28 September 2024, Saturday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ഫലത്തിലെ കാണാപ്പുറങ്ങള്‍

സി ആർ ജോസ്‌പ്രകാശ്
June 8, 2024 4:08 am

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയെങ്കിലും ബിജെപി വലിയ തിരിച്ചടി നേരിട്ടു. ‘ഇന്ത്യ’ മുന്നണി ശക്തമായ കുതിപ്പു നടത്തി. വ്യക്തിപരമായി മോഡി പ്രഭാവത്തിന് വലിയ മങ്ങലേറ്റു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിലും മതനിരപേക്ഷതയിലും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുന്ന കാര്യത്തിലും ഭരണഘടനയുടെ സംരക്ഷണത്തിലുമെല്ലാം ആശങ്കയുണ്ടായിരുന്ന വലിയ ഒരു വിഭാഗത്തിന് ഒരു പരിധിവരെ ആശ്വാസം പകരുന്നതായിരുന്നു ഈ വിധി.
2019ല്‍ രണ്ടാമതും അധികാരത്തില്‍ വന്നതു മുതല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. നിയമവിരുദ്ധമായ ഇലക്ടറല്‍ ബോണ്ടിലൂടെ 17,000കോടി രൂപ കോര്‍പറേറ്റുകളില്‍ നിന്ന് സമാഹരിച്ച് പൂര്‍ണസജ്ജരായി അവര്‍ മുന്നോട്ടുപോയി. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനവും ഉണ്ടായില്ല. മുഖ്യ പ്രതിപക്ഷമെന്ന് പറയാവുന്ന കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സ്ഥിരതയുള്ളതും ദീര്‍ഘവുമായ ഒരു സമരത്തിനും തയ്യാറായില്ല. ഒരുഘട്ടത്തില്‍ രാഹുല്‍ഗാന്ധിതന്നെ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് രംഗം വിടുന്ന ഒരു സാഹചര്യവുമുണ്ടായി. വളരെ വൈകി കോണ്‍ഗ്രസ് ഒരു ദേശീയ ക്യാമ്പയിന് തയ്യാറായപ്പോള്‍ പോലും ബിജെപി വിരുദ്ധ ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതുവരെയും ഏതാണ്ട് ഇതായിരുന്നു അവസ്ഥ. മോഡിയുടെയും അമിത് ഷായുടെയുമെല്ലാം അഹങ്കാരം പിടിവിട്ടുപോകുന്നതും അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നതും ഈ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് രംഗം മുറുകിവന്നപ്പോള്‍ മാത്രമാണ് ഐക്യത്തിന്റെ അന്തരീക്ഷം ദേശീയതലത്തില്‍ കുറച്ചെങ്കിലും രൂപപ്പെട്ടത്. അതിന്റെ ഗുണഫലം തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പെങ്കിലും പ്രതിപക്ഷ ഐക്യനിര രൂപംകൊണ്ടില്ല. സീറ്റുധാരണയുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുപോലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളില്‍ നിന്നും പ്രചരണത്തിനാവശ്യമായ പണം സമാഹരിച്ചില്ല. പ്രചരണ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചില്ല. മോഡി സര്‍ക്കാരിനെതിരെ ഏതെല്ലാം വിഷയങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു രൂപരേഖ തയ്യാറാക്കിയില്ല. ഈ ദൗര്‍ബല്യങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് ആളും അര്‍ത്ഥവും ഭരണസ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു സംവിധാനത്തെ കുറെ അധികം പിന്നിലേക്ക് തള്ളിമാറ്റുവാനും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിന് തടയിടാനും കഴിഞ്ഞത്. 

തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ബോധ്യമാകുന്ന ഒരു കാര്യം, ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ബിജെപി വിരുദ്ധ, മോഡി വിരുദ്ധ വികാരം രാജ്യത്ത് നിലനിന്നിരുന്നു എന്നാണ്. ബിജെപിക്കെതിരെയുള്ള പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞ മണ്ഡലങ്ങളിലൊന്നും ജനങ്ങള്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ കയ്യൊഴിഞ്ഞില്ല. ഇതില്‍ പ്രാദേശിക പാര്‍ട്ടികളാണ് വലിയ പങ്ക് വഹിച്ചത്. ബിജെപി — കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടേറ്റുമുട്ടിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപി വിജയം നേടി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അത്രയ്ക്ക് ദുര്‍ബലമായിരുന്നു.
