര്യ പ്രത്യാഘാതങ്ങളായി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. സുസ്ഥിര വികസനമെന്നത് കേവലം സാമ്പത്തിക വളർച്ചയെ ആശ്രയിച്ച് സാധ്യമായ ഒന്നല്ലെന്ന് ലോകം വിളിച്ചുപറയുന്നു. എത്രയോ ലക്ഷം വർഷങ്ങൾ ലോകത്തിലെ മുഴുവൻ ജീവജാലങ്ങൾക്കുമായി സംഭരിച്ച് വയ്ക്കേണ്ട വിഭവങ്ങൾ മനുഷ്യർ മാത്രം ഉപയോഗിച്ച് തീർത്തു. ഹരിതഗൃഹ വാതകങ്ങളും വാഹനപ്പുകയും രാസ വിസർജ്യങ്ങളും അന്തരീക്ഷത്തിലും വെള്ളത്തിലും സൃഷ്ടിച്ച മലിനീകരണം ചെറുതല്ല. ക്രമേണ സമുദ്രങ്ങളും ഈ മാറ്റങ്ങൾക്ക് വിധേയമായി. ഇത് പ്രകൃതിയിലുണ്ടാക്കുന്നത് ഒട്ടേറെ പ്രതിഫലനങ്ങളും. കൊടുംചൂടിൽ വരളുന്ന കടലിൽ മീനുകൾക്കും പൊള്ളുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിന്റെ സന്തുലനാവസ്ഥയെ പോലും മാറ്റിമറിച്ചു. ജലത്തിന്റെ താപ വ്യത്യാസം മൂലം മത്തിയും ചൂരയും പോലുള്ള ‘സഞ്ചാരി’ മത്സ്യങ്ങൾ തീരം വിടുകയാണെന്ന് വിദഗ്ധർ പറയുന്നു.
ഒരുകാലത്ത് കേരളത്തിലെ സമുദ്രോല്പാദനത്തിൽ ഗണ്യമായ സംഭാവന ചെയ്തത് ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും ആയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഇവയുടെ ലഭ്യത കുറഞ്ഞു. കടലിലെ താപനിലയിൽ വരുന്ന വർധനവാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ ഇടിവ് ഉണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ടിലും പറയുന്നു. ഇന്ത്യയിലെ മത്തിയുല്പാദനത്തിൽ 80 ശതമാനം സംഭാവന ചെയ്തത് കേരളമായിരുന്നു. സമീപ കാലത്ത് ഇതിൽ വൻതോതിൽ കുറവുണ്ടായി. മുൻകാലങ്ങളിൽ 30 ലക്ഷം ടൺ വരെ മത്തി ലഭിച്ചിരുന്നത് ഇപ്പോള്‍ 50,000 ടണ്ണിൽ താഴെയായി.
കേരളതീരത്തെ കടൽ ചൂട് വർധിച്ചതോടെ താപനില കുറവുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് മത്തി സഞ്ചരിച്ചു. ചൂട് താങ്ങാനാവാതെ അയല ആഴക്കടലിലേക്കും നീങ്ങി. കടലിന്റെ ചൂടിൽ ഉണ്ടാകുന്ന വർധനവിൽ പവിഴ വിസ്മയങ്ങളും ഇല്ലാതാവുകയാണ്. ഇതോടെ നിരവധി മത്സ്യങ്ങൾക്ക് നഷ്ടമാകുന്നത് പാർപ്പിടവും ഭക്ഷണവും കൂടിയാണ്. കടലിലെ ചൂട് കൂടുമ്പോൾ പവിഴപ്പുറ്റുകൾ അവയുടെ ശരീരത്തിലെ ഭക്ഷണ നിർമ്മാതാക്കളായ സൂസാന്തല്ലെകള്‍ എന്ന സൂക്ഷ്മജീവികളെ തള്ളി പുറത്താക്കും. ഇവയാണ് പവിഴപ്പുറ്റുകൾക്ക് നിറം നൽകുന്നത്. ഇതോടെ നിറം മങ്ങി അവയ്ക്ക് വെള്ള നിറം കൈവരും. ഈ പ്രക്രിയയെ കോറൽ ബ്ലീച്ചിങ് (വെളുക്കൽ) എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ഓരോ പവിഴപ്പുറ്റും അനേകയിനം മത്സ്യങ്ങളുടെയും കക്കയിനത്തിൽപ്പെട്ട ജീവികളുടെയും ആവാസ കേന്ദ്രവുമാണ്. ചെറിയ മത്സ്യങ്ങളെയാണ് ഇവ ഏറെ ബാധിക്കുക. അതിനാൽ മത്സ്യങ്ങളുടെ വംശനാശത്തിനും ഇത് കാരണമാകുന്നു. സമുദ്ര ആവാസ വ്യവസ്ഥയുടെ പ്രധാന ഘടകമായ പവിഴപ്പുറ്റുകളിലാണ് 25 ശതമാനം കടൽ ജീവികളും പാർക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.