21 January 2026, Wednesday

ക്രാന്തദർശിയായ ഭരണാധികാരി



അഡ്വ. കെ പ്രകാശ്ബാബു
January 19, 2026 4:35 am

തൊഴിലാളി വർഗത്തിൽ നിന്നും വളർന്നു വന്ന ക്രാന്തദർശിയായ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു 50 വർഷം മുമ്പ് വിടപറഞ്ഞ സ. ടി കെ ദിവാകരൻ. സാമാന്യ വിദ്യാpoliഭ്യാസം മാത്രം നേടി സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കി ചൂഷണങ്ങൾക്കും ഏകാധിപത്യ ഭരണത്തിനും എതിരെ പ്രക്ഷോഭരംഗത്തിറങ്ങി തന്റെ രാഷ്ട്രീയ ഇടം സ്വപ്രയത്നത്തിൽക്കൂടി കണ്ടെത്തുകയായിരുന്നു സ. ടി കെ. ആർഎസ്‌പിയുടെ മുൻനിര നേതാക്കളിൽ ശ്രീകണ്ഠൻ നായരും ടി കെ ദിവാകരനും ബേബി ജോണും കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ശക്തിദുർഗങ്ങളായിരുന്നു. 1952ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി കൊല്ലത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട സ. ടി കെ ദിവാകരൻ 10 വർഷങ്ങൾക്ക് ശേഷം 1962ൽ കൊല്ലം മുനിസിപ്പൽ ചെയർമാനായി.

ഒരു സാധാരണ തൊഴിലാളിയായി ജീവിതം ആരംഭിച്ച ആ രാഷ്ട്രീയ നേതാവിന് താൻ ജീവിക്കുന്ന പ്രദേശത്തെ മണ്ണും മനുഷ്യരും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വൈകാരികമായിത്തന്നെ ബോധ്യപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. 1952–53 കാലഘട്ടത്തിലെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ ജെ ജോണിന്റെ സര്‍ക്കാരിനെതിരെ നിയമസഭയിൽ ടി കെ ദിവാകരൻ നടത്തിയ പ്രസംഗത്തിൽ ഇന്നും ഏറ്റവും പ്രസക്തമായ ഒരാശയം അദ്ദേഹം മുന്നോട്ടു വച്ചു. ”ഒരു നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം ആളുകൾക്ക് ആ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ (എംഎൽഎയെ) തിരിച്ചുവിളിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ആ അവകാശം ഭരണഘടനമൂലം ജനങ്ങൾക്ക് നൽകണമെന്നാണ് അഭിപ്രായം”. ഇതായിരുന്നു സ. ടി കെ മുന്നോട്ടു വച്ച ആശയം. ആധുനിക കാലഘട്ടത്തിൽ നിരവധി സാമൂഹ്യ പ്രവർത്തകർക്ക് ആവേശം നൽകുന്ന എന്നാൽ ആ കാലഘട്ടത്തിൽ ആരും അധികം ശ്രദ്ധിക്കാതെ പോയ ഉദാത്തമായ ഒരാശയമാണ് സ. ടികെ തിരു-കൊച്ചി സഭയിൽ പങ്കുവച്ചത്.

