
ബിജെപി — സംഘ്പരിവാര്‍ വൃത്തങ്ങള്‍ എത്രതന്നെ നിഷേധിച്ചാലും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിവാക്കുന്നത് എന്‍ഡിഎ സഖ്യം കെെവരിച്ച ചരിത്രവിജയത്തിന് പിന്നില്‍ “ഫ്രീബീസ്” വഹിച്ച പങ്കാണ് എന്നത് ഒരു നഗ്നയാഥാര്‍ത്ഥ്യം തന്നെയാണ്. അനുദിനം കേന്ദ്ര — സംസ്ഥാന ഭരണകൂടങ്ങള്‍ സമ്മതിദായകരെ സ്വാധീനിക്കുന്നതിന് ആശ്രയിച്ചുവരുന്ന കെെക്കൂലിക്ക് സമാനമായ സൗജന്യങ്ങളാണ് “ഫ്രീബീസ്” എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നിട്ട ഒന്നര പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു സമാന്തരവ്യവസ്ഥ എന്ന നിലയിലാണ് ഇത് വളര്‍ന്നു വികസിച്ചത്. യുപിഎ അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം സംവിധാനത്തെ ജനാധിപത്യ വിരുദ്ധമെന്നും ഭരണഘടനാ ലംഘനമെന്നും വികസന വിരുദ്ധമെന്നും വിശേഷിപ്പിച്ചിരുന്നവര്‍ അധികാരത്തിലെത്തിയതോടെ, ഈ വിഷയത്തില്‍ അവരുടെ കാഴ്ചപ്പാട് കീഴ്മേല്‍ മറിയുന്ന അനുഭവവും ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാന ഭരണകൂടങ്ങളും സമാനമായൊരു നയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറുന്ന കാഴ്ചയും കാണാന്‍ കഴിയുന്നുണ്ട്. ടിവി, മൊബെെല്‍ ഫോണുകള്‍, ഫ്രിഡ്ജ് തുടങ്ങിയവയുടെ സൗജന്യവിതരണം ഫ്രീബീസ് പട്ടികയില്‍ ഉളപ്പെടുത്തിക്കാണുന്നുണ്ട്.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ജനഹിതം അറിയുന്നതിലേക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം പുറത്തുവരികയോ, പ്രഖ്യാപന ദിവസം ആസന്നമാവുകയോ ചെയ്തതിനു ശേഷം സര്‍ക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങള്‍ ജനമനസുകളെ സ്വാധീനിക്കുമെന്നത് ഉറപ്പാണല്ലോ. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി — നിതീഷ് കുമാര്‍ ഭരണകൂടം വനിതകള്‍ക്ക് 10,000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു. നേരിട്ടുള്ള പണം കെെമാറല്‍ പദ്ധതി (ഡിബിടി) എന്ന നിലയില്‍ ഈ പരിപാടിയുടെ നടത്തിപ്പിന് ന്യായീകരണവുമുണ്ടായിരുന്നു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും, ജനാധിപത്യാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രകിയയ്ക്കുമേല്‍ അവിഹിത സ്വാധീനം ചെലുത്തുമെന്ന പേരില്‍ വിമര്‍ശനവിധേയമാക്കപ്പെട്ടിരിക്കുന്ന ഫ്രീബീസിന്റെ ഭാഗമാണ്. ബിഹാറില്‍ സൗജന്യ വെെദ്യുതി, 1,000 രൂപ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെെപ്പന്‍ഡ്, നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് 5,000 രൂപ ധനസഹായം തുടങ്ങിയവയും ഉണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യയശാസ്ത്ര ഭേദമില്ലാതെ ഇത്തരം സൗജന്യ സഹായ പദ്ധതി പ്രഖ്യാപനങ്ങളെ നീതീകരിക്കുന്നുണ്ടെങ്കിലും കാര്യവിവരമുള്ള ധനശാസ്ത്രകാരന്മാരും ഗവേഷകരും ഫ്രീബീസ് രാഷ്ട്രീയത്തെ ധനകാര്യ ദുരന്തങ്ങളിലേക്ക് നയിക്കുമെന്നതിനാല്‍ അതിനിശിതമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.
ബിഹാറിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ത്തന്നെ ഗുരുതരമായ ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനമായതിനാല്‍ നിലവിലുള്ള അവശ്യ വികസന പദ്ധതി ചെലവുകള്‍ പോലും നിര്‍വഹിക്കാന്‍ പെടാപ്പാടിലാണ് എന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ സൗജന്യങ്ങളുടെ കുത്തൊഴുക്ക് കൂടിയാവുമ്പോള്‍ ഉളവാകുന്ന സ്ഥിതിവിശേഷം തീര്‍ത്തും അസഹനീയമായിരിക്കും. എം കെ ഗ്ലോബല്‍ എന്ന ആഗോള ധനകാര്യ ഏജന്‍സിയുടെ മുഖ്യ ധനശാസ്ത്രജ്ഞ മാധവി അറോറ പറയുന്നത് ഇത്തരം സൗജന്യ പദ്ധതികളുടേതായ ഏകദേശ ബാധ്യത 2026ല്‍ മാത്രം 40,000 കോടി രൂപയിലേറെ ആയിരിക്കുമെന്നാണ്. അതായത് ബിഹാറിലെ മൊത്തം ആഭ്യന്തര ഉല്പന്നത്തിന്റെ (ജിഎസ്ഡിപി) നാല് ശതമാനത്തോളം വരുന്നു. 2026 ധനകാര്യ വര്‍ഷത്തിലേക്കുള്ള നിര്‍ദ്ദിഷ്ട മൂലധന ചെലവിനെക്കാള്‍ കൂടുതല്‍ ആയിരിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ ധനസ്ഥിതി 2025ല്‍ത്തന്നെ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നതാണ്. മൊത്തം ചെലവ് 3.49 ലക്ഷം കോടിയിലെത്തിയപ്പോള്‍ വരുമാനം 2.45 ലക്ഷം കോടിയില്‍ പരിമിതപ്പെട്ടുപോയിരുന്നു. ധനക്കമ്മിയാണെങ്കില്‍ 82,478 കോടിയിലേക്ക് കുതിച്ചുയരുകയും ചെയ്തിരുന്നു. ഇത് ബജറ്റില്‍ കണക്കാക്കപ്പെട്ടിരുന്ന 29,095 കോടിയെക്കാള്‍ 9.2% അധികമാണ്. റവന്യു വരുമാനമാകട്ടെ ബലഹീനതയില്‍ നിലനില്‍ക്കുകയും ചെയ്തു. ജിഎസ്‌ടി നിരക്ക് കുറവുവരുത്തിയതോടെ ബലഹീനത ഏറുകയുമായിരിക്കും ചെയ്യുക. മുമ്പുതന്നെ ബിഹാറിന്റെ മൊത്തം നികുതി, നികുതിയേതര വരുമാനം, മൊത്തം ചെലവിന്റെ 25% മാത്രമായിരുന്നു എന്നോര്‍ക്കുക. ഇതില്‍ നിന്നുതന്നെ ധനകാര്യ പ്രതിസന്ധിയുടെ ആഴം ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. യുപിയുടെ റവന്യു ചെലവ്, റവന്യു വരുമാനത്തിന്റെ 40 ശതമാനവും കേരളത്തിന്റേത് 74 ശതമാനവുമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ സ്വാശ്രയാടിസ്ഥാനത്തിലുള്ള പശ്ചാത്തലത്തില്‍, പ്രതിസന്ധി വഷളാകാതിരിക്കാന്‍ “ഫ്രീബീസ് ഇക്കോണമി“യോട് കേരളം വിട പറഞ്ഞേ മതിയാകൂ.
ഇത്തരമൊരു ഗുരുതരാവസ്ഥ ഏതുവിധേന തരണം ചെയ്യാമെന്നതില്‍ ധനശാസ്ത്രജ്ഞര്‍ ഭിന്നചേരികളിലാണുള്ളത്. ഒരുവിഭാഗം വാദിക്കുന്നത്, കടബാധ്യത പരമാവധി ലഘൂകരിക്കുന്നതിനാവശ്യമായ ഏത് കര്‍ശനനടപടിക്കും ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നാണ്. അനാവശ്യമായ ചെലവുകള്‍ ഏതുവിധേനെയും ഒഴിവാക്കുക തന്നെ വേണം. പണം വികസനത്തിന് വേണ്ടിയായിരിക്കണം. വോട്ടിനും അധികാരത്തിനും വേണ്ടി ആയിരിക്കരുതെന്നാണ് ഈ വിഭാഗക്കാരുടെ സുചിന്തിതമായ നിലപാട്. ഇതത്ര എളുപ്പമുള്ളൊരു പ്രക്രിയ ആയിരിക്കില്ല എന്നതും വസ്തുതയാണ്. ഒരു തുടക്കമെന്ന നിലയില്‍ ബജറ്റിന് വെളിയിലുള്ള പദ്ധതികള്‍ക്കെങ്കിലും അവധി കൊടുക്കാം. കാരണം, അതില്‍ പലതും “പോപ്പുലിസ്റ്റ്” ഇനത്തില്‍പ്പെടുന്നവയായിരിക്കും. ഇത്തരം