
ഞാൻ അസിം പ്രേംജി സർവകലാശാലയിലെ (എപിയു) പൂർവവിദ്യാർത്ഥിയാണ്. ‘നീതിയുക്തവും, സമത്വപരവും, മാനവികവും, സുസ്ഥിരവുമായ സമൂഹത്തിനുവേണ്ടി’ എന്ന അതിന്റെ മുദ്രാവാക്യം കേവലം ബ്രാൻഡിങ്ങായല്ല, മറിച്ച് ഗൗരവമുള്ള പ്രതിബദ്ധതയായാണ് ഞാൻ കരുതിയിരുന്നത്. അത് വെറും അലങ്കാര ഭാഷയായിരുന്നില്ല. എങ്ങനെ ചിന്തിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചു. അധികാരത്തെയും ദുരധികാര ആഖ്യാനങ്ങളെയും ചോദ്യം ചെയ്യാനും, അസുഖകരമായ ചരിത്രങ്ങളുമായി സംവദിക്കാനും ഞങ്ങളെ പരിശീലിപ്പിച്ചു. സ്ഥാപനങ്ങൾ കേവലം ഭരണപരമായ കേന്ദ്രങ്ങളല്ല, ധാർമ്മികമായ പ്രവർത്തന കേന്ദ്രങ്ങളാണെന്ന് ഞങ്ങളോട് പറഞ്ഞു. നീതി എന്നത് തെരഞ്ഞെടുത്ത ഒരു വിഷയമായിരുന്നില്ല; മുഖ്യപ്രമേയമായിരുന്നു. അതുകൊണ്ടാണ് സമീപകാല സംഭവങ്ങൾ ഒരു അഭിപ്രായവ്യത്യാസം മാത്രമായി തോന്നാത്തതും പൊട്ടിത്തെറിയായി തോന്നുന്നതും. ഫെബ്രുവരി അവസാനം, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വായനാ കൂട്ടായ്മയായ സ്പാർക്ക്, 1991ലെ കുനാൻ – പോഷ്‌പോറ കൂട്ട ബലാത്സംഗ ആരോപണങ്ങളെയും കശ്മീരിലെ ഭരണകൂട അക്രമങ്ങളെക്കുറിച്ചും ഒരു ചർച്ചയുടെ ഒരു പോസ്റ്റർ പ്രചരിപ്പിച്ചു. കാമ്പസ് പ്രോട്ടോക്കോളനുസരിച്ച് മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് സർവകലാശാല പിന്നീട് വ്യക്തമാക്കി. അന്ന് വൈകുന്നേരം, ആർഎസ്എസുമായി ബന്ധപ്പെട്ട അഖില ഭാരതീയ വിദ്യാർത്ഥി പരിഷത് (എബിവിപി) അംഗങ്ങൾ കാമ്പസിൽ ബലമായി പ്രവേശിച്ച് മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധത്തിന്റെ പേരിൽ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. അതിക്രമിച്ചു കയറിയതിനെതിരെ പരാതിയും നൽകി. എന്നാൽ വിഷയത്തിന്റെ പ്രഭവകേന്ദ്രത്തെ മാറ്റിമറിച്ച തീരുമാനം പിന്നീടുണ്ടായി. സ്പാർക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ സ്രഷ്ടാക്കൾക്കെതിരെ സർവകലാശാല പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള ജാമ്യമില്ലാ വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരം ഐടി ആക്ടിലെ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതിക്രമിച്ച് കയറി ആക്രമണം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയപ്പോൾ, ചർച്ച സംഘടിപ്പിച്ച വിദ്യാർത്ഥികൾ ജാമ്യമില്ലാ ക്രിമിനൽ കേസ് നേരിടുകയാണിപ്പോള്‍.
ഈ വിവേചനം കേവലം നടപടിക്രമപരമല്ല. ഇത് ആശങ്കകളുടെ കൊടുങ്കാറ്റഴിച്ചുവിടുന്നതാണ്. വ്യക്തമായി പറഞ്ഞാൽ, നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സർവകലാശാലകൾ, നിയന്ത്രണ ഏജൻസികളോട് ഉത്തരം പറയേണ്ടി വരുന്നു. കാരണം ധനസഹായം നൽകുന്നത് അവരാണ്. ആ നിയന്ത്രണങ്ങളെ കുറച്ചുകാണുന്നില്ല. ഇന്ത്യയിലെ സ്വകാര്യ സ്വതന്ത്ര കലാലയങ്ങൾ നിലനിൽക്കുന്നത്, മനുഷ്യസ്നേഹത്തെ ആശ്രയിച്ചും, ഭരണകൂട നിയന്ത്രണത്തിലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഒരു അസ്ഥിരമായ ആവാസവ്യവസ്ഥയിലുമാണ്. എന്നാൽ നീതിയെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം രാഷ്ട്രീയ സമ്മർദത്തിന്റെ ആദ്യസൂചനയിൽ തന്നെ ഉദ്യോഗസ്ഥ പ്രതിരോധത്തിലേക്ക് പിൻവാങ്ങുമ്പോൾ, അത് കൂടുതൽ ആഴത്തിലുള്ള ചോദ്യമുയർത്തുന്നു. ‘ഒരു പുരോഗമന സ്വതന്ത്ര ആർട്സ് സർവകലാശാലയുടെ ഉദ്ദേശ്യം എന്താണ്?’
