ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് മാവോയിസ്റ്റ് ബന്ധങ്ങളും ക്രിമിനൽ ഗൂഢാലോചന കേസിലും പ്രതിചേര്‍ക്കപ്പെട്ട 16 പേരിൽ ഒരാളായ ജൂത പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻസ്വാമിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ജൂലെെ അഞ്ച്. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമി 2021 ജൂലൈ അഞ്ചിന് ജുഡീഷ്യൽ കസ്റ്റഡിയിലാണ് മരിച്ചത്. ജയിലിൽ വച്ച് കോവിഡും ബാധിച്ചിരുന്നു. 84കാരനായ ആക്ടിവിസ്റ്റും വൈദികനുമായ അദ്ദേഹത്തിന് പാർക്കിൻസൺസ്, കേന്ദ്ര നാഡീവ്യൂഹത്തെ ദുർബലപ്പെടുത്തുന്ന അസുഖം ഉൾപ്പെടെ നിരവധി രോഗങ്ങൾ ബാധിച്ചിരുന്നു.
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം കുറ്റം ചുമത്തി സ്വാമിയെ 2020 ഒക്ടോബർ എട്ടിന് അറസ്റ്റ് ചെയ്യുകയും നവി മുംബൈയിലെ തലോജ ജയിലിൽ തടവിലിടുകയുമായിരുന്നു. എൽഗാർ പരിഷത്ത് കേസിൽ തടവിലായ 11 പ്രതികൾ സ്റ്റാന്‍സ്വാമിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തുകയും “ഒരിക്കലും നടക്കാത്ത പ്രാർത്ഥനകൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സ്വാമിയുടേതായി ഒരു സാങ്കല്പിക കത്ത് പ്രസിദ്ധീകരികയും ചെയ്തു. അരനൂറ്റാണ്ടിലേറെക്കാലം ബിഹാറിലെയും ഝാർഖണ്ഡിലെയും ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ ആളാണ് സ്വാമിയെന്ന് കത്തിൽ വിശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തെ “കസ്റ്റഡി മരണം” അഥവാ “സംസ്ഥാന ഭരണകൂടം മുന്‍കരുതലോടെ നടത്തിയ രക്തരൂക്ഷിതമല്ലാത്ത കൊലപാതകം” എന്നും ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി രണ്ട് ദശലക്ഷത്തിലധികം വനവാസികളെ കുടിയൊഴിപ്പിക്കാൻ നിർദേശിച്ചതുൾപ്പെടെ ആദിവാസികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന സെൻസസില്‍ ഝാർഖണ്ഡിലെ ആദിവാസികൾക്ക് അവരുടെ പ്രത്യേക സർന മതം നിഷേധിക്കാൻ ശ്രമിക്കുന്നതായി അത് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിതര സംഘടനയായ ബാഗൈച്ച, വിചാരണത്തടവുകാരെക്കുറിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, മാവോയിസ്റ്റ് കേസുകളിൽ നിരവധി ആദിവാസി യുവാക്കളെ അകാരണമായി തടവിലാക്കിയെന്നാരോപിച്ച് സ്വാമി, ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചുവെന്ന് കത്തിൽ എടുത്തുകാണിക്കുന്നു. എന്നാൽ, ആരോപണം സംസ്ഥാന സർക്കാർ നിഷേധിക്കുകയായിരുന്നു.
