16 January 2026, Friday

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ ‘പുറന്തള്ളുന്നു’

ആര്‍ സൂര്യമൂര്‍ത്തി
November 24, 2025 4:30 am

ഇന്ത്യന്‍ വിദ്യാർത്ഥികളുടെ ചലനാത്മകതയിലെ പ്രതിസന്ധി കേവലം കണക്കുകളിലെ പ്രശ്നമല്ല, ലോകം മുന്നോട്ട് പോകുമ്പോൾ പരിഷ്കരിക്കാൻ വിസമ്മതിക്കുന്ന സംവിധാനത്തിനെതിരായ ഒരു കുറ്റപത്രമാണ്. പുതിയ നിതി ആയോഗ് റിപ്പോര്‍ട്ട് ഈ അസന്തുലിതാവസ്ഥയെ വിശകലനം ചെയ്യുന്നില്ലെങ്കിലും തുറന്നുകാട്ടുന്നുണ്ട്. കണക്കുകൾ ഭയാനകമാണ്. ഇന്ന് ഇന്ത്യ തെരഞ്ഞെടുക്കുന്ന ഓരോ വിദേശ വിദ്യാർത്ഥിക്കും പകരം 19 ഇന്ത്യക്കാർ വിദേശത്ത് പഠിക്കാൻ രാജ്യം വിടുന്നു. 2021ൽ, ഈ അനുപാതം 1:24 ആയി രുന്നു. ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മോശം അസന്തുലിതാവസ്ഥയായി രുന്നു ഇത്. ഇതിന്റെയർത്ഥം മനസിലാക്കാൻ ഒരു നയരേഖയും ആവശ്യമില്ല; രാജ്യത്തെ ഏതെങ്കിലും വിഎഫ്എസ് സെന്ററിനോ ഐഇഎല്‍ടിഎസ് കോച്ചിങ് ഹബ്ബിനോ പുറത്ത് നിന്നാല്‍ മനസിലാകും. 

ഇവിടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കുട്ടികൾക്ക് പര്യാപ്തമല്ല, എന്നാല്‍ ലോകം അവരെ ഉൾക്കൊള്ളാൻ തയ്യാറാണ് എന്ന യാഥാർത്ഥ്യമാണ് നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ഇതിനകം തന്നെ അറിയാവുന്ന ഒരു യാഥാർത്ഥ്യം. വിദേശത്തേക്കുള്ള ഒഴുക്ക് ഇപ്പോൾ ഒരു പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രതിഭാസമാണ്. 2024ൽ രാജ്യം 1.33 ദശലക്ഷം വിദ്യാർത്ഥികളെ വിദേശത്തേക്കയച്ചു. ചൈനയെ മറികടന്ന്, ആഗോളതലത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സ്രോതസായി മാറി. മറ്റൊരു സാഹചര്യത്തിലാണെങ്കില്‍ ഇത് അഭിമാനത്തിന് കാരണമാകേണ്ടതാണ്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ, വിദേശത്തേക്ക് പോകുന്ന പ്രവണത വിപരീതഫലമാണ് കാണിക്കുന്നത്: ആഭ്യന്തര സംവിധാനത്തിനെതിരെ ആളുകൾ ‘പുറത്തേക്ക് കടന്ന് പ്രതികരിക്കുന്നു’. 

ഇതേ സാഹചര്യത്തില്‍ നാം ഇങ്ങോട്ട് ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുരുങ്ങിയിരിക്കുന്നു. 2021–22ൽ 46,878 വിദേശ വിദ്യാർത്ഥികള്‍ മാത്രമേ ഇന്ത്യയിലെത്തിയുള്ളൂ. 2019–20ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 0.10% കുറവാണിത്. നിതി ആയോഗ് പറയുന്നത് ഇന്ത്യ ഒരു “അകലെയുള്ള ആതിഥേയ” രാജ്യം ആണെന്നാണ്. ആഗ്രഹമുണ്ടെങ്കിലും അവയുമായി പൊരുത്തപ്പെടാനുള്ള സംവിധാനങ്ങളില്ലാത്ത രാജ്യത്തെ വിശേഷിപ്പിക്കുന്ന മാന്യമായ അക്കാദമിക് പ്രയോഗമാണിത്. ആഗോളതലത്തിൽ ചലനാത്മകത കുതിച്ചുയരുന്ന സമയത്താണ് ഈ സ്തംഭനാവസ്ഥ. 

2001ൽ 2.2 ദശലക്ഷമായിരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 2022ൽ 6.9 ദശലക്ഷമായി ഉയർന്നു. കഴിവുകൾ, വരുമാനം, സോഫ്റ്റ് പവർ എന്നിവയ്ക്കായി രാജ്യങ്ങൾ, കിടമത്സരത്തിലൂടെ വലിയ വിപണി സൃഷ്ടിച്ചു. കാനഡ, ഓസ്ട്രേലിയ, ജർമ്മനി, യുഎഇ, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സമ്പദ്‌വ്യവസ്ഥകളും അവയുടെ പേരിനർഹമായ രീതിയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് സൗകര്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മീഡിയം ആവാസവ്യവസ്ഥകളിലൊന്നായ ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോയി. ഇതിനെ നയപരമായ പരാജയം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല. പ്രത്യേകിച്ചും സാമ്പത്തിക നഷ്ടം ആലോചിക്കുമ്പോള്‍. 

