
സംസ്ഥാനത്തെ സാമൂഹ്യ ജീവിതത്തില്‍ വരുംകാലത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളും പ്രതിസന്ധികളും സിപിഐ സംസ്ഥാന സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “കേരളം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജനസംഖ്യയില്‍ വരുന്ന കുറവ്. കുഞ്ഞുങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് പുറത്തുവരുന്ന കണക്കുകളിലൂടെ വ്യക്തമാകുന്നത്. പ്രായമായവരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നു. കേരളം വൃദ്ധര്‍ കൂടുതല്‍ ഉള്ള ഒരു സംസ്ഥാനമായി രൂപപ്പെടുകയാണെന്ന് വിദഗ്ധര്‍ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ തലമുറ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതില്‍ ഏറെ താല്പര്യം കാണിക്കുന്നതായും പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേരളം നേരിടുന്ന സാമൂഹ്യ പ്രശ്നമാണിത്. 2024ല്‍ കേരളത്തില്‍ 3.48 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. 20 വര്‍ഷം കൊണ്ട് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ശതമാനത്തോളം കുറഞ്ഞു. രണ്ട് വര്‍ഷം കൂടി കഴിയുമ്പോള്‍ കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരായിരിക്കും കൂടുതലെന്ന് ” രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗംമൂലം സാമൂഹ്യപ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ ഇവരെയെല്ലാം ഇത് ബാധിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടെ ഈ വിപത്ത് വളര്‍ന്നുവരുന്നതായും പ്രമേയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. “ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും അത് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിന്റെയും ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളി — കര്‍ഷക ജനവിഭാഗങ്ങളാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ വിഷയങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല എന്ന വിമര്‍ശനം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍ഗണന നിശ്ചയിച്ച് വിഭവ വിതരണവും പദ്ധതികളും നടപ്പിലാക്കണം. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ തുടങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വര്‍ഗ അടിത്തറയായ ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാവണം വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്” എന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കര്‍ഷക ക്ഷേമ ബോര്‍ഡ്, കടാശ്വാസ കമ്മിഷന്‍, ടോഡി ബോര്‍ഡ് തുടങ്ങിയ വിവിധ ക്ഷേമ ബോര്‍ഡുകള്‍ ആവശ്യമായ പണം ലഭ്യമല്ലാത്തതിനാല്‍ സ്തംഭനത്തിലാണ്. അതിന് പരിഹാരം കാണേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കള്ള് ചെത്ത് കേരളത്തിലെ പ്രധാനപ്പെട്ട മേഖലയാണ്. വിദേശമദ്യത്തിന് നല്‍കിവരുന്ന പരിഗണന കള്ളുചെത്ത് മേഖലയ്ക്ക് ലഭിക്കുന്നില്ല എന്ന വിമര്‍ശനം ഗൗരവമുള്ളതാണെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കിയിട്ടുണ്ട്. നെല്ല് സംഭരണത്തിന് വില യഥാസമയം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍ നിന്ന് പുറകോട്ട് പോകുന്നുണ്ട്. സംഭരിച്ച നെല്ലിന്റെ വില യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതായുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ഒഴിവുകള്‍ നികത്താതെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലെ ഉത്കണ്ഠ പ്രമേയം ചൂണ്ടിക്കാണിച്ചു.
പരമ്പരാഗത വ്യവസായ മേഖലകളെ സംരക്ഷിക്കുന്നതിനായുള്ള നടപടികളും ആവശ്യമാണ്. ആ മേഖലയിലെ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. പരമ്പരാഗത മേഖലയിലെ പ്രതിസന്ധി കാരണം ആ മേഖലയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയതാണ്.
“ഈസ് ഓഫ് ഡൂയിങ് ബിസിനസി“ലൂടെ വികസന നയം നടപ്പിലാക്കുന്നതായി വിമര്‍ശനമുണ്ട്. ആഗോളവല്‍ക്കരണ നയത്തില്‍ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്” എന്ന് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.
“അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. മുന്‍ഗണനാക്രമം നിശ്ചയിച്ചുകൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നത്”- രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
“ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ കൈകടത്താനുള്ള ശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും കേരളാ ഗവണ്‍മെന്റിനെതിരായി നടത്തുന്ന പ്രചരണങ്ങള്‍ അതാണ് കാണിക്കുന്നത്. സംസ്ഥാന ഗവര്‍ണര്‍ സര്‍വകലാശാല ഭരണത്തില്‍ നേരിട്ട് ഇടപെടുകയാണ്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി രാജ്ഭവനെ മാറ്റുകയാണ് ചെയ്യുന്നത്” പ്രമേയം വ്യക്തമാക്കി. ഭാരതാംബയെ ആര്‍എസ്എസ് പ്രതീകമായി ഉയര്‍ത്തി ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ നാടകം അതിന്റെ ഭാഗമാണ്.
കേരളത്തില്‍ വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. അത് സംബന്ധമായി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു:
“കേരളത്തില്‍ വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. ദേശീയാടിസ്ഥാനത്തില്‍ മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള ബോധം ജനങ്ങളില്‍ ശക്തിപ്പെടുത്താനാണ് സംഘ്പരിവാര്‍ സംഘടനകള്‍ പരിശ്രമം നടത്തുന്നത്. ഹിന്ദുത്വ ആശയം കേരളത്തിലും ശക്തിപ്പെടുകയാണ്. തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയവും ചില അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ അവര്‍ക്ക് ലഭിച്ച മുന്‍കൈയും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുവന്ന നിഷേധാത്മക മാറ്റമാണ്”.
