
ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും ത്വരിതഗതിയിലുള്ള വികസനത്തിന് നമ്മുടെ പൊതു ഉല്പാദന സംവിധാനത്തിന്റെയും വിശിഷ്യ, തൊഴിൽ ശക്തിയുടെയും ഉല്പാദനക്ഷമതയിൽ തുടർച്ചയായ വർധനവുണ്ടായിരിക്കണം. പ്രകൃതിവിഭവങ്ങളുടെ സുലഭമായ ലഭ്യതകൊണ്ട് മാത്രം വികസന ലക്ഷ്യങ്ങൾ നേടാനാവില്ല. പ്രകൃതി കനിഞ്ഞു നൽകുന്ന ഭൂമി, ധാതുവിഭവങ്ങൾ, വനസമ്പത്ത്, ജലം, വായു തുടങ്ങിയവ കാര്യക്ഷമമായി വിനിയോഗിക്കാനുള്ള ബാധ്യത നിക്ഷിപ്തമായിരിക്കുന്നത് മനുഷ്യാധ്വാന ശക്തിക്കുമേലാണ്. അധ്വാനിക്കുന്ന തൊഴിലാളിവർഗ ഉല്പാദന വർധനവിനെ ഉത്തേജിപ്പിക്കണമെങ്കിൽ നമ്മുടെ വ്യവസായ — വ്യാപാര ലോകവും ഭരണകൂടങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണം. വ്യത്യസ്ത മേഖലകളിൽപ്പെടുന്ന ഈ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കാവശ്യമായ നയങ്ങളും തീരുമാനങ്ങളും കാലാകാലങ്ങളിൽ രൂപീകരിക്കാനുള്ള ചുമതല പ്രാദേശിക, സംസ്ഥാന, കേന്ദ്രതലങ്ങളിൽ അധികാരം കയ്യാളുന്നതും, രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്നതുമായ ഭരണകൂടങ്ങൾക്കുമാണ്. പ്രമുഖ ധനശാസ്ത്ര വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ ഡോ. പോൾ ക്രുഗ്‌മാൻ അഭിപ്രായപ്പെടുന്നത്, ”ഉല്പാദനക്ഷമത എന്നാൽ ഒന്നുമല്ല. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ അത് എല്ലാമായിരിക്കും. ഒരു പ്രത്യേക കാലയളവിലേക്ക് ഒരു രാജ്യത്തിന് അവിടത്തെ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്, ഓരോ തൊഴിലാളിയുടെയും ഔട്ട്പുട്ട് — ഉല്പാദനം ആശ്രയിച്ചാണിരിക്കുക” എന്നാണ്. അതായത് വർധിച്ചുവരുന്ന ഉല്പാദനക്ഷമതയാണ്, യഥാർത്ഥ വരുമാനത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ നിർണായക സ്ഥാനമായിരിക്കുക. ഇതുതന്നെയായിരിക്കും ജീവിത നിലവാര നിർണയത്തിലും വ്യക്തിഗത ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും മർമ്മപ്രധാനമായ പങ്ക് വഹിക്കുക. നാം ജീവിക്കുന്നത് പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായൊരു ലോകക്രമത്തിലാണല്ലോ. അതുകൊണ്ടുതന്നെ ഓരോ രാജ്യവും ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ചരക്കുകളെയും സേവനങ്ങളെയും മാത്രമല്ല, മറ്റിടങ്ങളെയും സ്വന്തം ആവശ്യങ്ങൾക്കായി ആശ്രയിക്കുകയാണ് ചെയ്യുക.
സ്വാഭാവികമായും നിരവധി ചരക്കുകളും സേവനങ്ങളും വിദേശ വ്യാപാര പ്രക്രിയ വഴിയുള്ള കൈമാറ്റങ്ങൾക്ക് വിധേയമാക്കപ്പെടും. ഓരോ രാജ്യത്തിനും സ്വന്തമായ കറൻസികളുണ്ടാകുമെന്നതിനാൽ അതിൽ ഓരോന്നിന്റെയും വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൈമാറ്റത്തിനുള്ള വിലകള്‍ നിജപ്പെടുത്തിയിരിക്കുക. ഇത്തരം വിലകളുടെ നിർണയം അതതു രാജ്യത്തെ കറൻസിയുടെ വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരുക. ഇത്തരമൊരു പൊതുസംവിധാനമാണ് പർച്ചേസിങ് പവർ പാരിറ്റി (പിപിപി) — വാങ്ങൽ ശേഷി തുല്യത. ഇത് എല്ലാക്കാലവും ഒരേ നിലവാരത്തിലായിരിക്കണമെന്നില്ല.
