
മാനവ സംസ്കാരത്തിന്റെ വളർച്ചയുടെ ഒരു പ്രത്യേകഘട്ടത്തിൽ ലോകത്ത് രൂപപ്പെട്ടുവന്നതാണ് ജനാധിപത്യവും മതനിരപേക്ഷതയും. എന്നാൽ ഇന്ത്യയിൽ ഇന്ന് അധികാരത്തിലുള്ളവർ അതിനെ കാണുന്നത് വൈദേശിക പാശ്ചാത്യ ചിന്തകളുടെ ഒരു ഉല്പന്നം മാത്രമായിട്ടാണ്. അതുകൊണ്ടാണ് ഭരണഘടനാ നിർമ്മാണ സഭയിൽ മനുസ്മൃതിക്കപ്പുറം ഒരു ഭരണഘടനയും ആവശ്യമില്ലാത്തതാണെന്ന് ഹിന്ദുത്വവാദികൾ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ് മതനിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും. ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലെല്ലാം അങ്ങനെതന്നെയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിനുതന്നെ ഇളക്കം തട്ടുമ്പോൾ മറ്റ് അനുഷ്ഠാനങ്ങളുടെ കാര്യം പറയേണ്ടല്ലോ. ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്‍നിരയിലാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള പുതിയ പ്രവേശനോത്സവത്തിൽ ചെങ്കോലും സന്യാസിമാരും കടന്നുവന്നപ്പോൾ പ്രഥമപൗര പടിക്കുപുറത്തായിരുന്നു. മനുസ്മൃതിയിലെ ആചാരാനുഷ്ഠാന പ്രകാരം അങ്ങനെ വേണമല്ലോ. ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയും, ഭരിക്കുന്ന പാർട്ടിയുടെ അജണ്ടയായപ്പോൾ പ്രധാനമന്ത്രി പുരോഹിതനും, കാർമ്മികനുമായി മാറി. ക്ഷേത്രങ്ങളല്ല, അണക്കെട്ടുകളാണ് രാജ്യത്തുണ്ടാവേണ്ടതെന്ന് അഭിപ്രായപ്പെട്ട ജവഹർലാലിൽ നിന്നും മോഡിയിലേക്കുള്ള ദൂരം വിവരിക്കാൻ കഴിയാത്തതാണ്.
ആഭ്യന്തര ശത്രുക്കൾ ആരൊക്കെയെന്ന് ഗോൾവൾക്കർ വിചാരധാരയിലൂടെ പഠിപ്പിച്ചു. ഗുജറാത്തിലും, ഒഡിഷയിലെ കന്ധമാലിലും മണിപ്പൂരിലും വംശീയ ഉന്മൂലനത്തിലൂടെ അവിടങ്ങളിലെ ആഭ്യന്തര ശത്രുക്കളെ ഇല്ലായ്മചെയ്തു. രാജ്യാതിർത്തി അതിക്രമിച്ചു കടന്ന വിദേശ ശത്രുവിനെ എങ്ങനെ നേരിടാനാണ് പ്രധാന കാവൽക്കാരൻ കല്പിച്ചതെന്ന കാര്യം മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പറയുന്നു. “ദേശീയ സുരക്ഷക്ക് രാജ്യത്തിനകമേ ഉള്ള ശത്രുക്കൾ പുറത്തു നിന്നുമുള്ള ആക്രമണങ്ങളെക്കാൾ എത്രയോ വലിയ ഭീഷണിയാകുന്ന അവസ്ഥ പല രാജ്യങ്ങളുടെയും ചരിത്രം നോക്കിയാൽ കാണാം. ഇതു ചരിത്രത്തിന്റെ ഒരു ദുരന്ത പാഠമാണ്.” വിചാരധാരയിലെ ഈ ദുരന്തപാഠത്തിന്റെ പൊരുൾ നരവനെക്കറിയില്ലല്ലോ.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മതസ്വാതന്ത്ര്യനിയമം പൗരന്റെ മൗലികാവകാശത്തിൽ പെടുന്നതാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്നു. എന്നാൽ പൗരത്വ നിയമഭേദഗതിയിലൂടെ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ പൗരത്വം മതാധിഷ്ഠിതമായി. കേന്ദ്ര സർക്കാർ 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം 2014 ഡിസംബർ 31ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ജൈന, ബുദ്ധ, സിഖ്, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിന് അനുമതി നല്കുന്നു. മുസ്ലിങ്ങളെ ഇതിൽ നിന്നും പുറന്തള്ളി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമ നിർമ്മാണത്തിലൂടെ മതപരിവർത്തനത്തിനുള്ള പൗരന്റെ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ഭരണഘടനയെയും പരമോന്നത നീതിപീഠത്തെയും നോക്കുകുത്തിയാക്കിക്കൊണ്ട് അപ്പം ചുടുന്ന ലാഘവത്തോടെയാണ് സംസ്ഥാന നിയമസഭകൾ നിയമം പാസാക്കിയത്.
