13 February 2026, Friday

വെനസ്വേലയിലെ വെടിയൊച്ചകൾ

എം കെ നാരായണമൂര്‍ത്തി
January 5, 2026 4:40 am

വെനസ്വേലയുടെ പരമാധികാരത്തെ ഭേദിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടു വന്ന് ജയിലിലാക്കി, തങ്ങൾ എത്രത്തോളം ക്രിമിനൽ രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് അമേരിക്കയും നീതിബോധം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത കച്ചവടക്കാരൻ മാത്രമായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് വീമ്പുപറഞ്ഞ് ലോകത്തിന്റെ മുന്നിൽ നാണം കെട്ടു നിൽക്കുമ്പോഴാണ് വെനസ്വേലയെന്ന കൊച്ചു ലാറ്റിൻ അമേരിക്കൻ രാജ്യത്തെ, രാത്രിയുടെ മറവിൽ കടന്നാക്രമിച്ചുകൊണ്ട് ട്രംപ് വീരസ്യം കാട്ടിയിരിക്കുന്നത്. ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ വെനസ്വേലയിൽ അന്തഃച്ഛിദ്രങ്ങൾ സൃഷ്ടിക്കാൻ ട്രംപിന്റെ മുൻഗാമികൾ ശ്രമിച്ചത് മറന്നുകൊണ്ടല്ല ഇതെഴുതിയത്. ലോകത്തിന്റെ പടിഞ്ഞാറൻ ചക്രവാളത്തിൽ എല്ലാകാലത്തും അമേരിക്കയുടെ അപ്രമാദിത്വം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു കൊണ്ട് 1823ൽ തന്നെ അന്നത്തെ പ്രസിണ്ടായിരുന്ന ജെയിംസ് മൺറോ ഉണ്ടാക്കിയ ഒരു തിട്ടൂരം ഉണ്ടായിരുന്നു. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിയായിരുന്നു ഇന്ന് മൺറോ സിദ്ധാന്തം എന്നറിയപ്പെടുന്ന ഒരു രേഖയുണ്ടാക്കി വച്ചിരുന്നത്. ട്രംപിന്റെ “അമേരിക്ക ഫസ്റ്റ്” എന്ന മൂലധനാധിഷ്ഠിത സിദ്ധാന്തവും ഇതിന്റെ ചുവടുപിടിച്ചുള്ളതാണ്. ലാറ്റിൻ അമേരിക്കയിൽ ക്യൂബയെ തകർക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് മറ്റ് ചെറിയ രാജ്യങ്ങളിലേക്ക് അമേരിക്ക തങ്ങളുടെ തിണ്ണമിടുക്ക് കാണിച്ചു തുടങ്ങിയത്. ലോകത്തിന്റെ മയക്കുമരുന്ന് കച്ചവട ഭൂപടത്തിൽ എങ്ങുമില്ലാതിരിക്കുന്ന വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ നാർക്കോട്ടിക്ക് സിൻഡിക്കേറ്റുകളുടെ തലവനാണെന്ന വ്യാജനിർമ്മിതിയുണ്ടാക്കിയാണ് അദ്ദേഹത്തെയും ഭാര്യയേയും യുഎസ് കോടതികളിൽ വിചാരണ ചെയ്യാൻ ട്രംപ് ഒരുങ്ങുന്നത്. എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളുടേയും ഉടമ്പടികളുടേയും നഗ്നമായ ലംഘനമാണിത്. കരീബിയൻ, പസഫിക്ക് സമുദ്രങ്ങളിലൂടെ കടന്നുപോകുന്ന വെനസ്വേലയുടെ ചെറുതും വലുതുമായ യാനങ്ങളിലേക്ക് മിസൈലാക്രമണം നടത്തി തങ്ങളുടെ വാദത്തിന് ബലമേകാൻ അമേരിക്ക നടത്തിയ ശ്രമങ്ങളെല്ലാം പാഴായിരുന്നു. ഈ യാനങ്ങളെല്ലാം മയക്കുമരുന്നു കടത്താൻ ഉപയോഗിച്ചതാണെന്ന അമേരിക്കയുടെ വാദത്തെ പൊളിച്ചത് അമേരിക്കൻ പക്ഷത്തു നിൽക്കുന്ന ട്രിനിഡാഡ് ആന്റ് ടൊബാഗോ ദ്വീപുകളുടെ പ്രസിഡന്റ് കാർലോ കങ്കാലൂ തന്നെയായിരുന്നു. അമേരിക്കൻ സൈന്യത്തിന് തങ്ങളുടെ സമുദ്രാതിർത്തി ഉപയോഗിക്കാൻ അനുവാദം കൊടുത്ത രാജ്യം കൂടിയാണ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. കൊളംബിയയിലേയും