22 December 2024, Sunday
KSFE Galaxy Chits Banner 2

ഈ കെട്ട കാലത്ത് സത്യം ഏത് ഭാഷയിലാണ് സംസാരിക്കുക

Janayugom Webdesk
June 9, 2024 4:21 am

സത്യം രാജ്യദ്രോഹമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബ്രാഹ്മണ ഹിന്ദുത്വയുടെ തീവ്രമായ ഫാസിസ്റ്റ് ആക്രമണത്തിന്റെ കീഴിൽ സത്യം, നിരീക്ഷിക്കപ്പെടുമോ, പിന്തുടരുന്നുണ്ടോ, കുറ്റവാളിയാക്കപ്പെടുമോ, നിഷ്ക്രിയമാക്കപ്പെടുമോ, അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടുമോ എന്നിങ്ങനെയുള്ള ഭയത്താൽ മൂടപ്പെട്ടിരിക്കുകയാണ്. എന്നാൽ ഭയത്തിന്റെ ഒടുവിൽ സത്യം, നിയമവിരുദ്ധമായത് സംഭവിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞിരിക്കുന്നു. ഭീമാ കൊറേഗാവ് കേസിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട് ബികെ 16 എന്നറിയപ്പെടുന്ന ഞങ്ങൾ, ജൂൺ ആറിന്, കടുത്ത തീവ്രവാദ വിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന കരിനിയമമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയൽ നിയമ (യുഎപിഎ) പ്രകാരം ആറ് വർഷത്തെ തടവ് ജീവിതം പൂർത്തിയാക്കി അവിടെത്തന്നെ തുടരുകയാണ്. ആ നിയമത്തിന്റെ പ്രത്യേകത കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണ് താൻ നിരപരാധിയാണെന്ന് തെളിയിക്കുക എന്നതാണ്. സത്യം പറയുന്നതിനെ ദേശദ്രോഹം, ഹിന്ദു വിരുദ്ധം, ഭീകരപ്രവർത്തനം എന്നിങ്ങനെ വിശേഷിപ്പിക്കുന്ന നരേന്ദ്ര മോഡി ഭരണത്തിന്റെ കടുത്ത പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് നിരപരാധിത്വം തെളിയിക്കപ്പെടേണ്ടത്.
ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും പ്രചരിപ്പിക്കാനുമുള്ള സാധ്യമായ എല്ലാ വഴികളെയും അക്രമാസക്തമായ മാർഗങ്ങളിലൂടെ പ്രതിരോധിക്കുവാൻ ശ്രമിച്ച ബ്രാഹ്മണ ഹിന്ദുത്വം പിന്തുടർന്ന മോഡി സർക്കാരിന്റെ പത്തുവർഷങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. എതിർപ്പിനും വിയോജിപ്പിനും ഇടം നൽകാതെ അഭിപ്രായങ്ങൾ ഇങ്ങോട്ടല്ലാതെ അങ്ങോട്ട് പാടില്ലെന്ന കാർക്കശ്യം വച്ചുപുലർത്തുകയും ചെയ്തു. ബ്രാഹ്മണ ഹിന്ദുത്വയുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആധിപത്യം സ്ഥാപിക്കാനുള്ള ആയുധം മാത്രമായി സർക്കാരിന്റെ നിരീക്ഷണ സംവിധാനങ്ങൾ മാറി. മനുഷ്യാവകാശ സംരക്ഷകരും അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും പ്രതിപക്ഷ നേതാക്കളുമെല്ലാം ആ നിരീക്ഷണ യന്ത്രത്തിന്റെ വലയത്തിനകത്താണ്. 

