
ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖല തകര്‍ത്ത് തരിപ്പണമാകുന്നതിന്റെ കണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കാർഷിക വളർച്ചാ നിരക്ക് 0.4 ശതമാനമായി കുത്തനെ ഇടിഞ്ഞുവെന്ന സംഭ്രമജനകമായ വിവരം പുറത്തുവിട്ടത് കേന്ദ്രഗവൺമെന്റ്. ഒറ്റ വർഷം കൊണ്ടുണ്ടായത് 10.6 ശതമാനത്തിന്റെ ഭീമമായ ഇടിവ്. ഇന്ത്യ ഒരു കാർഷിക രാജ്യമാണെങ്കിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നത് കാർഷിക മേഖലയും, കർഷകരുമാണ്. രാഷ്ട്ര വളർച്ചയ്ക്കും പുരോഗതിക്കും അനിവാര്യമായ ഒരു ഘടകമാണിതെങ്കിലും കൂടുതൽ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നതും ഇവർ തന്നെ. കാർഷികോല്പാദന വളർച്ചാ നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും ദാരിദ്ര, അവികസിത രാജ്യങ്ങളെക്കാളും താഴേത്തട്ടിലേക്ക് പോകുന്നു. ജനസംഖ്യയിൽ 70 ശതമാനംപേരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് ഈ മേഖലയിലുണ്ടാകുന്ന തകർച്ച പ്രവചനാതീതമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കോടാനുകോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ അതിഗുരുതര പ്രശ്നമായി മാറിയ പശ്ചാത്തലത്തിലാണ് കാർഷികമേഖല തകർച്ചയിൽ നിന്നു തകർച്ചയിലേക്ക് മുതലക്കൂപ്പുനടത്തുന്നതെന്നത് ഉത്ക്കണ്ഠാജനകമാണ്. ഈയൊരു കൊടുംപ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവീഴ്ത്തിയത് ഇന്ത്യൻ ഭരണകൂടം പിന്തുടരുന്ന തലതിരിഞ്ഞ നയങ്ങളാണെന്ന് പ്രഥമ വീക്ഷണത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നതാണ്. ഭക്ഷ്യസുരക്ഷയെയും ഭക്ഷ്യ സ്വയംപര്യാപ്തതയെയും കുറിച്ചുള്ള കനവുകൾ കരിച്ചുകളയുന്നതാണീ നയങ്ങളെന്നു കാണാനാകും.
രാജ്യത്തെ പകുതിയിലധികം കർഷക കുടുംബങ്ങൾക്കും വന്‍ കടബാധ്യത ഏൽക്കേണ്ടിവന്നതിന്റെ കാരണമെന്താണെന്ന് മാറിമാറി പഠിച്ചിട്ടും മനസിലായില്ല. ഓരോ കൃഷിക്കാരനും വാർഷിക കടബാധ്യത 74,000ത്തോളം രൂപ വരുമെന്നാണ് കേന്ദ്രത്തിന്റെ വാർഷിക സർവേ റിപ്പോർട്ട് പറയുന്നത്. കടത്തിന് കാരണം അരിക്ക് വിപണിയിൽ 52 രൂപയുള്ളപ്പോൾ നെല്ലിന് കൃഷിക്കാരന് ലഭിക്കുന്നതേ കഷ്ടിച്ച് 30 രൂപ. നേന്ത്രക്കായ്ക്ക് കിലോഗ്രാമിന് 50 രൂപയാണെങ്കിൽ കൃഷിക്കാരന് കിട്ടുന്നത് പതിനഞ്ചോ, ഇരുപതോ രൂപയാണ്. നെല്ലിന്റെ ഇന്നത്തെ സ്ഥിതി ഇതിനെക്കാൾ മോശമാണ്. 2030 വരെ കാർഷികേതര മേഖലകളിലായി പ്രതിവർഷം 78.5 ലക്ഷം തൊഴിലവസരമെങ്കിലും കുറഞ്ഞത് സൃഷ്ടിക്കേണ്ടിവരുമെന്നാണ് സാമ്പത്തിക സർവേ പറയുന്നത്.
തൊഴിൽ സർവേ കണക്കുകൾ പ്രകാരം 15 മുതൽ 29 വയസുവരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2022–23ൽ 10 ശതമാനമാണ്. ആകെ ഉല്പാദനത്തിൽ വ്യാവസായിക മേഖലയുടെ പങ്ക് 27.6 ശതമാനവും കാർഷിക മേഖലയുടേത് 17.7 ശതമാനവുമാണ്. സേവനമേഖലാ വളർച്ചയിലും വലിയ ഇടിവുണ്ടായിരിക്കുകയാണ്. രാജ്യത്തെ തൊഴിൽ ശക്തിയുടെ 47 ശതമാനവും കാർഷിക മേഖലയിലാണ്. നാടിന്റെ നട്ടെല്ലായ കാർഷിക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മോഡി സർക്കാർ അവഗണിക്കുകയായിരുന്നു. തകർച്ചയുടെ കണക്ക് അതാണ് തെളിയിക്കുന്നത്. ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനോ ചെലവുകൾക്ക് അനുസൃതമായ സഹായം നൽകാനോ ഒരു നടപടിയുമുണ്ടായിട്ടില്ല.
