
മോഡിയുടെ നെഞ്ചളവിന്റെ കണക്കുപോലെയാണ് പിയൂഷ് ഗോയലിന്റെ ദിവസത്തിനുമെന്ന് കഴിഞ്ഞ ദിവസമാണ് ലോകത്തിന് മനസിലായത്. കാര്യം ഇതാണ്. പാർലമെന്റ് നടന്നുകൊണ്ടിരിക്കുന്നു. ഉച്ചയോടെ സഭ തല്ലിപ്പിരിഞ്ഞ് എല്ലാവരും പോയി. രാത്രി, ഉറങ്ങാൻ പോകുന്ന നേരം; സമൂഹമാധ്യമത്തിൽ ട്രംപിന്റെ വകയൊരു പോസ്റ്റ്: ‘ഉറ്റ ചങ്ങാതിയായ നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയുമായി യുഎസ് വ്യാപാരക്കരാറിലെത്തിയിരിക്കുന്നു. യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നും മാത്രമേ എണ്ണ വാങ്ങാൻ പാടുള്ളൂ എന്ന് പറഞ്ഞത് സമ്മതിച്ചു. റഷ്യയിൽ നിന്ന് വാങ്ങില്ലെന്ന് ഉറപ്പിച്ചു. പിന്നെ അല്ലറചില്ലറ വ്യാപാരങ്ങളുടെ കരാറുമുണ്ടാക്കി. അതുകൊണ്ട് തീരുവ കുറച്ച് 18% ആക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.’ ബലേ ഭേഷ്.
തൊട്ടുപിന്നാലെ മോഡിയുടെ വക സമൂഹമാധ്യമത്തിൽ മറ്റൊരു പോസ്റ്റ്: ‘ഇന്ത്യയുമായി യുഎസ് കരാറിലെത്തിയിരിക്കുന്നു. ട്രംപുമായി സംസാരിച്ചു. ചില കരാറിലെത്തി. ഇന്ത്യയുടെ താല്പര്യത്തിനനുസരിച്ച് കരാറിലേർപ്പെട്ട ഉറ്റ ചങ്ങാതി ട്രംപിന് നന്ദി.’
ഇന്ത്യക്കാരാകെ കൺഫ്യൂഷനിലായി. ആര് ആരെയാണ് വിളിച്ചത്, കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ് തുടങ്ങി ആകെ ആശയക്കുഴപ്പം. ഇരുരാജ്യങ്ങൾ തമ്മിൽ വ്യാപാരം പോലുള്ള സുപ്രധാന ഉടമ്പടികളിലെത്തുന്നത് ഫോണിലൂടെ സംസാരിച്ചാണോയെന്ന സംശയവും ദോഷൈകദൃക്കുകൾ ഉന്നയിച്ചു. കാമുകീകാമുകന്മാർ പോലും ആരെങ്കിലും ഒരാള്‍ കാലുമാറിയാലോ എന്ന സംശയത്തിൽ സംസാരം അവസാനിപ്പിച്ച് ചാറ്റുകളിലേക്ക് മാറിയ കാലമാണ്. നാളെ അതെങ്കിലും ഒരു രേഖയാകുമല്ലോ. അപ്പോഴാണ് മോഡിയും ട്രംപും ഫോണിലൂടെ കരാറുണ്ടാക്കിയത്.
പിറ്റേന്ന് നമ്മുടെ പാർലമെന്റിൽ വിഷയം കത്തിക്കയറി. രാജ്യത്തിന്റെ താല്പര്യങ്ങളൊന്നും ബലികഴിക്കില്ലെന്ന് വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ എഴുതി വായിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തകത്തെച്ചൊല്ലിയുള്ള പുകില് നിൽക്കുമ്പോഴായിരുന്നു ട്രംപിന്റെ പോസ്റ്റും പുതിയ വിവാദങ്ങളും. രാജ്യസഭയിലും ലോക്‌സഭയിലും സ്പീക്കറും ചെയർമാനും പ്രതിപക്ഷ പ്രതിഷേധത്തിൽ വെള്ളം കുടിച്ചു. രണ്ട് ദശകത്തിനിടെ ആദ്യമായി ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കേണ്ടിവരികയും ചെയ്തു.
പ്രതിപക്ഷ പ്രതിഷേധം ഭയന്ന് നരേന്ദ്ര മോഡി മുങ്ങിയെന്നാണ് പച്ച മലയാളത്തിൽ പറയേണ്ടത്. മോഡിയുടെ നെഞ്ചളവിന്റെ മോടി പറച്ചിൽ പൊള്ളയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ ആളെണ്ണം കുറവായതിനാൽ പ്രതിഷേധത്തിന്റെ ശക്തി കുറവായിരിക്കുമെന്നതിനാൽ അവിടെയെത്തി മോഡി പതിവ് വാചകമടി നടത്തുകയും ചെയ്തു.
