15 December 2025, Monday

കേരളത്തിലെ ഇൻഫ്ലേഷൻ: കണക്കും യാഥാർത്ഥ്യവും

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
September 20, 2025 4:15 am

ന്ത്യയിൽ ഏറ്റവുമധികം വിലക്കയറ്റം കേരളത്തിൽ ആണെന്നും ജനജീവിതം ദുഃസഹമായിരിക്കുകയാണെന്നും ഒരു പ്രചാരണം പല കോണുകളിൽ നിന്നും ഉയരുന്നു. നിതി ആയോഗ് ഉൾപ്പെടെ എല്ലാ അംഗീകൃത സ്ഥാപനങ്ങളുടേയും റേറ്റിങ്ങുകളിൽ ഭരണ മികവിനും വ്യവസായ സൗഹൃദത്തിനും അഴിമതിരാഹിത്യത്തിനും ജീവിതനിലവാര സൂചകങ്ങളിലും എല്ലാം ഏറ്റവും മികച്ച റാങ്കിലുള്ള കേരളത്തിന്റെ പ്രകടനത്തെ വസ്തുതകൾ നിരത്തി ആർക്കും തള്ളിക്കളയാൻ കഴിയുകയില്ല. എന്നാൽ പലവിധ ഡാറ്റകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ മികവിനെ താറടിക്കാൻ കേരളത്തിന്റെ ശത്രുക്കൾ രാജ്യവ്യാപകമായി ശ്രമിക്കുന്നു. ഭരണസേവന മികവിനെ മാത്രമല്ല അവർ ലക്ഷ്യം വയ്ക്കുന്നത്. മതമൈത്രിയും സാഹോദര്യവും സാമൂഹ്യതുല്യതയും നിലനിൽക്കുന്ന ഈ മാതൃക അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ഉൾപ്പെടെ അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രചാരണങ്ങളെ പല ഘട്ടങ്ങളിലും ഏറ്റെടുക്കാറുണ്ട്. ഈ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഇക്കാര്യമുന്നയിച്ച് ഒരു അടിയന്തര പ്രമേയം കൊണ്ടുവരികയും സർക്കാർ അത് ചർച്ചയ്ക്ക് എടുക്കാൻ തയ്യാറാവുകയും ചെയ്തു. സഭയ്ക്കകത്ത് എന്നതുപോലെ പുറത്തും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. 

കേരളത്തിലെ 2025 ജൂൺ, ജൂലൈ മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് 8.9 ശതമാനവും ഓഗസ്റ്റിലേത് 9.04 ശതമാനവുമാണെന്നും ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നുമുള്ള വിവരമാണ് ഇപ്പോഴത്തെ പ്രചാരണങ്ങളുടെ അടിസ്ഥാനം. ഈ സന്ദർഭത്തിൽ എങ്ങനെയാണ് ഇൻഫ്ലേഷന്റെ അഥവാ പണപ്പെരുപ്പത്തിന്റെ അളവെടുക്കുന്നത് എന്ന് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. പലവിധത്തിലുള്ള സങ്കീർണമായ കണക്കു കൂട്ടലുകളിലാണ് അതിന്റെ രീതിശാസ്ത്രം. വിലവ്യത്യാസങ്ങൾ അളക്കുന്നതിനായി ഒരു അടിസ്ഥാനവർഷം നിശ്ചയിക്കുന്നു. ഇപ്പോൾ ഔദ്യോഗികമായി അത് 2011-12 ആണ്. അതായത് വിലനിലവാരത്തെ 2011-12 = 100 എന്ന് നിശ്ചയിക്കുന്നു. ഉദാഹരണത്തിന് 2020 ൽ അതിൽ നിന്നുമുണ്ടായ വർധന 70 ആണെങ്കിൽ 2020 = 170 എന്ന് പറയും. 2021ൽ 2011–12നെ അപേക്ഷിച്ച് 80 ആണ് വർധനവ് എങ്കിൽ 2021=180 ആയിരിക്കും. എന്നാൽ 2021ലെ വാർഷിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 10% എന്നല്ല പറയുക. രണ്ട് വർഷങ്ങൾ തമ്മിലുള്ള വ്യത്യാസമായ 10നെ ആദ്യവർഷത്തെ ആധാരമായി എടുത്ത് ആ വർഷത്തെ നിരക്ക് കൊണ്ട് ഹരിച്ച് ശതമാനം കാണുകയാണ് ചെയ്യുന്നത്. 10നെ 170 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയായ 5.88% ആണ് 2021ലെ വാർഷിക പണപ്പെരുപ്പ ശതമാനം. തൊട്ടുമുമ്പിലുള്ള വർഷത്തിൽ നിന്നും ഉണ്ടായ വളർച്ചയാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന പണപ്പെരുപ്പം കേരളത്തിലാണ് എന്ന് പറഞ്ഞാൽ ഏറ്റവും ഉയർന്ന വില കേരളത്തിലാണ് എന്ന് അർത്ഥമില്ല. കേവലവിലകൾ താണുനിന്നാലും പണപ്പെരുപ്പം കൂടാം. മറിച്ചുമാകാം. രണ്ട് വർഷത്തിനപ്പുറം ഉപഭോക്തൃവില സൂചിക പ്രകാരം ദേശീയതലത്തിൽ ഏറ്റവും താഴ്ന്ന വില കേരളത്തിലായിരുന്നു. 2020–21, 2021–22, 2022–23, 2023–24 വർഷങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം കേരളത്തിന്റെ റാങ്ക് 14, 15, 17 എന്നിങ്ങനെയായിരുന്നു. കാർഷിക വ്യാവസായിക പ്രധാനമായ ഇന്ത്യയിലെ ഉല്പാദക സംസ്ഥാനങ്ങളെല്ലാം ഈ റാങ്കിങ്ങിൽ കേരളത്തെക്കാൾ ഉയർന്നുനില്‍ക്കുന്നു. ഇപ്പോൾ ചുരുങ്ങിയ മാസങ്ങൾകൊണ്ട് കാര്യങ്ങൾ നേരെമറിയാൻ തക്കവിധത്തിൽ എന്ത് അത്ഭുതമാണ് ഇവിടെ സംഭവിച്ചത്? 