സർക്കാരിനെതിരെ പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ ഉണ്ടാകുമ്പോൾ, പ്രതിഷേധക്കാരെ കുറ്റവാളികളാക്കുകയോ വർഗീയവൽക്കരിക്കുകയോ ചെയ്യുന്നു. ഏതെങ്കിലും സംഘടന സര്‍ക്കാര്‍ അനുശാസനങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ അതിലെ അംഗങ്ങളെ 2010ലെ വിദേശനാണ്യ വിനിമയ നിയമം ഉപയോഗിച്ച് ദ്രോഹിക്കുകയോ തീവ്രവാദം ആരോപിക്കപ്പെടുകയോ ചെയ്യുന്നു. മാധ്യമസ്വാതന്ത്ര്യവും ഇതുപോലെ അടിച്ചമർത്തപ്പെടുന്നുവെന്നും ആരോപിക്കുന്നു. തടവറയില്‍ വെള്ളം കുടിക്കുന്നതിന് ‘സിപ്പർ’ പോലും നിഷേധിച്ചത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തെ പ്രതീകപ്പെടുത്തുന്നു. 2020 ഡിസംബറിൽ ജയിൽ അധികൃതർ സ്വാമിക്ക് സ്ട്രോയും സിപ്പറും നൽകിയത് നാലാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ്. പാർക്കിൻസൺസ് രോഗം മൂലം തനിക്ക് ഗ്ലാസ് പിടിക്കാൻ കഴിയുന്നില്ലെന്നും സ്ട്രോയും സിപ്പറും നൽകണമെന്നും ആവശ്യപ്പെട്ട് എൻഐഎ പ്രത്യേക കോടതിയിൽ സ്വാമി നൽകിയ അപേക്ഷയിൽ മറുപടിക്ക് എൻഐഎ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സിപ്പര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ ഒരു മാസത്തേക്കാണ് എൻഐഎ കോടതി മാറ്റിവച്ചത്.
യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ ഫോറൻസിക് അനാലിസിസ് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ടിൽ, സ്വാമിയുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കമ്പ്യൂട്ടറുകള്‍ തുടർച്ചയായ മാല്‍വേര്‍ ആക്രമണങ്ങളുടെ ലക്ഷ്യമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുള്ളതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആഴ്‌സണലിന്റെ കണ്ടെത്തലുകൾ 2021ൽ നാല് റിപ്പോർട്ടുകളായി പ്രസിദ്ധീകരിച്ചു. കേസ് എൻഐഎ ഏറ്റെടുക്കുന്നതിന് മുമ്പ് പൂനെ പാെലീസ് ഡിപ്പാർട്ട്‌മെന്റ് തന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് തെളിവുകൾ വിശകലനം ചെയ്യാൻ ഫാദർ സ്വാമിയുടെ അഭിഭാഷകർ ആഴ്‌സണൽ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ട് നിലനിർത്തി. സ്വാമിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനത്തോട് ആദരവ് പ്രകടിപ്പിച്ച ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് എസ് ഷിൻഡെയുടെ പരാമർശങ്ങളും കത്തില്‍ സൂചിപ്പിക്കുന്നു. പിന്നീട് എൻഐഎയുടെ എതിർപ്പിനെത്തുടർന്ന് ജസ്റ്റിസ് ഷിൻഡെ അഭിപ്രായങ്ങൾ പിൻവലിക്കുകയും ഭീമ കൊറേഗാവ് കേസുകൾ കേൾക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു. കസ്റ്റഡിയിലുള്ള ഒരാളുടെ മരണശേഷം ക്രിമിനൽ നടപടിച്ചട്ടം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് എടുത്തുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