2020ലെ സ്ഥിതി നോക്കിയാൽ, ഒരു ഇന്ത്യൻ തൊഴിലാളിയെ അപേക്ഷിച്ച് ഒരു അമേരിക്കൻ തൊഴിലാളിയുടെ ഉല്പാദനക്ഷമത ഒമ്പതിരട്ടി അധികമാണെന്നു കാണാം. ഏറെക്കുറെ സമാനമായ അന്തരമാണ് ഇരു സമ്പദ്‌വ്യവസ്ഥകളിലെ യഥാർത്ഥ വരുമാനത്തിലുള്ള അന്തരവും പ്രതിഫലിപ്പിക്കുന്നത്. ചൈനയാണെങ്കിൽ ഒരു പതിറ്റാണ്ട് മുമ്പുതന്നെ — 2010ൽ — യഥാർത്ഥ വരുമാനത്തിൽ ഇരട്ടിയോളമുള്ള വർധനവ് നേടിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം നിലവിലുള്ള തൊഴിൽ സാഹചര്യങ്ങളും വേതനനിരക്കുകളും കണക്കിലെടുക്കുമ്പോൾ, ഉല്പാദനക്ഷമത ഒരുവിധം തൃപ്തികരമാണെന്നു പറയാമെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചാലക്ഷ്യം കൈവരിക്കണമെങ്കിൽ ഇനിയും ബഹുദൂരം മുന്നേറേണ്ടതായിട്ടാണിരിക്കുന്നത്.
2017ൽ, സാമ്പത്തിക നയരൂപീകരണ മേഖലയിൽ വഴികാട്ടിയായി അറിയപ്പെടുന്ന വിദഗ്ധനും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മുൻ വൈസ് ചെയർമാനുമായ പരേതനായ ഡോ. സ്റ്റാൻലി ഫിഷർ, ഉല്പാദനക്ഷമതാ വർധനവിലൂടെ സാമ്പത്തിക വളർച്ച ഏതുവിധേന സാധ്യമാക്കാമെന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തേതത് മൂലധന നിക്ഷേപമാണ്. രണ്ട്, വിദ്യാഭ്യാസ മേഖലയുടെയും തൊഴിൽ പരിശീലന സൗകര്യങ്ങളുടെയും വർധനവിലൂടെ അധ്വാനശക്തിയുടെ കാര്യക്ഷമത മെച്ചപ്പെടുന്നതിനും ഉല്പാദനം വർധിപ്പിക്കുന്നതിനും വഴിയൊരുക്കും. മൂന്ന്, ചിട്ടയോടുകൂടിയ പ്രവർത്തനങ്ങളിലൂടെ നവീനമായ ആശയങ്ങൾ തൊഴിൽ ശക്തിയുടെ കാര്യക്ഷമതാ വർധനവിന് സഹായകമായ വിധത്തിൽ പ്രയോഗത്തിലാക്കാൻ സഹായിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടുന്നതുവഴി, നിലവിലുള്ള മനുഷ്യാധ്വാനത്തിന്റെയും ഭൗതിക വിഭവങ്ങളുടെയും ഉല്പാദനക്ഷമത ഉയർത്താനും ഉല്പന്നങ്ങൾക്ക് മൂല്യവർധന നേടിയെടുക്കാനും സഹായകമാകും.
തൊഴിൽശക്തിയുടെ ഉല്പാദനക്ഷമതാ വർധനവിന് ഇന്ത്യൻ ഭരണകൂടവും ഉല്പാദകസമൂഹവും ആശ്രയിക്കുന്ന മാതൃക യുഎസിന്റേതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്. സാങ്കേതിക വിജ്ഞാന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവാര വ്യത്യാസം തന്നെയാണ് ഇതിനുകാരണം. ശാസ്ത്ര‑സാങ്കേതിക മേഖലകളിൽ അമേരിക്കയോടൊപ്പമെത്താൻ ഇന്ത്യക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതേസമയം നമുക്ക് അതിവിപുലമായൊരു തൊഴിൽശക്തിയുമുണ്ട്. ഈ ശക്തിയാണെങ്കിൽ ക്രമേണ വർധിച്ചുവരികയുമാണ്. എണ്ണത്തിൽ മാത്രമല്ല, പ്രാദേശിക വൈവിധ്യത്തിലും വർധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി അതിന്റെ ഭാഗമായ തൊഴിൽശക്തിയുടെ ഉല്പാദനക്ഷമതയിൽ വർധനവുണ്ടാകുന്നില്ല. ഇക്കാരണത്താലാണ് ഇന്ത്യയുടെ ജനസംഖ്യാപെരുപ്പം, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരേസമയം ഒരു അനുഗ്രഹവും ഒരു ബാധ്യതയുമാകുന്നത്.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിൽ സ്വയംപര്യാപ്തത ഏതുവിധേനെയും യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളൊരു വികസന തന്ത്രമായിരുന്നല്ലോ നിലനിന്നിരുന്നത്. ഇക്കാരണത്താലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു ‘ക്ലോസ്ഡ് ഇക്കോണമി’ — അടച്ചുപൂട്ടിയ നിലയിലുള്ള സമ്പദ്‌വ്യവസ്ഥ — എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നതും. ഇന്ത്യയിലെ സാമ്പത്തികാസൂത്രണ പരിപ്രേക്ഷ്യത്തിൽ മുൻഗണന നൽകപ്പെട്ടിരുന്നത്, കാർഷിക മേഖലാ വികസനത്തിനുമായിരുന്നു. വ്യാവസായിക, നിർമ്മാണ മേഖലാ വികസനത്തിന് ഉയർന്ന തോതിൽ പ്രാമുഖ്യം നൽകിത്തുടങ്ങിയത് ആസൂത്രണത്തിന് തുടക്കമിട്ട് ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നല്ലോ.