മെക്സിക്കോയിലെയും വൻകിട മയക്കുമരുന്നു ശൃംഖലകളെ തൊടാൻ പോലും മടിക്കുന്ന അമേരിക്കൻ ഭരണകൂടം മയക്കുമരുന്നു കച്ചവടക്കാരൻ എന്ന മുദ്ര മഡുറോയ്ക്ക് നൽകുന്നതിന് പിന്നിലുള്ളത് സാമ്രാജ്യത്വത്തിന്റെ സ്വേച്ഛാധിപത്യപരമായ ആഗ്രഹങ്ങളും ലാഭക്കൊതിയും തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫോസിൽ ഇന്ധന നിക്ഷേപമുള്ളത് വെനസ്വേലയുടെ ഗർഭത്തിലാണ്. മൂന്ന് ബില്യൺ ബാരൽ എണ്ണ വെനസ്വേലയുടെ നിക്ഷേപത്തിൽ ഇനിയുമുണ്ട്. ഈ എണ്ണശേഖരത്തിന്റെ പരമാധികാരം തങ്ങൾക്ക് ലഭിക്കുന്നതിലൂടെ നേടാവുന്ന പെട്രോ ഡോളറിന്റെ വലിപ്പം ട്രംപ് എന്ന കച്ചവടക്കാരനെ മോഹിപ്പിക്കുന്നുണ്ട്. മാത്രമല്ല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം നിക്ഷേപം നടത്തുന്നത്, അത് ഏതു മേഖലയിലായാലും, ചൈനീസ് കമ്പനികളും ചൈനീസ് സർക്കാരുമാണ്. വെനസ്വേലയുടെ എണ്ണ വ്യാപാരത്തിന്റെ 80% ചൈനയുമായിട്ടായിരുന്നു. ഈ വ്യാപാരം തകർക്കാൻ അമേരിക്ക ആദ്യം ചെയ്തത് വെനസ്വേലയിൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കലായിരുന്നു. വെനസ്വേലൻ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ അമേരിക്ക അവിടത്തെ വലതുപക്ഷത്തെ എല്ലാവിധത്തിലും സഹായിച്ചു. വെനസ്വേലയുടെ ആഭ്യന്തര സംവിധാനങ്ങളെയെല്ലാം നിലനിറുത്തിയിരുന്നത് എണ്ണ വ്യാപാരത്തിൽ നിന്നും ലഭിച്ചിരുന്ന വരുമാനത്തിലായിരുന്നു. 1976 വരെ രാജ്യത്തിന്റെ എണ്ണയുല്പാദന കേന്ദ്രങ്ങളെയെല്ലാം നിയന്ത്രിച്ചിരുന്നത് പ്രമുഖ അമേരിക്കൻ എണ്ണ കമ്പനികളായിരുന്ന എക്സോൺ മൊബിലും ഗൾഫ് ഓയിലുമായിരുന്നു. 1976ൽ വെനസ്വേല എണ്ണയുല്പാദനവും വിതരണവും ദേശസാൽക്കരിച്ചതോടെ അമേരിക്കൻ കുത്തകയ്ക്ക് വിരാമമായി. അക്കാലം മുതലേ തങ്ങളുടെ അപ്രമാദിത്വം തിരിച്ചു പിടിക്കാൻ യുഎസ് മാറി മാറി ഭരിച്ച റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും ശ്രമിച്ചിരുന്നു. വെനസ്വേലയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പിഡിവിഎ സെയിൽ തൊഴിലാളികളെ ഇളക്കിവിട്ടു കൊണ്ടായിരുന്നു കലാപവും അസ്ഥിരതയും സൃഷ്ടിക്കാൻ അമേരിക്ക ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായി എണ്ണയുല്പാദനത്തിൽ വമ്പിച്ച കുറവുണ്ടാകുകയും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകരാൻ തുടങ്ങുകയും ചെയ്തു. ഈ അവസ്ഥയെ ചെറുക്കാനുള്ള നടപടികളുമായി ഹ്യൂഗോ ഷാവേസും അദ്ദേഹത്തിന്റെ പിൻഗാമി നിക്കോളാസ് മഡുറോയും തുടങ്ങി വച്ച സാമ്പത്തിക പരിഷ്കാരങ്ങൾ തങ്ങളുടെ ലാറ്റിൻ അമേരിക്കൻ മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കണ്ട അമേരിക്ക ആദ്യം പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാൻ ശ്രമിച്ചു. അത് നടക്കാതെ പോയപ്പോൾ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഡുറോയെ പരാജയപ്പെടുത്താൻ എല്ലാ മാർഗങ്ങളും നോക്കി. