
തങ്ങളുടെ പ്രവർത്തനം മികച്ചതാണെന്ന് സ്ഥാപിക്കുന്നതിനുവേണ്ടി സർക്കാരുകളും സംഘടനകളും എന്നും ദാരിദ്ര്യത്തിന്റെ കണക്കെടുപ്പ് നടത്താറുണ്ട്. ദാരിദ്ര്യം കുറച്ചുവെന്നും ഇക്കാര്യത്തിൽ മുൻ സർക്കാരിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചുവെന്നും നേതാക്കൾ നിരന്തരം അവകാശപ്പെടാറുമുണ്ട്. എന്നാൽ ഈ കണക്കുകൾ എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കപ്പെടുന്നില്ല. ദാരിദ്ര്യം ലഘൂകരിക്കുക എന്നത് സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെടുന്നതിന്റെ ശ്രദ്ധേയമായ സൂചകം തന്നെയാണ്. കൂടുതൽ പേർ സമ്പാദിക്കുകയും സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുകയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും വിവരങ്ങളിൽ അത്രമേൽ എളുപ്പത്തിൽ കൃത്രിമം നടത്താവുന്ന പുതിയ കാലത്ത് ഈ അവകാശവാദത്തിനുപയോഗിക്കുന്ന കണക്കുകൾ മുഖവിലയ്ക്കെടുക്കുന്നതിന് മുമ്പ് വളരെ കൃത്യമായ പരിശോധന ആവശ്യമാണ്.
ഇന്ത്യയിൽ വരുമാനത്തെയല്ല, ചെലവിനെ ആശ്രയിച്ചാണ് ദാരിദ്ര്യം നിർണയിക്കുന്നത്. ഈ വിവരങ്ങൾ സമാഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം നാഷണൽ സാമ്പിൾ സർവേ ഓഫിസി (എൻഎസ്എസ്ഒ) നാണ്. 2005ലാണ് ടെണ്ടുൽക്കർ സമിതി അവസാനത്തെ ഔദ്യോഗിക ദാരിദ്ര്യരേഖാ മാനദണ്ഡം നിശ്ചയിച്ചത്. ഗ്രാമപ്രദേശങ്ങളിൽ ഒരാൾക്ക് പ്രതിമാസം 447 രൂപയിൽ താഴെയും നഗരങ്ങളിൽ 579 രൂപയിൽ താഴെയും ചെലവഴിക്കാനുള്ള ശേഷിയാണ് ദാരിദ്ര്യം നിർണയിക്കുന്നതിന് ഉപയോഗിക്കുന്നത്. ഈ പരിധി വളരെ കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയുണ്ടായി.
2011-12 ആയപ്പോഴേക്കും പണപ്പെരുപ്പം കണക്കിലെടുത്ത് ദാരിദ്ര്യരേഖാ മാനദണ്ഡം ഗ്രാമപ്രദേശങ്ങളിൽ പ്രതിദിനം 27 രൂപയും നഗരങ്ങളിൽ 33 രൂപയുമായി നിർണയിച്ചു. ഇതാണ് ഇന്ത്യയുടെ ഔദ്യോഗിക മാനദണ്ഡമായി ഇപ്പോൾ നിലവിലുള്ളത്. 2011ൽ രംഗരാജൻ സമിതി ദാരിദ്ര്യം നിർണയിക്കുന്നതിനുള്ള മാനദണ്ഡം നഗര മേഖലയിൽ പ്രതിദിനം 47, ഗ്രാമീണ മേഖലയിൽ 32 രൂപയായി പുതുക്കി നിശ്ചയിക്കണമെന്ന് നിർദേശിക്കുകയുണ്ടായി. ടെണ്ടുൽക്കർ സമിതിയുടെ രീതി അനുസരിച്ച് 2011 ‑12ൽ 21.9 ശതമാനം, രംഗരാജൻ സമിതിയുടെ പ്രകാരമാണെങ്കിൽ 29.5 ശതമാനം എന്നിങ്ങനെയാണ് ദാരിദ്ര്യരേഖയ്ക്ക് കീഴിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം. നിർണയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്, ദാരിദ്ര്യ സ്ഥിതിവിവര കണക്കുകളിലുണ്ടാക്കുന്ന പൊരുത്തക്കേട് എടുത്തുകാട്ടുന്നതാണിത്.
