
2025 സെപ്റ്റംബര്‍ അവസാന വാരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വ്യാവസായിക വളര്‍ച്ചാ സൂചിക വിലപിടിപ്പുള്ള നിരവധി വിവരങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ഒന്ന്, നടപ്പ് ധനകാര്യ വര്‍ഷം ആദ്യപകുതിയിലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വ്യവസായ മേഖല വളര്‍ച്ചാ സംബന്ധമായ പ്രവണതകളും കണക്കുകളും. രണ്ട്, ഇതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥ പൊതുവില്‍ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങളും പരിഹാരമാര്‍ഗങ്ങളും. ഒറ്റനോട്ടത്തില്‍ ഇതൊക്കെ നല്‍കുന്നത് തീര്‍ത്തും മോശപ്പെട്ടൊരു ചിത്രമല്ല. എങ്കിലും ഇവയില്‍ ചില മേഖലകളിലെങ്കിലും സര്‍ക്കാരിന്റെ സജീവശ്രദ്ധ അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യവും വെളിവാക്കപ്പെടുന്നുണ്ട്. വ്യവസായ മേഖലാ വളര്‍ച്ചയിലെ ഗതിവിഗതികള്‍ തന്നെ നോക്കാം. അര്‍ധവാര്‍ഷിക അവലോകനമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍, 2025 ഏപ്രില്‍ — സെപ്റ്റംബര്‍ പാദത്തിലേത് വ്യാവസായിക വളര്‍ച്ചയില്‍ പിന്നിട്ട അഞ്ച് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു എന്നാണ് കാണാന്‍ കഴിയുക. അതായത്, വെറും മൂന്ന് ശതമാനം. ഇതാണെങ്കില്‍, ലക്ഷ്യമിട്ടതിലും ഏറെ താഴ്ന്ന നിലവാരത്തിലുമായിരുന്നു. ഇതില്‍ നേരിയൊരു മാറ്റം തൊട്ടടുത്ത പാദത്തില്‍ കാണാനായിട്ടുണ്ട്. നടപ്പ് ധനകാര്യ വര്‍ഷത്തിലെ പ്രവണതയനുസരിച്ച് ഈ നിരക്ക് 4.1% വരെ ആകാമെന്നാണ്. ഉല്പാദന മേഖല മൊത്തത്തില്‍ ഈ കാലയളവില്‍ കെെവരിച്ചത് 4.8 ശതമാനത്തോളം വളര്‍ച്ചയാണ്. ധനകാര്യ വര്‍ഷത്തിലെ ഏറ്റവും മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കുമാണിത്. ഇത്, അന്തിമ വിശകലനത്തില്‍ 4.9% വരെയാകാം. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കാണിതെന്നത് ശ്രദ്ധേയമായി കാണുകയും വേണം.
അര്‍ധവാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിച്ചാലും സമാനമായൊരു പ്രവണതയാണ് കാണാന്‍ കഴിയുക. 2023 ഏപ്രില്‍ — സെപ്റ്റംബര്‍ കാലത്തെ 3.8% എന്നത് 2025ല്‍ 4.1% വരെ എത്തിയിരുന്നു. എന്നാല്‍, സ്ഥിരസ്വഭാവമില്ലാത്തതും ഏറ്റക്കുറച്ചിലുകള്‍ വ്യാപകമായി തുടര്‍ന്നുവരുന്നതുമായ ഈ പ്രവണത സ്ഥായിയായ സാമ്പത്തികവളര്‍ച്ച കെെവരിക്കുന്നതിന് ഒരുവിധത്തിലും സഹായകമാവില്ല എന്ന് നാം തിരിച്ചറിയണം. കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിക്കപ്പുറം പഴിചാരി രക്ഷപ്പെടാമെന്ന് കരുതുന്നതും വൃഥാവിലാകും. ഇന്ത്യയുടെ വ്യാവസായിക, ഉല്പാദന, ഊര്‍ജ മേഖലകളുടെ വളര്‍ച്ചാനിരക്കുകളെ കൂടെക്കൂടെയുള്ള മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയെന്നത്, അത് എന്തിനെ പഴിചാരിയായാലും ഭാവനാപൂര്‍വമായൊരു വികസന കാഴ്ചപ്പാടായി കരുതാനും സാധ്യമല്ല. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ ഉല്പാദന മേഖല സുരക്ഷിത വികസനത്തിന്റെ പരിധികള്‍ക്കുള്ളിലാണെന്നത് നമ്മെ അലംഭാവത്തിലേക്ക് നയിച്ചുകൂടാ. ഇപ്പോള്‍ കാണപ്പെടുന്ന പ്രതീക്ഷാനിര്‍ഭരമായ അവസ്ഥാവിശേഷം സ്ഥായിയായിരിക്കണമെന്നില്ല. കാരണമെന്തെന്നാല്‍, ഇന്ത്യയുടെ വളര്‍ച്ച വിശാലമായൊരു രൂപത്തിലോ, ഭാവത്തിലോ, ഉള്ള ഒന്നല്ല. ഈ പ്രവണത ഏതാനും ചില മേഖലകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നവയുമാണ്. വ്യവസായ സൂചികകളുടെ ഭാഗങ്ങളായ മൊത്തം 23 മേഖലകളെടുത്താല്‍ അവയുടെ 2025 ജൂലൈ — സെപ്റ്റംബര്‍ പാദത്തിലെ കണക്കെടുപ്പില്‍ പകുതിയിലേറെ യൂണിറ്റുകള്‍ വളര്‍ച്ചയില്‍ ഇടിവു രേഖപ്പെടുത്തിയിട്ടുള്ളതായി കാണാന്‍ കഴിയും. തൊഴിലാളി കേന്ദ്രീകൃത മേഖലകളായ വസ്ത്രനിര്‍മ്മാണം തുകലുല്പന്ന നിര്‍മ്മാണം, റബ്ബര്‍ — പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ മുതലായവയാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേയവസരത്തില്‍ സാമാന്യം ഭേദപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകള്‍ മൂലധന പ്രധാനവും മൂലധന കേന്ദ്രീകൃതവുമായ തടികൊണ്ടുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണം, ധാതുക്കളുപയോഗിച്ചുള്ള ഉല്പന്നനിര്‍മ്മാണം, അടിസ്ഥാന ലോഹങ്ങള്‍ വിനിയോഗിച്ച് നിര്‍മ്മാണം നടത്തുന്ന സംരംഭങ്ങള്‍, ഫാബ്രിക്കേറ്റഡ് ലോഹനിര്‍മ്മാണ ഘടകങ്ങള്‍ തുടങ്ങിയവയുമാണ്. ഈ പ്രവണതയാണ് തുടരുകയെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ക്കുമേല്‍ പ്രതികൂല ആഘാതമായിരിക്കും ഏല്പിക്കുക. വിശിഷ്യ, പുതിയ തൊഴിലവസരസൃഷ്ടി തീര്‍ത്തും വിപരീത ഫലമായിരിക്കും സമ്പദ്‌വ്യവസ്ഥയില്‍ ഉളവാക്കുക എന്നതും പ്രധാനമാണ്. ഈ യാഥാര്‍ത്ഥ്യം ഒരു സാഹചര്യത്തിലും തമസ്കരിക്കപ്പെടുകയുമരുത്.
സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നത് ഈടുനില്‍ക്കുന്ന ഉപഭോഗ ഉല്പന്നങ്ങളുടെ ഡിമാന്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇടിവാണ്. തുടര്‍ച്ചയായ ആറ് പാദങ്ങളിലും ഈ പ്രവണത നിലനിന്നുവരികയാണ്. ഈ വിഭാഗം ഉല്പന്നങ്ങളുടെ കൂട്ടത്തില്‍ അവശ്യ ഉപഭോഗ ഉല്പന്നങ്ങളായ ഉപ്പും ഭക്ഷ്യ എണ്ണകളും ഉള്‍പ്പെടുന്നു. മറ്റുള്ളവ വിവേചനപരമായ ഉപഭോഗ ഉല്പന്നങ്ങളാണ്. ഉപഭോഗ മേഖലയില്‍ ഈവിധത്തിലുള്ള പ്രവണതകള്‍ ദീര്‍ഘകാലമായി, ഇടവിട്ട കാലയളവുകളില്‍ നാം അനുഭവിച്ചുവന്നിട്ടുള്ളതാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തൊഴിലവസരങ്ങളുടെയും വരുമാനത്തിന്റെയും വര്‍ധനവ് മാത്രമാണ്. ഇക്കാര്യത്തില്‍ കുറുക്കുവഴികള്‍ തേടി പോകേണ്ട കാര്യവുമില്ല. വികസനങ്ങളുടെ പ്രാഥമിക മേഖലയായ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും വ്യവസായ വികസന മേഖല, സേവനമേഖല തുടങ്ങിയവയുടെ വളര്‍ച്ചയും തുല്യനിലയിലുള്ള മുന്നേറ്റവും ഉറപ്പാക്കുന്നതിന് അനിവാര്യമായതു്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നതാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈവിധത്തിലുള്ള സമഗ്ര വികസനം എന്ന് കാഴ്ചപ്പാട് പ്രായോഗികമാക്കുക ശ്രമകരമായിരിക്കുമെങ്കിലും, അതില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ കഴിയില്ല. സ്ഥായിയായതും സ്ഥിരതയാര്‍ന്നതുമായ വികസനത്തിലൂടെ മാത്രമേ സാമ്പത്തിക മുന്നേറ്റം സാധ്യമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.