5 February 2026, Thursday

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി പ്രകൃതി നാശമോ, പുരോഗതിയോ?

ബെൻസി മോഹൻ
February 5, 2026 4:45 am

ന്ത്യയുടെ തെക്കേയറ്റത്ത്, ബംഗാൾ ഉൾക്കടലിന്റെയും ആൻഡമാൻ കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് അപൂർവ ജൈവവൈവിധ്യവും അതുല്യ ആദിവാസി സംസ്കാരവും കൊണ്ട് ലോകപ്രശസ്തമാണ്. എന്നാൽ ഇന്ന് ഈ ദ്വീപ് ഗ്രേറ്റ് നിക്കോബാര്‍ ഐലന്റ് ഡെവലപ്മെന്റ് (ജിഎന്‍ഐഡിപി) എന്ന വികസന പദ്ധതിയിലൂടെ വലിയൊരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. പദ്ധതി ഇന്ത്യയുടെ പുരോഗതിക്കായുള്ള തന്ത്രപരമായ നീക്കമാണോ, അതോ പ്രകൃതിയോടുള്ള ക്രൂരമായ ഇടപെടലാണോ എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി പ്രധാനമായും നാല് ഘടകങ്ങളിലായി രൂപകല്പന ചെയ്തതാണ് അന്താരാഷ്ട്ര തലത്തിലുള്ള ട്രാൻഷിപ്പ്മെന്റ് തുറമുഖം, വിമാനത്താവളം, പവർ പ്ലാന്റ്, പുതിയ നഗരവികസനം. ഇതിലൂടെ ദ്വീപിനെ ദക്ഷിണേഷ്യയിലെ ഒരു വാണിജ്യ‑ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ സമുദ്രസുരക്ഷയും വ്യാപാര ശേഷിയും ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ഔദ്യോഗിക വിശദീകരണം. പദ്ധതി നടപ്പാക്കുന്നതിന് ഒരു ലക്ഷം ഹെക്ടറിലധികം മഴക്കാടുകൾ വെട്ടിമാറ്റേണ്ടിവരുമെന്ന റിപ്പോർട്ടുകൾ അതീവ ആശങ്കയുണർത്തുന്നതാണ്. ദ്വീപിലെ കാടുകൾ അപൂർവ സസ്യ‑മൃഗജാതികളുടെ ആവാസകേന്ദ്രങ്ങളാണ്. നിക്കോബാർ മെഗാപോഡ്, ലെതർബാക്ക് കടലാമ തുടങ്ങിയ അത്യന്തം അപൂർവ ജീവികൾ ഇവിടെ അധിവസിക്കുന്നു.

കാലാവസ്ഥാ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. കാടുകൾ നശിപ്പിക്കുന്നത് മണ്ണൊലിപ്പ്, കടൽക്ഷോഭം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് വഴിവയ്ക്കും. പ്രത്യേകിച്ച് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുന്നത് ഈ കാടുകളാണ് എന്ന വസ്തുത മറക്കാനാകില്ല. വികസനം അനിവാര്യമാണെന്ന വാദം അംഗീകരിക്കേണ്ടതാണ്. എന്നാൽ സുസ്ഥിര വികസനം എന്ന ആശയം ഇവിടെ എത്രമാത്രം പാലിക്കപ്പെടുന്നുവെന്നതാണ് ചോദ്യം. പരിസ്ഥിതി ആഘാത പഠനങ്ങൾ (ഇഐഎ) പര്യാപ്തമല്ലെന്നും, പൊതുജനാഭിപ്രായം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന് തെളിവുകൾ വർധിച്ചുവരുന്നുണ്ടെങ്കിലും അത് അവഗണിക്കുകയാണ്. പദ്ധതി വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പരിസ്ഥിതി നിയമങ്ങളും മറ്റും ലംഘിച്ച് ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലും, ദേശീയ ഹരിത ട്രിബ്യൂണലിലും ഹർജികൾ പരിഗണനയിലാണ്. മോഡി സർക്കാരിന്റെ ഈ പിടിവാശിക്കും സ്ഥിരോത്സാഹത്തിനും പ്രധാന കാരണം ഇപ്പോൾ വ്യക്തമായി. പദ്ധതിയുടെ അനിവാര്യ ഭാഗമായ ഗലാത്തിയ ബേ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ വികസിപ്പിക്കണമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം നിർദേശിച്ചു. ഈ ശുപാർശ നൽകുമ്പോൾ മന്ത്രാലയം ഏത് സ്വകാര്യ കമ്പനിയെയാണ് മനസിൽ കാണുന്നതെന്നതിൽ യാതൊരു രഹസ്യവുമില്ല. അഡാനി കമ്പനി‌ക്ക് വേണ്ടിയാണ് ഈ പ്രോജക്റ്റ് തന്നെ ഉണ്ടാക്കിയതെന്ന് കരുതേണ്ടി വരും.