ഇന്ത്യൻ ഭരണഘടനയുടെ പിതാവായി ആദരിക്കപ്പെടുന്ന ഡോക്ടർ ബി ആർ അംബേദ്കർ 1956 ഒക്ടോബർ 14ന് മൂന്നരലക്ഷത്തിലേറെ അനുഭാവികളുമായി ബുദ്ധമതത്തിൽ ചേർന്നു. ഹിന്ദു മതത്തിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിൽ മനംനൊന്താണ് അദ്ദേഹം അനുയായികളോടൊത്ത് മതം മാറിയത്. അതിന്റെ പേരിൽ പ്രേരണാ കുറ്റം ചുമത്തി ആരും അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തില്ല. ഇന്നത്തെ ഇന്ത്യയിലാണ് അദ്ദേഹം ജീവിക്കുന്നതെങ്കിൽ മതപരിവർത്തനത്തിന്റെ പേരിൽ ജാമ്യം പോലും ലഭിക്കാത്ത കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുമായിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് അടക്കം 12 സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിയമം പാസാക്കിയത്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രെെസ്തവരെ വേട്ടയാടുവാൻ ഹിന്ദുത്വവാദികൾ ഈ നിയമത്തെ ആയുധമാക്കുകയാണ്. മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പുരോഹിതരും, കന്യാസ്ത്രീകളും അറസ്റ്റ് ചെയ്യപ്പെടുകയും വർഷങ്ങളോളം നീളുന്ന നിയമക്കുരുക്കിൽപ്പെടുകയും ചെയ്യുന്നു. 2025 ജൂലെെയിൽ മലയാളിയായ സിസ്റ്റർ പ്രീതിമേരിയെയും. സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഢ് റെയിൽവേ സ്റ്റേഷനിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തുകയും മതപരിവർത്തനം, മനുഷ്യക്കടത്ത് കുറ്റങ്ങൾ ആരോപിച്ച് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സംഭവം മലയാളികളെയാകെ ഞെട്ടിച്ചു. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രെെസ്തവ വിശ്വാസികളെ വീടുകളിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്തുവാൻ പോലും അനുവദിക്കുന്നില്ല. ആൾക്കൂട്ട അക്രമി സംഘത്തോടൊപ്പമാണ് ക്രമസമാധാന സംരക്ഷകരായ പൊലീസും ഭരണകൂടവും. എന്നാൽ ഘർവാപസിയുടെ പേരിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത തരത്തിലാണ് മതപരിവർത്തനത്തിന് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനിൽ 2025 സെപ്റ്റംബറിൽ നടപ്പാക്കിയ നിയമത്തിൽ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്തു കണ്ടുകെട്ടൽ എന്നിവയൊക്കെയുണ്ട്. ഉത്തരാഖണ്ഡിൽ 2018ൽ കൊണ്ടുവന്ന നിയമത്തിൽ സ്വന്തം മതത്തെ മഹത്വവൽക്കരിക്കുന്നതുപോലും മതപരിവർത്തനത്തിനുള്ള പ്രലോഭനമായി കണക്കാക്കും. ഉത്തര്‍പ്രദേശിലെ 2021ലെ നിയമത്തിൽ മതപരിവർത്തന കേസുകൾ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുവാൻ ജില്ലാ മജിസ്ട്രേറ്റിന് ബാധ്യതയുണ്ട്. മുൻകൂർ നോട്ടീസ് നൽകാതെ മതം മാറുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ നൽകേണ്ട കുറ്റമാണ്. മധ്യപ്രദേശിൽ 2021ൽ നടപ്പാക്കിയ നിയമത്തിൽ സ്ത്രീകൾ, കുട്ടികൾ, എസ്സി, എസ്ടി വിഭാഗക്കാർ എന്നിവരെ മതം മാറ്റിയാൽ 10 വർഷം തടവുശിക്ഷയും, 50,000 രൂപ പിഴയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും വിരുദ്ധമായതും മതവിശ്വാസത്തിന്റെ കാര്യത്തിൽ ഭരണകൂടത്തിന്റെ ഇടപെടൽ വ്യക്തമാക്കുന്നതുമാണ് നിയമത്തിന്റെ പല വകുപ്പുകളും. വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുവാൻ മൂന്നംഗ ബെഞ്ച് രൂപീകരിക്കുവാൻ സുപ്രീം കോടതി തീരുമാനമെടുത്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനമെടുത്തത്.
മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന 2019ലെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി മേയ് അഞ്ച് മുതൽ വാദം കേൾക്കുകയാണ്. നിയമം നടപ്പാക്കി ആറ് വർഷങ്ങൾക്കു ശേഷം നടക്കുന്ന ഭരണഘടനാ പരിശോധനയിലൂടെ ലോകത്തിന് മുമ്പിൽ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ചെറുതാവുകയാണ്. ലൗ ജിഹാദ് തടയാനെന്ന പേരിൽ ഗുജറാത്ത് സർക്കാർ വിവാഹ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുകയാണ്. എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാൻ വധൂവരന്മാരുടെ രക്ഷിതാക്കളുടെ സാന്നിധ്യവും അനുമതിയും നിർബന്ധമാക്കിയിരിക്കുന്നു. ലൗ ജിഹാദ് തടയാനും സനാതന ആചാരങ്ങൾ സംരക്ഷിക്കുവാനുമാണ് നിയമഭേദഗതിയെന്നാണ് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാംഘ്വി നിയമസഭയിൽ പറഞ്ഞത്. ഫലത്തിൽ ഇത് ഒരു പ്രണയ വിവാഹ നിരോധന നിയമമാണ്. ഗുജറാത്തിൽ തുടങ്ങുന്ന ഈ പരീക്ഷണം രാജ്യത്താകെ നടപ്പാക്കാനാണ് ഒരുമ്പെടുന്നത്. പൗരത്വഭേദഗതി നിയമവും, മത പരിവർത്തന നിരോധന നിയമവും, ഗുജറാത്തിലെ പ്രണയ വിവാഹ നിരോധന നിയമവും മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്റെ ഭരണകൂട വഴികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.