1969ൽ ഐക്യമുന്നണി സംവിധാനത്തെക്കുറിച്ച് ടികെ നിയമസഭയിൽ നടത്തിയ ഒരു പ്രസ്താവന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ഐക്യമുന്നണി ഉണ്ടാക്കിയതും വളർത്തിയതും ഏതാനും ആളുകൾക്ക് എംഎൽഎമാരാകാനും, കുറച്ചുപേർക്ക് മന്ത്രിമാരാകാനും ഇഷ്ടക്കാരെ സഹായിക്കാനുമല്ലായെന്ന് വിശദീകരിച്ച ടികെ, ആ കാലഘട്ടത്തിലെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രസക്തിയും വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ, ”കേരളത്തിലെ, ഭാരതത്തിലെ, കോടിക്കണക്കിന് ദരിദ്ര ലക്ഷങ്ങളുടെ സാമ്പത്തിക ദുരിതത്തിനും തീരാദുഃഖത്തിനും അല്പമെങ്കിലും പരിഹാരമുണ്ടാകണമെങ്കിൽ, ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു മാറ്റി ആ സ്ഥാനത്ത് ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഒരു ഭരണകൂടം എവിടെയെല്ലാം ഉണ്ടാക്കാൻ കഴിയുമോ അവിടെയെല്ലാം ഉണ്ടാക്കുകയും, എവിടെയെല്ലാം ആ ശക്തികളെ വളർത്തിക്കൊണ്ടുവരാൻ കഴിയുമോ അവിടെയെല്ലാം വളർത്തുകയും ചെയ്യുകയെന്നതാണ് ഐക്യമുന്നണിയുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.” 1969ൽ ആർഎസ്‌പിയുടെ കാഴ്ചപ്പാട് ഒരു തൊഴിലാളിവർഗ നേതാവെന്ന നിലയിൽ എത്ര ഭംഗിയായി കേരള നിയമസഭയിൽ അദ്ദേഹം വിശദീകരിച്ചു എന്ന് നമുക്ക് കാണാൻ കഴിയും.

അച്യുതമേനോൻ സര്‍ക്കാരിൽ പൊതുമരാമത്ത് മന്ത്രിയാകുന്നതിന് മുമ്പുതന്നെ അച്യുതമേനോനോടും, എംഎൻ, ടിവി എന്നിവരോടും വളരെയധികം വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ടി കെ ദിവാകരൻ. എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ്, ടി കെ ദിവാകരൻ, സി എച്ച് മുഹമ്മദ് കോയ എന്നീ നാല് രാഷ്ട്രീയ അതികായന്മാർ അച്യുതമേനോൻ സർക്കാരിന്റെ തിലകക്കുറികളായിരുന്നു. കേരള മോഡലിന്റെ വികസനത്തിന് സി അച്യുതമേനോന് കൂടുതൽ ശക്തിപകർന്നതും ഈ കൂട്ടുകെട്ടാണ്. 1969ൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ അച്യുതമേനോൻ നിയമസഭാംഗമായിരുന്നില്ല. പിന്നീട് ഇ ചന്ദ്രശേഖരൻ നായർ രാജിവച്ചൊഴിഞ്ഞ കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിൽ നിന്നും 1970ലെ ഉപതെരഞ്ഞെടുപ്പിൽക്കൂടി സഭാംഗമാവുകയാണ് ഉണ്ടായത്. ഈ കാലയളവിൽ 1969 നവംബർ ഒന്ന് മുതൽ ഐക്യമുന്നണിയുടെ സഭാ നേതാവായി ചുമതല നിർവഹിച്ചത് ടി കെ ദിവാകരനായിരുന്നു. ഐക്യമുന്നണിക്ക് വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും ഏറ്റവും ശക്തനായ കാവലാളായി അദ്ദേഹം നിലകൊണ്ടു. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രൗഡഗംഭീരവും എതിർചേരിയെ അവരുടെ മുൻകാല ചരിത്രവും ചെയ്തികളും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമുള്ള പ്രസംഗങ്ങളും കുറിക്കുകൊള്ളുന്ന മറുപടിയും ഇന്നും കേരള നിയമസഭാ ചരിത്രത്തിന്റെ ഭാഗമാണ്.

