27 December 2025, Saturday

ലിംഗ സമത്വവും സാമ്പത്തിക വികസനവും

Janayugom Webdesk
May 14, 2025 4:30 am

മോഡി ഭരണകൂടത്തിന് കീഴിലുള്ള സ്ഥിതിവിവരക്കണക്കും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മന്ത്രാലയം ‘സ്ത്രീകളും പുരുഷന്മാരും — ഇന്ത്യ 2024’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രേഖയിലെ കണ്ടെത്തലുകള്‍ പ്രോത്സാഹജനകമായ കണക്കുകളുടെയും തുടര്‍ച്ചയായി നിലല്‍ക്കുന്ന വെല്ലുവിളികളുടെയും മിശ്രിതമാണ്, ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍, രാജ്യത്തിന്റെ പൊതുഭരണ സംവിധാനത്തിലും സാമ്പത്തിക മേഖലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്കുള്ള വലിയ പങ്കാളിത്തമാണ്. രാജ്യത്തിന്റെ അധ്യാപന ശക്തിയില്‍ വനിതാ സാന്നിധ്യത്തിലുണ്ടായ കുതിച്ചുചാട്ടം 2017–18ല്‍ 23.2 ശതമാനമെന്നത് 2023–24ല്‍‍ 41.7 ശതമാനത്തിലേക്കായിരുന്നു. അതേയവസരത്തില്‍ ആഗോളതലത്തില്‍ ലോകബാങ്ക് കണക്കുകൂട്ടിയിരിക്കുന്ന പുരുഷപങ്കാളിത്ത നിരക്ക‍് 77.2 ശതമാനമാണ്. സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് ശരാശരി 50 ശതമാനവും. നിലവിലെ തൊഴിലാളി പങ്കാളിത്തമെടുത്താല്‍ ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും സ്ത്രീപങ്കാളിത്ത നിരക്ക് അത്രകണ്ട് അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലല്ല. ഈ വിടവ് ലഭ്യമായ അവസരങ്ങളുടെ സൃഷ്ടി മാത്രമല്ല, രാഷ്ട്രീയ – സാമൂഹ്യ — സാമ്പത്തിക വ്യവസ്ഥകളുടെ ഘടനാപരമായ സവിശേഷതകളുടേത് കൂടിയാണ്. ഇതെല്ലാം മിക്കവാറും സ്ത്രീപങ്കാളിത്ത വിരുദ്ധതയിലേക്കാണ് വഴിയൊരുക്കുന്നതും. അതേസമയം ഒരു പരിധിവരെയെങ്കിലും ആശ്വാസം നല്‍കുന്നൊരു സാഹചര്യവുമുണ്ട്. പുരുഷ — വനിതാ വേതന നിരക്കിലെ അന്തരം, ഗ്രാമീണ — നഗരമേഖലകളില്‍ ക്രമേണ കുറഞ്ഞുവരുന്നതായി കാണുന്നു എന്നതാണിത്. ഇതിനര്‍ത്ഥം, സാമ്പത്തിക നീതിനിര്‍വഹണ പ്രക്രിയയില്‍ ഗുണകരമായ പുരോഗതി ഉണ്ടായിരിക്കുന്നു എന്നതാണ്. 

