29 January 2026, Thursday

ഗാന്ധി ജീവിക്കുന്നു, മതേതര മനസുകളിൽ

ടി ടി ജിസ്‌മോൻ
സംസ്ഥാന സെക്രട്ടറി, എഐവെെഎഫ് 
January 29, 2026 4:40 am

തനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ളതും ബഹുസ്വരതയിലും സമത്വത്തിലും ഊന്നിയതുമായ ഗാന്ധിയൻ വീക്ഷണങ്ങളോടുള്ള അസഹിഷ്ണുതയും വിദ്വേഷവുമാണ് ഗാന്ധിവധത്തിന് ആർഎസ്എസിനെ പ്രേരിപ്പിച്ചത്. ഗാന്ധിഘാതകനായ നാഥൂറാം വിനായക് ഗോഡ്സെ ഹിന്ദുമഹാസഭയുടെ ആളായിരുന്നുവെന്നും ആർഎസ്എസുമായി ബന്ധമില്ലായിരുന്നുവെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമാണ് എക്കാലവും സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാദഗതിയെ തീർത്തും തള്ളിക്കളഞ്ഞുകൊണ്ട് ഗോഡ്സെയുടെ വധശിക്ഷയ്ക്ക് ശേഷം സഹോദരൻ ഗോപാൽ ഗോഡ്സെ അദ്ദേഹത്തിന്റെ ആർഎസ്എസ് ബന്ധം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല സംഘ്ഗീതമായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ‘എന്ന് പാടിക്കൊണ്ടാണ് കഴുമരത്തിലേക്ക് ഗോഡ്സെ നടന്നു നീങ്ങിയത്. 1938ൽ ഹിന്ദുനേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഗോൾവാൾക്കർക്ക് കത്തെഴുതിയതും ഗോഡ്സെ തന്നെയായിരുന്നു. ഗാന്ധിവധവുമായി ബന്ധപ്പെട്ട് സർദാർ വല്ലഭ്ഭായി പട്ടേൽ പറയുന്നത് നോക്കുക, “വർഗീയ വിഷമാണ് അവരുടെ (ആർഎസ്എസ്) നേതാക്കളെല്ലാവരും പ്രസംഗിച്ചിരുന്നത്. അതിന്റെ അവസാനമെന്നോണം വിഷമയമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. അതാണ് ദാരുണമായ വധം സാധ്യമാക്കിത്തീർത്തത്. ആർഎസ്എസുകാർ മധുരം വിതരണം ചെയ്ത് ഗാന്ധിവധത്തിനു ശേഷം തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു”. (സർദാർ വല്ലഭ്ഭായി പട്ടേൽ എസ് പി മുഖർജിക്കും എം എസ് ഗോൾവാൾക്കർക്കും അയച്ച കത്തിൽ നിന്ന് ) സമസ്ത മതങ്ങളെയും സംസ്കാരങ്ങളെയും സ്നേഹത്തോടെ സ്വീകരിച്ച ഗാന്ധിയുടെ പാരമ്പര്യത്തെ അട്ടിമറിച്ചുകൊണ്ട് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ തങ്ങളുടെ ഭരണാധികാരം അസഹിഷ്ണുതയും അപരമത വിദ്വേഷവും പടർത്താനായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണിക് ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ സാംസ്കാരിക ദേശീയത മുറുകെപ്പിടിക്കുന്ന ആർഎസ്എസ്, രാജ്യം സ്വതന്ത്രമായപ്പോൾ ദേശീയ ചിഹ്നങ്ങളെയെല്ലാം ശക്തിയുക്തം എതിർക്കുകയും നിലവിൽ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്നു. 

