10 January 2025, Friday
KSFE Galaxy Chits Banner 2

വിവരങ്ങൾ ഔദ്യോഗിക വില്പനയ്ക്ക്

പി ദേവദാസ്
June 18, 2023 4:10 am

ഡിജിറ്റൽ വിപ്ലവത്തിന്റെ നവകാലത്ത് വൻലാഭകരമായ ഒന്നാണ് വിവരവില്പന. അതിൽതന്നെ പ്രധാനപ്പെട്ടതാണ് വ്യക്തിഗത വിവരങ്ങൾ വില്‍ക്കുകയെന്നത്. എല്ലാ തരത്തിലുള്ള വിപണനവും ഡിജിറ്റൽ മാർഗങ്ങളിലൂടെ ആയിരിക്കുന്നതുകൊണ്ട് തല്പരകക്ഷികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറി ലാഭം കൊയ്യുകയെന്നത് പുതിയ കാലത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. വ്യക്തിഗതമായ വിവരങ്ങൾ സംഘടിപ്പിച്ച് അവരുടെ താല്പര്യങ്ങളും അഭിരുചികളും നിരീക്ഷിക്കുന്നു. അങ്ങനെ തങ്ങളുടെ ഉല്പന്നങ്ങളോട് താല്പര്യം ജനിപ്പിക്കുകയും എളുപ്പത്തിൽ വില്പന സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഡിജിറ്റൽ കാലത്തെ വിപണന തന്ത്രം. അതുകൊണ്ടാണ് വിവര വില്പന വലിയ സാധ്യതയുള്ളതായി മാറിയത്. ഡിജിറ്റലായി സമാഹരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയും അതിനുള്ള മാർഗങ്ങളുമുണ്ടെങ്കിലും വില്പന സാധ്യത മുൻകൂട്ടി കണ്ട് അത് പാലിക്കാതിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പേരുടെ വിവരങ്ങൾ ലഭ്യമായ ഒന്നാണ് കോവിൻ പോർട്ടൽ. കോവിഡ് പിടിമുറുക്കിയ ഘട്ടത്തിൽ കേന്ദ്രം രൂപകല്പന ചെയ്ത് അവതരിപ്പിച്ച ഈ പോർട്ടലിൽ പല കാരണങ്ങളാൽ രാജ്യത്തെ മഹാഭൂരിപക്ഷം പൗരന്മാര്‍ക്കും രജിസ്റ്റർ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ രോഗം, യാത്ര, ചികിത്സ എന്നീ കാരണങ്ങളാൽ ആയിരുന്നുവെങ്കിൽ പിന്നീട് വാക്സിൻ സ്വീകരിക്കുന്നതും കോവിൻ പോർട്ടൽ വഴിയാക്കി. ചെറിയൊരു വിഭാഗമൊഴികെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ അവയ്ക്ക് കൈമാറിയാണ് വാക്സിൻ സ്വീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ആദ്യ വാക്സിനേഷൻ നടത്തിയിരുന്നതെങ്കിൽ പിന്നീട് അധിക ഡോസ് സ്വീകരിക്കുന്നതിനും കേന്ദ്രം പൗരന്മാരെ നിർബന്ധിച്ചു. ഒടുവിലത്തെ കണക്കനുസരിച്ച് ഇരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 98 കോടിയാണ്. ഒരു ഡോസ് മാത്രമെടുത്തത് 105 കോടിയോളവും. അതിനർത്ഥം കുറഞ്ഞത് 100 കോടിയിലധികം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ ലഭ്യമാണെന്നാണ്.

 


ഇതുകൂടി വായിക്കു; ചെസ് ഭ്രാന്തനായ വിപ്ലവകാരി


പ്രസ്തുത പോർട്ടലിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നിരിക്കുന്നുവെന്ന ആശങ്കാകുലവും അതേസമയം സംശയാസ്പദവുമായ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. ടെലഗ്രാമിലാണ് വിവരങ്ങൾ ലഭ്യമായതെന്നാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. കോവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ നൽകിയ എല്ലാ വിവരങ്ങളും ഇങ്ങനെ ലഭ്യമാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ടെലഗ്രാം അവകാശപ്പെട്ടതായും വാർത്തയിലുണ്ടായിരുന്നു. കേന്ദ്ര‑സംസ്ഥാന മന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഇതനുസരിച്ച് ലഭ്യമാക്കിയതായി വാർത്തയിൽ പറയുന്നു. അതേസമയം വാർത്ത പുറത്തുവന്നതോടെ ടെലഗ്രാമിന്റെ ഇതുസംബന്ധിച്ച ഭാഗം അപ്രത്യക്ഷമായി.
സർക്കാരിന്റെ കൈവശമുള്ള നമ്മുടെ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് വിശ്വസനീയമായ വിശദീകരണങ്ങളല്ല കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. കോവിൻ പോർട്ടലിനെ സംബന്ധിച്ച് നേരത്തെയും വിവര ചോർച്ചാ ആരോപണമുണ്ടായിരുന്നു. എന്നാൽ അന്ന് കേന്ദ്രം അത് നിഷേധിക്കുകയായിരുന്നു. പക്ഷേ ഇത്തവണ ചോർച്ചയുണ്ടായപ്പോൾ കേന്ദ്രം പറയുന്നത് അത് പഴയ വിവര ചോർച്ചയാണെന്നാണ്. ഇത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണ്. നേരത്തെ ചോർച്ച നടന്നു എന്ന് സ്ഥിരീകരിക്കുകയുമാണ്. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ സർക്കാരിന്റെ കൈയ്യിൽ നിന്ന് ചോരുകയെന്നത് ലഘുവായ വീഴ്ചയല്ല. പല വിധത്തിൽ ഈ വിവരങ്ങൾ വിപണന തന്ത്രങ്ങൾക്കും അതേസമയം രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്നതാണെന്ന് ഇതുസംബന്ധിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോവിൻ പോർട്ടലിൽ നല്‍കുന്ന വ്യക്തിഗത വിവരങ്ങൾ, പ്രായം എന്നിവ ഉപയോഗിച്ച് വ്യക്തിഗത വിശകലനം നടത്തി ലോകത്തെവിടെയുമുള്ള വൻകിട മരുന്ന് വ്യാപാരികൾക്കും ആശുപത്രികൾക്കും വിപണനത്തിന് ഉപയോഗിക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതിലൂടെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും വളരെയധികം പേരിലേക്ക് തങ്ങളുടെ പ്രചരണം എത്തിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുമെന്നതാണ് രണ്ടാമത്തെ ദുരുപയോഗ സാധ്യത. തീർച്ചയായും നമ്മുടെ രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ രണ്ടാമത്തെ ദുരുപയോഗം നടത്താനിടയുള്ള പാർട്ടി ബിജെപി തന്നെയാണ്. സമൂഹമാധ്യമങ്ങളെയും മറ്റും ഉപയോഗിച്ചുള്ള വ്യാജവാർത്തകളും വിദ്വേഷപ്രചരണവും വ്യക്തിഹത്യയും നടത്തിയാണ് ബിജെപി അതിന്റെ വേരുറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവര ചോർച്ച യാദൃച്ഛികമാണെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. മാത്രവുമല്ല കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ വളരെ ചെറിയ വിഭാഗമൊഴിച്ചുള്ളവരെല്ലാം വോട്ടവകാശമുള്ളവരാണെന്ന പ്രത്യേകതയും ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.