2023 – 24ൽ യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾ 3,400 കോടി യുഎസ് ഡോളർ ചെലവഴിച്ചതായി നിതി റിപ്പോർട്ട് കണക്കാക്കുന്നു. 2025ൽ മൊത്തം വിദേശ ചെലവ് 7,000 കോടി യുഎസ് ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം രണ്ട് ശതമാനവും രാജ്യത്തിന്റെ വാർഷിക വ്യാപാര കമ്മിയുടെ 75 ശതമാനവുമാണ്. “ഗുരുതരവും ഘടനാപരവുമായ വിദേശനാണ്യ ചോർച്ച” എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കാരണങ്ങൾ ദുരൂഹമല്ല. ഇന്ത്യയിലേക്കുള്ള പ്രവേശനാനുഭവം അനാവശ്യമായ പിശകുകളുടെ ഒരു പട്ടികയാണ്. ആദ്യമായി ഒരു വിദേശ വിദ്യാർത്ഥിക്ക്, മറ്റൊരു നൂറ്റാണ്ടില്‍ നിർമ്മിച്ച വിസാ വ്യവസ്ഥയെ നേരിടേണ്ടി വരുന്നു. മന്ദഗതിയിലുള്ളതും, അതാര്യവും, നിറയെ കടലാസ് പണികളും അനാവശ്യ ക്ലിയറൻസുകളും കൊണ്ട് സങ്കീര്‍ണമാണത്. വിദേശ വിദ്യാർത്ഥികൾ വർഷങ്ങളായി പരാതിപ്പെടുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, “വിസ പ്രക്രിയകൾ ലളിതമാക്കുക, ഡോക്യുമെന്റേഷൻ ഭാരങ്ങൾ കുറയ്ക്കുക, നിയന്ത്രണ തടസങ്ങൾ പരിഹരിക്കുക” എന്നിവയ്ക്ക് അടിയന്തര മുൻഗണന വേണമെന്ന് നിതി ആയോഗ് ആവശ്യപ്പെടുന്നു. കാനഡയും ഓസ്ട്രേലിയയും അവരുടെ വിദ്യാർത്ഥി വിസാ ശൃംഖലകള്‍ പതിറ്റാണ്ടുകൾക്ക് മുമ്പേ മത്സര ആസ്തിയാക്കി. ഇന്ത്യ ഇപ്പോഴും വിദേശ അപേക്ഷകനെ ‘അസൗകര്യ’മായി കണക്കാക്കുന്നു. 

ദേശീയ ബ്രാൻഡിങ്ങിന്റെ പൂർണമായ അഭാവവുമുണ്ട്. വിദ്യാഭ്യാസം ഒരു കയറ്റുമതിയാണെന്ന ആശയം ഇന്ത്യ ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല. മലേഷ്യയും ദക്ഷിണ കൊറിയയും ഇത് ചെയ്യുന്നു. തുർക്കിയും ഉസ്ബക്കിസ്ഥാനും പോലും റിക്രൂട്ട്മെന്റ് ഒഴുക്കിനുള്ള മാര്‍ഗം നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യ അംഗീകരിക്കുക പോലും ചെയ്യാത്ത തോതിൽ ചൈന ഇത് ചെയ്യുന്നു. അതേസമയം, സാമീപ്യം, താങ്ങാനാവുന്ന നിരക്ക്, ഇംഗ്ലീഷ് എന്നിവ എങ്ങനെയെങ്കിലും ഈ ജോലി നിര്‍വഹിക്കുമെന്ന് ഇന്ത്യ സങ്കല്പിക്കുന്നു. ഏകീകൃത സന്ദേശം, വ്യക്തമായ ഐഡന്റിറ്റി, സ്ഥായിയായ ദൃശ്യപരത എന്നിവയില്ലെങ്കിൽ ആഗോള വിപണിയിൽ ഇന്ത്യ അദൃശ്യമായി തുടരുമെന്ന് നിതി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു. ബ്രാൻഡിങ് മുന്നേറ്റത്തെ, സംയമനത്തിന്റെ അക്കാദമിക് നയതന്ത്രഭാഷയില്‍ ‘നിര്‍ണായക പ്രാധാന്യമുള്ളത്’ എന്നും വിലയിരുത്തുന്നു.

