23 January 2026, Friday

ജിഎസ്‌ടി കുറയ്ക്കല്‍: നേട്ടം ജനങ്ങള്‍ക്ക് കിട്ടണം

കെ എന്‍ ബാലഗോപാല്‍
ധനകാര്യ മന്ത്രി
September 9, 2025 4:15 am

ഴിഞ്ഞ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച ജിഎസ്‌ടി നിരക്ക് യുക്തിസഹമാക്കൽ നിർദേശങ്ങളെ പൊതുവിൽ സംസ്ഥാനങ്ങളെല്ലാം അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദേശം കേന്ദ്ര സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് കേരളവും സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ആശങ്കകൾ പരിഗണിക്കാൻ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരം ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളാണ് കേരളം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്ന്, നികുതിയിളവിന്റെ ഭാഗമായി ഉല്പന്നങ്ങൾക്ക് വിലക്കുറവുണ്ടാകണം. ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനുപകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമുണ്ടാകരുത്. രണ്ട്, നികുതി വെട്ടിക്കുറവുമൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം. മൂന്ന്, കേരള ലോട്ടറിയെ സംരക്ഷിക്കുന്ന നികുതി നിരക്ക് നിശ്ചയിക്കണം. എന്നാൽ, നിരക്ക് കുറയ്ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാൻ ഉതകുന്ന ഒരു നിർദേശവും കേന്ദ്ര സർക്കാര്‍ കൗൺസിലിന് മുമ്പാകെ വച്ചില്ല. 

ജിഎസ്‌ടി കുറയ്ക്കുന്നതിന് ആനുപാതികമായി സാധനങ്ങളുടെ വില കുറയുന്നില്ലെന്നതാണ് മുൻ അനുഭവങ്ങളെല്ലാം. അതിനാൽ, 450ലധികം ഇനങ്ങൾ ഉൾക്കൊള്ളുന്ന നിലവിലെ നിരക്കുമാറ്റ നിർദേശത്തിന്റെ പ്രയോജനം ഉപഭോക്താവിന് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നായിരുന്നു ആവശ്യം. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും നിലവില്ലെന്നതും യോഗത്തിൽ ചൂണ്ടിക്കാട്ടി. സിമന്റിന് നിലവിലുള്ള 28% നികുതി 18 ശതമാനത്തിലേക്ക് എത്തുമ്പോൾ ഒരു ചാക്കിന് കുറഞ്ഞത് 30 രൂപ കുറയണം. എന്നാൽ, 30 മുതൽ 35 രൂപവരെ വിലകൂട്ടാൻ സിമന്റ് കമ്പനികൾ നേരത്തെ നിശ്ചയിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി ഒഴിവാക്കലിന്റെ ഗുണം ഇൻഷുർ ചെയ്യുന്നവരിലേക്ക് എത്തുമോ എന്നതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിട്ടി തന്നെ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. നിരക്ക് കുറയ്ക്കൽ നികുതി വരുമാനത്തെ ബാധിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുന്നു. കേരളത്തിന് ഏതാണ്ട് 8,000 കോടി മുതൽ 10,000 കോടി രൂപവരെ വാർഷിക വരുമാന നഷ്ടമുണ്ടാകാം. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷുറൻസ്, ഇലക്ട്രോണിക്സ് എന്നീ നാല് മേഖലയിൽനിന്ന് മാത്രം 2,500 കോടി രൂപയുടെ വാർഷിക നഷ്ടമുണ്ടാകും. ജിഎസ്‌ടിയുടെ എട്ടുവർഷത്തെ ചരിത്രം പരിശോധിച്ചാൽ നികുതിവരുമാനത്തിൽ കാര്യമായ വർധനയില്ലെന്നതാണ് യാഥാർത്ഥ്യം. ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ് നിലനിന്നിരുന്ന വില്പന നികുതിയിൽനിന്ന് 2015–16ൽ കേരളത്തിന് 30,737 കോടി ലഭിച്ചിരുന്നു. ഇതിൽ 16,821 കോടിയുടെ നികുതി വരുമാന ഘടകങ്ങളാണ് ജിഎസ്‌ടിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ജിഎസ്‌ടിക്കുമുന്നേയുള്ള 10 വർഷത്തിൽ 15.2 ശതമാനവും, അതിലെ അവസാനത്തെ അഞ്ചുവർഷത്തിൽ 12.1 ശതമാനവുമായിരുന്നു വാർഷിക നികുതി വളർച്ച. ജിഎസ്‌ടിയിലൂടെ പ്രതിവർഷം 14% നികുതി വളർച്ച ഉറപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ആകെ വ്യാപാരത്തിൽ 14.4% നികുതി എന്ന രീതിയിൽ റവന്യു ന്യൂട്രൽ റേറ്റും നിശ്ചയിച്ചിരുന്നു. 