ഫ്രീബീസ് വാഗ്ദാനങ്ങളും ‘പോപ്പുലിസ്റ്റ്’ പദ്ധതികളും സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വികസന താല്പര്യങ്ങളെ ബാധിക്കാന്‍ സാധ്യതകള്‍ ഏറെയായിരിക്കും. ബിഹാറിന്റെ കാര്യം നോക്കുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ‘ബിമാറു — ബിഹാര്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് — സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ബിഹാര്‍ തന്നെ ആയിരുന്നില്ലെ? ഇപ്പോഴും ഇതില്‍ പറയത്തക്ക മാറ്റമൊന്നുമുണ്ടായിട്ടില്ല. പണത്തിന്റെയും മറ്റ് ഭൗതിക വിഭവങ്ങളുടെയും ശാസ്ത്രീയവും സാങ്കേതികവുമായ വെെദഗ്ധ്യം നേടിയിട്ടുള്ള മനുഷ്യ വിഭവശേഷിയുടെയും കാര്യത്തില്‍ ഈ സംസ്ഥാനം പിന്നണിയില്‍ത്തന്നെ തുടരുകയാണ്. പിന്നിട്ട മൂന്നു ഭരണകൂടങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള നിതീഷ് കുമാര്‍, മോഡി ഭരണകൂടത്തില്‍ നിന്നുള്ള ധനസഹായം വിനിയോഗിച്ചായിരുന്നു ആന്തര ഘടനാ വികസന പദ്ധതികളടക്കമുള്ളവ പ്രയോഗത്തിലാക്കി വന്നിട്ടുള്ളത്. സ്വാഭാവികമായും ഈ സ്ഥിതി ഇന്നും തുടരുന്ന സാഹചര്യത്തില്‍ വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ‘ജീവിക ദീദി’ എന്ന ഓമനപ്പേര് നല്‍കി, പ്രതിമാസം 10,000 രൂപാ നിരക്കില്‍ വനിതകള്‍ക്ക് കെെമാറുന്ന പദ്ധതി, പ്രതികൂല ആഘാതം ഏല്പിക്കുക ആന്തരഘടന അടക്കമുള്ള സാമ്പത്തിക വികസന പദ്ധതികളെ ആയിരിക്കും. ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടിയിരിക്കുന്നത് പാറ്റ്നയിലെ ഗവേഷകനായ പ്രൊഫസര്‍ ഡോ. ബിബുള്‍ കുമാറാണ്.
മോഡി സര്‍ക്കാര്‍ തികച്ചും രാഷ്ടീയ ലക്ഷ്യം മുന്‍നിര്‍ത്തി നിധീഷ് കുമാര്‍ സര്‍ക്കാരിന് തുടര്‍ന്നും വന്‍തോതില്‍ ധനകാര്യ പിന്തുണ നല്‍കുമെങ്കില്‍ത്തന്നെയും ഇത്തരമൊരു ഔദാര്യം എത്ര നാള്‍ തുടരാന്‍ കഴിയുമെന്നത് ആശങ്കക്കിട നല്‍കുന്നു. ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് ഇതിനകം തന്നെ കേന്ദ്ര ധനകാര്യ കെെമാറ്റത്തിന്റെ തോത് ബിഹാറിന്റെ വാര്‍ഷിക റവന്യു വരുമാനത്തിന്റെ 74% വരുമെന്നാണ്. സ്വന്തമായി അധിക നികുതി വരുമാന സമാഹാരണ ശേഷി സംസ്ഥാനത്തിന് ഒട്ടുംതന്നെ ഇല്ലെന്നാണ് ആധികാരികമായ കണ്ടെത്തല്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഫ്രീബീസ് എന്ന വോട്ട് ബാങ്ക് രാഷ്ട്രീയ ഉപാധികള്‍ ഗുരുതരമായ ധനകാര്യ ഞെരുക്കം അഭിമുഖീകരിക്കുന്ന ബിഹാറിലെ മോഡി — നിതീഷ് കുമാര്‍ സഖ്യകക്ഷി സര്‍ക്കാരിന്റെ ഗുരുതരമായൊരു പാപ്പരീകരണത്തിലേക്കായിരിക്കും തള്ളിവിടുക. സംസ്ഥാന ധനകാര്യം ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയുടെ അടിത്തട്ടില്‍ എത്തിനില്‍ക്കുകയാണ്. അടുത്തത് എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. ധനകാര്യ റേറ്റിങ് സ്ഥാപനങ്ങളെല്ലാം തന്നെ സമാനമായ നിലപാടിലാണ് എത്തിയിട്ടുള്ളതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.