21 January 2026, Wednesday

കാർഷികവരുമാന വർധനയെന്ന പാഴ്‌വാക്ക്

ആർ സൂര്യമൂർത്തി
January 9, 2026 4:38 am

2014ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കർഷക വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം. ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ വലിയ ആവേശത്തോടെ നടത്തിയ ഈ പ്രഖ്യാപനം ഇന്ത്യയുടെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മേഖലയെ പുനർനിർമ്മിക്കാനും ശ്രമിക്കുമെന്ന പ്രതീക്ഷയാണ് സൃഷ്ടിച്ചത്. ഇടയ്ക്കിടെ കൈകാര്യം ചെയ്യേണ്ട ദുരിതമായിട്ടല്ല, എല്ലാ കാലത്തേക്കുമായി പരിഹരിക്കാവുന്ന ഒരു വരുമാന പ്രശ്നമായി കാർഷിക രംഗത്തെ പരിഗണിക്കുമെന്നും ജനങ്ങൾ വിശ്വസിച്ചു. എന്നാൽ 10 വർഷങ്ങൾക്കുശേഷം, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നടപടികൾ പുരോഗമിക്കുമ്പോൾ, കണക്കുകൾ വ്യത്യസ്തമായ കഥയാണ് പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ഐസിആർഐഇആർ) അടുത്തിടെ പുറത്തിറക്കിയ ഒരു നയരേഖ ഈ വാഗ്ദാനത്തിന്റെ ഏറ്റവും വ്യക്തമായ പരിശോധന നടത്തുന്നു. അതിന്റെ കണ്ടെത്തലുകൾ വൈകാരികമല്ല മറിച്ച് കൃത്യമായും അടിസ്ഥാന പ്രശ്നങ്ങളാണ്.
ഏറ്റവും പുതിയ വസ്തുതാ വിലയിരുത്തൽ സർവേ (എസ്എഎസ്) യിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട്, 2024–25ൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസവരുമാനം 19,696 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2012–13ലെ 6,426 രൂപയിൽ നിന്ന് മൂന്നിരട്ടി വർധനവാണെന്ന് അവകാശപ്പെടാം. എന്നാൽ പണപ്പെരുപ്പത്തിൽ ഇതിനിടെ ഏകദേശം 62% വർധനയുണ്ടായി എന്നത് പരിഗണിക്കുമ്പോൾ വർധന ഫലപ്രദമല്ലാതെ പോകുന്നു. കൃത്യമായി പറഞ്ഞാൽ, 2014–15നും 2024–25നും ഇടയിൽ, കാർഷിക രംഗത്ത് ശരാശരി വാർഷിക വളർച്ച ഏകദേശം 4.02% ആണ്. ഇത് മാന്യവും വളരുന്ന ജനസംഖ്യയ്ക്ക് ഭക്ഷ്യസുരക്ഷ നിലനിർത്താൻ പര്യാപ്തവുമാണെന്നാണ് വിലയിരുത്തലെങ്കിലും ഇതേ കാലയളവിൽ മൊത്തത്തിലുള്ള ജിഡിപി വികാസം ആറ് ശതമാനത്തിൽ കൂടുതലായതിനാൽ ഈ വളർച്ച മങ്ങുന്നു. 

2022–23ലെ ഗാർഹിക ഉപഭോഗ ചെലവ് സർവേ അനുസരിച്ച്, സ്വയം തൊഴിൽ ചെയ്യുന്ന കർഷക കുടുംബങ്ങൾ ഒരാൾക്ക് പ്രതിമാസം ശരാശരി 3,701 രൂപയാണ് ചെലവ് ചെയ്യേണ്ടിവരുന്നത്. ഗ്രാമീണ ശരാശരിയായ 3,773 രൂപയെക്കാൾ താഴെയും നഗര ചെലവായ 4,534 രൂപയെക്കാൾ വളരെയധികം താഴെയുമാണിത്. പിഎം കിസാൻ പണം കൈമാറലുകൾ മുതൽ വളം സബ്സിഡികൾ, താങ്ങുവില, സംഭരണം വരെയുള്ള ഒരു ദശാബ്ദക്കാലത്തെ വരുമാന പിന്തുണാ നടപടികൾക്കിടയിലും ഈ ദുർബലമായ ഉപഭോഗ അടിത്തറ തുടരുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാർഷിക വരുമാനം വർധിച്ചുവെന്ന അവകാശവാദം നിലനിൽക്കുമ്പോഴും ആവശ്യകതയെയും ഉപഭോഗത്തെയും ബന്ധപ്പെടുത്തുന്നില്ലെന്നതാണ് പ്രശ്നം. സാമ്പത്തിക യാഥാർത്ഥ്യത്തേക്കാൾ രാഷ്ട്രീയ അവകാശവാദങ്ങളാണ് വളരെ മുന്നിലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കാർഷിക വരുമാന ഘടനയിൽ നിർണായകമായ ഒരു മാറ്റമാണ് ഐസിആർഐഇആർ പഠനം നിർദേശിക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയുടെ ധാർമ്മികവും സാമ്പത്തികവുമായ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന വിളകൃഷിയിൽ നിന്നുള്ള വരുമാനം 2002–03ൽ മൊത്തം കാർഷിക വരുമാനത്തിന്റെ 46 ശതമാനത്തിൽ നിന്ന് 2018–19 ആയപ്പോഴേക്കും 39 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇതിനു വിപരീതമായി, ക്ഷീരമേഖലാ വരുമാനം അതേ കാലയളവിൽ നാമമാത്രമായ നാല് ശതമാനത്തിൽ നിന്ന് ഏകദേശം 16 ശതമാനം ആയി കുത്തനെ ഉയർന്നു. കൂലി വരുമാനം ഇപ്പോൾ 40 ശതമാനത്തിൽ കൂടുതലാണ്. ഇത് ദശലക്ഷക്കണക്കിന് ചെറുകിട, നാമമാത്ര കർഷകർക്ക് കൃഷി ലാഭകരമായ ഉപജീവനമാർഗം നൽകുന്നില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. കന്നുകാലികളുള്ള കർഷകർ, ശരാശരി 86.2% ഉയർന്ന വരുമാനം നേടുന്നു. ഉയർന്ന മൂല്യമുള്ള വിളകൾക്കായി അനുവദിച്ച ഭൂമിയുടെ വിഹിതം അനുസരിച്ച്, പൂന്തോട്ടപരിപാലനത്തിലേക്ക് വൈവിധ്യവൽക്കരിക്കുന്നവർ 25 മുതൽ 56% വരെ കൂടുതൽ സമ്പാദിക്കുന്നു. 

