31 January 2026, Saturday

ഹിജാബും ഭരണഘടനാ ധാർമികതയും

സഫി മോഹന്‍ എം ആര്‍
(സ്റ്റേറ്റ് ട്രഷറർ, പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ്)
October 25, 2025 4:40 am

കേരളം ഒരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പാണ് എന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിന്റെ ആ അവസ്ഥയ്ക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല എന്നാണ് കൊച്ചി പള്ളുരുത്തി സെൻ റീത്താസ് സ്കൂളിൽ നിന്നുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പൊതുവേ പരിഷ്കൃത സമൂഹമായി കാണുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നടന്നതെല്ലാം നിർഭാഗ്യകരവും അപലപനീയവുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഇത്തരം തികച്ചും ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നത് ചിന്തനീയം തന്നെ. ജനാധിപത്യ സമൂഹം എന്നാൽ ഭരണഘടനാ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കർ അഭിപ്രായത്തിൽ തുല്യതാ ബോധവും സ്വാതന്ത്ര്യവും സാഹോദര്യവും പുലർത്തുന്ന ഒരു കൂട്ടം ജനങ്ങളുടെ കൂട്ടായ്മയാണ്. അതേ ജനാധിപത്യബോധമുള്ള വ്യക്തിയായിരുന്നു യേശുക്രിസ്തുവും. ആ ജനാധിപത്യ ബോധമാണ് വിജാതീയനായ അഗസ്ത്യൻ എന്ന യുവാവിനെ ക്രിസ്തുമതം സ്വീകരിക്കുവാൻ പ്രേരണയായത്. ക്രിസ്തുവിനെ അതിതീവ്രമായി സ്നേഹിച്ച അഗസ്ത്യൻ അതിലൂടെയാണ് ക്രൈസ്തവ സഭയുടെ പകരം വയ്ക്കാനാകാത്ത പ്രതീകമായി മാറിയത്. ആ സ്നേഹത്തിൽ അദ്ദേഹം ലോകത്തിനു സമ്മാനിച്ച സമാനതകളില്ലാത്ത ദൈവ തത്വശാസ്ത്രങ്ങളുടെ സംഹിതയാണ് ദി കണ്‍ഫെഷന്‍സ്, ദി സിറ്റി ഓഫ് ഗോഡ്. 

സെയ്ന്റ് അഗസ്റ്റിനെയും ക്രിസ്തുവിനെയും പിന്തുടരുന്ന ഒരു സന്യാസി സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ക്രിസ്തുവും അഗസ്ത്യനും ലോകത്തിനു സമ്മാനിച്ച ജനാധിപത്യ ബോധത്തെക്കുറിച്ചോ, ഇന്ത്യൻ ഭരണഘടന നൽകുന്ന മനുഷ്യാവകാശങ്ങളെ കുറിച്ചോ ഒരു ധാരണയും ഇല്ല എന്നത് നിർഭാഗ്യകരം തന്നെ. ഭരണഘടനയെക്കുറിച്ചോ അത് വിഭാവനം ചെയ്യുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചോ ഉള്ള അറിവ് ഇന്ത്യൻ സമൂഹത്തിൽ എത്തിച്ചേർന്നിട്ടില്ല എന്നതിന് തെളിവാണ് ഈ സംഭവവികാസങ്ങൾ. ഭരണഘടന അറിയാതെ അതിലെ മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുകയാണ് സ്കൂൾ മാനേജ്മെന്റ് സന്യാസി സമൂഹവും. ക്രിസ്തുദേവൻ എത്ര കരുണയുള്ളവനാണോ അത്രയും കരുണയും അനുകമ്പയും പുലർത്തുന്ന ഒരു രാഷ്ട്ര സങ്കല്പമാണ് ഭരണഘടനയിലൂടെ വിഭാവനം ചെയ്യുന്നത്. തുല്യതാ ബോധത്തെക്കുറിച്ചോ, ഭരണഘടനാ ധാർമികതയെക്കുറിച്ചോ, മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചോ, അവർ തമ്മിൽ നിലനിൽക്കേണ്ട സാഹോദര്യത്തെക്കുറിച്ചോ അറിയാതെ വിദ്യാഭ്യാസ സ്ഥാപനം നടത്തി സമൂഹത്തെ നന്നാക്കുവാൻ നടക്കുന്ന ഇത്തരക്കാർ കേരളത്തിന് അപമാനം തന്നെ. സ്കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ടവർ യേശുക്രിസ്തുവിനെയും ഇന്ത്യൻ ഭരണഘടനയും കൂടുതൽ സൂക്ഷ്മമായി പഠിക്കേണ്ടിയിരിക്കുന്നു. ലോകം കണ്ട ഏറ്റവും നല്ല അധ്യാപകനായിരുന്നു യേശു ക്രിസ്തു. വിശുദ്ധ ബൈബിളിൽ അദ്ദേഹത്തെ ഒരു നല്ല അധ്യാപകനായി പലവട്ടം പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം ആരെയും പഠിപ്പിച്ചത് പ്രതിഫലം പ്രതീക്ഷിച്ചിട്ടോ യൂണിഫോം ഇട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ യേശുക്രിസ്തു മാനവരാശിയുടെ രക്ഷകൻ എന്ന് വിളിക്കപ്പെടുന്നു.