ജർമ്മൻകാർ ജൂതൻമാരെ നിർമൂലനം ചെയ്ത രീതിയിൽ നിന്നും ഇന്ത്യക്ക് പലതും പഠിക്കാനുണ്ടെന്ന് പ്രസ്താവിച്ച ഗോൾവാൾക്കറുടെ അക്രമോത്സുകചരിത്രത്തെ മാതൃകയാക്കിക്കൊണ്ടാണ് അവർ ഭരണഘടനാ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യം മുന്നോട്ട് വയ്ക്കുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്ന സന്ദേശത്തെ പ്രയോഗവല്‍ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഭരണകൂടമാണ് മതേതരത്വത്തിന്റെ നെടുംതൂണായ അഭിപ്രായ സ്വാതന്ത്ര്യത്തെയും, വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത്. ഭരണഘടന പ്രകാരമുള്ള മത നിരപേക്ഷ രാഷ്ട്രസങ്കല്പത്തെ നിരാകരിച്ചുകൊണ്ട് ദേശീയതയെയും രാജ്യസ്നേഹത്തെയും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസാചാര രീതികളുമായി ബന്ധപ്പെടുത്തുകയും മതപരമായ ചടങ്ങുകൾ രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങളെ അന്യവല്‍ക്കരിക്കാനും അവര്‍ക്കുനേരെ വിദ്വേഷം വളർത്താനും അവരെ ലക്ഷ്യംവച്ച് ആക്രമങ്ങളഴിച്ചു വിടാനുമുള്ള ശ്രമം ആസൂത്രിതമായിത്തന്നെ നടക്കുമ്പോൾ രാജ്യത്തിന്റെ സാമൂഹ്യജീവിതത്തിലും പൊതുബോധത്തിലും മുമ്പെങ്ങുമില്ലാത്ത വിധം ഹിന്ദുത്വരാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് സാധൂകരണം ലഭിക്കുന്നുവെന്നത് അത്യന്തം ആശങ്കയുളവാക്കുന്നു. ബഹുസ്വര രാഷ്ട്രത്തിന് മതരാഷ്ട്രത്തിന്റെ പരിവേഷം നൽകുക വഴി വർഗീയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള കൂറ് തെളിയിക്കുന്ന ഗോൾവാൾക്കറുടെ കുപ്രസിദ്ധമായ പ്രസ്താവന ശ്രദ്ധിക്കൂ, ”നമ്മുടെ നാടായ ഭാരതത്തിൽ രാഷ്ട്രീയ ജീവിതം ഹിന്ദു ജനതയുടേതാണെന്ന് നാം പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത് ഹിന്ദു രാഷ്ട്രമാണ്”. (വിചാരധാര‑1981, പേജ് 172)

ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള മതനിരപേക്ഷ വിരുദ്ധതയിലൂടെ ഇന്ത്യൻ ബഹുസ്വരത തച്ചുടയ്ക്കപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ നാളുകളിൽ രാജ്യം ദർശിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും ആളിക്കത്തിച്ചുകൊണ്ടുള്ള മറയില്ലാത്ത കടന്നാക്രമണങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുകയാണ്. ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഒരു പാസ്റ്ററെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്റം​ഗ്‍ദൾ പ്രവർത്തകർ ‘ജയ് ശ്രീ റാം’ വിളിപ്പിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം സംഘ്പരിവാറിന്റെ മാനവവിരുദ്ധതയില്‍ അധിഷ്ഠിതമായ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പാസ്റ്ററും കുടുംബവും വിശ്വാസികളും ഗ്രാമത്തിലെ ഒരു വീട്ടിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെ 40ഓളം പേരടങ്ങുന്ന പ്രവർത്തകർ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. പാസ്റ്റർ പൊലീസിൽ പരാതി നൽകിയെങ്കിലും, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അദ്ദേഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലും ഭരണകൂടത്തിന്റെ കുറ്റകരമായ നിശബ്ദതയാണ് രാജ്യം കണ്ടത്. കഴിഞ്ഞ മാസം തന്നെ ഉത്തർപ്രദേശിലെ ബറേലിയിൽ ഇരുപതുകാരിയായ നഴ്സിങ് വിദ്യാർത്ഥിനിയുടെ ജന്മദിനാഘോഷത്തിനിടെ കഫേയിൽ നടന്ന സ്വകാര്യ ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികൾ ആഘോഷത്തിൽ മുസ്ലിം മതവിശ്വാസികളായ വിദ്യാർത്ഥികൾ പങ്കെടുത്തതിനെ ചോദ്യം ചെയ്യുകയും ‘ലൗ ജിഹാദ്’ ആരോപണം ഉയർത്തുകയും ചെയ്യുകയുണ്ടായി. ഇവിടെയും അക്രമികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസും ഭരണസംവിധാനങ്ങളുമെല്ലാം അക്രമികൾക്ക് ഒത്താശ ചെയ്യുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. കേരളത്തിന് പുറത്ത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും ഒരു പോലെ ആഭ്യന്തര ശത്രുക്കളായി കാണുമ്പോൾ ഇവിടെ ഹൈന്ദവരെ വർഗീയതയിൽ ഒന്നിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ചു ഭിന്നിപ്പിക്കുകയും ചെയ്ത് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും സംഘ്പരിവാർ നടത്തുന്നു. ജർമ്മനിയെ ബാധിക്കുന്ന സമസ്ത പ്രശ്നങ്ങൾക്കും ഉത്തരവാദികളായ വിഭാഗമായി ജൂതന്മാരെ ഹിറ്റ്ലർ അവതരിപ്പിച്ചതിന് സമാനമായ വിധത്തിൽ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഇസ്ലാമോ ഫോബിയ നിറച്ച് കേരളീയ സമൂഹത്തിൽ വിദ്വേഷത്തിന്റെ തീക്കനൽ കോരിയിടുന്ന സമീപനമാണവരുടേത്. 