റവന്യു ന്യൂട്രൽ നിരക്ക് 15 – 15.5 ശതമാനത്തിനിടയിൽ വരുന്ന ജിഎസ്‌ടി നിരക്കുകളാണ് അരവിന്ദ് സുബ്രഹ്മണ്യൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. സംസ്ഥാനങ്ങൾ തങ്ങളുടെ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നത് പരിഗണിച്ചായിരുന്നു ശുപാർശ.
2017 നവംബറിൽ, നിരക്ക് യുക്തിസഹമാക്കലിന്റെ പേരിൽ 178 ചരക്കിനങ്ങളുടെ നിരക്കുകൾ ഒറ്റയടിക്ക് കുറച്ചപ്പോൾ റവന്യു ന്യൂട്രൽ നിരക്ക് 11.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തുടർന്നുള്ള വർഷങ്ങളിലും നിരക്കുകള്‍ കുറയ്ക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനം ചുരുക്കി. ജിഎസ്‌ടിക്ക് മുമ്പുള്ള അഞ്ച് വർഷങ്ങളിലെ വളർച്ചാനില തുടർന്നിരുന്നുവെങ്കിൽ കേരളത്തിന് കുറഞ്ഞത് 12 ശതമാനമെങ്കിലും വരുമാന വളർച്ച നിലനിർത്താനാകുമായിരുന്നു. അങ്ങനെയെങ്കില്‍ 2024–25ൽ 51,892 കോടിയുടെ നികുതി വരുമാനമുണ്ടാകുമായിരുന്നു. ജിഎസ്‌ടി വഴി ലഭിച്ചത് കഴിഞ്ഞ വർഷം 32,773 കോടി രൂപയാണ്. 2017നുമുമ്പുള്ള 10 വർഷങ്ങളിൽ തുടർന്ന മൊത്ത വാർഷിക നികുതി വളർച്ചാ നിരക്ക് പരിഗണിച്ചാൽ, കഴിഞ്ഞവർഷം ലഭിക്കേണ്ടിയിരുന്നത് 60,377 കോടി രൂപയും. അതായത് ജിഎസ്‌ടി മൂലം കഴിഞ്ഞവർഷം കേരളത്തിനുണ്ടായ വരുമാന നഷ്ടം 32,773 കോടി രൂപ. സംസ്ഥാനങ്ങൾക്ക് 14% വാർഷിക വരുമാന വളർച്ച ലഭിക്കാത്ത സാഹചര്യത്തിൽ അനുവദിച്ച നഷ്ടപരിഹാരവും 2022 ജൂണിൽ അവസാനിപ്പിച്ചു. നഷ്ടപരിഹാരം തുടർന്നിരുന്നെങ്കിൽ, 2024–25ൽ കേരളത്തിന് 54,000 കോടി ലഭിക്കുമായിരുന്നു. 

നിരക്ക് മാറ്റം സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും കേന്ദ്ര ഖജനാവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തതയില്ല എന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്. ‌ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഉപഭോഗ രീതികളുണ്ട്. ഉയർന്ന നിരക്കിലുള്ള ഉല്പന്നങ്ങളുടെ കൂടുതൽ ഉപഭോഗമുള്ള കേരളത്തിന്, ഇവയുടെ നിരക്കിൽ വരുത്തുന്ന വലിയ കുറവ് വരുമാനത്തെ ഗണ്യമായി ബാധിക്കും. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ നഷ്ടം വളരെ വലുതായിരിക്കും. 28, 18% നിരക്കിൽ നികുതി ഈടാക്കിയിരുന്ന ഉല്പന്നങ്ങൾ വഴിയാണ് കേരളത്തിന് ജിഎസ്‌ടിയുടെ 78 ശതമാനവും ലഭിക്കുന്നത്. ഉപഭോഗം വർധിപ്പിക്കുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനും സഹായകമാകും എന്നായിരുന്നു ജിഎസ്‌ടി നടപ്പാക്കുമ്പോഴുണ്ടായ അവകാശവാദം. അത് യാഥാർത്ഥ്യമായില്ല. നിലവിലെ നികുതി നിരക്ക് കുറയ്ക്കല്‍കൂടി പ്രാബല്യത്തിലാകുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കൂടുതൽ ഇടിയും. 2017ല്‍ നടപ്പിലാക്കിയ നിരക്ക് കുറയ്ക്കൽ തീരുമാനം കേരളത്തിന്റെ വരുമാനത്തിന് കനത്ത പ്രഹരമായി മാറി. 2017–18ലെ 2,102 കോടി രൂപയിൽനിന്ന് 2018–19ൽ 3,532 കോടിയായും, 2019–20ൽ 8,111 കോടിയായും നികുതി നഷ്ടം ഉയർന്നു. 2017–18നും 2022–23നുമിടയിൽ, കേരളത്തിന്റെ സംരക്ഷിത വരുമാനവും യഥാർത്ഥ ജിഎസ്‌ടി വരുമാനവും തമ്മിലുള്ള വിടവ് വർധിച്ചുവരികയാണ്. 2019–20ൽ 28,416 കോടി രൂപയുടെ സംരക്ഷിത വരുമാനത്തിൽ, സംസ്ഥാനത്തിന്റെ സ്വന്തം ജിഎസ്‌ടി വരുമാനങ്ങളും അഡ്ഹോക്ക് സെറ്റിൽമെന്റുകളും ചേർന്ന തുക 20,316 കോടി മാത്രമാണ്. 8,100 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കേണ്ടിവന്നു. 2020–21ൽ, സംരക്ഷിത വരുമാനം 32,400 കോടിയായിരുന്നു. ജിഎസ്‌ടി വരുമാനങ്ങളും അഡ്ഹോക്ക് സെറ്റിൽമെന്റുകളുമായി ലഭിച്ചത് 19,559 കോടിയും. നഷ്ടപരിഹാര തുക 12,841 കോടിയായി ഉയർന്നു. 