നരേന്ദ്രമോഡിയുടെ രണ്ട് ഭരണകാലയളവുകളിൽ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാമൂഹിക ഘടനയിലേക്കുള്ള ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ കടന്നുകയറ്റം മുസ്ലിങ്ങൾ, ആദിവാസികൾ, ദളിതുകൾ എന്നിവയ്ക്കിടയിൽ സാമൂഹിക സ്പർധയ്ക്ക് കാരണമായി. സൈനികവൽക്കരണത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയ പ്രക്രിയ‌യ്ക്കിടയിൽ കശ്മീരിൽ നിന്ന് മണിപ്പൂരിലേക്കും (വടക്ക് കിഴക്കിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു) മധ്യ ഇന്ത്യയിലേക്കും സംഘർഷങ്ങൾ വ്യാപിച്ചു. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ ആദിവാസികൾ പിടികൂടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. പ്രകൃതിവിഭവങ്ങളാലും അപൂർവ ധാതുക്കളാലും സമൃദ്ധമായ ഈ മൂന്ന് മേഖലകളിലെയും വിഭവങ്ങൾ ബഹുരാഷ്ട്ര കോർപറേറ്റുകൾക്കായി തുറന്നിട്ടിരിക്കുന്നു. ഭൂമിയും വനങ്ങളും വാസയോഗ്യമല്ലാതാക്കുകയും പരിസ്ഥിതിക്ക് തിരിച്ചെടുക്കാനാകാത്ത വിധം നാശമുണ്ടാക്കുകയും ചെയ്യുന്നു. വൻ മൂലധന ശക്തികളുടെ ലാഭാർത്ഥി ജലം, വനം, ഭൂമി (ജൽ, ജംഗിൾ, ജമീൻ) എന്നിവ തട്ടിയെടുക്കുന്നു. ഇതിനെ എതിർക്കുന്ന ആരെയും ആർഎസ്എസ്-ബിജെപി സംഘങ്ങൾ നേരിടുന്നു.
നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്‌ടി), കോവിഡ് മഹാമാരി എന്നിവയുണ്ടാക്കിയ ആഘാതങ്ങളും ഇവയോട് കൂട്ടിച്ചേർക്കണം. ഇത് മൂന്നും രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് (എംഎസ്എംഇ) കനത്ത തിരിച്ചടിയാണ് നൽകിയത്. ഒരു വശത്ത് സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ക്ഷേമ ചെലവുകൾ വെട്ടിക്കുറയ്ക്കുമ്പോൾ, മറുവശത്ത് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ ലക്ഷക്കണക്കിന് കോടികളുടെ കടങ്ങൾ (നിഷ്ക്രിയ ആസ്തികൾ) എഴുതിത്തള്ളുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരായി, സമ്പന്നർ അതിസമ്പന്നരായി. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയും ഗ്രാമ‑നഗര അന്തരവും വർധിച്ചതും സാമൂഹിക സംഘർഷങ്ങൾ കൂട്ടി. ഇതെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദളിതരെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തൊഴിലുകളിലേക്ക് നേരിട്ടുള്ള നിയമനവും അവയുടെ വില്പനയും ദളിത്-ഒബിസി സംവരണം ഫലപ്രദമല്ലാതാക്കി. ജനങ്ങളുടെ വരുമാനം കുറയുന്നത് വ്യാപകമായ പോഷകാഹാരക്കുറവിന് കാരണമായി, പ്രത്യേകിച്ച് ലിംഗവിവേചനം നേരിടേണ്ടി വരുന്ന സ്ത്രീകൾ. ഗോസംരക്ഷണം, മാംസാഹാര രാഷ്ട്രീയം, മിഥ്യയായ ലൗ ജിഹാദ്, ബുൾഡോസർ രാജ്, സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്കരണാഹ്വാനങ്ങൾ, സിഎഎ-എൻആർസി വഴി പൗരത്വം എടുത്തുകളയുമെന്ന ഭീഷണി എന്നിങ്ങനെ ന്യൂനപക്ഷങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം ഭീഷണികളും വെല്ലുവിളികളുമാണ് നേരിടുന്നത്. 

ഭീമാ കൊറേഗാവ് കേസിൽ ജയിൽവാസത്തിന്റെ ആറാം വർഷം പൂർത്തിയാകുമ്പോൾ, (പ്രതികളിൽ ചിലരുടെ കമ്പ്യൂട്ടറുകളിൽ ഭരണകൂടം തന്നെ കൃത്രിമമായ തെളിവുകൾ ചേർത്തത് കയ്യോടെ പിടിക്കപ്പെട്ട ലോകത്തെ തന്നെ ഏക കേസാണിത്) ഫാസിസ്റ്റ് നിരീക്ഷണത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി ഇന്ത്യ മാറിയെന്നതിന്റെ തെളിവായാണ് ഞങ്ങളുടെ ജയിൽവാസം. കമ്പ്യൂട്ടറുകളിൽ കൃത്രിമമായ തെളിവുകൾ വച്ചത് കണ്ടെത്തിയ ആഗോളതലത്തിൽ പ്രമുഖരായ യുഎസിലെ വിദഗ്ധർ വെളിപ്പെടുത്തിയ അനിഷേധ്യമായ തെളിവുകൾ അവഗണിക്കപ്പെട്ടു. ഇത് പ്രധാനമന്ത്രി ആവർത്തിച്ച് ജനാധിപത്യങ്ങളുടെ മാതാവ് എന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യ ഏകാധിപത്യത്തിലേക്ക് വീണതിന്റെ സങ്കടകരമായ സാക്ഷ്യമാണ്. മരിച്ചുകൊണ്ടിരിക്കുന്ന സത്യത്തെ കണ്ടെത്തുവാനും കേൾക്കുവാനും നീതിപീഠങ്ങൾ എത്ര വർഷമെടുക്കും? ഇത്രയും കാലം കഴിഞ്ഞിട്ടും ഇലക്ട്രോണിക് തെളിവുകളുടെ പകർപ്പുകൾ പോലും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെ, വിചാരണ കോടതിക്ക് അവരുടെ സമീപനം “കാഷ്വൽ” എന്ന് വിളിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. മറ്റ് പല യുഎപിഎ കേസുകളിലും പ്രകടമാകുന്നതുപോലെ, നടപടി തന്നെ ശിക്ഷയായി മാറിയിരിക്കുന്നു ഇവിടെ.
ഭീമാ കൊറേഗാവ് കേസ് ഓർമ്മകളിൽ നിന്ന് മായ്ച്ചുകളയാൻ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇന്ത്യയിലെ ജനാധിപത്യ അവസ്ഥയുടെ മണിനാദമായി മാറിയിരിക്കുന്നു ഇത്തവണത്തെ ജനവിധി. ബികെ 16ന്റെ നീതി ഞങ്ങളുടെ ഉടനടി മോചനത്തിനായുള്ള പോരാട്ടം മാത്രമല്ല, ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ്.
(ഭീമാ കൊറേഗാവ് കേസിൽ യുഎപിഎ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട സുധീർ ധാവ്ലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൗട്ട് എന്നിവർ ദ വയറിൽ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.