ഉല്പാദന ചെലവും അതിന്റെ 50 ശതമാനവും ഉൾപ്പെടുത്തിയുള്ള താങ്ങുവിലയാണ് ഡോ. എം എസ് സ്വാമിനാഥന്റെ ശുപാർശ. ഇത് നിയമപരമായി ഉറപ്പാക്കണമെന്നായിരുന്നു 380 ദിവസം നീണ്ടുനിന്ന സമരത്തിലെ പ്രധാന ആവശ്യം. അത് ഇതേവരെ നടപ്പാക്കിയിട്ടില്ല. 2023–24ൽ വിവിധ വിഭാഗങ്ങൾക്കായി മൊത്തബജറ്റ് വിഹിതം 45 ലക്ഷം കോടിയായിരുന്നു. ഇതിൽ കാർഷിക മേഖലയ്ക്ക് 1.25 ലക്ഷം കോടി മാത്രമായിരുന്നു. മൊത്തം ബജറ്റു തുകയുടെ 2.8 ശതമാനം. കൃഷിക്ക് ഇത്രയും കുറഞ്ഞ വിഹിതമാണെന്ന് കാണുമ്പോൾ സാധാരണ കർഷകരെ കൃഷി ഉപേക്ഷിക്കാൻ തന്നെയാണ് സർക്കാർ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാകുന്നു. കാർഷിക ഉല്പന്നങ്ങൾക്ക് മിതമായ വില കിട്ടാതെ ജീവിതം പൊറുതിമുട്ടുന്ന അവസ്ഥയിലാണ് കര്‍ഷകര്‍. മൂന്ന് പതിറ്റാണ്ടിനിടയിൽ മൂന്നരലക്ഷത്തോളവും 2014 മുതൽ 2022 വരെ ഒമ്പതു വർഷങ്ങളിലായി ഒന്നര ലക്ഷത്തോളവും കർഷകരാണ് ജീവനൊടുക്കിയത്. പ്രതിദിനം 30 കർഷക ആത്മഹത്യ നടക്കുന്നു.
രൂക്ഷമായ തൊഴിലില്ലായ്മയും, ഉയർന്ന നിരക്കിലുള്ള നാണ്യ പെരുപ്പവും, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും, പട്ടിണിയും രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. 20നും 24നും ഇടയിൽ പ്രായമുള്ള 46 ശതമാനം പേരും തൊഴിൽ രഹിതരാണ്. പരമദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയതായി ഓക്സ്ഫോം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
മോഡി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തേയും, ജീവനോപാധികളെയും പാടെ തകർത്തിരിക്കുകയാണ്. അടിസ്ഥാന അവകാശങ്ങളെ ചവിട്ടിമെതിച്ച് കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ ഊഹിക്കാൻ പറ്റാത്തതിലുമപ്പുറമുള്ള ദുരിതത്തിലേക്കും തള്ളിവിട്ടു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും, ദാരിദ്ര്യത്തിനും പുറമേ കടബാധ്യതയുംമൂലം ജനം കഷ്ടപ്പെടുകയാണ്. കാർഷികോല്പന്നങ്ങൾക്ക് ന്യായവില തീരുമാനിച്ച് കാർഷികോല്പന്നങ്ങൾ സംഭരിക്കാൻ തയ്യാറാകാതെ കൃഷിയെ ലാഭകരമല്ലാത്ത തൊഴിലായി മാറ്റി.
രാജ്യത്തെ കാർഷിക മേഖല മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ വൻ തകർച്ച നേരിടുകയാണ്. രാജ്യത്തെ 70 ശതമാനം ജനങ്ങൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്ത് കാർഷിക മേഖല തകർന്നാൽ രാജ്യം തളരും എന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കാൻ കഴിയുന്നതല്ല. 80 ലക്ഷത്തില്പരം കർഷകർ ഈ അടുത്ത കാലത്തായി കാർഷിക മേഖല ഉപേക്ഷിച്ച് പോയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഭക്ഷ്യധാന്യ ഉല്പാദനത്തിൽ ഇന്ത്യ ഏറെ പിന്നാക്കം പോകുകയാണ്. ലോകത്തെ 88 വികസ്വര രാജ്യങ്ങളിൽ ഏറ്റവും ഭീകരമായ പട്ടിണിയുള്ള രാജ്യങ്ങളിൽ ഇന്ത്യയെ 66-ാം സ്ഥാനത്താണ് ആഗോള പട്ടിണി സൂചകവും അന്തർദേശീയ ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും പ്രതിഷ്ഠിച്ചിരിക്കുന്നത്. 93 കോടി ദരിദ്രരെന്നര്‍ത്ഥം. ഇവർക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള ചുമതലയിൽ നിന്നൊഴിഞ്ഞു മാറാൻ ഗവൺമെന്റ് പറയുന്ന ന്യായം പണമില്ലെന്നതാണ്. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ധാന്യം നൽകാൻ പ്രതിവർഷം 40,000 കോടി രൂപ ചെലവാക്കാൻ തയ്യാറാകാത്ത സർക്കാർ ഏഴ് വർഷത്തിനിടയിൽ കോർപറേറ്റുകൾക്ക് നികുതി ഇളവായും പ്രത്യേക ആനുകൂല്യങ്ങളായും നൽകിയത് 24 ലക്ഷം കോടി രൂപ! വൻകിട കമ്പനികളിൽ നിന്ന് പിരിച്ചെടുക്കാത്ത നികുതി ഇതിലും കൂടുതലാണ്.
