4 January 2025, Saturday
KSFE Galaxy Chits Banner 2

സപ്ലൈകോ വില പരിഷ്കരണം അനിവാര്യമായതെങ്ങനെ?

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
February 23, 2024 4:46 am

കഴിഞ്ഞ ഏതാനും മാസങ്ങളായി സപ്ലൈകോയുടെ ചില വില്പനശാലകളില്‍ ആവശ്യമായ അളവിൽ സബ്സിഡി ഉല്പന്നങ്ങൾ ലഭ്യമാകാതിരുന്നത് വലിയ ചർച്ചയായിരുന്നു. ചർച്ചകൾ പലപ്പോഴും പ്രതിലോമസ്വഭാവത്തിലേക്ക് മാറിപ്പോയെങ്കിലും, എത്ര വലിയ ആശ്വാസമാണ് വർഷങ്ങളായി സപ്ലൈകോയിലെ സബ്സിഡി സംവിധാനത്തിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചുവന്നിരുന്നത് എന്ന യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ ഉതകി. സുസ്ഥിരവും പ്രായോഗികവുമായ വിപണി ഇടപെടൽ സംവിധാനം ശാശ്വതീകരിക്കാനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകിവരുന്ന അവശ്യസാധനങ്ങളുടെ വിലകൾ ഒമ്പതു വർഷങ്ങൾക്കുശേഷം പരിഷ്കരിച്ചിരിക്കുകയാണ്. 2014 ഡിസംബറിലാണ് ഏറ്റവും ഒടുവിൽ സബ്സിഡി വില പുതുക്കി നിശ്ചയിച്ചത്. 2016ൽ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോൾ ഈ വിലയായിരുന്നു നിലനിന്നിരുന്നത്. എൽഡിഎഫ് സർക്കാർ കൈക്കൊണ്ട നയപരമായ തീരുമാനപ്രകാരമാണ് ആ സർക്കാരിന്റെ കാലാവധി മുഴുവനും പിന്നീട് ഈ രണ്ടര വർഷക്കാലവും അതേ വിലയ്ക്ക് ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കിയത്. തികച്ചും അനിവാര്യമായിത്തീർന്ന ഒരു ഘട്ടത്തിലാണ് ഇപ്പോൾ വിലകൾ പരിഷ്കരിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് ഇതിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ കേരളത്തിലെ മാതൃകാപരമായ വിപണി ഇടപെടൽ സംവിധാനത്തിന്റെ ചരിത്രം മനസിലാക്കാതെയാണ്.

വിപണി ഇടപെടലിന്റെ ചരിത്രം

1974ലാണ് സപ്ലൈകോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സിവിൽ സപ്ലൈസ് കോർപറേഷൻ രൂപീകരിക്കപ്പെട്ടത്. ലോകത്താകെ അംഗീകരിക്കപ്പെട്ട ‘കേരള മോഡൽ’ യാഥാർത്ഥ്യമാക്കുന്നതിൽ പൊതുമേഖലയും സർക്കാർ സംവിധാനങ്ങളും വഹിച്ച പങ്ക് അനിഷേധ്യമാണ്. സപ്ലൈകോയ്ക്കും കേരളത്തിന്റെ സാമൂഹികജീവിതത്തിൽ സുപ്രധാനമായ സ്ഥാനം കൈവരിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു. 1981ലാണ് മാവേലി സ്റ്റോറുകൾ എന്ന പേരിൽ നാടാകെ ചില്ലറ വില്പനശാലകൾ ആരംഭിച്ചത്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്ന ഇ ചന്ദ്രശേഖരൻ നായരുടെ ഉജ്വലമായ ഭാവനയിൽ നിന്നാണത് ജന്മം കൊണ്ടത്. തുടക്കത്തിൽ വിപണി ഇടപെടലിന്റെ പ്രവർത്തനം അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ പരിമിതപ്പെടുത്തിയിരുന്നു. അരിയുടെ വില പൊതു വിപണിയെക്കാൾ 20 ശതമാനവും മറ്റിനങ്ങൾക്ക് 10 ശതമാനവും കുറച്ചു നൽകുന്നതിനാണ് തീരുമാനിച്ചിരുന്നത്. 2013 ഫെബ്രുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം, പൊതുവിപണി വിലയിൽ നിന്നും 20 ശതമാനം അല്ലെങ്കിൽ സപ്ലൈകോയുടെ സംഭരണച്ചെലവ് ഇതിൽ ഏതാണോ കുറവ് അതായിരിക്കും സബ്സിഡി വില. ഇതുപ്രകാരം കാലാകാലങ്ങളിൽ സബ്സിഡി വില നിരക്കുകൾ പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ 2013 ഓഗസ്റ്റ്, 2014 ഓഗസ്റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിലെല്ലാം വില പരിഷ്കരിച്ചു. അതായത് സബ്സിഡി വില പരിഷ്കരണം ഒരു പുതിയ കാര്യമല്ല.