ഇതിനിടയിലാണ് വ്യാപാരക്കാരാറിന്റെ പേരിലുള്ള വിവാദങ്ങളും കയറിവന്നത്. ഇവിടെയും മോഡിയുടെ നെഞ്ചളവ് തന്നെയാണ് ട്രോളന്മാർ ഉപയോഗിച്ചത്. മോഡി എന്തോ ‘കേട്ടോ, കണ്ടോ പേടിച്ച്’ ട്രംപിന് കീഴടങ്ങിയെന്നെല്ലാം ഉപശാലകളിൽ വർത്തമാനമുണ്ടായി. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ അവസാനം പുറത്തുവന്ന ഫയലുകളിൽ മോഡിയുമായുള്ള ചില മെയിലുകളും ഉണ്ടെന്ന വിവരമാണ് പെട്ടെന്നുള്ള കീഴടങ്ങലിന് കാരണമെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നു.
സഭയിൽ എഴുതിവായിച്ചതിന് പിന്നാലെ പിയൂഷ് ഗോയൽ വാർത്താസമ്മേളനവും നടത്തി. അവിടെയാണ് പുതിയ വീരവാദമുണ്ടായത്. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഉടൻ പുറത്തുവരും. ഏകദേശം തയ്യാറായി. നാലോ അഞ്ചോ ദിവസംകൊണ്ട് ഇരുകക്ഷികളും ഒപ്പുവച്ച് പുറത്തിറക്കും. അന്തിമ കരാർ മാർച്ച് പകുതിയോടെ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞു.
പക്ഷേ അദ്ദേഹത്തിന്റെ അഞ്ച് ദിവസത്തിന് 24 മണിക്കൂർ മാത്രമാണ് ദൈർഘ്യമെന്ന് ശനിയാഴ്ച രാവിലെയോടെ നമുക്ക് മനസിലായി. വൈറ്റ് ഹൗസിൽ നിന്ന് ഔദ്യോഗികമായി സംയുക്ത പ്രസ്താവന പുറത്തുവന്നു. ഇതെന്ത് മറിമായമെന്നൊന്നും ചോദിക്കരുത്. കാര്യങ്ങൾ ഇപ്പോൾ അങ്ങനെയാണ്. വൈറ്റ്ഹൗസിൽ നിന്ന് ട്രംപ് തീരുമാനിക്കും. നമ്മളങ്ങ് കൈപൊക്കി അനുസരിക്കും.
കേണൽ സോഫിയ ഖുറേഷിയെ ഓർമ്മയില്ലേ. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക ചുമതലകൾ വഹിക്കുകയും അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്ത സംഘത്തിലെ വീരവനിത. രാജ്യം മുഴുവൻ അവരെയോർത്ത് ഇപ്പോഴും അഭിമാനിക്കുന്നു. അവർക്കെതിരെ കൂടുതൽ പരിഹാസവും വിദ്വേഷ പരാമർശങ്ങളുമുണ്ടായത് ദേശാഭിമാനത്തെക്കുറിച്ച് കോൾമയിർ കൊള്ളാറുള്ള സംഘികളുടെ വകയായിരുന്നു. അന്ന് സോഫിയയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച് ആക്ഷേപിച്ചത് മധ്യപ്രദേശ് മന്ത്രി വിജയ് ഷാ ആയിരുന്നു.
