19 December 2025, Friday

ആഗോള അയ്യപ്പസംഗമം ; വിശ്വതീര്‍ത്ഥാടനത്തിന് വേദിയൊരുക്കല്‍

വി എൻ വാസവൻ 
ബഹു. തുറമുഖ, സഹകരണ, ദേവസ്വം മന്ത്രി
September 18, 2025 4:45 am

മണ്ണിലും മനസിലും നൈർമ്മല്യം പകരുന്ന സമഭാവനയുടെ സങ്കല്പം ആഴത്തിൽ കോർത്തിണക്കിയിട്ടുള്ള ശബരിമലയെപ്പോലെ മറ്റൊരു ആരാധനാലയം ലോകത്തില്ല. ഒരു സാധാരണ ക്ഷേത്രസങ്കേതത്തിലേക്ക് എന്നപോലെ ജനസഹസ്രങ്ങൾ ഒത്തുചേരുന്ന ഒന്നല്ല ശബരിമല. ലോകത്തിന് മതമൈത്രിയുടെ മഹദ് സന്ദേശം പകരുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണിത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന നാനാജാതി മതസ്ഥരായ വിശ്വാസികൾ പങ്കുവയ്ക്കുന്ന മൈത്രിയുടെ സാഹോദര്യഭാവമാണ് ഈ സങ്കേതം പകർന്നു നൽകുന്ന സന്ദേശം.
ശബരിമലയിൽ ഒരുവട്ടമെങ്കിലും പോയിട്ടുള്ളവരുടെ മനസിൽ തെളിഞ്ഞുനിൽക്കുന്ന ഒന്നാണ് ക്ഷേത്രത്തിനു മുമ്പിൽ എഴുതിയിരിക്കുന്ന തത്ത്വമസി എന്ന വാക്യം. മലയാളത്തിൽ ഇതിനർഥം ‘അതു നീയാകുന്നു’ എന്നാണ്. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി എല്ലാവരും ഒന്നാകുന്ന സമത്വ സന്ദേശം ലോകമൊട്ടാകെ എത്തിക്കുകയാണ് ആഗോള അയ്യപ്പസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
1950ൽ സ്ഥാപിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരളത്തിലുടനീളമുള്ള 1200ലധികം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദേവസ്വം ബോർഡ് എടുത്ത തീരുമാനമാണ് ആഗോള അയ്യപ്പസംഗമം നടത്തുകയെന്നത്. അത് സർക്കാർ സഹായത്തോടെ നടപ്പിലാക്കുകയാണ്.
ആഗോള അയ്യപ്പസംഗമത്തിന് വേദിയായി പമ്പയെ തെരഞ്ഞെടുത്തത് ശബരിമലയുടെ കവാടമെന്ന നിലയിലാണ്.
2016–17 കാലയളവ് മുതൽ സംസ്ഥാന സർക്കാർ ശബരിമലയ്ക്ക് വേണ്ടി നൽകിയത് 220.78 കോടി രൂപയാണ്. ഇതിനുപുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ. നിലയ്ക്കലിൽ കിഫ്ബി പദ്ധതിയിൽ പണിത ഇടത്താവളം ഉദ്ഘാടനം ചെയ്തു. അഞ്ച് ഇടത്താവളങ്ങൾ വേറെയുണ്ട്. കിഫ്ബിയിൽ നിന്നും 145 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, മണിയംകോട് എന്നിവിടങ്ങളിലടക്കം ഇടത്താവളം നിർമ്മിക്കുന്നത്.
ഒരു തീർത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം. കാൽ നൂറ്റാണ്ട് മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് അതിനുള്ള ലേഔട്ട് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനത്തിന്റെ വികസനത്തിനായി വിവിധ ഘട്ടങ്ങളായി ആകെ 778.17 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്പാ വികസനത്തിന് ആകെ 207.48 കോടി രൂപയും ട്രക്ക് റൂട്ട് വികസനത്തിനായി ആകെ 47.97 കോടി ചിലവ് കണക്കാക്കുന്നു. പമ്പ, ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‍വേ പദ്ധതിയും യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്.
ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിനുള്ള വേദിയാവും പമ്പയിലെ അയ്യപ്പസംഗമം. ലോകത്ത് വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പവിശ്വാസികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അങ്ങനെ ഒരു പൊതുനയം രൂപീകരിക്കുന്നതിനുമുള്ള ഇടമായും സംഗമം മാറും
വിശ്വാസികൾക്ക് കൂടുതൽ സുരക്ഷിതമായി ദർശനം നടത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുവാൻ ദേവസ്വം ബോർഡ് ഇതിലൂടെ അവസരം ഒരുക്കുകയാണ്. ഇന്ത്യയിൽ തന്നെ ഇതാദ്യമാണ് ഒരു തീർത്ഥാടന കേന്ദ്രത്തിന്റെ വികസന ചർച്ചകളിൽ വിശ്വാസികൾക്ക് നേരിട്ട് പങ്കാളികളാവാൻ അവസരം നൽകുന്നത്.
സമ്പൂർണ ഹരിത തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റുന്നതിന് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിക്ഷേപ സാധ്യത കണ്ടെത്തുക എന്നതും ബോർഡ് ലക്ഷ്യമിടുന്നുണ്ട്.
അതിനൊപ്പം വിവിധ രാജ്യങ്ങളിലെ വിശ്വാസികളെ ഉൾപ്പെടുത്തി ഒരു ഡാറ്റാബേസ് തയ്യാറാക്കുക, ലോകത്ത് എവിടെ നിന്നുള്ളവർക്കും ശബരിമലയിലെത്തിച്ചേരുന്നതിനും, ദർശനം നടത്തി മടങ്ങുന്നതിനും നൂതന സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്ഫോം, വിവിധ രാജ്യങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടന കാലയളവിൽ എത്തിച്ചേരുന്ന വിശ്വാസികൾക്കായി ഹെൽപ്ഡെസ്കുകൾ ആരംഭിക്കുക, തീർത്ഥാടന ടൂറിസം സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
മൂന്നുവേദികളിലായാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക. അതത് മേഖലയിലെ വിദഗ്ധരായ ആളുകളാണ് ഇക്കാര്യങ്ങൾ അവതരിപ്പിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയിലെ ഏറ്റവും സുപ്രധാനമായ ചുവടുവയ്പാണിത്. വിഭാവനം ചെയ്യുന്ന കാര്യങ്ങൾ നടപ്പിലാവുമ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഇപ്പോഴത്തേതിന്റെ ഇരട്ടിയോ അതിലും അധികമോ കൂടുതൽ സുഗമമായി ദർശനം സാധ്യമാവുകയും ചെയ്യും. അതിനായി ഒന്നിച്ച് നീങ്ങാം.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.