2016ലെ വിപ്ലവകരമായ ചുവടുവയ്പ്

കേന്ദ്രസർക്കാരിന്റെ ഉദാരവല്‍ക്കരണ‑സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഫലമായ രൂക്ഷമായ വിലക്കയറ്റം രാജ്യത്തെങ്ങും ജനങ്ങളെ ദുരിതത്തിലാക്കിയ ഘട്ടത്തിലാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ ജനങ്ങളെ പരമാവധി സഹായിക്കാൻ ഉദ്ദേശിച്ചുള്ള വിപ്ലവകരമായ ഒരു പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ എൽഡിഎഫ് മുന്നോട്ടുവച്ചു. പുതിയ സർക്കാരിന്റെ കാലാവധിയിൽ അവശ്യവസ്തുക്കൾ വിലവർധന കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നതായിരുന്നു അത്. അവശ്യവസ്തു നിയമം ഉൾപ്പെടെ ദുർബലമാക്കുകയും സർക്കാരിന്റെ ഇടപെടൽശേഷി പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് സമ്പൂർണമായ ഒരു വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞ രാജ്യത്ത്, ഒരു സംസ്ഥാനത്തെ ജനപക്ഷ സർക്കാർ തങ്ങളുടെ രാഷ്ട്രീയ തീരുമാനം എങ്ങനെ പ്രായോഗികമാക്കും എന്നത് ഏവരുടെയും മനസിൽ ഉയർന്ന ചോദ്യമായിരുന്നു. ആ ചോദ്യത്തിനുള്ള സമൂർത്തമായ ഉത്തരം സപ്ലൈകോ വഴി സർക്കാർ യാഥാർത്ഥ്യമാക്കി. 2016 മേയ് മാസത്തിൽ അധികാരത്തിൽ വന്ന സർക്കാർ 13 ഇനം അവശ്യസാധനങ്ങൾ അന്ന് നിലവിലുണ്ടായിരുന്ന വിലയ്ക്ക് നൽകാൻ തീരുമാനിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. രാജ്യത്തെങ്ങും കേട്ടുകേൾവിയില്ലാത്ത ഒരു ജനപക്ഷ പ്രവർത്തനമായിരുന്നു അത്.