അടുത്തകാലത്ത് ലോക ബാങ്കിന്റേതായി പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് 2011- 12 നും 2022 — 23നുമിടയിൽ 17 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നു എന്നാണ്. ഇവരുടെ തോത് 16.2ൽ നിന്ന് 2.3 ശതമാനമായി കുറഞ്ഞെന്നും. കടുത്ത ദാരിദ്ര്യം നിർണയിക്കുന്നതിനുള്ള അവരുടെ മാനദണ്ഡം പ്രതിദിനം 2.5 ഡോളർ (ഏകദേശം 180 രൂപ) ചെലവഴിക്കാനുള്ള ശേഷിയാണ്. ഈ രീതിക്കും പോരായ്മകൾ ഉണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരുടെയും ദിവസവേതനത്തൊഴിലാളികളുടെയും സാമ്പത്തിക അസ്ഥിരാവസ്ഥ കൃത്യമായി ഉൾക്കൊള്ളുന്നതിൽ ഇത് പരാജയപ്പെടുന്നു. കാരണം അവർക്കു ലഭിക്കുന്ന വരുമാനം ക്രമരഹിതമാണ്. അതേസമയം എല്ലാദിവസവും അവർക്ക് തങ്ങളുടെ കുടുംബത്തിന് ചെലവുകൾ നിർവഹിക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ ദാരിദ്ര്യ നിർണയ രീതി വരുമാനവും ഉപഭോഗവും തമ്മിലുള്ള അസമത്വത്തെ മറച്ചുവയ്ക്കുന്നതാണ്. അസമമായ വരുമാനം ഉണ്ടാകുമ്പോൾ തന്നെ നിശ്ചിത തുക ചെലവഴിക്കാൻ കഴിയുന്നു എന്ന ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ധരായ ഹിമാൻഷു, പീറ്റർ ലാൻജോ, ഫിലിപ്പ് ഷിർമെറാന്റ് എന്നിവർ ചേർന്ന് തയ്യാറാക്കി, ഇക്കോണമിക്കൽ ആന്റ് പൊളിറ്റിക്കൽ വീക്കിലിയിൽ (2025 ഏപ്രിൽ) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 2011-12 മുതൽ ദാരിദ്ര്യം കുറഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ 2004-05 മുതൽ 2011-12 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഇടിയുന്നതിന്റെ നിരക്കിൽ കുറവ് വന്നിട്ടുണ്ടെന്നും പറയുന്നു. 2011–12ൽ 25 കോടിയായിരുന്ന ദരിദ്രരുടെ എണ്ണം 2022–23ൽ 22.5 കോടിയായി കുറഞ്ഞു എന്നാണ് അവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
പരസ്പരബന്ധിതമല്ലാത്തതും താരതമ്യം ചെയ്യാനാകാത്തതുമായ ഉപഭോഗ സർവേകൾ ഉപയോഗിക്കുന്നതിന്റെ പ്രശ്നങ്ങളിലേക്കും പഠനം വിരൽ ചൂണ്ടുന്നുണ്ട്. ഉപഭോഗ സർവേകൾ അഞ്ചു വർഷത്തിലൊരിക്കൽ നടക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ 2011–12ലെ സർവേയ്ക്കുശേഷം 2022 — 23ൽ മാത്രമേ നടത്തിയിട്ടുള്ളൂ. അതായത് പത്തുവർഷത്തിനുശേഷം. മാതൃകകൾ ശേഖരിക്കൽ, വിവരസമാഹരണം, കാലയളവ് എന്നിവയിലെ മാറ്റങ്ങൾ കാരണം 2022 ‑23, 2023- 24 വർഷങ്ങളിലെ സർവേകളെ വിശ്വസനീയമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് അവർ പറയുന്നു. ഉദാഹരണത്തിന് ഏഴു ദിവസത്തെ പാൽ ഉപഭോഗം, രണ്ടുദിവസത്തെ പാൽ വാങ്ങൽ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യത്യസ്തമായ ഉത്തരങ്ങളാണ് ലഭിക്കുക. ഇതിന്റെ ശരാശരി കണ്ടെത്തിയുള്ള രീതി ദാരിദ്ര്യ നിർണയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
ദാരിദ്ര്യം എന്നത് ഉപഭോഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിലെ പോരായ്മയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. കൂടാതെ ദാരിദ്ര്യമെന്നത് ബഹുമുഖ പ്രതിസന്ധിയാണ്. കുടുംബത്തിന്റെ ഭക്ഷണ ചെലവ് താങ്ങാൻ കഴിഞ്ഞേക്കാമെങ്കിലും ആരോഗ്യ പരിപാലനം, കുട്ടികളുടെ പഠനം, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ദാരിദ്ര്യം യഥാർത്ഥത്തിൽ കുറഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജോലികളെ 30 ശതമാനം ഗ്രാമീണ കുടുംബങ്ങൾ ഇപ്പോഴും ആശ്രയിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. അവിടെയാണെങ്കിൽ വിപണി നിരക്കിനേക്കാൾ കുറഞ്ഞ വേതനമാണ് നൽകപ്പെടുന്നത്. കൂടാതെ 80 കോടി ആളുകൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകേണ്ടിവരികയും ചെയ്യുന്നുണ്ട്.
