23 January 2026, Friday

ഹൃദയമിടിപ്പിന്റെ വല്യത്താന്‍

ദേവരാജന്‍
July 19, 2024 4:26 am

എണ്ണമറ്റ ഹൃദയങ്ങൾക്ക് പുതുജീവന്റെ തുടിപ്പ് നൽകാൻ കാലം നിയോഗിച്ച മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ എന്ന എം എസ് വല്യത്താന്‍ വിടപറയുമ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് ആരോഗ്യരംഗത്തെ കേരളത്തിന്റെ ഉള്‍ക്കാഴ്ച. തിരുവന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടറായിരുന്ന ഡോ. വല്യത്താന്‍ വൈദ്യശാസ്ത്ര മേഖലയിൽ ലോകം ആദരിക്കുന്ന മാസ്മരിക പ്രതിഭയായിരുന്നു. മാവേലിക്കര ഗവ. ഹൈസ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും പഠനം നടത്തി രാജ്യത്തിന്റെ അഭിമാനമായ വല്യത്താൻ അലോപ്പതിയിലെയും ആയുർവേദത്തിലെയും ഗുണങ്ങൾ കണ്ടെത്തിയ ഭിഷഗ്വരനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ്‌ വല്യത്താന്റെ എംബിബിഎസ് പഠനം. പിന്നീട് ഇംഗ്ലണ്ടിലെ ലിവർപൂളിലെ ലിവർപൂൾ സർവകലാശാലയിൽ പിജി വിദ്യാര്‍ത്ഥിയായ അദ്ദേഹം 1960ൽ ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി. റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിലെ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ചണ്ഡീഗഢിലെ ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, യുഎസ്എയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ പരിശീലനം നേടിയ ശേഷമാണ് അദ്ദേഹം ശ്രീചിത്രയിൽ എത്തുന്നത്.

1972ലാണ് വല്യത്താന്‍ ഇന്ത്യയിൽ തിരിച്ചെത്തിയത്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി അദ്ദേഹത്തെ കേരളം ക്ഷണിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും കേരള വികസനത്തിന്റെ പ്രധാനശില്പിയുമായ സി അച്യുതമേനോനാണ് വല്യത്താനെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ മെഡിക്കല്‍ സെന്ററിന്റെ ചുമതലയിലേക്ക് ക്ഷണിച്ചത്. സെന്ററിന്റെ പുതിയ കെട്ടിടത്തിൽ സ്പെഷ്യാലിറ്റികൾക്കായി ഒരു ആശുപത്രി വികസിപ്പിക്കാൻ അച്യുതമേനോന്‍ ആവശ്യപ്പെട്ടു. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യവും അധികാരവും വല്യത്താന് മുഖ്യമന്ത്രി നൽകുകയും ചെയ്തു. അങ്ങനെ രണ്ടു വർഷത്തിനുള്ളിൽ, ഹൃദയ, ന്യൂറോളജി ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. വെെകാതെ ഹൃദയവാല്‍വുകളുടെ വികസനവും. മുഖ്യമന്ത്രി അച്യുതമേനോന്റെയും ഡോ. വല്യത്താന്റെയും ദീര്‍ഘവീക്ഷണത്തിലൂടെ ശ്രീചിത്ര വളർന്നപ്പോൾ, ആശ്വാസമായത് രാജ്യത്തെ പതിനായിരക്കണക്കിന് പാവം രോഗികള്‍ക്ക്.

1975ൽത്തന്നെ പ്രോസ്തെറ്റിക് വാൽവുകളുടെ ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഇറക്കുമതി വളരെ ചെലവേറിയതായിരുന്നു. പ്രതിമാസം 200ൽ താഴെ പന്നികളെ കാെല്ലാന്‍ ലൈസൻസുള്ള ഒരു യൂണിറ്റ് മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഹോമോഗ്രാഫ്റ്റ് വാൽവ് വികസനവും വളരെ കുറവായിരുന്നു. ഇതോടെ ഡോ. വല്യത്താനും സംഘവും ടിൽറ്റിങ്-ഡിസ്ക് ഡിസൈനുള്ള മെക്കാനിക്കൽ വാൽവ് വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ വിപണനം ചെയ്യുന്ന ചിത്ര‑ടിടികെ വാൽവ് ഇന്ത്യയിൽ ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചെടുത്ത നാലാമത്തെ മോഡലാണ്. വിദേശത്ത് നിന്നും വന്‍ തുകയ്ക്ക് എത്തിച്ചിരുന്ന കൃത്രിമ വാല്‍വുകള്‍ ഡോ. വല്യത്താന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവനരംഗത്തെ ആധുനികവല്‍ക്കരണത്തിലേക്ക് നയിച്ചതിന്റെ തുടക്കമായിരുന്നു. ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത ഹൃദയവാല്‍വ് ഇതുവരെ ഒരു ലക്ഷത്തിലധികം രോഗികള്‍ക്കാണ് പുതുജീവന്‍ പകര്‍ന്നത്. ഡോ. വല്യത്താന്റെ പരിശ്രമഫലമായാണ് രക്തബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രയ്ക്ക് സാധിച്ചത്. തന്റെ പ്രവര്‍ത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ വല്യത്താന് സാധിച്ചു. 1994ൽ 20 വർഷത്തെ സേവനത്തിനു ശേഷം ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി എത്തിയ അദ്ദേഹം 1999 വരെ സ്ഥാനത്ത് തുടർന്നു. ഒട്ടേറെ ദേശീയ‑അന്തര്‍ദേശീയ ബഹുമതികള്‍ തേടിയെത്തിയ ഡോ. വല്യത്താനെ 2005ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.