കേന്ദ്ര സര്‍ക്കാരിനും മോഡിക്കും വിരുദ്ധമായ ഒരു വികാരം രാജ്യത്ത് വളര്‍ന്നുവന്നതില്‍ പലരും വിലയിരുത്താത്ത ധാരാളം കാര്യങ്ങളുണ്ട്. ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന, വിലക്കയറ്റം സൃഷ്ടിക്കുന്ന, തൊഴിലില്ലാത്തവരെ സൃഷ്ടിക്കുന്ന, സിവില്‍ സര്‍വീസ് ദുര്‍ബലമാക്കുന്ന, ഒഴിവുകള്‍ നികത്താതിരിക്കുന്ന, പൊതുമേഖലയും തസ്തികകളും പെന്‍ഷനും ഇല്ലാതാക്കുന്ന നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ, കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും രംഗത്തുവന്നില്ല. പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തില്ല. ബിജെപിയെ ആശ്രയിച്ചു നില്‍ക്കുന്ന ബിഎംഎസ് ഒഴികെ എഐടിയുസി, സിഐടിയു സംഘടനകള്‍ ഈ കാലഘട്ടത്തില്‍ രാജ്യത്ത് നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ഒട്ടനവധിയാണ്. ലക്ഷങ്ങളാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. കോടിക്കണക്കിന് തൊഴിലാളികളും കര്‍ഷകരും മറ്റ് വിഭാഗങ്ങളും പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. എഐടിയുസി ആയിരുന്നു ഇതിന് നടുനായകത്വം വഹിച്ചത്. ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ ഭാവിജീവിതം ഇരുള്‍മൂടിയതാകുമെന്ന് ലക്ഷക്കണക്കിന് തൊഴിലാളികളെയും കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും ബോധ്യപ്പെടുത്തുവാന്‍ പണിമുടക്കങ്ങളും പ്രക്ഷോഭങ്ങളും ഉപകരിച്ചു എന്നത് വ്യക്തമാണ്. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രണ്ട് ദേശീയ സംഘടനകള്‍ രാജ്യത്തുണ്ട്. രണ്ടും ഇടതുപക്ഷ സ്വഭാവമുള്ളവയാണ്. ഭൂരിപക്ഷം സംസ്ഥാന ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും ഈ രണ്ട് സംഘടനകളുടെ ഭാഗമാണ്. സിവില്‍ സര്‍വീസിന്റെ സംരക്ഷണത്തിനും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും വേണ്ടി ഈ കാലയളവില്‍ സംസ്ഥാന ജീവനക്കാര്‍ നടത്തിയിട്ടുള്ള പോരാട്ടത്തെ ചെറുതായി കണ്ടുകൂടാ. കേന്ദ്ര സര്‍വീസില്‍ 10.26, കേരളം ഒഴികെ സംസ്ഥാനങ്ങളില്‍ 23ലക്ഷം വീതം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇക്കാര്യങ്ങളെല്ലാം രാജ്യവ്യാപകമായ ചര്‍ച്ചയാക്കുവാന്‍ ഒരു പരിധിവരെ ഈ സംഘടനകള്‍ക്ക് കഴി‍ഞ്ഞിട്ടുണ്ട്. ഒരുദാഹരണം പറയാം. എഐടിയുസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്, ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍.‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്ളത് യുപിയിലാണ്, 11.32 ലക്ഷം. യുപിയിലെ ഏറ്റവും വലിയ സംഘടനയായ യുപി സ്റ്റേറ്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, ഈ ഫെഡറേഷന്റെ അംഗ സംഘടനയാണ്. ഈ സംഘടന യുപിയില്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ നിരവധിയാണ്. അതിന്റെകൂടി പ്രതികരണമായിരുന്നു യുപിയിലെ തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ ഈ സംസ്ഥാനത്ത് സിപിഐക്ക് ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുവാന്‍ ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. അതേസമയം ഇന്ത്യ മുന്നണിയുടെ വലിയ മുന്നേറ്റത്തിന് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സംഘടന കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. പഞ്ചാബ്, ഹരിയാന, ബിഹാര്‍, മണിപ്പൂര്‍, തെലങ്കാന സംസ്ഥാനങ്ങളിലും ഏറ്റവും വലിയ സര്‍വീസ് സംഘടന ഈ കോണ്‍ഫെഡറേഷന്റെ ഭാഗമാണ്. അവിടെയെല്ലാം വലിയ സമരങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ചെറിയൊരു പ്രയോജനം പോലും ഇടതുകക്ഷികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന എഐബിഇഎ ആണ്. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ദേശീയ പണിമുടക്കുള്‍പ്പെടെ ധാരാളം സമരങ്ങള്‍ അവര്‍ നടത്തി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങി എത്രയോ മേഖലകളില്‍ നടന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ എണ്ണമറ്റവയാണ്. ഇതിലൂടെ ഈ മേഖലകളിലെ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബങ്ങളും എല്ലാം രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാരിനെതിരായി മാറി. 