കോർപറേറ്റ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ്മെന്റ് വ്യവസായവും രാജ്യത്ത് 13 തുറമുഖങ്ങളും ടെർമിനലുകളും ഇതിനകം തന്നെ ഈ കമ്പനി സ്വന്തമാക്കി. എല്ലാം പ്രധാനമന്ത്രിയുടെ അനുഗ്രഹത്തോടെ. ദേശീയ സുരക്ഷയുടെ പേരിൽ പ്രധാന പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന സമയത്ത്, പദ്ധതിയിലേക്ക് സ്വകാര്യ പങ്കാളികളെ കൊണ്ടുവരാൻ മോഡി സർക്കാർ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പൊതു സുതാര്യതയുടെ അഭാവം മോഡി സർക്കാരിന് രാഷ്ട്രീയ സൗകര്യത്തിന്റെ ഒരു പ്രശ്നമാണെന്ന് ഇത് കാണിക്കുന്നു. പദ്ധതിയുടെ ഭാഗമായി 12 മുതൽ 20 ഹെക്ടർ വരെ കണ്ടൽ വനഭൂമി നഷ്ടമാകുമെന്ന് ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഈ നഷ്ടത്തിന് പകരമായി, നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നതുപോലെ, ഹരിയാനയിലെ ആരവല്ലി മലനിരകളിൽ വിദൂര വനവൽക്കരണം നടത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, തീരസംരക്ഷണം, മത്സ്യജനനം, കാർബൺ ആഗിരണം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന കണ്ടൽക്കാടുകൾക്ക്, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു പർവതനിരയിലെ വൃക്ഷത്തൈകൾ എങ്ങനെ പകരമാകുമെന്ന ചോദ്യമാണ് പരിസ്ഥിതി വിദഗ്ധർ ഉന്നയിക്കുന്നത്.

പദ്ധതി മൂലം പവിഴപ്പുറ്റുകൾക്ക് ഉണ്ടാകുന്ന നാശം കുറയ്ക്കാൻ, അവയെ ദ്വീപിനോട് ചേർന്ന മറ്റ് റീഫുകളിലേക്ക് സ്ഥലംമാറ്റുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, പവിഴങ്ങൾ അത്യന്തം സങ്കീർണവും സൂക്ഷ്മവുമായ സമുദ്രജീവ വ്യവസ്ഥയുടെ ഭാഗമായതിനാൽ, അവയെ ഒരു വസ്തുവിനെപ്പോലെ മാറ്റിവയ്ക്കുന്നത് ഫലപ്രദമാണോ എന്ന കാര്യത്തിൽ ശാസ്ത്രീയ ലോകത്ത് തന്നെ ഭിന്നാഭിപ്രായമുണ്ട്. ഈ വികസന പദ്ധതി ഗാൽത്തിയ ബേ കേന്ദ്രീകരിച്ചുള്ള, 10 കിലോമീറ്റർ ചുറ്റളവില്‍ പരിസ്ഥിതിസൂക്ഷ്മ മേഖലയിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ലെതർബാക്ക് കടലാമ, ഉപ്പുവെള്ള മുതല, നിക്കോബാർ മക്കാക് എന്നിവ പോലുള്ള അപൂർവവും ഭീഷണിയിലുമുള്ള ജീവജാലങ്ങളുടെ നിലനില്പിന് ഗുരുതരമായ അപകടസാധ്യത ഉയരുന്നു. നിക്കോബാർ ദ്വീപുകൾ ഭൂമിശാസ്ത്രപരമായി ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റപ്പെട്ടുകിടന്ന പ്രദേശങ്ങളാണ്. ഈ ദീർഘകാല ഒറ്റപ്പെടൽ മൂലമാണ് ഇവിടെ അനേകം സ്വദേശീയ ജീവജാലങ്ങൾ രൂപം കൊണ്ടത്. അതിൽ പലതും ഇനിയും ശാസ്ത്രീയമായി കണ്ടെത്തപ്പെടുകയോ. പേരിടപ്പെടുകയോ ചെയ്തിട്ടില്ല. ഉദാഹരണമായി “ഗ്രേറ്റ് നിക്കോബാർ ക്രേക്ക്” എന്ന പക്ഷിജാതി 2026ലും ഔദ്യോഗികമായി വിവരണം ചെയ്യപ്പെടാത്ത ഇനമാണ്.