നമ്മൾ കേട്ടിട്ടുള്ള സന്ദേശം അനുസരണത്തെക്കുറിച്ചല്ല; അത് പരിമിതികളെ കുറിച്ചായിരുന്നു. ‘വിമർശനാത്മകമായി ചിന്തിക്കുക, പക്ഷേ ജാഗ്രതയോടെ ചിന്തിക്കുക. രാഷ്ട്രീയത്തിൽ ഇടപെടുക, പക്ഷേ സ്വകാര്യമായിരിക്കണം. അധികാരത്തെ ചോദ്യം ചെയ്യുക, പക്ഷേ സ്ഥാപനപരമായ പരിരക്ഷ പ്രതീക്ഷിക്കരുത്.’
ഈ പിരിമുറുക്കം എപിയുവിന് മാത്രമുള്ളതല്ല. കഴിഞ്ഞ വർഷം, വലതുപക്ഷ സംഘത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് അലി ഖാൻ മഹ്മൂദാബാദ് അറസ്റ്റിലായതിനെത്തുടർന്ന് അശോക സർവകലാശാലയും വിവാദം നേരിട്ടു. പൂർവവിദ്യാർത്ഥികളുടെ വിമർശനത്തിന് മറുപടിയായി, സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി വിശാലമായ ഒരു കത്തെഴുതി. ആക്ടിവിസം ലിബറൽ ആർട്സ് വിദ്യാഭ്യാസത്തിൽ അന്തർലീനമല്ലെന്നും, സമൂഹമാധ്യമ പ്രസംഗം അക്കാദമിക് സ്കോളർഷിപ്പല്ലെന്നും, വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സ്ഥാപനങ്ങൾക്ക് സ്വയം അപകടത്തിലാകാൻ കഴിയില്ലെന്നും അതിൽ വിശദീകരിച്ചു.
അവകാശവാദം വ്യക്തമാണ്: ഒരു സർവകലാശാലയുടെ പ്രാഥമിക ബാധ്യത രാഷ്ട്രീയ ഐക്യദാർഢ്യമല്ല, നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള സ്ഥാപനപരമായ അതിജീവനമാണ്. ഫാക്കൽട്ടികളും വിദ്യാർത്ഥികളും സ്വതന്ത്രപൗരന്മാരാണ്, അവരുടെ പ്രസംഗത്തിനും അനന്തരഫലങ്ങൾക്കും ഉത്തരവാദികൾ അവർ മാത്രമാണ്. സർവകലാശാല ഒരു പ്രസ്ഥാനമോ കവചമോ അല്ല. ഇതിലെ യുക്തി, പ്രായോഗികവും അച്ചടക്കത്തിൽ അധിഷ്ഠിതവുമാണ്. എന്നാൽ പ്രായോഗികതാവാദം, ആശയങ്ങളെ നിരന്തരം മറികടക്കുമ്പോൾ, അതുതന്നെ ധാർമ്മിക നിലപാടാകുകയാണ്.
സ്വതന്ത്ര കലാ വിദ്യാഭ്യാസം വിമർശനാത്മക ചിന്തയെ വൈജ്ഞാനിക ശേഷിയായി മാത്രം വളർത്തിയെടുക്കുന്നതിനാണെങ്കിൽ, ക്ലാസ് മുറികളിലും ജേണലുകളിലും പ്രയോഗിക്കേണ്ടതാണെങ്കിൽ, സമ്മർദത്തിനു കീഴിലെ സ്ഥാപനപരമായ നിഷ്പക്ഷത പ്രതിരോധിക്കാവുന്നതാണ്. എന്നാൽ പൊതുജീവിതത്തിൽ ധാർമ്മികമായ വിധിന്യായത്തിന് പ്രാപ്തിയുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിനാണെങ്കിൽ, നിലവിലെ പിൻവാങ്ങൽ സ്ഥാപനപരമായ ജാഗ്രതയായി കാണാനാകില്ല.