ഇന്ത്യൻ ഭരണഘടനയിലേക്ക് വന്നാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഈ വിഷയത്തിലുണ്ട്. അതിന് ഉത്തരം കണ്ടെത്തേണ്ട ചുമതലയും മാനേജ്മെന്റിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനം നടത്തുവാനുള്ള മാനേജ്മെന്റിന്റെ അവകാശവും അവിടെ പഠിക്കാനുള്ള കുട്ടിയുടെ അവകാശവും ഭരണഘടനയുടെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ അഭിപ്രായത്തിൽ നിന്ന് മാറി ഭരണഘടന ഈ വിഷയത്തിൽ എന്തു പറയുന്നു എന്ന് പരിശോധിക്കേണ്ട ബാധ്യത സ്കൂൾ മാനേജ്മെന്റിനുണ്ട്. മതനിരപേക്ഷ ഇന്ത്യയെക്കുറിച്ച് ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചകൾ, പാർട്ട് മൂന്ന് ഇയില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾ, ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ പ്രത്യേകിച്ച്, കമ്മീഷണർ ഹിന്ദു റിലീജ്യസ് എൻഡോവ്മെന്റ് (1954), കേശവാനന്ദഭാരതി (1973), മേനക ഗാന്ധി (1978), ബിജോയ് ഇമ്മാനുവേൽ (1986), ഉണ്ണികൃഷ്ണൻ (1993), എസ് ആർ ബൊമ്മ (1995), എന്നീ വിധിന്യായങ്ങൾ ഉൾപ്പെടെ ഇടക്കാലത്ത് ഹിജാബ് കേസിൽ ജസ്റ്റിസ് സുധാന്‍ശു ദൂലിയയുടെ വിധിന്യായം വരെ ഇവിടെ പ്രസക്തമാണ്. മതസ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഇന്ത്യയിലെവിടെയും ഉപയോഗിക്കാൻ കഴിയുന്ന ഭരണഘടനാപരമായ അവകാശമാണ്. ഇക്കാര്യം വ്യക്തമായി ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ അവകാശം ഒരു ഇന്ത്യൻ പൗരന് മാത്രമുള്ള അവകാശമല്ല, മറിച്ച് ലോകത്തിലെ ഏതു പൗരനും ഇന്ത്യയിൽ മതസ്വാതന്ത്ര്യമുണ്ട് എന്ന് അനുഛേദം 25 പ്രതിപാദിക്കുന്നു. അനുഛേദം 29, 30 അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങൾ ഈ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മതാധിഷ്ഠിതമായ ഒരു വസ്ത്രധാരണം നടത്തി വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടുപോകുവാൻ രാജ്യത്തെ പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിൽ മതാധിഷ്ഠിതമായ വസ്ത്രധാരണം നടത്തി പഠിക്കുവാൻ വരുന്നവർക്കും അതിന് കഴിയും എന്നത് മനുഷ്യനു മനസിലാക്കാൻ കഴിയുന്ന ഒരു സാമാന്യബോധം മാത്രമല്ല അത് ഭരണഘടനാപരവുമാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.