അസമത്വത്തെക്കുറിച്ചുള്ള ചർച്ച മറ്റൊരു തലത്തിലും സങ്കീർണമാകുന്നുണ്ട്. 2011 — 12ൽ വരുമാന അസമത്വത്തിന്റെ അളവുകോലായ ഗിനി സൂചിക 28.8 ശതമാനമായിരുന്നു. 2022 — 23ൽ ഇത് 25.5 ശതമാനമായി കുറഞ്ഞതായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിലൂടെ അസമത്വം കുറഞ്ഞുവെന്നാണ് ലോകബാങ്ക് അവകാശപ്പെടുന്നത്. എന്നാൽ 2023ലെ അസമത്വ വിവര സൂചിക വ്യത്യസ്തമായ ചിത്രമാണ് അവതരിപ്പിക്കുന്നത്. ഈ വൈരുധ്യം സൂചിപ്പിക്കുന്നത് ഉപഭോഗരീതികൾ തുല്യമായി തോന്നാമെങ്കിലും വരുമാന അസമത്വം രൂക്ഷമായി തുടരുന്നുവെന്ന് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേർ രാജ്യസമ്പത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നു എന്നത് നമുക്ക് മറക്കാൻ കഴിയില്ല. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മുകേഷ് അംബാനി മണിക്കൂറിൽ 90 കോടി രൂപ അധിക സമ്പാദ്യം നേടിയെന്നതും ഹിൻഡൻബർഗ് ആരോപണങ്ങളും യുഎസിൽ രജിസ്റ്റർ ചെയ്യപ്പെട്ട തട്ടിപ്പ് കേസും ഉണ്ടായിരുന്നിട്ടും ഗൗതം അഡാനിയുടെ സ്വത്തിൽ ലക്ഷം കോടിയുടെ വർധനയുണ്ടായെന്നതും വരുമാന അസമത്വത്തിന്റെ പ്രകടമായ സൂചകങ്ങൾ തന്നെ.
അതേസമയം ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേർക്കും ശരാശരി മൂന്നര ലക്ഷത്തിൽ താഴെയാണ് ആസ്തിയുള്ളത്. രോഗം വന്ന് ചികിത്സിക്കാൻ ചെല്ലുമ്പോൾ ലഭിക്കുന്ന ആശുപത്രി ബില്ല് പോലും ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്നവരാണ് ഇവർ. ഔദ്യോഗിക റിപ്പോർട്ടുകളും സർക്കാർ അവകാശവാദങ്ങളും ദാരിദ്ര്യനിർമ്മാർജനത്തെ ആഘോഷിക്കുമ്പോൾ യഥാർത്ഥ വസ്തുതകൾ വ്യത്യസ്തമായ കഥയാണ് പറയുന്നത് എന്നാണ് ഇതിന്റെ ചുരുക്കം. തുടർച്ചയായ വെല്ലുവിളികളെ മറച്ചുവച്ചുകൊണ്ട് പുരോഗതി എടുത്തു കാണിക്കുന്നതിനുള്ള വിവരങ്ങൾ അവതരിപ്പിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. സർക്കാരിന്റെയും അവരുമായി ബന്ധപ്പെട്ട ഏജൻസികളുടെയും വിവരങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് വേതനം, ജീവിത സാഹചര്യങ്ങൾ, വരുമാന വിതരണം എന്നിവയെ വിമർശനാത്മകമായ പരിശോധനയ്ക്ക് വിധേയമാക്കണം. സ്ഥിതിവിവര കണക്കുകളിൽ മാത്രമല്ല സാധാരണ പൗരന്മാർക്ക് അവരുടെ ജീവിതത്തിൽ പ്രകടമായ പുരോഗതി അനുഭവിക്കുന്നുണ്ടോ എന്നതായിരിക്കണം യഥാർത്ഥ അളവുകോൽ. വാട്സ്ആപ്പിൽ നിന്ന് ലഭിക്കുന്നത് അന്ധമായി പങ്കിടുകയല്ല യഥാർത്ഥ വസ്തുതകൾ മനസിലാക്കേണ്ടതും അത്യാവശ്യമാണ്.
(ദ വയർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.