1967ലെ സപ്തകക്ഷി സര്‍ക്കാരിൽ മരാമത്ത് വകുപ്പ് മാത്രമാണ് ടികെ കൈകാര്യം ചെയ്തിരുന്നത്. 1969ലെ ഐക്യമുന്നണി സർക്കാരിൽ മരാമത്തും വിനോദ സഞ്ചാരവും അദ്ദേഹത്തിന്റെ വകുപ്പുകളായിരുന്നു. കേരളത്തിന്റെ വികസന ലക്ഷ്യങ്ങളിൽ റോഡുകളുടെയും പാലങ്ങളുടെയും പ്രാധാന്യം മനസിലാക്കി പൊതുമരാമത്ത് വകുപ്പിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി അദ്ദേഹം മുന്നോട്ടു കുതിച്ചു. വീതി കുറഞ്ഞ റോഡുകളും പാലങ്ങളുടെ അഭാവവും നേരിൽ കണ്ടും റിപ്പോർട്ടുകൾ വരുത്തിയും പരിഹരിക്കുന്നതിന് അതിതീവ്ര ശ്രമമാണ് ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയത്. കൊല്ലം ചിന്നക്കടയിലെ പഴയ കുഞ്ഞമ്മപ്പാലത്തിനു പകരം പാലമുണ്ടായതും കൊല്ലം ടൗണിൽ നിന്നും വെള്ളയിടുമ്പലം വരെയുള്ള റോഡ് ഇന്നത്തെ നിലയിലെങ്കിലും മാറുന്നതിലും ടി കെ യുടെ ദീർഘവീക്ഷണം നമുക്ക് കാണാം. ഇന്നത്തെ കൊല്ലം ബൈപാസിന്റെ രൂപരേഖയും അങ്ങനെയുണ്ടായതാണ്.

കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായ മണക്കാല യജ്ഞം ആരംഭിക്കുമ്പോൾ ജനകീയ പങ്കാളിത്തത്തോടുകൂടിയ കനാൽ നിർമ്മാണം എന്നതിൽ ടികെയ്ക്ക് ആദ്യം ചില സംശയങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും പൂർണമായും ജനകീയ ഉത്സവമായി ആ പദ്ധതി ആരംഭിച്ചപ്പോൾ മരാമത്ത് മന്ത്രിയായ ടി കെ ദിവാകരനും ജലസേചന മന്ത്രിയായ കെ ജി അടിയോടിയും, എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് കൃഷി — ഭവന നിർമ്മാണ മന്ത്രി കൂടിയായ എംഎന്നും കേരളത്തിന്റെ ആദ്യ ജനകീയ പങ്കാളിത്ത വികസന പ്രക്രിയയിൽ കൈകോർത്തു. ലക്ഷോപലക്ഷം ജനങ്ങൾ അതിൽ അണിനിരന്നു. ഒരു തൊഴിലാളി നേതാവ് ഭരണാധികാരിയായി മാറിയപ്പോഴുള്ള ഊഷ്മളത സ. ടികെയുടെ ഔദ്യോഗിക ജീവിതത്തിലുടനീളം കാണാൻ കഴിയും.

1975ൽ നിയമസഭ രൂപീകരിച്ച ഇറിഗേഷൻ ബില്ലിന്റെ സെലക്ട് കമ്മിറ്റിയുടെ യാത്രയിൽ വച്ചാണ് ടികെയ്ക്ക് അപ്രതീക്ഷിതമായി ഹൃദയസംബന്ധമായ അസുഖം ഉണ്ടായത്. ഒഡിഷയിലെ കട്ടക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടി കെ ദിവാകരനെ യാത്ര അവസാനിപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. രാഷ്ട്രീയത്തിലെ നിരവധി കോളിളക്കങ്ങളിൽ അടിയുറച്ച്, ആത്മവിശ്വാസത്തോടെ, ജീവിതാനുഭവങ്ങളുടെ കരുത്തിൽ തലയെടുപ്പോടെ സ. ടി കെ ദിവാകരൻ നിന്നു. 1976 ജനുവരി 19ന് ആ തൊഴിലാളി നേതാവ് നമ്മെ വിട്ടുപിരിഞ്ഞു. അനുകരണീയമായ നിരവധി സമീപനങ്ങളും ശൈലികളും പുതുതലമുറയ്ക്ക് പഠിക്കാനും മനസിലാക്കാനും പകർന്നു നൽകിക്കൊണ്ടാണ് സ. ടി കെ ദിവാകരൻ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.