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് ആഴത്തിൽ വേരുകളുള്ള വെനസ്വേലയിലെ ജനങ്ങൾ ആ ശ്രമത്തേയും പരാജയപ്പെടുത്തിയതോടെ ജനങ്ങളുടെ ജീവിത മാർഗങ്ങൾ അടയ്ക്കാനുള്ള തരംതാഴ്ന്ന കളികൾ അമേരിക്ക കളിച്ചു തുടങ്ങി. ഡോളറിന് അന്താരാഷ്ട്ര തലത്തിലുള്ള മേൽക്കൈ ഉപയോഗിച്ചു കൊണ്ടായിരുന്നു അവരത് ചെയ്തത്. വെനസ്വേലൻ കറൻസിയായ വെനിസ്വേലൻ ബോളിവറിന്റെ മൂല്യത്തിൽ വൻ തകർച്ചയുണ്ടാക്കിയാണ് അമേരിക്ക വെനസ്വേലൻ വിപണിയെ തകർത്തത്. (നമ്മുടെ ഇന്ത്യയിലും ഇതേ കളിയാണ് അമേരിക്ക ഇപ്പോൾ നടത്തി വരുന്നതെന്നും കൂടി മനസിലാക്കിയാൽ നമ്മുടെ ഭരണകൂടത്തിനും നല്ലതാണ്.) അത്തരത്തിൽ ആ രാജ്യത്തെ ദരിദ്രവൽക്കരിക്കുന്നതിലൂടെ വലതുപക്ഷ ശക്തികളെ അധികാരത്തിൽ കൊണ്ടു വന്ന് പാവ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ നേരിട്ടുള്ള സൈനികാക്രമണത്തിന് മുതിർന്നതും താൽക്കാലികമായെങ്കിലും വെനസ്വേല ഭരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നതും. ആധുനിക കോളനിവൽക്കരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കാനഡയെ അമേരിക്കയുടെ അമ്പൊത്തൊന്നാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഇത്തരുണത്തിൽ നമ്മൾ ഓർക്കണം. ബെൽറ്റ് ആന്റ് റോഡ് മുൻകയ്യിലൂടെ ലോക വാണിജ്യ ഭൂപടത്തിൽ ചൈന പിടിമുറുക്കുന്നത് അമേരിക്കയെ അങ്ങേയറ്റം പേടിപ്പെടുത്തുന്ന ഒന്നാണ്. ചൈനയുടെ ഈ പദ്ധതിയിലെ ഒരു രാജ്യമായിരുന്നു വെനസ്വേല. അവിടത്തെ ഭരണം നിയന്ത്രിക്കാനായാൽ ചൈനയുടെ തേരോട്ടത്തിന് കടിഞ്ഞാണിടാമെന്ന് അമേരിക്കൻ ഭരണകൂടം മോഹിക്കുന്നു. ഏഷ്യൻ മേഖലയുടെ ഭൂമിശാസ്ത്രപരമായ വിന്യാസം തങ്ങൾക്ക് അനുകൂലമല്ലെന്ന് അമേരിക്കയ്ക്ക് അറിയാം. ഇറാന് നേരെ പലപ്പോഴും തോക്കുചൂണ്ടുന്നത് ഈ ചൈനീസ് പദ്ധതിയെ പൊളിക്കാനാണ്. ചൈന ആയുധം നൽകി ഇറാനെ സഹായിക്കുമെന്ന ബോധ്യം വന്നപ്പോഴാണ് ഇറാന് നേരെയുള്ള ആക്രമണങ്ങൾ അമേരിക്ക താൽക്കാലികമായെങ്കിലും അവസാനിപ്പിച്ചത്. മധ്യേഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തിൽ ചൈന വ്യക്തമായ ആധിപത്യം ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്. ഇവിടെയും അമേരിക്കയെ തടസപ്പെടുത്തുന്നത് ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങൾ തന്നെ. അപ്പോഴാണ് തൊട്ടടുത്തുള്ള വെനസ്വേലയിലെ എണ്ണ ഖനികളിലേക്ക് അടിയന്തരമായി എത്തിപ്പെടാൻ അമേരിക്ക പ്രയാസപ്പെടുന്നത്. അമേരിക്കൻ താല്പര്യങ്ങളുടെ സംരക്ഷകയും വെനസ്വേലയിലെ ജനങ്ങൾ തള്ളിക്കളഞ്ഞയാളുമായ അവിടത്തെ പ്രതിപക്ഷത്തിന്റെ നാവ് മക്കാഡോ പറഞ്ഞതിന്റെ അർത്ഥമറിയേണ്ടത് ഈ സാഹചര്യത്തിലാണ്. “ഞങ്ങൾ അധികാരത്തിലെത്തിയാൽ വെനസ്വേലയുടെ ഊർജമേഖല അമേരിക്കയ്ക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ തുറന്നു കൊടുക്കും. എണ്ണ ഉല്പാദിപ്പിക്കാനും അതിന്റെ ചരക്കു നീക്കത്തിനും ഞങ്ങൾ യാതൊരു വിധ നിയന്ത്രണവും ഏർപ്പെടുത്താൻ പോകുന്നില്ല.” ഈ വാക്കുകൾ അന്വർത്ഥമാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. അമേരിക്കൻ ജനതയ്ക്കിടയിൽ അത് തനിക്ക് വലിയൊരു പ്രതിച്ഛായ വർധനയുണ്ടാക്കുമെന്നും ട്രംപ് കരുതുന്നുണ്ടാകണം. പ്രത്യേകിച്ചും അമേരിക്കയിലെ പല മേയർ തെരഞ്ഞെടുപ്പുകളിലും ട്രംപ് വിരുദ്ധർ വലിയ മേൽക്കൈ നേടിയിരിക്കുന്ന സാഹചര്യത്തിൽ. റഷ്യയും ചൈനയും ബ്രസീലും യൂറോപ്യൻ യൂണിയനും ഈ അമേരിക്കൻ അധിനിവേശത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിൽ അശാന്തി പടർത്താനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന റഷ്യയുടെ പ്രസ്താവന ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. പല്ലും നഖവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ. ഐക്യരാഷ്ട്രസഭയെ തകർക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ അയാൾ ആദ്യം പ്രസിഡന്റായപ്പോൾ തന്നെ തുടങ്ങിയതാണ്. ലോകം അരക്ഷിതമായാലേ തന്റെ കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കപ്പെടൂ എന്ന തിരിച്ചറിവിലാണ് ട്രംപ് ഐക്യരാഷ്ട്ര സഭയ്ക്ക് തുരങ്കം വച്ച് തുടങ്ങിയത്. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ ലോകം ഇതു കണ്ടതാണ്. ഇസ്രയേൽ നടത്തിയ വംശഹത്യക്ക് അമേരിക്ക കുട പിടിച്ചപ്പോൾ കൂട്ടുനിന്ന ബ്രിട്ടനെ പോലുള്ള രാജ്യങ്ങൾക്ക് ഇപ്പോഴെങ്കിലും കണ്ണു തുറക്കാനായില്ലെങ്കിൽ ഇനിയും മഡുറോമാരെ സൃഷ്ടിക്കാൻ അമേരിക്ക ഇറങ്ങിപ്പുറപ്പെടും. അതു നയിക്കുന്നത് മൂന്നാം ലോക മഹായുദ്ധമെന്ന മഹാദുരന്തത്തിലേക്കായിരിക്കും. വാചകം മാത്രം കൈമുതലായുള്ള ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് കാര്യമായി ഇടപെടാനുള്ള അവസരമൊന്നും ഇപ്പോഴില്ല. ഇല്ലാത്ത കണക്കുകൾ സൃഷ്ടിച്ച് നാലാമത്തെ സാമ്പത്തിക ശക്തിയെന്നൊക്കെ അവകാശപ്പെടാമെങ്കിലും സൈനിക ബലം ഉയർത്തിക്കാട്ടി ശാക്തിക ചേരികളിൽ മിനിമം ഇടപെടൽ പോലും നടത്താൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് കഴിയില്ല. സാധിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികൾ ഉറക്കം നടിക്കാതെ മുന്നോട്ട് വരികയാണിപ്പോൾ വേണ്ടത്. അർധരാത്രിയിൽ വെനസ്വേലയിൽ ഉയർന്ന വെടിയൊച്ചകൾ മറ്റു രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. ശീതയുദ്ധകാലത്തിന്റെ മുറിവുകൾ ഉണങ്ങാൻ എത്രകാലം വേണ്ടി വന്നു എന്നു നമുക്കറിയാം. അന്ന് പക്ഷേ കരുത്തോടെ മുന്നിൽ നിൽക്കാൻ ഒരു യുഎസ്എസ്ആർ ഉണ്ടായിരുന്നു. അധിനിവേശ സ്വപ്നങ്ങളെ ഒരു പ്രത്യയശാസ്ത്രം മുന്നോട്ട് വച്ച് എതിർക്കാനുള്ള സഹായശക്തികൾ ഇല്ലാതായതിന്റെ ദുരന്തമാണ് വെനസ്വേലയും ആ രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും. താലിബാനിസത്തിന്റെ ഈ അമേരിക്കൻ പതിപ്പ് എക്കാലവും അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുക തന്നെ ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.