
സ്വകാര്യ ബാങ്കുകളിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിന് സമീപമുള്ള ജന്തർ മന്തറിൽ ധർണ സംഘടിപ്പിക്കുകയുണ്ടായി. സ്വകാര്യ ബാങ്കിങ് മേഖലയിൽ വിദേശ കോർപറേറ്റ് നിക്ഷേപങ്ങൾ അനുവദിക്കുന്നതിനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയായിരുന്നു ഈ സമരം. സ്വകാര്യ ബാങ്കിങ് മേഖലയിലേയ്ക്ക് വിദേശ നിക്ഷേപം കൊണ്ടുവരുന്നത് ഇവിടെയുള്ള ജീവനക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ലാഭാധിഷ്ഠിധമായി പ്രവർത്തിക്കുന്നവയാണ് സ്വകാര്യ ബാങ്കുകൾ എന്ന നിലയിൽ തീർച്ചയായും ജീവനക്കാർക്കുമേൽ അമിത സമ്മർദങ്ങളും ജോലിഭാരവും കൂടാനിടയുണ്ടെന്നതും അവകാശങ്ങൾ ഹനിക്കപെടാൻ ഇടയുണ്ടെന്നതും പ്രധാനമാണ്. എങ്കിലും ഈ മേഖലയിലേക്ക് സ്വകാര്യ വിദേശ കോർപറേറ്റുകൾ കടന്നുവരുന്നത് സാധാരണക്കാരുടെ നിക്ഷേപങ്ങളെയും സമ്പദ്ഘടനയെ തന്നെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വിദേശ കമ്പനികൾ ബാങ്കിങ് രംഗത്തേക്ക് കടന്നുവരുന്നത് അവയുടെ സാമ്പത്തിക അടിത്തറയ്ക്ക് ബലമേകുമെന്നും അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.
ഇന്ന് നമ്മുടെ രാജ്യത്ത് 21 സ്വകാര്യ ബാങ്കുകളാണുള്ളത്. ഈ സ്വകാര്യ ബാങ്കുകളിലെ ആകെ നിക്ഷേപം 85 ലക്ഷം കോടി രൂപയാണ്. ഈ വലിയ നിക്ഷേപങ്ങൾ നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച സമ്പാദ്യത്തിൽ നിന്നുള്ളതാണ്. അതിനാൽ, തുച്ഛമായ തുക നിക്ഷേപിച്ച് സ്വകാര്യ ബാങ്കുകളിൽ ഓഹരിയെടുക്കാനെത്തുന്ന വിദേശ കമ്പനികൾ പ്രധാനമായും കണ്ണുവയ്ക്കുന്നത് ഈ നിക്ഷേപത്തെയാണ് എന്ന് കാണുന്നതിന് വലിയ ബുദ്ധി ആവശ്യമില്ലതന്നെ. അതുകൊണ്ട് ഈ ബാങ്കുകളിലെ ജനങ്ങളുടെ പണം നാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ ഈ ബാങ്കുകളെ വിദേശ നിക്ഷേപകർ ഏറ്റെടുക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. കാത്തലിക് സിറിയൻ ബാങ്കിനെ ഇതിനകംതന്നെ കാനഡയിലെ ഫെയർഫോക്സ് ഇൻവെസ്റ്റ്മെന്റ് ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ലക്ഷ്മി വികാസ് ബാങ്കിനെ സിങ്കപ്പൂരിലെ ഡിബിഎസ് ബാങ്കിന് വിറ്റു.
ജപ്പാനിലെ സുമിടോമോ മിത്സുയി ബാങ്കിങ് കോർപറേഷൻ (എസ്എംബിസി) 13,500 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ഈ ബാങ്കിലെ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള സംരംഭമാണ് ഇപ്പോൾ എസ്എംബിസി. രത്നാകർ ബാങ്കി (ആർബിഎൽ ബാങ്ക്)ൽ 26,000 കോടി രൂപയാണ് ദുബൈയിലെ എമ്റേറ്റ് എൻബിഡി നിക്ഷേപിച്ചിട്ടുള്ളത്. ഇവിടെയും വലിയ ഓഹരി പങ്കാളിത്തം എമ്റേറ്റ് എൻബിഡിക്കായിരിക്കുകയാണ്. ഫെഡറൽ ബാങ്കിനെ സംബന്ധിച്ചാണെങ്കിൽ ന്യൂയോർക്കിലെ ബ്ലാക്ക് സ്റ്റോൺ എന്ന സ്ഥാപനമാണ് 6200 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളത്. ഫെഡറൽ ബാങ്കിന്റെ 10% ഓഹരികൾ ഇപ്പോൾ ബ്ലാക്ക് സ്റ്റോണിന് അവകാശപ്പെട്ടതാണ്. യുഎസ്എ ആസ്ഥാനമായുള്ള വാർബർഗ് പിൻകസ്, ഐഡിഎഫ്സി ബാങ്കിന്റെ 10% ഓഹരിയാണ് കൈക്കലാക്കിയിട്ടുള്ളത്. വാർബർഗ് പിൻകസും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി/എഡിഐഎയും ഈ ബാങ്കിൽ 7500 കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ്.