2023 ജൂലെെ — സെപ്റ്റംബര്‍, 2024 ഏപ്രില്‍ — ജൂണ്‍ കാലങ്ങള്‍ക്കിടയില്‍ നഗരമേഖലാ സ്ത്രീ തൊഴിലാളികളുടെ വേതനം 5.2 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നുവെന്നത് നിസാരമല്ല. ഇതോടൊപ്പം കാണുന്ന മറ്റൊരു പ്രവണത മതിയായ വേതനമില്ലാതെ വീട്ടുജോലിക്കായി അധ്വാനിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ്. ഇവിടെയും പുരുഷ — സ്ത്രീ തൊഴിലാളി അന്തരം പ്രകടമാണ്. വീട്ടുകാര്‍ക്കായി സൗജന്യസേവനം ചെയ്യുന്ന സ്ത്രീകളുടെ പ്രതിദിന അധ്വാനസമയം 236 മിനിറ്റാണെങ്കില്‍ പുരുഷ തൊഴിലാളികള്‍ ചെലവാക്കുന്നത് വെറും 24 മിനിറ്റുകള്‍ മാത്രവുമാണ്. സ്ത്രീ തൊഴിലാളികള്‍ ക്രമേണ ഇരട്ട ജോലിഭാരം സ്വയം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് ഇതിലെ അപകടസൂചന. വേതനത്തോടുകൂടിയുള്ള അധ്വാനത്തിനുപുറമെ, സൗജന്യ അധ്വാനവും ഏറ്റെടുക്കുന്നു എന്നതിലുപരി, സ്ത്രീകള്‍ക്ക് കുടുംബസംരക്ഷണ ചുമതല കൂടി നിര്‍വഹിക്കേണ്ടി വരുന്നു. ഇത്തരമൊരു സംവിധാനം സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ കുടുംബ സംരക്ഷണവുമായി ബന്ധപ്പെട്ട അധ്വാനമെന്നത് ക്രമേണ നിസാരവല്‍ക്കരിക്കപ്പെടുകയോ തീര്‍ത്തും അവഗണിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. 

ഈ ഘട്ടത്തില്‍ പുരുഷ – സ്ത്രീ ലിംഗ വിവേചനത്തില്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ട മറ്റൊരു വിഷയവുമുണ്ട്. ആധുനിക കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയിലേക്ക് പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും, ഒരുപക്ഷെ പുരുഷന്മാരെക്കാള്‍ ഏറെ രംഗത്തുവരുന്ന കാഴ്ചയുണ്ട്. നിര്‍മ്മാണ, വ്യാപാര, സേവന മേഖലകളിലെല്ലാം ഈ പ്രവണത വര്‍ധിച്ചുവരികയുമാണ്. പുരുഷന്മാരുടെ മേല്‍ക്കോയ്മ നിലവിലിരുന്ന മേഖലകളില്‍ സ്ത്രീകളുടെ ഈ കുത്തൊഴുക്ക്, ധനകാര്യ ഉള്‍ക്കൊള്ളല്‍ വഴിയും ദൃശ്യമാകുന്നുണ്ട്. ബാ‌ങ്ക് അക്കൗണ്ടുകളില്‍ 2024 മാര്‍ച്ചിലെ സ്ത്രീ പങ്കാളിത്തം 39.2 ശതമാനമായിരുന്നെങ്കില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ 39.7 ശതമാനമായിരുന്നു എന്നുകാണാം. ഈ രണ്ട് കാര്യങ്ങളിലുമുള്ള സവിശേഷത ഇവ കേന്ദ്രീകരിച്ചിരിക്കുന്നത് മിക്കവാറും രാജ്യത്തിന്റെ വടക്കന്‍ മേഖലാ സംസ്ഥാനങ്ങളിലും കിഴക്കന്‍ മേഖലാ സംസ്ഥാനങ്ങളിലുമാണ് എന്നതാണ്. ഇവിടങ്ങളിലെ മൂലധന വിപണികളിലും സമാനമായ നിലയില്‍ ഉത്തേജനം പ്രകടമാക്കിയിരുന്ന നിരവധി സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സിമാറ്റ് അക്കൗണ്ടുകളിലും പുരുഷന്മാരുടേതിനെ അപേക്ഷിച്ച് വന്‍ വര്‍ധനവാണുണ്ടായിരുന്നത്. ബാങ്ക് അക്കൗണ്ട് ഉടമകളുടെയും സിമാറ്റ് അക്കൗണ്ട് ഉടമകളുടെയും എണ്ണത്തില്‍ പുരുഷന്മാരുടേതിനെ അപേക്ഷിച്ച് 2021നും 24നും ഇടയ്ക്കുണ്ടായ സ്ത്രീകളുടെ പെരുപ്പം മൂന്നിരട്ടിയായിരുന്നുവത്രെ. അതേസമയം സാധാരണ ബാങ്ക് അക്കൗണ്ടുകളില്‍ പുരുഷന്മാര്‍ക്കായിരുന്നു മുന്‍തൂക്കം.

നയപരമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍, ഇരുവിഭാഗക്കാര്‍ക്കുമിടയില്‍ വലിയ അന്തരങ്ങള്‍ കാണുന്നില്ലെന്നതാണ് വസ്തുത. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍, ലിംഗസമത്വമാണ് പൊതുസ്ഥിതിയെങ്കില്‍, ലോക്‌സഭാംഗങ്ങളുടെ കാര്യമെടുത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ ക്രമേണ പിന്തള്ളപ്പെടുന്നതായി കാണുന്നു. ഈ പ്രവണത ആരോഗ്യകരമല്ലെന്നതിനാല്‍ ഇതില്‍ തിരുത്തല്‍ അനിവാര്യമാണ്. ഭരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് — മുനിസിപ്പല്‍ — നഗരസഭാ സമിതികള്‍ മുതല്‍ നിയമസഭകളിലും ലോക്‌സഭയിലും വനിതകള്‍ക്ക് വര്‍ധിച്ച പ്രാതിനിധ്യം വേണമെന്ന ഡിമാന്റ് അനുദിനം ശക്തിപ്പെട്ട് വരുന്നുണ്ട്. തദ്ദേശ ഭരണസമിതികളില്‍ കേരളം പോലെ, ഇടത് — ജനാധിപത്യ ശക്തികള്‍ക്ക് മുന്‍തൂക്കമുള്ള ഭരണകൂടങ്ങള്‍ വനിതകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ പ്രാതിനിധ്യമാണ് നല്‍കി വരുന്നത്. അതേ അവസരത്തില്‍ നിയമസഭകളിലും ലോക്‌സഭയിലും ഈ തത്വം പാലിക്കപ്പെടുന്നുമില്ല. 18-ാം ലോക്‌സഭയില്‍ പോലും സ്ത്രീ പ്രാതിനിധ്യം വെറും 13.6 ശതമാനമാണ്. കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യവും തുലോം നിസാരമായി തുടരുകയാണ്. ഈ പ്രവണതയില്‍ മാറ്റംവരുത്താതെ വഴിയില്ല. കേരള ജനസംഖ്യയില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ അധികവുമുള്ളതെന്നോര്‍ക്കുക. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലെ ഇരുസഭകളിലും സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന നിരവധി നിയമനിര്‍മ്മാണങ്ങളാണ് നടന്നുവരുന്നത് എന്നത് പ്രസക്തമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നയരൂപീകരണത്തിലും അവ നടപ്പാക്കുന്നതിലും സ്ത്രീപങ്കാളിത്തം അനിവാര്യമായി വരുമല്ലോ. സ്ത്രീസുരക്ഷ, സാമൂഹ്യ കാഴ്ചപ്പാടുകള്‍, കുടുംബപരമായ പ്രശ്നങ്ങളും കെട്ടുപാടുകളും പരിമിതികളും തുടങ്ങിയവ മൂലം സ്ത്രീകളുടെ മൊബിലിറ്റിയിലും പങ്കാളിത്തത്തിലും ഗുരുതരമായ പ്രതിസന്ധികള്‍ സ്വാഭാവികമായും ഉണ്ടാകുന്നു. ഇവയ്ക്കെല്ലാം ഫലപ്രദമായി പരിഹാരം ഉണ്ടാകണമെങ്കില്‍ സമൂഹത്തിലാകെ വ്യാപകമായ ബോധവല്‍ക്കരണം നടത്തിയേ തീരൂ. വരുംനാളുകളില്‍ ത്വരിതഗതിയിലുള്ള സാമ്പത്തിക പുരോഗതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജനസംഖ്യയുടെ പകുതിയോളമോ, അതിലേറെയോ വരുന്ന സ്ത്രീകളുടെ സജീവപങ്കാളിത്തം ഉറപ്പാക്കാതെ സാധ്യമാവില്ല. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ഈ ദിശയില്‍ ഇനിയും ബഹുകാതം മുന്നേറേണ്ടി വരികയും ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.