പണപ്പെരുപ്പത്തിലെ ഹ്രസ്വകാല വർധനവ് ഒരു താല്‍ക്കാലിക പ്രതിഭാസമെന്നാണ് മനസിലാക്കേണ്ടത്. 2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ ദേശീയ ശരാശരിയേക്കാൾ താഴ്ന്ന് നില്‍ക്കുകയും പിന്നീട് 2025 മേയ് വരെ വലിയ വർധന ഇല്ലാതെയിരിക്കുകയും ചെയ്ത കേരളത്തിലെ പണപ്പെരുപ്പ നിരക്കിൽ പിന്നീട് വലിയ മാറ്റമുണ്ടാകാൻ കാരണമെന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭക്ഷണപാനീയങ്ങൾ, വസ്ത്രങ്ങളും പാദരക്ഷകളും, ഇന്ധനവും വെളിച്ചവും, പാർപ്പിടസൗകര്യം, പലവക എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതിൽ ഭക്ഷണ പാനീയങ്ങളുടേയും പലവകയുടേയും കാര്യത്തിലുണ്ടായ നിരക്ക് വർധനവാണ് ഈ ഹ്രസ്വകാല നിരക്ക് കൂടുന്നതിന് കാരണമായത് എന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്. മറ്റിനങ്ങളിലൊന്നും കാര്യമായ വ്യത്യസമുണ്ടായിട്ടില്ല. ഭക്ഷണപാനീയ വിഭാഗത്തിലുൾപ്പെടുന്ന വെളിച്ചെണ്ണ കേരളത്തിൽ ഏറ്റവുമധികം ഉപഭോഗം ചെയ്യപ്പെടുകയും ലഭ്യതക്കുറവ് വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യുന്ന ഇനമാണ്. കേരളത്തിൽ സമീപകാലത്ത് വെളിച്ചെണ്ണയുടെ വില അസാധാരണമായി വർധിച്ചപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. വ്യവസായ – കൃഷി വകുപ്പ് മന്ത്രിമാരുമായി ചേർന്ന് സംരംഭകരുടെയും കേരഫെഡ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. സപ്ലൈകോ വഴി 529 രൂപയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ 457 രൂപയ്ക്കും തുടർന്ന് 445, 429 നിരക്കുകളിലും ലഭ്യമാക്കി. വരുന്ന തിങ്കളാഴ്ച മുതൽ ഇനിയും കുറച്ച് 419 എന്ന നിരക്കിൽ നൽകാൻ‍ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ സബ്സിഡിയായി 349, നോൺ സബ്സിഡി 429 രൂപയ്ക്കും ലഭ്യമാക്കി. സബ്സിഡി വില തുടർന്ന് 339 രൂപയായി കുറച്ചു, ഇനിയും 319 ആയി കുറയ്ക്കും. നോൺ സബ്സിഡി വെളിച്ചെണ്ണ 389 ആയി കുറച്ചു, തിങ്കളാഴ്ച മുതൽ 359 ആയി ഇതിന്റേയും വില കുറയും. സപ്ലൈകോ വില്പന ശാലകൾ വഴി ഈ ഓണക്കാലത്ത് മാത്രം 22,36,441 ലിറ്റർ ശബരി, കേര വെളിച്ചെണ്ണകൾ വില്പന നടത്തി. ഇതിന്റെയെല്ലാം ഫലമായി പൊതുവിപണിയിൽ വില നിയന്ത്രിക്കാൻ കഴിഞ്ഞു. കോർപറേറ്റ് സൂപ്പർ മാർക്കറ്റുകൾക്ക് പോലും സപ്ലൈകോയുടെ വിലകളെ അടിസ്ഥാനപ്പെടുത്തി വില പരിഷ്കരിക്കേണ്ടിവന്നു. 