നിലവിലെ യാഥാർത്ഥ്യങ്ങൾ

ഏറ്റവും ഒടുവിൽ 2014 ല്‍ വില പുതുക്കി നിശ്ചയിച്ചത് അന്നത്തെ വിപണിവിലയിൽ നിന്നും ശരാശരി 26 ശതമാനം കുറവിലാണ്. ഇപ്പോഴാകട്ടെ നിലവിലെ വിപണി വിലയിൽ നിന്നും 35 ശതമാനം കുറച്ചും. എന്നാൽ സപ്ലൈകോയിൽ വില വർധിപ്പിച്ചു എന്ന രീതിയിലാണ് പ്രചരണം. 2016ന് ശേഷം കഴിഞ്ഞ ഏഴര വർഷത്തിനിടയ്ക്ക് രാജ്യത്താകമാനം പൊതുവിപണിയിൽ വന്‍ വിലവർധനവുണ്ടായിട്ടുണ്ട്. ഭക്ഷ്യധാന്യ സംഭരണമേഖലയിലും ചില്ലറ വില്പനമേഖലയിലുമെല്ലാം സ്വകാര്യ കുത്തകകളെ നിർബാധം കടന്നുകയറാൻ അനുവദിക്കുന്നതും ഇന്ധനവിലയിൽ എണ്ണക്കമ്പനികൾ സ്വേച്ഛാനുസരണം നിരന്തരമായ വർധനവ് വരുത്തുന്നതു മൂലം ഗതാഗത ചെലവുകൾ ഭീമമായി ഉയരുന്നതുമെല്ലാം ഇതിന് കാരണമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളം ഇതിനെല്ലാം ഇരയാവുന്നു. പൊതുവിപണിയിൽ നിന്നും അവശ്യവസ്തുക്കൾ വാങ്ങി സബ്സിഡി വിലയ്ക്ക് ജനങ്ങൾക്ക് നൽകുമ്പോൾ ഓരോ വർഷവും സപ്ലൈകോയ്ക്കുണ്ടാകുന്ന ബാധ്യത വളരെ വലുതാണ്. പ്രതിമാസം 35 മുതൽ 40 ലക്ഷം വരെ കുടുംബങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നു. ഇതുവഴി പ്രതിമാസം ശരാശരി 35 കോടിയുടെയും പ്രതിവർഷം 420 കോടിയുടെയും ബാധ്യതയാണ് കോർപറേഷന് വന്നുചേരുന്നത്.

 


ഇതുകൂടി വായിക്കൂ: ദുരന്തങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത്താകണം


സമാനതകളില്ലാത്ത ദുരിതങ്ങളെയാണ് 2016 മുതൽ 21 വരെയുള്ള എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം അഭിമുഖീകരിച്ചത്. രണ്ട് മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും അക്ഷരാർത്ഥത്തിൽ മനുഷ്യജീവിതം വിറങ്ങലിപ്പിച്ച നാളുകളായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ വാസസ്ഥലങ്ങളിൽ അടച്ചിടപ്പെട്ട മനുഷ്യരെ പട്ടിണിയില്ലാതെ സംരക്ഷിക്കുന്ന മഹായത്നം ആ ഘട്ടത്തിൽ കേരള സർക്കാർ നടപ്പിലാക്കിയത് സപ്ലൈകോയിലൂടെയായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരിനുമേൽ വലിയ സാമ്പത്തികബാധ്യതയാണ് ഏല്പിച്ചത്. ഇതിനെ മറികടക്കാൻ കഴിയുന്ന യാതൊരു സഹായവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല ദ്രോഹകരമായ നിലപാടുകൾ അവർ സ്വീകരിക്കുകയും ചെയ്തു. പ്രളയകാലത്ത് നല്‍കിയ അരിയുടെ വിലയായ 205.81 കോടി രൂപ സംസ്ഥാനത്തിന്റെ പക്കൽ നിന്നും പിടിച്ചുവാങ്ങുന്ന മനുഷ്യത്വരഹിതമായ നടപടി പോലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
യുഡിഎഫ് ഭരണകാലത്തെ 347 കോടിയടക്കം വിപണി ഇടപെടൽ ഇനത്തിൽ 1526 കോടി രൂപ സപ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. നെല്ല് സംഭരണ വില കർഷകർക്ക് നല്‍കിയ വകയിൽ 1000 കോടിയിലധികം രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. വിവിധ സ‍ർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി മുൻകൂറായി സപ്ലൈകോയ്ക്ക് പണം ചെലവിടേണ്ടിവരുന്നുണ്ട്. ഇതെല്ലാം ചേർന്ന് കടുത്ത സാമ്പത്തികപ്രയാസത്തിലാണ് സ്ഥാപനം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ കേരളത്തിലെ ജനങ്ങളാകെയാണ്. വിലക്കയറ്റത്തിന്റെ ദേശീയ ശരാശരി 5.1 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിൽ അത് 4.04 ആണ്. മിക്ക ഉല്പാദക സംസ്ഥാനങ്ങളിലും ആറിനും മുകളിലാണ് എന്ന് ഓർമ്മിക്കേണ്ടതുണ്ട്.
ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന നികുതി വിഹിതം 3.58 ൽ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ സംസ്ഥാനത്തിന് 18,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടി, റവന്യുകമ്മി ഗ്രാന്റിൽ വരുത്തിയ കുറവിലൂടെ 8,400 കോടി, വായ്പാനുമതി പരിധി കുറച്ചതിലൂടെ 19,000 കോടി എന്നിങ്ങനെ 57,400 കോടിയുടെ വരുമാന നഷ്ടമാണ് ഈ വർഷം സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിൽ 13,600 കോടി രൂപയുടെ വർധനവ് ഉണ്ടായിട്ടുകൂടി ജനക്ഷേമ പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയാത്ത ധനഞെരുക്കത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടത് ഈ കേന്ദ്രനയങ്ങളാണ്. ഈ സാഹചര്യത്തിലാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ മൂലമുണ്ടാകുന്ന നഷ്ടം പൂർണമായും നികത്തി നൽകാൻ കഴിയാത്ത സ്ഥിതി സംസ്ഥാന സർക്കാരിന് വന്നുചേർന്നത്. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കാതെയും യുക്തിസഹമായും സബ്സിഡി നിരക്കുകൾ പരിഷ്കരിക്കേണ്ടി വന്നതും ഈ പശ്ചാത്തലത്തിലാണ്.

സുസ്ഥിര വിപണി ഇടപെടൽ നിലനില്‍ക്കണം

സുവർണ ജൂബിലിയിൽ എത്തി നില്‍ക്കുന്ന സപ്ലൈകോ ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ് വിപണി ഇടപെടൽ. നെല്ല് സംഭരണം, വാതിൽപ്പടി റേഷൻ വിതരണം, റേഷൻകടകളിലെ പഞ്ചസാര വിതരണം, സ്കൂൾകുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ദുരിതകാലങ്ങളിലെ സാർവത്രികമായ ഭക്ഷ്യക്കിറ്റ് വിതരണം ഇവയെല്ലാം സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനമാണ് സപ്ലൈകോ. അവശ്യവസ്തുക്കളുടെ സബ്സിഡി വില്പന മാത്രമല്ല സപ്ലൈകോ നിർവഹിക്കുന്നത്. ആയിരക്കണക്കിന് കൺസ്യൂമർ ഉല്പന്നങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെയും ശബരി ഉല്പന്നങ്ങൾ 10 മുതൽ 25 ശതമാനം വരെയും ഔഷധങ്ങൾ 13 മുതൽ 40 ശതമാനം വരെയും വിലക്കുറവിൽ നല്‍കിവരുന്നു. സമൂഹത്തിന്റെ ഈ ജീവനാഡിക്ക് ഏല്‍ക്കുന്ന ഏതൊരു തിരിച്ചടിയും കേരളത്തിൽ വലിയ വിലക്കയറ്റമടക്കമുള്ള വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ സ്ഥാപനം നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതിനാവശ്യമായ പ്രായോഗിക സമീപനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
പൊതുവിപണിയെക്കാള്‍ ശരാശരി 35 ശതമാനം വിലക്കുറവിലാണ് നിലവിൽ സബ്സിഡി വിലകൾ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. പൊതുവിപണിയിൽ 1447 രൂപ വരുന്ന സാധനങ്ങൾ 933 രൂപയ്ക്കാണ് ഗുണഭോക്താവിന് ലഭിക്കുക. അതായത് 514 രൂപയുടെ സബ്സിഡി. വിലക്കയറ്റത്തിന്റെ കെടുതികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന വിപണി ഇടപെടലിന്റെ പ്രയോജനം എല്ലാക്കാലവും കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉതകേണ്ടതുണ്ട്. സുസ്ഥിരവും ശാസ്ത്രീയവും പ്രായോഗികവുമായ വിപണി ഇടപെടൽ സംവിധാനം ശാശ്വതമാക്കുന്നതിന് ഇപ്പോഴത്തെ പരിഷ്കരണം അനിവാര്യമാണ്. ചില്ലറവില്പന മേഖലയിലെ വിലക്കയറ്റവും ചൂഷണവും തടഞ്ഞുകൊണ്ട് എക്കാലവും കേരളജനതയ്ക്ക് കൈത്താങ്ങായ ഈ മഹാസ്ഥാപനത്തിന് പിന്തുണ നല്‍കാൻ ഏവരും മുന്നോട്ടുവരേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.