മോഡിയുടെ കാറിനെയോ വസ്ത്രത്തെയോ പരിഹസിച്ചാൽ പോലും ദേശവിരുദ്ധരെന്ന് മുദ്ര ചാർത്തി കേസെടുക്കുന്ന ബിജെപി പൊലീസ് പക്ഷേ, വിജയ് ഷായ്ക്കെതിരെ ഒരു നടപടിയുമെടുത്തില്ല. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ ബിജെപിക്കാരല്ലാത്ത ദേശസ്നേഹികൾ കേസിന് പോയി. എന്നിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ മാസം അവസാനം സുപ്രീം കോടതി, വിജയ് ഷായ്ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ, കുടുങ്ങുമെന്ന് വന്നപ്പോൾ വിജയ് ഷാ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു. ദേശസ്നേഹം നിറഞ്ഞുതുളുമ്പിയപ്പോൾ പറഞ്ഞുപോയതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇനി മുതൽ ദേശസ്നേഹം ഹൃദയത്തിൽ നിന്ന് അണപൊട്ടിയാൽ നമുക്ക് ആരെക്കുറിച്ചായാലും നാല് തെറി പറഞ്ഞാൽ മതിയെന്ന് സാരം. ‘ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരെ നേരിടാൻ അവരുടെ സഹോദരിയെത്തന്നെ ബിജെപി സർക്കാർ ചുമതലപ്പെടുത്തി‘യെന്ന നികൃഷ്ടപരാമർശമായിരുന്നു വിജയ് ഷാ നടത്തിയത്. അത് ദേശസ്നേഹം വിജൃംഭിച്ചപ്പോൾ സംഭവിച്ചതാണെന്ന ന്യായീകരണം അംഗീകരിച്ച് അദ്ദേഹത്തിന് ബഹുമാനപ്പെട്ട കോടതി മാപ്പ് നൽകേണ്ടതാണ്.
ഡൽഹിയിൽ നിന്ന് സംസ്ഥാനങ്ങൾക്കൊരു തിട്ടൂരം പോയിട്ടുണ്ട്. അരിയും ഗോതമ്പും കൂടുതൽ ഉല്പാദിപ്പിച്ചാൽ സർക്കാർ പെട്ടുപോകും. അതുകൊണ്ട് കൂടുതൽ അരി ഉല്പാദിപ്പിക്കുന്നതിന് കർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ് ഉടൻ നിർത്തിക്കൊള്ളണമെന്നാണ് കേന്ദ്ര ചെലവ്കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നൽകിയ കത്തിൽ പറയുന്നത്. പറഞ്ഞിരിക്കുന്ന കാരണമാണ് തമാശ. കൂടുതൽ അരി ഉല്പാദിപ്പിച്ചാൽ അത് സംഭരിച്ച് സൂക്ഷിക്കണം. ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കണം. അതൊക്കെ വലിയ ബാധ്യതയാണ്. അപ്പോൾ പിന്നെന്തുവേണം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഉല്പാദനം കുറയ്ക്കണം.
എന്തായാലും പെരുച്ചാഴികളുടെ ജനസംഖ്യ കുറയ്ക്കാനാണ് ഉല്പാദനം വേണ്ടെന്ന് നിര്‍ദേശിച്ചത് എന്ന് പറയാതിരുന്നത് നന്നായി. കാരണം സംഭരിക്കുന്ന അരിയും ഗോതമ്പും സൂക്ഷിക്കുന്നത് വിവിധ എഫ്‌സിഐ ഗോഡൗണുകളിലാണ്. അവിടെ നിന്ന് പെരുച്ചാഴികൾക്ക് ഭക്ഷണം കിട്ടുന്നു. സുഭിക്ഷമായ ധാന്യങ്ങൾ പൗരന്മാരെക്കാൾ പെരുച്ചാഴികൾക്കാണ് കൂടുതൽ ലഭിക്കുന്നതെന്നതിന്റെ കണക്കുകൾ പുറത്തുവന്നതാണ്. അത് യഥാർത്ഥത്തിൽ പെരുച്ചാഴികൾ തിന്നതാണോ, അതല്ല ഇരുകാലി പെരുച്ചാഴികൾ അടിച്ചുമാറ്റുന്നതിന് പറഞ്ഞ കാരണമാണോയെന്നൊന്നും അറിയില്ല.
കേരളമാണ് നെല്‍ക്കര്‍ഷകര്‍ക്ക് പ്രോത്സാഹന ബോണസ് നൽകുന്ന പ്രധാന സംസ്ഥാനം. അതിനുപിന്നില്‍ അരിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന കാരണം മാത്രമല്ല ഉള്ളത്; പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. അതിനായി ജലസംഭരണി കൂടിയായ നെല്പാടങ്ങൾ നിലനിർത്തുകയെന്നതാകണം എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തം. അപ്പോഴാണ് ധാന്യങ്ങൾ കൂടുതൽ ഉല്പാദിപ്പിക്കരുതെന്ന തിട്ടൂരം.
കൂടുതൽ പൊതുകക്കൂസുകൾ പണിയേണ്ടിവരുമെന്നതുകൊണ്ട്, ഇനിമുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ ഭക്ഷണം കഴിച്ചേക്കരുതെന്ന് തിട്ടൂരമിറക്കാതിരുന്നാൽ നന്നായിരുന്നുവെന്നാണ് ട്രോളന്മാരുടെ പരിഹാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.