ഇത്തരം അനവധിയായ അറിയപ്പെടാത്ത ജീവജാലങ്ങൾ വികസനത്തിന്റെ പേരിൽ നശിപ്പിക്കപ്പെടാനുള്ള സാധ്യത, പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്നാണ്. ഈ ആശങ്കകൾക്ക് മറുപടിയായി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇഎഫ്‌സിസി) ലിറ്റിൽ നിക്കോബാർ, മെൻചാൽ ദ്വീപ്, മെറോ ദ്വീപ് എന്നിവിടങ്ങളിൽ മൂന്ന് സംരക്ഷിത മേഖലകൾ പ്രഖ്യാപിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, കാമ്പൽ ബേ ട്രൈബൽ കൗൺസിൽ ഈ നിർദേശത്തെ ശക്തമായി എതിർക്കുന്നു. ദ്വീപിലെ ആദിവാസി സമൂഹങ്ങളുമായി യാതൊരു അർത്ഥവത്തായ ആലോചനയും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്നും, വന്യജീവികളോടൊപ്പം നൂറ്റാണ്ടുകളായി സഹജീവിതം നയിച്ചുവരുന്ന തങ്ങളുടെ ജീവിതാവകാശങ്ങൾ ഇതിലൂടെ ലംഘിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദ്വീപിൽ താമസിക്കുന്ന ശോംപെൻ, നിക്കോബറീസ് എന്നീ ആദിവാസി സമൂഹങ്ങൾ അവരുടെ ജീവിതം പൂർണമായും പ്രകൃതിയോട് ചേർന്ന് നയിക്കുന്നവരാണ്. വികസന പദ്ധതിയുടെ ഭാഗമായി ഇവരുടെ ആവാസവ്യവസ്ഥ തകർന്നേക്കാം. പുറത്തുനിന്നുള്ള ജനപ്രവാഹം രോഗങ്ങളും സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കാം.

ഇത് ഭരണഘടന ഉറപ്പുനൽകുന്ന ആദിവാസി അവകാശങ്ങളുടെ ലംഘനമാകുമെന്ന വിമർശനവും ശക്തമാണ്. ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി പരിസ്ഥിതി സംരക്ഷണത്തിനായി ചില പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിലും, അവ പ്രാദേശിക ജൈവവൈവിധ്യത്തിനും ആദിവാസി സമൂഹങ്ങൾക്കും ഉണ്ടാകുന്ന യഥാർത്ഥ നഷ്ടങ്ങൾക്ക് പകരമാകുമോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ദ്വീപുകളിലെ പ്രകൃതിയെ മറ്റൊരു ഭൂപ്രദേശത്തെ വൃക്ഷത്തൈകളിലൂടെ തുലനം ചെയ്യാമെന്ന സമീപനം, സുസ്ഥിര വികസനത്തിന്റെ ആത്മാവിനോട് തന്നെ വിരുദ്ധമാണ്. ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസിപ്പിക്കണമെങ്കിൽ പരിസ്ഥിതിയെ മുൻഗണനയിൽ നിർത്തിയുള്ള പുനർരൂപകല്പന, ആദിവാസി സമൂഹങ്ങളുടെ പൂർണ പങ്കാളിത്തം, ചെറിയ തോതിലുള്ള, പ്രകൃതിസൗഹൃദ വികസന മാതൃകകൾ ഇവയെല്ലാം പരിഗണിക്കപ്പെടണം. ഇല്ലെങ്കിൽ, ഒരിക്കൽ നഷ്ടപ്പെട്ട പ്രകൃതിയും സംസ്കാരവും തിരികെ കൊണ്ടുവരാൻ സാധിക്കില്ല. ഗ്രേറ്റ് നിക്കോബാര്‍ ഐലന്റ് ഡെവലപ്മെന്റ് പ്രോജക്ട് ഇന്ത്യയുടെ ഭാവിക്കായുള്ള ഒരു വലിയ പദ്ധതിയാകാം. എന്നാൽ അത് പ്രകൃതിയെയും മനുഷ്യനെയും തകർക്കുന്ന വഴിയിലൂടെയാണെങ്കിൽ, ആ പുരോഗതി അർത്ഥശൂന്യമായിത്തീരും. വികസനവും സംരക്ഷണവും കൈകോർത്ത് പോകേണ്ടതുണ്ട് — ഇല്ലെങ്കിൽ, ഗ്രേറ്റ് നിക്കോബാർ ദ്വീപ് മനുഷ്യന്റെ അതിരില്ലാത്ത ആഗ്രഹങ്ങളുടെ മറ്റൊരു ഇരയായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.