വിദ്യാർത്ഥികളെ അനീതി വിശകലനം ചെയ്യാനാണ് പഠിപ്പിക്കുന്നത്. ഫാക്കൽട്ടി ഭരണകൂടാധികാരത്തെക്കുറിച്ചുള്ള വിമർശനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. കോഴ്സുകൾ അടിച്ചമർത്തലിന്റെയും വിയോജിപ്പിന്റെയും ചരിത്രങ്ങളാണ് പരിശോധിക്കുന്നത്. എന്നാൽ വിശകലനങ്ങൾ സമകാലിക രാഷ്ട്രീയവുമായി ശത്രുതയുണ്ടാകുന്നതാണെന്ന് വേർതിരിവുണ്ടാകുമ്പോൾ, വിധേയത്വം പ്രകടിപ്പിക്കുക, നടപടിക്രമങ്ങൾക്ക് പ്രാധാന്യം നൽകുക, പിന്നോട്ട് പോകുക എന്നിവയാകുന്നു സ്ഥാപനപരമായ സഹജാവബോധം. കാലക്രമേണ, നീതിയുടെ ഭാഷ പ്രവർത്തനക്ഷമമല്ലാതായിത്തുടങ്ങുന്നു. ഒരർത്ഥത്തിൽ അസ്വസ്ഥയുണ്ടാക്കുന്ന സത്യം, ഇന്ത്യയിലെ സ്വകാര്യ സ്വതന്ത്ര സർവകലാശാലകൾ ഘടനാപരമായി ജാഗ്രത പാലിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ് എന്നതാണ്. അവ സ്ഥാപിച്ചത് മനുഷ്യസ്നേഹികളാണ്. ദാതാക്കളാൽ പിന്തുണയ്ക്കപ്പെടുന്നു, ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്നു. ബോർഡുകൾക്കും ഉത്തരവാദിത്തമുണ്ട്. അവ പ്രതിപക്ഷ സ്ഥാപനങ്ങളല്ല. അങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്കളങ്കമായിരിക്കാം.
പക്ഷേ, അവർ തങ്ങളെക്കുറിച്ച് സ്വയം പറയുന്ന കഥകൾ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. അതിജീവനം ഐക്യദാർഢ്യത്തെ മറികടക്കുമെങ്കിൽ, അത് വ്യക്തമാക്കണം. ആക്ടിവിസം സ്ഥാപിത പദ്ധതിയിൽ നിന്ന് ഭിന്നമായി ഐച്ഛികവും വ്യക്തിഗതവുമാണെങ്കിൽ അതും വ്യക്തമാക്കണം. സർവകലാശാലയുടെ പങ്ക് വിമർശനം പഠിപ്പിക്കുക എന്നതാണ്, അത് ഉൾക്കൊള്ളുകയല്ല എന്നാണെങ്കിൽ ആ പരിമിതി അംഗീകരിക്കണം. പല പൂർവവിദ്യാർത്ഥികളെയും അസ്വസ്ഥരാക്കുന്നത് സർവകലാശാലകൾ നിയമങ്ങൾക്ക് വഴങ്ങുന്നു എന്നതല്ല, നീതിയുടെ വാഗ്ദാനം അലങ്കാരമായി തോന്നാൻ തുടങ്ങുന്നുവെന്നതാണ്. അപ്പോഴും വിരോധാഭാസം നിലനിൽക്കുന്നു. എപിയുവിനെയോ അശോകയെയോ വിമർശിക്കാൻ പൂർവവിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസം അതേ സർവകലാശാലകൾ തന്നെ നൽകുന്നതാണ്. വിശകലന ഉപകരണങ്ങൾ, അവകാശങ്ങളുടെ പദാവലി, അധികാരത്തോടുള്ള സംവേദനക്ഷമത എന്നിവ ഈ കാമ്പസുകൾ വളർത്തിയെടുത്തതാണ്. സമകാലിക ഇന്ത്യയിലെ സ്വതന്ത്ര സർവകലാശാലാ വിദ്യാഭ്യാസത്തിലെ വിരോധാഭാസം ഇതായിരിക്കാം. അത് തങ്ങളെ പരിശീലിപ്പിച്ച സ്ഥാപനങ്ങളെക്കാൾ ധൈര്യശാലികളായ വ്യക്തികളെ സൃഷ്ടിക്കുന്നു. സർവകലാശാലകൾ ആക്ടിവിസ്റ്റ് പ്ലാറ്റ്ഫോമുകളായി മാറണോ എന്നതല്ല ചോദ്യം മറിച്ച്, പൊതുജനങ്ങളുടെ മുന്നിൽ മൂല്യങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ വിശ്വാസ്യത നിലനിർത്താൻ കഴിയുമോ എന്നതാണ്. പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുന്നത് തീവ്രവാദമല്ല. അത് സത്യസന്ധതയാണ്. ഇപ്പോൾ, പുറത്തുനിന്ന് നോക്കുന്ന നമുക്ക് സത്യസന്ധതയാണ് ഏറ്റവും അപകടത്തിലെന്നാണ് തോന്നുന്നത്.
(ദ വയർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.