അതേസമയം, മറ്റു നവ സ്വതന്ത്ര രാജ്യങ്ങളായ ജപ്പാനും ചൈനയും ബഹുദൂരം ഈ മേഖലകളിൽ മുന്നേറിക്കഴിഞ്ഞിരുന്നു. 1970കളിൽ ജപ്പാനും 2000 മുതൽ ചൈനയും ഇതിന് ഉത്തമ മാതൃകകളായി എടുക്കാവുന്നതാണ്. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് ഏഷ്യൻ നവസ്വതന്ത്ര രാജ്യങ്ങളും ഇന്ത്യയുടേതിലും വേഗത്തിലാണ് ആധുനിക നിർമ്മാണ‑ഉല്പാദന മേഖലകളിൽ വികസനം കൈവരിച്ചത്. പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം, ഉല്പാദന ബന്ധിത ഇൻഷുറൻസ് പദ്ധതി, തൊഴിലാളി പരിഷ്കാരങ്ങൾ, സ്കിൽ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം (2020), ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ മോഡി സർക്കാരിന്റെ ലക്ഷ്യങ്ങളൊന്നും പ്രതീക്ഷിച്ചതിന്റെ നാലയലത്തുപോലും എത്തിയിട്ടുമില്ല. പ്രഖ്യാപനങ്ങളിലേറെയും വെറും മാധ്യമപരസ്യങ്ങളിൽ ഒതുങ്ങിപ്പോയിരിക്കുകയുമാണ്.
കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങളുടെ മായാവലയത്തിൽ അകപ്പെട്ട ഏതാനും സംസ്ഥാന സർക്കാരുകളും സമാനമായ പദ്ധതികൾക്ക് രൂപം നൽകാതിരുന്നില്ല. വൈദഗ്ധ്യ വികസനം, കാർഷിക — ആധുനികവൽക്കരണം, വ്യവസായ ഇടനാഴികൾ, തുരങ്കപ്പാതകൾ, സേവന ശൃംഖലാവികസനത്തിലൂടെയുള്ള സ്മാർട്ട് സിറ്റികൾ പോലുള്ള നഗരമേഖലാ വികസന പദ്ധതികൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച വികസനസാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് മുൻകയ്യെടുക്കേണ്ടത് ‘നിതി ആയോഗ്’ ആണ്. ഈ കേന്ദ്ര ഏജൻസിക്ക് ദേശീയതലത്തിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിയും.
വൈദഗ്ധ്യ വികസന പദ്ധതികളുടെ പ്രയോജനം സ്ത്രീകൾക്കിടയിലും യുവജനങ്ങൾക്കിടയിലും എത്തിക്കുന്നതിന് സർക്കാർ ഏജൻസികൾക്ക് മാത്രമേ കഴിയുകയുള്ളു. വികസന മേഖലയിൽ പരസ്പര സഹകരണം യാഥാർത്ഥ്യവും ശാശ്വതവുമാണമെങ്കിൽ സഹകരണ ഫെഡറലിസം സാങ്കല്പികതലത്തിൽ നിന്നും താഴേത്തട്ടുവരെ കൊണ്ടെത്തിച്ചേ തീരൂ. മറിച്ചാണെങ്കിൽ ‘വികസിത് ഭാരത്, 2047’ എന്ന ലക്ഷ്യം വെറുമൊരു ഉട്ടോപ്യൻ ആശയമായി അവശേഷിക്കുമെന്നുറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.