അവശേഷിക്കുന്ന ബാങ്കുകളിലേക്കും വിദേശ കോർപറേറ്റുകൾക്ക് നിക്ഷേപം നടത്തുന്നതിനാണ് കേന്ദ്രസർക്കാർ സൗകര്യം ചെയ്യുന്നത്. നമ്മുടെ സ്വകാര്യ ബാങ്കുകളെ വിദേശ നിക്ഷേപകർ ഏറ്റെടുക്കാൻ അനുവദിച്ചാൽ, ഈ ബാങ്കുകളിൽ രാജ്യത്തെ സാധാരണക്കാർ ഉൾപ്പെടെ കഠിനാധ്വാനം ചെയ്ത് സ്വരൂപിച്ച് നിക്ഷേപിക്കുന്ന വിലയേറിയ സമ്പാദ്യം വിദേശ നിക്ഷേപകർക്കുകൂടി ഉപയോഗിക്കുന്നതിന് അവസരമൊരുങ്ങുകയാണുണ്ടാകുക. അതാകട്ടെ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമുള്ള വിദേശ കമ്പനികൾ സ്വന്തം വ്യാപാരങ്ങളും വ്യവസായങ്ങളും വിപുലപ്പെടുത്തുന്നതിനും ഊഹക്കച്ചവട ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുകയെന്നതിൽ സംശയമില്ല.
അതിനാൽ, നിക്ഷേപകരുടെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും താല്പര്യാർത്ഥം ഈ സ്വകാര്യ ബാങ്കുകൾ മുഴുവൻ ദേശസാൽക്കരിക്കുകയും പൊതുമേഖലയ്ക്ക് കീഴിൽ കൊണ്ടുവരികയും ചെയ്യണമെന്ന് ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സ്വകാര്യവൽക്കരണത്തിന് പുറമേ വിദേശവൽക്കരണത്തിനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ. സ്വകാര്യ ബാങ്കുകളിൽ സ്ഥിരം ജീവനക്കാരുടെ നിയമനം ഒഴിവാക്കപ്പെടുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിലൂടെയാണ് സ്വകാര്യ ബാങ്കുകൾ ജീവനക്കാരെ നിയമിക്കുന്നത്. ഇതിലൂടെ സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്യുന്നു. എന്നുമാത്രമല്ല കൃത്യമായ ജോലി സമയവുമില്ല. വലിയ ചൂഷണമാണ് ഇതിലൂടെ നടക്കുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളിലും, 2022 നവംബർ മുതൽ എല്ലാ പെൻഷൻകാർക്കും അധിക എക്സ്-ഗ്രേഷ്യ പെൻഷൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ബാങ്ക് മാനേജ്മെന്റുകൾ പെൻഷൻകാർക്ക് ഇത് നൽകാൻ വിസമ്മതിക്കുകയാണ്.
ഫെഡറൽ ബാങ്കിൽ, വ്യവസായ തർക്ക നിയമത്തിന് കീഴിലുള്ള ‘സംരക്ഷിത തൊഴിലാളികൾ’ എന്ന വ്യവസ്ഥകൾ അവഗണിച്ച് നിയമാനുസൃത യൂണിയൻ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു. ട്രേഡ് യൂണിയൻ നേതാക്കളെ വേട്ടയാടുകയും ചെയ്യുന്നു. പുതിയ തൊഴിൽ കോഡുകളാകട്ടെ ഇത്തരം നടപടികൾക്ക് ശക്തി നൽകുകയാണ്.
ബാങ്ക് ഓഫ് ബറോഡയുടെ ഒരു സ്വകാര്യ അനുബന്ധ സ്ഥാപനമാണ് നൈനിറ്റാൾ ബാങ്ക്. ഈ ബാങ്ക് കോർപറേറ്റ് കമ്പനിക്ക് വിൽക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഈ ബാങ്കിനെ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് ഈ നീക്കം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മുഴുവൻ ബാങ്കിങ് മേഖലയിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാണ്. എന്നാൽ തമിഴ്‌നാട്ടിലെ സ്വകാര്യ ബാങ്കായ മെർക്കന്റൈൽ ബാങ്കിൽ, 58 വയസിൽ ജീവനക്കാരെ നിർബന്ധിത വിരമിക്കലിന് പ്രേരിപ്പിക്കുകയാണ്. സിഎസ്ബി ബാങ്ക്/കാത്തലിക് സിറിയൻ ബാങ്ക് കേരളം ആസ്ഥാനമുള്ള ഒരു സ്വകാര്യ ബാങ്കാണ്.
എല്ലാ ബാങ്കുകളും വ്യവസായ തലത്തിലുള്ള വേതന പരിഷ്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഈ ബാങ്കിന്റെ മാനേജ്മെന്റ് 2017ന് ശേഷം വേതനം പരിഷ്കരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപത്തെ എതിർക്കുകയും എല്ലാ സ്വകാര്യ ബാങ്കുകളെയും ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇത് കേവലം ബാങ്ക് ജീവനക്കാരുടെ മാത്രം ആവശ്യമല്ല. തൊഴിലാളി സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ഈ ആവശ്യമുന്നയിക്കുകയാണ്. കാരണം ജീവനക്കാരുടെ പ്രശ്നങ്ങൾക്കപ്പുറം ബാങ്കെന്നത് പൊതുജനങ്ങളുടെ സമ്പത്തും നിക്ഷേപവും കൈകാര്യം ചെയ്തും അവർക്ക് വായ്പ നല്കിയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവയിലെ നിക്ഷേപങ്ങൾ വിദേശികൾക്ക് കൈകാര്യം ചെയ്യുന്നതിന് അവസരമൊരുക്കുക എന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമാണ്. സ്വകാര്യ ബാങ്കുകളെ പോലും ദേശസാൽക്കരിച്ച ചരിത്രമുളള രാജ്യമാണ് ഇന്ത്യ. അതാകട്ടെ നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലവുമായിരുന്നു. അവിടെയാണ് ബാങ്കുകളെ സ്വകാര്യവൽക്കരിക്കുകയും വിദേശവൽക്കരിക്കയും ചെയ്യുന്നത്. രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന ഭരണാധികാരികളാണ് ഇത് ചെയ്യുന്നത് എന്നത് വിരോധാഭാസവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.