നാല് ശതമാനം പലിശയ്ക്ക് കാർഷിക വായ്പ നൽകണമെന്ന ദേശീയ കാർഷിക കമ്മിഷന്റെ നിർദേശത്തിന് വലിയ വിലയൊന്നും കല്പിക്കാറില്ല. ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാത്ത കർഷകർ പലിശക്കൊള്ളക്കാരായ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും ആശ്രയിക്കേണ്ടി വരുന്നു. പലിശ നിരക്കാണെങ്കിലോ 60 മുതൽ 150 ശതമാനം വരെ. രാസവള വിലനിയന്ത്രണം നീക്കിയ സർക്കാർ വളം സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞയാഴ്ച വളം സബ്സിഡിയിൽ വീണ്ടും 28 ശതമാനം കുറവു വരുത്തി. വളത്തിന് താങ്ങാനാവാത്ത വിലയിലെത്തിച്ച് കർഷകരെ കൂടുതൽ കുത്തുപാളയെടുപ്പിക്കുന്നത് ക്രൂരവിനോദമാക്കിയിരിക്കുകയാണ്. ഉല്പാദനചെലവിലെ വർധനയും ഉല്പന്നങ്ങളുടെ വിലത്തകർച്ചയുംമൂലം കൃഷി നഷ്ടമായപ്പോൾ ധനിക കർഷകരിൽ 60 ശതമാനവും കൃഷിയിൽ നിന്നും പിൻമാറി. കൃഷിഭൂമി കൈവശമുള്ളവരിൽ തന്നെ വലിയൊരു വിഭാഗം ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരല്ല. മറ്റു തൊഴിലുള്ള ഇവർ നേരിട്ട് ഭൂമിയിൽ കൃഷി ചെയ്യുന്നുമില്ല. കൃഷി പ്രധാന വരുമാന മാർഗമല്ലാത്തതിനാൽ അതിനായി മുതൽ മുടക്കാറുമില്ല. തന്മൂലം ഉല്പാദനം നടക്കാത്ത കൃഷിഭൂമിയുടെ വ്യാപ്തി വൻതോതിൽ വർധിച്ചു. കൃഷി ചെയ്യാത്ത ഭൂമി കേരളത്തിൽ 1991ൽ ആറ് ശതമാനം ആയിരുന്നെങ്കിൽ പിന്നീടുള്ള 38.6 ശതമാനമായി ഉയർന്നു.
സാമ്പത്തിക പ്രയാസങ്ങൾ കാരണം ദരിദ്ര, ചെറുകിട, ഇടത്തരം ഭൂഉടമകൾ കൃഷി ഭൂമി വൻതോതിൽ കൈമാറ്റം ചെയ്യപ്പെടുകയാണ്. സ്വകാര്യ കെട്ടിട നിർമ്മാതാക്കളും റിയൽ എസ്റ്റേറ്റുകാരും വൻകിട കോർപറേറ്റുകളും രാജ്യത്തെങ്ങും കർഷകരിൽ നിന്നും ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഒരുതരം പിടിച്ചെടുക്കലാണ് നടക്കുന്നത്. യുപിഎ സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പുനഃസ്ഥാപനവും സംബന്ധിച്ച ബില്ലും കർഷകജനതയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുന്നതല്ല.
രാജ്യരക്ഷയ്ക്ക് യഥേഷ്ടം പണം ചെലവാക്കുമ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാർഷിക മേഖലയ്ക്കു വേണ്ടത്ര പണം വകയിരുത്താൻ സർക്കാരിന് വൈമുഖ്യം. കാർഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം അടിക്കടി വെട്ടിക്കുറച്ച സർക്കാർ ഈ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. കാർഷിക മേഖലയെ ശവപ്പറമ്പാക്കുന്ന ഈ നയങ്ങൾ വലിയ കെടുതികളിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. കൃഷിയെ തഴഞ്ഞ് ജനങ്ങളുടെ പട്ടിണിമാറ്റാൻ ഒരു സർക്കാരിനും കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെന്നാണുണ്ടാകുക?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.