ഉയർന്ന കൂലിനിരക്കുകളും പ്രതിശീർഷ വരുമാനവും നിലനില്‍ക്കുന്ന കേരളത്തിൽ പലവക ചരക്കുകളുടെ ഉപഭോഗം കൂടി നിൽക്കുകയും ഇതിലുണ്ടാകുന്ന മാറ്റം പണപ്പെരുപ്പ നിരക്കുകളിൽ ശക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. ഇതിലുൾപ്പെടുന്ന ഗാർഹികചരക്കുകളും സേവനങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതവും ആശയവിനിമയവും, വിനോദങ്ങൾ, വ്യക്തഗത പരിചരണ സേവനങ്ങൾ എന്നിവയിൽ അവസാനത്തേതിൽ മാത്രമാണ് കാര്യമായ വർധനവ്. സ്വർണം, വെള്ളി, രത്നങ്ങൾ, മുത്തുകൾ, സിഗരറ്റ്, സോപ്പ്, പെർഫ്യൂം, വാച്ച് എന്നിവയെല്ലാം ഇതിന്റെ ഉപഘടകങ്ങളാണ്. സൂക്ഷ്മമായി നോക്കിയാൽ സ്വർണം, വെള്ളി എന്നിവയുടെ വിലയിലുണ്ടായ അഭൂതപൂർവമായ മാറ്റമാണ് പലവക ചരക്കുകളിലും അതുവഴി കേരളത്തിന്റെ പൊതു പണപ്പെരുപ്പ നിരക്കുകളിലും വർധനവായി പ്രതിഫലിച്ചത് എന്ന് മനസിലാക്കാൻ കഴിയും. കേരളത്തിലെ സാമാന്യ ജനജീവിതത്തെ വിലക്കയറ്റം തരിമ്പും ബാധിക്കാത്ത വിധത്തിലുള്ള ശക്തമായ വിപണി ഇടപെടലാണ് ഈ ഓണക്കാലത്ത് നടത്തിയത്. പൊതു വിതരണവകുപ്പ്, സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് ഇവയെല്ലാം ചേർന്ന് അരിയുൾപ്പെടെ ഭക്ഷ്യവസ്തുക്കളുടേയും നിത്യോപയോഗ സാധനങ്ങളുടേയും പച്ചക്കറിയുടേയും വില പിടിച്ചുനിർത്തി. ഇടതുപക്ഷം രാജ്യത്തിന് മുമ്പാകെ വയ്ക്കുന്ന ഈ ജനപക്ഷ മാതൃകയെ താറടിക്കാൻ അർധസത്യങ്ങളും അസത്യങ്ങളും ഡാറ്റയുടെ ദുർവ്യാഖ്യാനവും വ്യാപകമാവുന്ന ഈ കാലത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും കേന്ദ്രഭരണകൂടത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നഇക്കാലത്ത് സർക്കാരിന് കീഴിലുള്ള സ്ഥിതിവിവരക്കണക്ക് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.