ബ്രാൻഡിങ് ഇല്ലാതെ തന്നെ ഒരു വിദ്യാർത്ഥി വിസ തടസങ്ങൾ മറികടന്ന്, ഇന്ത്യയെ തെരഞ്ഞെടുത്തുവെന്ന് കരുതുക; അവർ പലപ്പോഴും എത്തിച്ചേരുക, അവരെ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത കാമ്പസുകളിലായിരിക്കും. താമസത്തിനുള്ള അസൗകര്യം, കാലഹരണപ്പെട്ട ഹോസ്റ്റലുകൾ, വിചിത്രമായ അന്താരാഷ്ട്ര ഓഫിസുകൾ, ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ, പരിശീലനം ലഭിക്കാത്ത ജീവനക്കാർ, സാംസ്കാരിക അന്യവൽക്കരണം എന്നിവ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്റെ പ്രശസ്തിയെ ഇല്ലാതാക്കിയിരിക്കുന്നു. 

അക്കാദമികമായും സാധ്യതയും യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് വ്യക്തമാണ്. ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യം നടത്താനും ലോകത്തിലെ ഏറ്റവും
വലിയ ഡിജിറ്റൽ ആവാസവ്യവസ്ഥകളിലൊന്നാകാനും കഴിയുന്ന രാജ്യം ഇപ്പോഴും അതിന്റെ പാഠ്യപദ്ധതി അന്താരാഷ്ട്രവൽക്കരിക്കാനോ, സംയുക്ത ബിരുദങ്ങൾ സൃഷ്ടിക്കാനോ, ക്രെഡിറ്റ്-ട്രാൻസ്ഫർ സംവിധാനങ്ങൾ നടപ്പാക്കാനോ വിദേശ ഫാക്കൽറ്റികളെ നിയമിക്കാനോ വെെമനസ്യം കാണിക്കുകയാണ്. ഐഎസ്ആർഒ മുതൽ ജെെവസാങ്കേതിക ക്ലസ്റ്ററുകൾ വരെയുള്ള സമ്പന്നമായ ഗവേഷണ ആവാസവ്യവസ്ഥയെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ അർത്ഥവത്തായി സംയോജിപ്പിക്കണമെന്നും, രാജ്യത്തിന്റെ കുറഞ്ഞ ചെലവും ഉയർന്ന സ്വാധീനവുമുള്ള ഗവേഷണങ്ങളെ ഉയർത്തിക്കാട്ടണമെന്നും നിതി പ്രബന്ധം വാദിക്കുന്നു.
ആമസോൺ, ഗൂഗിൾ പോലുള്ള ആഗോള ഭീമന്മാർ ഇന്ത്യയെ ഒരു മികച്ച ഗവേഷണ കേന്ദ്രമായി കാണുന്നുവെന്നത് വിരോ ധാഭ്യാസമാണ്. എന്നാല്‍ വിദേശ സർവകലാശാലകൾ അത്യാധുനിക അ ക്കാദമിക് സഹകരണത്തിന്റെ ഉറവിടമായി ഇന്ത്യയെ പരിഗണിക്കു ന്നുമില്ല. ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാകാനുള്ള സൗകര്യം, താങ്ങാനാവുന്ന ചെലവ്, സ്ഥാപനപരമായ ശേഷി എന്നിവയുണ്ടെങ്കിലും അവിടെയെത്താൻ നിർണായകമായ നടപടിയില്ല. സ്വയം പരിഷ്കാരം വരുത്തുകയോ അല്ലെങ്കിൽ ലോകത്ത് വിദ്യാർത്ഥികളെ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യവും സ്വീകരിക്കാന്‍ ഏറ്റവും വൈമനസ്യമുള്ള രാജ്യവുമായി സ്വയം ചുരുങ്ങുകയാേ അല്ലാതെ മറ്റൊരു വഴിയുമില്ല. 

ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഒരു വിദ്യാഭ്യാസ നഗരപ്രാന്തമായി മാറാനുള്ള സാധ്യത കൂടുതലാണ്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ളതല്ല, പുറത്തേക്ക് പോകാൻ പരിശീലനം നൽകുന്ന കേന്ദ്രം. വിസകൾ പുനഃപരിശോധിക്കപ്പെടുന്നതുവരെ, കാമ്പസുകൾ നവീകരിക്കുന്നതുവരെ, പ്രൊഫഷണലൈസ് ചെയ്യപ്പെടുന്നതുവരെ, പാഠ്യപദ്ധതി അന്താരാഷ്ട്രവൽക്കരിക്കപ്പെടുന്നതുവരെ, പഠനാനന്തര സാധ്യതകള്‍ ലഭ്യമാക്കുന്നതുവരെ, ഒന്നും മാറില്ല. പ്രതിഭകളും വിദേശനാണ്യവും ചോരുന്നത് തുടരും. അതേസമയം മറ്റുരാജ്യങ്ങള്‍ വിദ്യാഭ്യാസ സംവിധാനങ്ങളെ ലക്ഷ്യസ്ഥാനങ്ങൾ മാത്രമല്ല, ദേശീയ തന്ത്രത്തിന്റെ ഭാഗമാക്കുകയും ചെയ്യും. 

(ഐപിഎ)

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.