അതുപോലെ വിദ്യാഭ്യാസവും ജലസേചനസൗകര്യവും പ്രധാനമാണ്. സെക്കൻഡറി വിദ്യാഭ്യാസം നേടിയ കർഷകർ വിദ്യാഭ്യാസമില്ലാത്തവരെ അപേക്ഷിച്ച് 57% കൂടുതലും ജലസേചന തീവ്രതയിലെ 1% വർധനവ് എട്ട് ശതമാനവും വരുമാന വർധന നൽകുന്നു. കർഷക ഉല്പാദക സംഘടനകളിലെ (എഫ്‌പിഒ) പങ്കാളിത്തം വരുമാനം ഏകദേശം 17% വർധിപ്പിക്കുന്നു. എന്നിരുന്നാലും ബജറ്റ് മുൻഗണനകൾ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുന്നു. 2015–26 സാമ്പത്തിക വർഷത്തിൽ, ക്ഷീരമേഖലയ്ക്കും മത്സ്യബന്ധനത്തിനും കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്ര ചെലവിന്റെ 2.35% മാത്രമാണ് നീക്കിവച്ചത്, അതിൽ വളം സബ്സിഡികളും ഉൾപ്പെടുന്നു. പൊതു ചെലവിന്റെ ഭൂരിഭാഗവും വളം സബ്സിഡികൾ, ധാന്യ സംഭരണം, വില ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഉല്പാദനത്തെ സ്ഥിരപ്പെടുത്തുന്നു, പക്ഷേ വരുമാനത്തിൽ മാറ്റം വരുത്തുന്നില്ല.
ഈ പൊരുത്തക്കേട് ആകസ്മികമല്ല. സമീപ വർഷങ്ങളിൽ അപര്യാപ്തമായ ശീതികരണ സംവിധാനം, ദുർബല സംസ്കരണ ശേഷി, മോശം വിപണനം എന്നിവ കർഷകരെ കടുത്ത വില അസ്ഥിരതയ്ക്കും വിളവെടുപ്പിനു ശേഷം തോട്ടക്കൃഷിയുടെ ഉൽപ്പാദന മൂല്യത്തിന്റെ 20% നഷ്ടത്തിനും വിധേയമാക്കുന്നു. ഓരോ വിലത്തകർച്ചയും വരുമാന, ലാഭ, വൈവിധ്യവൽക്കരണ വാഗ്ദാനങ്ങളെത്തന്നെ ഇല്ലാതാക്കുന്നു. ഇൻഷുറൻസ് സംവിധാനങ്ങളും പരാജയപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമ്പോഴും, പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) പോലുള്ള പദ്ധതികൾ പ്രധാനമായും വിള കേന്ദ്രീകൃതമായി തുടരുന്നു. പൂന്തോട്ടപരിപാലനത്തിനും കന്നുകാലികൾക്കും പരിമിതമായ കവറേജാണ് വാഗ്ദാനം ചെയ്യുന്നത്. ധനസഹായങ്ങൾ വൈകുന്നതും ആത്മവിശ്വാസത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു. പണ കൈമാറ്റത്തിലൂടെ ദുരിതം പരിഹരിക്കാമെന്നത് വരുമാന വർധനയുണ്ടാക്കുന്നതിന് പര്യാപ്തമല്ലെന്നർത്ഥം.
2026–27ലെ കേന്ദ്ര ബജറ്റ് അടുക്കുമ്പോൾ കാർഷിക ചെലവുകളിൽ കൃത്യമായ വർധന വരുത്തണമെന്ന് ഐസിആർഐഇആർ നിർദേശിക്കുന്നു. രാഷ്ട്രീയമായി പറഞ്ഞാൽ, കാർഷിക വ്യാപാരം അസ്വസ്ഥമാണ്. വളം സബ്സിഡികൾ കുറയ്ക്കുന്നത് കർഷകർക്കും കാർഷിക വ്യവസായികൾക്കും തിരിച്ചടിക്ക് സാധ്യതയുണ്ട്. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്നത് ഇനി ഒരു മുദ്രാവാക്യമായി പ്രായോഗിക്കണമെന്നില്ല. യഥാർത്ഥത്തിൽ ഉയർത്തുന്ന നയം രൂപകല്പന ചെയ്യുകയാണ് വേണ്ടത്.

(ഇന്ത്യ പ്രസ് ഏജന്‍സി)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.