മത പ്രമാണങ്ങളെ ആരോഗ്യകരമായ രീതിയിൽ പരസ്പരം പങ്കുവയ്ക്കുവാനും അതുവഴി സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്താനുമാണ് ഇസ്ലാം — ക്രെെസ്തവ മത നേതൃത്വങ്ങളും വിശ്വാസികളും ശ്രമിക്കേണ്ടതെന്നിരിക്കെ ഫാസിസം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വളർത്തിയെടുക്കുന്ന അപരമത ദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചുരുക്കം ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലുമുണ്ടാകുന്നത് മതേതര സമൂഹം ഗൗരവത്തോടെ കാണണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലുള്ള തലോടൽ കണ്ട് സംഘ്പരിവാർ തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിൽ നിന്നും പിന്മാറിയെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് പുള്ളിപ്പുലിയുടെ പുള്ളി വെള്ളം നനയുമ്പോൾ മാഞ്ഞുപോകുമെന്നു വിചാരിക്കുന്നതുപോലുള്ള ഭീമാബദ്ധമാണെന്നേ പറയാനുള്ളൂ. ഇന്ന് രക്തസാക്ഷിത്വ ദിനത്തിൽ ‘ഗാന്ധി ജീവിക്കുന്നു, മതേതര മനസുകളിൽ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എഐവൈഎഫ് യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഗാന്ധി സ്മൃതി’, രാജ്യത്തെ ഫാസിസ്റ്റ് ഭീകരതക്കെതിരെയുള്ള പ്രതിരോധമാണ്. യു ആർ അനന്തമൂർത്തി തന്റെ ‘ഹിന്ദുത്വ ഓർ ഹിന്ദു സ്വരാജ് ‘എന്ന പുസ്തകത്തിൽ ഗോഡ്സെ കോടതിയിൽ നടത്തിയ പ്രസംഗത്തെ സംബന്ധിച്ച വിവരണം നൽകുന്നത് കാണാൻ കഴിയും. അതിലൊരിടത്ത് ഗോഡ്സെ പറയുന്നത് ഇങ്ങനെയാണ്. “ഞാൻ ഇരുകൈകളിലും ധൈര്യം സംഭരിച്ചുകൊണ്ട് 1948 ജനുവരി 30ന് ബിർള മന്ദിരത്തിലെ പ്രാർത്ഥനാവേദിയിൽ ഗാന്ധിക്കെതിരെ നിറയൊഴിച്ചു. എന്റെ വെടിയുണ്ടകൾ തറച്ച ആ വ്യക്തിയെപ്പറ്റി ചിലത് പറയേണ്ടിയിരിക്കുന്നു. ആ വ്യക്തിയുടെ നയപരിപാടികൾ ലക്ഷക്കണക്കിന് ഹിന്ദുക്കളെ തകർക്കുകയും നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്” (പേജ് 107). അതേ, ഫാസിസം അന്നും ഇന്നും ഗാന്ധിയെ ഭയക്കുമ്പോൾ മതേതര മനസുകളിൽ ഗാന്ധി എന്നും ജീവിക്കുന്നു. 1982ൽ റിച്ചാഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയ്ക്ക് മുമ്പ് ഗാന്ധി വിഖ്യാതനല്ലായിരുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയും ഏറ്റവും ഒടുവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് മാറ്റാനുള്ള ശ്രമവും വർത്തമാന പശ്ചാത്തലത്തിലും സംഘ്പരിവാറിൽ ‘ഗാന്ധി’ കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ പ്രകടമായ തെളിവാകുമ്പോൾ ഗാന്ധിസ്മൃതി പോലും ഒരു പോരാട്ടമായി മാറുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.