ഇതുകൂടി വായിക്കു;ബലാത്സംഗത്തിന്റെ ഫോട്ടോയുണ്ടോ!


 

പുതിയ വാർത്ത പുറത്തുവന്നതിനുശേഷം കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സംശയാസ്പദമാക്കുന്ന ഒരവകാശവാദം സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു കമ്പനി ഉന്നയിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർത്താനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് ക്ലൗഡ്സെക് എന്ന കമ്പനി അവകാശപ്പെട്ടത്. കോവിനിൽ നിന്ന് ചോർച്ച സാധ്യമല്ലെന്ന് ബോധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വേണം കരുതുവാൻ. വിവര ചോർച്ച സംബന്ധിച്ച വാർത്ത പുറത്തുവന്നയുടൻതന്നെ എന്തുകൊണ്ടാണ് സംശയാസ്പദമായ ഇത്തരമൊരു അവകാശവാദവുമായി സിംഗപ്പൂർ കേന്ദ്രീകൃതമായ കമ്പനി രംഗത്തുവന്നതെന്നത് ബോധ്യപ്പെടാൻ പ്രയാസമുള്ള കാര്യമാണ്. വിവര ചോർച്ച സംബന്ധിച്ച ആരോപണം നിഷേധിച്ചുവെങ്കിലും അന്വേഷണത്തിന് സന്നദ്ധമാണെന്നും അതിന് കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള അടിയന്തര സൈബർ പ്രതികരണ ഏജൻസിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നതാണ്. എന്നിട്ടും എന്തിനാണ് ഇത്തരമൊരു അന്വേഷണത്തിന് കേന്ദ്രസർക്കാർ (സിംഗപ്പൂർ കമ്പനി അവകാശപ്പെടുന്നതുപോലെ) ആ കമ്പനിയെ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.
എന്നുമാത്രമല്ല വിവര ചോർച്ചയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തെ നാലാമത്തെ രാജ്യമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. നേരത്തെ വിവര ചോർച്ചയുടെ കാര്യത്തിൽ ഏഴാമതായിരുന്നു ഇന്ത്യ. 2020 മുതലുള്ള കണക്കുകളനുസരിച്ച് 14 കോടി തവണ ഇന്ത്യയിൽ വിവര ചോർച്ചയുണ്ടായി. യുഎസാണ് പട്ടികയിൽ മുന്നിലുള്ളത്. റഷ്യ, ഇറാൻ എന്നിവയാണ് ഇന്ത്യയ്ക്ക് മുകളിലുള്ള മറ്റ് രാജ്യങ്ങൾ. ഓരോ തവണ വിവര ചോർച്ചാ ആരോപണമുയരുമ്പോഴും കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിന്റെ അനന്തര ഫലമെന്താണെന്ന് ഇതുവരെ ആരുമറിഞ്ഞിട്ടില്ല. അന്വേഷണം പൂർത്തിയാക്കിയോ, എന്താണ് കണ്ടെത്തിയത്, ആർക്കെതിരെയെങ്കിലും നടപടിയുണ്ടായോ എന്നിങ്ങനെ കാര്യങ്ങൾ അജ്ഞാതമായി തുടരുന്നു. ഇതെല്ലാംകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഡിജിറ്റൽ സുരക്ഷാ സംവിധാനം വളരെയധികം പഴുതുകളുള്ളതാണെന്ന് വ്യക്തമാകുന്നു. ആ പഴുതുകൾ അടയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ഇതിന്റെ ഗുണഫലം നന്നായി അനുഭവിക്കുന്നവരാണ് അവർ എന്നതിനാലാണെന്നും വിലയിരുത്തണം. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ പോലും വില്പന നടത്തി പരിചയമുള്ള കേന്ദ്രസർക്കാർ തങ്ങളുടെ നേട്ടത്തിന് വേണ്ടി വ്യക്തിഗത വിവരങ്ങളെ ദുരുപയോഗം ചെയ്യുന്നതിൽ തല്പരരാണ് എന്നതുകൊണ്ടാണ് ഇത്തരം വീഴ്ചകളും വിവര ചോർച്ചകളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.