
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലോകകപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. 48 രാജ്യങ്ങളുടെ പങ്കാളിത്തം ഈ ലോകകപ്പിൻെറ ഏറ്റവും വലിയ പ്രത്യേകതയാണ്. കഴിഞ്ഞ ലോകകപ്പ് വരെ 32 രാജ്യങ്ങളായിരുന്നു പങ്കെടുത്തിരുന്നത്. ഇത്തവണ 16 ടീമുകളാണ് കൂടുതലായി പങ്കെടുക്കുന്നത്. നാല് മാസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ഇടപെടലുകൾ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിച്ചേക്കുമോയെന്ന ആശങ്ക പടരുകയാണ്. അമേരിക്കയും ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം വല്ലാതെ വഷളായിരിക്കുന്ന വർത്തമാനമാണിപ്പോൾ. ലാറ്റിനമേരിക്ക മുതൽ ഏഷ്യ വരെ ഭൂഖണ്ഡങ്ങളുടെ വേർതിരിവില്ലാതെ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലുമുള്ള രാജ്യങ്ങളുമായി അമേരിക്ക വിവിധ പ്രശ്നങ്ങളില്‍ കൊമ്പുകോർക്കുകയാണ്. വെനസ്വേലയിൽ നിന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബലമായി പിടിച്ചെടുത്ത് വിചാരണ ചെയ്യാനുള്ള നീക്കം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടാണ്, ട്രംപ് മഡുറോയെ കടത്തിക്കൊണ്ടുപോയി വിചാരണ ചെയ്യുന്നത്. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ അമേരിക്ക. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായും എന്തിന് ലോകകപ്പിൽ സഹ ആതിഥേയ രാജ്യങ്ങളായ മെക്സിക്കോയുമായും കാനഡയുമായൊന്നും നല്ല ബന്ധത്തിലല്ല ട്രംപ് ഭരണകൂടം. അമേരിക്കൻ പ്രസിഡന്റ് നടത്തുന്ന ഇടപെടലുകൾ മത്സരങ്ങളുടെ നടത്തിപ്പിനെ പോലും ബാധിച്ചേക്കുമെന്ന ആശങ്ക ഒരുഭാഗത്ത് ഉയരുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാനും വരുതിയിലാക്കാനുമുള്ള ട്രംപിന്റെ ശ്രമം കൂനിമേല്‍ക്കുരുവായിരിക്കുന്നു. ഇതിനിടയിലാണ് ട്രംപിന്റെ വിസാ നയങ്ങളിലെ കടുംപിടിത്തം ഇരുട്ടടിയാകുന്നത്. ഇക്കാരണത്താൽ ലോകകപ്പിലെ കാണികളുടെ പങ്കാളിത്തത്തിൽ കുറവുണ്ടായേക്കാമെന്ന ആശങ്ക വളരുകയാണ്. 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലുള്ള രാജ്യങ്ങൾക്കെല്ലാം വിസാവിലക്കുകളുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് 2026ലെ ലോകകപ്പ് ഗ്യാലറിയിൽ കാണാൻ ആളില്ലാത്ത മത്സരമായി മാറിയേക്കുമെന്ന ആശങ്കയിലേക്കാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതൽ മത്സരങ്ങളുടെ വേദി അമേരിക്കയില്‍ തന്നെയാണ്. സ്വാഭാവികമായും ഏറ്റവും കൂടുതൽ കാണികൾ എത്തേണ്ടതും അമേരിക്കയിലേക്കാണ്. വിസാ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ 16 രാജ്യങ്ങൾ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് ആദ്യ ലോകകപ്പിനെത്തുന്ന കേപ്പ് വെർദെ പോലും ട്രംപിൻെറ വിസാ നിയന്ത്രണ പട്ടികയിലുണ്ട്. കൂടുതൽ ലോകകപ്പുകൾ നേടിയിട്ടുള്ള ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലും പട്ടികയിലുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന അൾജീരിയ, ഐവറി കോസ്റ്റ്, ഈജിപ്ത്, ഘാന, മൊറോക്കോ, സെനഗൽ, ടുണീഷ്യ, ഏഷ്യയിൽ നിന്നും ജോർദാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ ഫിഫയുടെ ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകളിൽ ഒന്നായ കോൺമെബോളിനെ പ്രതിനിധീകരിച്ച് കൊളംബിയ, ഉറുഗ്വേ എന്നീ രാജ്യങ്ങളും നോർത്ത് അമേരിക്ക, സെൻട്രൽ അമേരിക്ക, കരീബിയൻ മേഖലകളിലെ രാഷ്ട്രങ്ങളുടെ സംയുക്ത ഫുട്ബാൾ സംഘടനയായ കോൺകാഫിനെ പ്രതിനിധീകരിച്ച ഹെയ്തിയും ലോക കപ്പ് ഫുട്ബോളിനെത്തും. പക്ഷെ ഈ രാജ്യങ്ങളെല്ലാം ട്രംപിന്റെ വിസാ നിയന്ത്രണ പലകയിൽ അടയാളമിട്ടവരാണ്. പ്ലേ ഓഫ് കളിച്ച് ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ടിരിക്കുന്ന ടീമുകളും സമാന കുരുക്കിൽ പെട്ടിട്ടുണ്ട്. അൽബേനിയ, ബോസ്നിയ ആന്റ് ഹെർസഗോവിന, കൊസോവോ, നോർത്ത് മാസിഡോണിയ, കോംഗോ, ഇറാഖ്, ജമൈക്ക എന്നിവയാണ് പ്ലേ ഓഫ് കളിക്കുന്ന ടീമുകളിൽ വിസാ നിയന്ത്രണ പട്ടികയിലുള്ളത്. ആകെയുള്ള 48ൽ പകുതിയോളം രാജ്യങ്ങളിൽ നിന്നുള്ള കാണികളെ മത്സരം നേരിട്ട് കാണാൻ അനുവദിക്കില്ലെന്ന് ട്രംപ് തീരുമാനിച്ചേക്കാം. ഇതെല്ലാം ലോകകപ്പിനെ ഗുരുതരമായി തന്നെ ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.