മുംബൈയിലെ എൻഐഎ കോടതി രണ്ടുതവണ സ്വാമിക്ക് ജാമ്യം നിഷേധിച്ചിരുന്നു. പ്രായം, രോഗാവസ്ഥ, കോവിഡ് വ്യാപനം എന്നിവ കണക്കിലെടുത്ത് സമർപ്പിച്ച ഇടക്കാല ജാമ്യം 2020 ഒക്‌ടോബറിൽ നിരസിക്കപ്പെട്ടു. ജാമ്യത്തിന് പകർച്ചവ്യാധിയെ മറയാക്കുന്നു എന്ന കാരണത്താലാണ് എൻഐഎ ഹർജിയെ എതിർത്തത്. 2021 മാർച്ച് 22 ന്, ജസ്റ്റിസ് ദിനേശ് ഇ കോതാലിക്കർ അധ്യക്ഷനായ എൻഐഎ കോടതി, സ്വാമിക്കെതിരായ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ജാമ്യാപേക്ഷ വീണ്ടും നിരസിച്ചു. വാർധക്യമോ അസുഖമോ പ്രതിക്ക് അനുകൂലമാകില്ലെന്നും എന്നാല്‍ അപേക്ഷകനെ വിട്ടയക്കാന്‍ വിവേചനാധികാരം ഉപയോഗിക്കാമെന്നും ജഡ്ജി പറഞ്ഞു. ഇതേത്തുടർന്ന്, ഇന്ത്യയിലും ലോകമെമ്പാടുമുള്ള 2,500ത്തിലധികം പേര്‍ എൻഐഎ കോടതിയുടെ തീരുമാനത്തിൽ ‘ഞെട്ടൽ’ പ്രകടിപ്പിച്ച് കത്തയച്ചു. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യുഎപിഎ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
2021 മേയ് 28ന്, ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ആർ ബോർക്കര്‍ എന്നിവരടങ്ങുന്ന ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച്, എൻഐഎയുടെ എതിർപ്പുകൾ തള്ളിക്കളഞ്ഞ് ഫാദർ സ്വാമിയെ നഗരത്തിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ മെഡിക്കൽ ജാമ്യാപേക്ഷയും യുഎപിഎയുടെ സെക്ഷൻ 43 ഡി(5) ചോദ്യം ചെയ്തുള്ള പുതിയ ഹർജിയും തീർപ്പുകൽപ്പിക്കാതെ കിടക്കുന്നതിനിടെയായിരുന്നു സ്വാമിയുടെ മരണം.
സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, അദ്ദേഹം ഝാർഖണ്ഡിൽ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്നും വിദൂര ഗ്രാമങ്ങളിൽ ആദിവാസികൾ, ദളിതർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ എത്തിക്കാൻ കാട്ടിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അറസ്റ്റ് പൗരാവകാശത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കനിമൊഴിയും അഭിപ്രായപ്പെട്ടിരുന്നു. 2021 നവംബർ 16ന്, യുണൈറ്റഡ് നേഷൻസ് വർക്കിങ് ഗ്രൂപ്പിന്റെ ഒരു സംക്ഷിപ്തത്തിൽ, സ്വാമിയുടെ മരണം “ഇന്ത്യയുടെ മനുഷ്യാവകാശ രേഖയിൽ എക്കാലവും കളങ്കമായി നിലനിൽക്കും” എന്ന് പ്രസ്താവിച്ചു. സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ ഇന്ത്യ ഒരു കക്ഷിയായതുകൊണ്ട്, ക്രിമിനൽ നടപടികളുടെ എല്ലാ ഘട്ടങ്ങളിലും കസ്റ്റഡി ഇതര നടപടികളുടെ ഉപയോഗത്തിന് മുൻഗണന നൽകണമെന്ന് വർക്കിങ് ഗ്രൂപ്പ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. സ്ട്രോയും സിപ്പറും അനുവദിക്കണമെന്ന സ്വാമിയുടെ അഭ്യർത്ഥന എൻഐഎ കോടതി നിരസിച്ചുവെന്നത് ഞെട്ടിച്ചുവെന്ന് വർക്കിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. സ്വാമിയോട് മനുഷ്യത്വത്തോടെ പെരുമാറുന്നതിന് പൊതുജനരോഷം ആവശ്യമായി വന്നതിൽ കടുത്ത നിരാശയിലാണെന്നും വർക്കിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. സ്വാമിയുടെ തടങ്കൽ, ‘അഭിപ്രായത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പം പൊതുകാര്യങ്ങളിൽ പങ്കാളിയാകാനുള്ള അവകാശവും സമാധാനപരമായി വിനിയോഗിച്ചതിന്റെ’ അനന്തരഫലമായതിനാൽ, ആർട്ടിക്കിൾ 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം) സര്‍ക്കാര്‍ ലംഘിച്ചു. സർക്കാരിന്റെ ഉത്തരവാദിത്തമില്ലാത്ത നിലപാടുകൾ കാരണം മനുഷ്യാവകാശ സംരക്ഷകൻ എന്ന നിലയിലും സ്വാമിയുടെ സ്വാതന്ത്ര്യം ‘വിവേചനപരമായ കാരണങ്ങളാൽ’ നഷ്ടപ്പെട്ടു. ജുഡീഷ്യൽ കസ്റ്റഡിയിൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അടിയന്തരമായി സമഗ്രവും ഫലപ്രദവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ അധികാരികളോട് യുഎന്‍ വർക്കിങ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. അറസ്റ്റിന് ശേഷം സ്വാമിക്ക് നൽകിയ വൈദ്യസഹായം, മറ്റ് പരിചരണങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു വിദഗ്ധന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും അന്വേഷണം സുതാര്യമായ രീതിയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അവരുടെ നിയമ‑മെഡിക്കൽ പ്രതിനിധികളുടെയും പൂർണ പങ്കാളിത്തത്തോടെ നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. 2022 ജൂൺ രണ്ടിന്, മനുഷ്യാവകാശ സംരക്ഷകർക്കുള്ള നൊബേൽ സമ്മാനമായി കണക്കാക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് അവാർഡ് മരണാനന്തര ബഹുമതിയായി നല്‍കി ഫാദർ സ്വാമിയെ ആദരിച്ചു.
എൽഗാർ പരിഷത്ത്-ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട്, 2018 ജൂൺ ആറിന്, ദളിത് അവകാശ പ്രവർത്തകനും മറാത്തി മാസികയായ വിദ്രോഹിയുടെ എഡിറ്ററുമായ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. അവകാശ പ്രവർത്തകനും ഗവേഷകനും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കമ്മിറ്റി അംഗവുമായ സുധീർ ധവാലെ, നാഗ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി റോണ വിൽസൺ, ദളിത്-സ്ത്രീഅവകാശ പ്രവർത്തക ഷോമ സെൻ, മഹേഷ് റാവുത്ത് എന്നിവരെയും അറസ്റ്റ് ചെയ്തു. ആക്ടിവിസ്റ്റും കവിയും എഴുത്തുകാരനും അധ്യാപകനുമായ ഡോ. പി വരവര റാവു, ട്രേഡ് യൂണിയൻ പ്രവർത്തകയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധ ഭരദ്വാജ്, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ്, മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ ഗൗതം നവ്‌ലാഖ എന്നിവരെ 2018 ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ തലോജ ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. തുടർന്നുള്ള മാസങ്ങളിൽ, ഫാദർ സ്റ്റാൻസ്വാമി, എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായ ഡോ. ആനന്ദ് തെൽതുംബ്ഡെ, ജാതിവിരുദ്ധ പ്രവർത്തകനായ ഹനി ബാബു, സാഗർ ഗോർഖെ, രമേഷ് ഗൈചോർ, ജ്യോതി ജഗ്താപ് എന്നിവർക്കൊപ്പം കബീർ കലാ മഞ്ച് സാംസ്കാരിക ട്രൂപ്പിലെ അംഗങ്ങളും അറസ്റ്റിലായി. ഭീമ കൊറേഗാവ് കേസിൽ ഇനിയും വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളൂ. 5000 പേജിലധികം വരുന്ന കുറ്റപത്രമാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്, കുറഞ്ഞത് 200 സാക്ഷികളെയെങ്കിലും വിസ്തരിക്കാൻ ഉദ്ദേശിക്കുന്നു. കുറ്റാരോപിതരിൽ പലരും വിചാരണ കൂടാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ അഞ്ച് വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. സുധാ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംബ്‌ഡെ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. മറ്റുള്ളവർ ജയിലിൽത്തന്നെയാണ്.
(അവലംബം: ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.