ഇസ്ലാമിക തീവ്ര വര്‍ഗീയ ശക്തികളും കാസയും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനായി ശ്രമം നടത്തുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം രാജ്യത്ത് ഉയര്‍ത്തുന്ന ശക്തികളുണ്ട്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ ശക്തികളുടെ ലക്ഷ്യവും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ്. ഭൂരിപക്ഷ — ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരായ ശക്തമായ പോരാട്ടം നാം നടത്തേണ്ടതുണ്ട്. കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടന്ന് വരുന്നത്.
“അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുളള ഒരു നിയമ നിര്‍മ്മാണത്തിന് ഇനിയും നാം അമാന്തിച്ചുകൂട” എന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.
“കേരളത്തിലെ ജനങ്ങളില്‍ പൊതുവായി ഉയര്‍ന്നുവന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷബോധം നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഉണ്ടായതാണ്. അത്തരം ചിന്താഗതിയുള്ള ജനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ ജനങ്ങളില്‍ മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി, ഹിന്ദുത്വാടിസ്ഥാനത്തിലുള്ള ചിന്താഗതി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ആസൂത്രിതമായ ആശയതലത്തിലുള്ള ഇടപെടലിലൂടെയാണ് അവര്‍ മുന്നോട്ടുപോകുന്നത്. കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും കേന്ദ്രീകരിച്ച് ആത്മീയതലത്തില്‍ വലിയ തോതില്‍ പ്രചരണം അഴിച്ചുവിടുന്നു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ അതിനുള്ള കേന്ദ്രങ്ങളായി മാറ്റുന്നു. ജനങ്ങളുടെ ഇടതുജനാധിപത്യ മനസിനെ ദുര്‍ബലപ്പെടുത്തി ശക്തിയാര്‍ജിക്കാന്‍ തുടര്‍ച്ചയായി നടക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് ഇടതുജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ഐക്യം പ്രധാന ഘടകമാണ്. നമ്മുടെ പാര്‍ട്ടിക്ക് ഈ കടമ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയണം. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനം, തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി, മഹിളാ, ദളിത്, ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളെ രാഷ്ട്രീയതലത്തിലും ആശയതലത്തിലും അണിനിരത്തി മുന്നോട്ടുകൊണ്ടുപോകണം. കുട്ടികളെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായി അവതരിപ്പിച്ച് കൊച്ച് കുട്ടികളില്‍ വരെ വര്‍ഗീയ ചിന്താഗതി കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്” രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി.
വര്‍ഗീയ ജാതിബോധത്തില്‍ കേരളത്തിലെ ജനതയെ രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് ആസൂത്രിതമായി നടക്കുന്നതെന്ന് നാം തിരിച്ചറിയണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി മേല്‍ക്കൈ നേടാനുള്ള പദ്ധതികളുടെ ഭാഗമായി കോര്‍പറേറ്റ് ശക്തികള്‍ അതിനായി പണം വാരിക്കോരി ചെലവഴിക്കുന്നുണ്ട്. അവരുടെ ഉടമസ്ഥതയിലുള്ള ദൃശ്യ‑ശ്രവ്യ‑അച്ചടി സമൂഹ മാധ്യമങ്ങള്‍ എല്ലാം അതിനായി അണിനിരക്കുന്നതാണ് കേരളം കാണുന്നത്. ഇതിനെ പ്രതിരോധിക്കാനും ചെറുത്തുതോല്പിക്കാനും കഴിയണം. സംഘടനാ തലത്തിലും ആശയതലത്തിലും നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചും നമ്മുടെ നിലപാടുകള്‍ ജനങ്ങളില്‍ എത്തിച്ചും ബഹുജനസംഘടനകളെയും പാര്‍ട്ടിയെയും കൂടുതല്‍ ശക്തിപ്പെടുത്തി പുതിയ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നമ്മുടെ പ്രസ്ഥാനത്തിനുണ്ട്. ആ കരുത്ത് പ്രകടിപ്പിച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയണം. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം” രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 12ന് ഉച്ചയോടെ അവസാനിച്ച സംസ്ഥാന സമ്മേളനം കേരളത്തിലെ കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളില്‍ കൂടുതല്‍ ഉണര്‍വും ആത്മവിശ്വാസവുമാണ് ഉണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായി പടച്ചുവിട്ട മാധ്യമ വാര്‍ത്തകള്‍ എല്ലാം ഒരു കേന്ദ്രത്തില്‍ നിന്ന് സൃഷ്ടിച്ച് പ്രചരിപ്പിക്കപ്പെട്ടതാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി.
സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠ്യേന ബിനോയ് വിശ്വത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 12ന് വൈകുന്നേരം നടന്ന റെഡ് വോളണ്ടിയര്‍ മാര്‍ച്ച് പാര്‍ട്ടിയുടെ സംഘടനാകരുത്ത് വിളിച്ചറിയിക്കുന്നതായി. ആയിരക്കണക്കിന് വോളണ്ടിയര്‍മാരായ യുവതീയുവാക്കള്‍ ആലപ്പുഴ നഗരത്തിലൂടെ നടത്തിയ മാര്‍ച്ച് ജനങ്ങള്‍ക്ക് ആവേശം നല്‍കുന്നു.
(അവസാനിക്കുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.