ലക്ഷക്കണക്കിന് കേന്ദ്ര — സംസ്ഥാന ജീവനക്കാരും തൊഴിലാളികളും പെന്‍ഷന്‍കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം ജീവനക്കാരും അവരുടെ കുടുംബങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാരിനും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരെ ഈ തെരഞ്ഞെടുപ്പില്‍ അണിനിരന്നിട്ടുണ്ട്. ഈ സമരങ്ങള്‍ക്കെല്ലാം വലിയ പിന്തുണ നല്‍കിയ സിപിഐ, സിപിഐ(എം) കക്ഷികള്‍ക്ക് പലവിധ കാരണങ്ങളാല്‍ അതിന്റെ പ്രയോജനം ലഭിക്കാതെപോയി. ഇന്ത്യയിലെ സങ്കീര്‍ണമായ സാഹചര്യങ്ങള്‍, ജാതിയുടെയും മതത്തിന്റെയും സ്വാധീനം, വര്‍ഗീയത, അന്ധവിശ്വാസം, തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ പ്രത്യേകത, തെരഞ്ഞെടുപ്പിലുള്ള പണത്തിന്റെ കുത്തൊഴുക്ക്, കുത്തക നിയന്ത്രണത്തിലായ ഭൂരിപക്ഷം മാധ്യമങ്ങള്‍ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഇവയെല്ലാം ഇതിനു കാരണങ്ങളാണ്. മുകളില്‍ പറഞ്ഞ മേഖലകളിലെല്ലാം പരന്നൊഴുകിക്കിടക്കുന്ന സ്വാധീനം, ഒരു തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 30ല്‍ അധികം സീറ്റുകളില്‍ ഇടതുപക്ഷം ജയിക്കുമായിരുന്നു. ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിക്കുന്ന വിധത്തില്‍ ഒരു ഐക്യനിര, ദേശവ്യാപകമായി രൂപപ്പെട്ടിരുന്നുവെങ്കില്‍ ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണി ചെന്നെത്തുകയും ചെയ്യുമായിരുന്നു. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കൂട്ടി പ്രവര്‍ത്തിക്കുവാന്‍ ഭാവിയിലെങ്കിലും ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കുകതന്നെ വേണം.
മറ്റ് ചില കാര്യങ്ങള്‍കൂടി ഇവിടെ വിലയിരുത്തണം. കര്‍ഷകരോഷം ദേശവ്യാപകമായി മോഡി സര്‍ക്കാരിനെതിരെ ഉണര്‍ന്നിരുന്നു. മതനിരപേക്ഷതയും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും എല്ലാം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ (അവര്‍ ഒരു പാര്‍ട്ടിയിലും അംഗമായിരിക്കണമെന്നില്ല), ബുദ്ധിജീവികള്‍, സാഹിത്യ- സാംസ്കാരിക‑സിനിമാ — മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, ഈ വിഭാഗങ്ങളിലൊക്കെപ്പെട്ട ആയിരങ്ങള്‍, ബിജെപിയും മോഡിയും പോകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്നാണ് ഇന്ത്യ മുന്നണി പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയത്. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോയാല്‍ വിജയം അകലെയാകില്ല. രാജ്യം നല്ല രീതിയില്‍ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവരെല്ലാം ഒരു ഭരണമാറ്റത്തിനുവേണ്ടി കാത്തിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.