2022 വരെയുള്ള കാലയളവിൽ നഷ്ടപരിഹാരമാണ് വരുമാന നഷ്ടം നികത്തിയിരുന്നത്. അത് പരിഗണിച്ചാണ്, നിലവിലെ നിരക്ക് പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര സംവിധാനം പുനഃസ്ഥാപിച്ചേ മതിയാകൂ എന്ന ആവശ്യം യോഗത്തിൽ ശക്തമായി അവതരിപ്പിക്കപ്പെട്ടത്. ദേശീയ ജിഡിപിയുടെ ഏകദേശം നാല് ശതമാനം സംഭാവന ചെയ്യുന്ന കേരളത്തിന്റെ സാമ്പത്തിക പ്രകടനം 2016–17 മുതൽ സ്ഥിരമായി തുടരുന്നു. എന്നാലും, ജിഎസ്‌ടിക്ക് മുമ്പുള്ള സംയോജിത നികുതികളുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിഎസ്‌ടിക്ക് ശേഷമുള്ള കാലയളവിൽ കേരളത്തിന്റെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. ജിഎസ്‌ടി സമ്പ്രദായത്തിനുള്ളിലെ വ്യവസ്ഥാപിത പ്രശ്നങ്ങളാണ് കാരണം. യൂണിയൻ നികുതികളുടെ വിഭജിക്കാവുന്ന പൂളിലും കേരളത്തിന്റെ പങ്ക് കുറഞ്ഞു. ധനകാര്യ കമ്മിഷൻ നിശ്ചയിച്ച ഫോർമുലയാണ് കാരണമായത്. മാനുഷിക, സാമൂഹിക വികസന സൂചികകളിലെ ശക്തമായ മുന്നേറ്റമുണ്ടാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയായിരുന്നു. പ്രായമാകുന്നവരുടെ സംഖ്യാവർധന, കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും വിപുലമായ സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ സംഭവിക്കുന്ന നിരക്ക് മാറ്റവും വരുമാന നഷ്ടവും ബജറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വെല്ലുവിളിയാകും. ഇത് ധനകാര്യ ആസൂത്രണത്തെയടക്കം വലിയ തോതിൽ ബാധിക്കാം. കേന്ദ്ര നിലപാടുകളിൽ വരുത്തുന്ന മാറ്റങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദവും പരിശോധിക്കപ്പെട്ടിട്ടില്ല. കേരളത്തിന്, സ്വന്തം നികുതി വരുമാനത്തിന്റെ ഏകദേശം 41 ശതമാനമാണ് ജിഎസ്‌ടിയിൽനിന്ന് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ജിഎസ്‌ടിയിൽനിന്നുള്ളത്. പ്രത്യക്ഷ നികുതികളും, സെസുകളും സർചാർജുകളും, വലിയതോതിൽ എടുക്കുന്ന വായ്പകൾ എന്നിവയാണ് പ്രധാന സാമ്പത്തിക സ്രോതസുകൾ. അതിനാൽ, നിരക്ക് മാറ്റത്തിൽ വലിയ ഭാരം സംസ്ഥാനങ്ങൾക്കുമേലായിരിക്കും പതിക്കുക. 

സംസ്ഥാന വരുമാനം സംരക്ഷിക്കുന്നതിന് ഒരു അധിക ലെവി അവതരിപ്പിക്കണമെന്നതായിരുന്നു ആദ്യ നിർദേശം. വരുമാനക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക സെസുകൾ ചുമത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം, വരുമാനം പങ്കിടലിലെ കേന്ദ്ര‑സംസ്ഥാന അനുപാതം 40:60 ആക്കണം, ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി നിരക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യ വസ്തുക്കൾക്ക് ഗണ്യമായി കുറഞ്ഞ നിരക്കും ചുമത്തുന്ന നികുതി സമ്പ്രദായം നടപ്പാക്കണം എന്നിങ്ങനെ വ്യക്തമായ നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും കേന്ദ്ര സർക്കാർ ഗൗരവത്തിൽ എടുത്തിട്ടില്ല. സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറി കേരളത്തിൽ മാത്രമാണുള്ളത്. അതിനെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40% നികുതി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിതരണക്കാരും ടിക്കറ്റ് വില്പനക്കാരുമായി രണ്ട് ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി. ജിഎസ്‌ടി വർധനവ് ടിക്കറ്റ് വില്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാൽ, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ നിലവിലെ നിരക്കിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പേപ്പർ ലോട്ടറിയുടെ നിലവിലെ 28% നികുതി നിരക്ക് തുടരാൻ വലിയ പോരാട്ടം ഏറ്റെടുക്കേണ്ടിവരും. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാനങ്ങൾ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിച്ചതും ജിഎസ്‌ടിയെ അംഗീകരിച്ചതും. എട്ട് വർഷങ്ങൾക്കുശേഷവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. അതിനാലാണ് കേരളം സുചിന്തിതമായ ആശങ്കകൾ കൗൺസിലിന് മുന്നിൽ വച്ചത്. അവ പൂർണമായും അവഗണിക്കപ്പെടുന്നുവെന്നത് നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.