
കേരളത്തിന്റെ കാർഷിക മേഖല കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കൈവരിച്ച നേട്ടങ്ങൾ ചരിത്രപരമാണ്. കാലാവസ്ഥാവ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളി ക്ഷാമം, വിപണി അസ്ഥിരത തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ച് കർഷകരുടെ ജീവിതം സുരക്ഷിതമാക്കി, ഉല്പാദനക്ഷമതയും വരുമാനവും വർധിപ്പിച്ച് നാം മുന്നേറുകയാണ്. എന്നാൽ 2031ഓടെ കേരളത്തെ ഒരു നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. “നവീനം, സുസ്ഥിരം, സ്വയംപര്യാപ്തം – കാർഷിക കേരളം” എന്ന കാഴ്ചപ്പാടോടെ ആസൂത്രണം ചെയ്തിരിക്കുന്ന ഈ യാത്രയിൽ കാർഷിക വിദഗ്ധർ, കർഷകർ, ഉദ്യോഗസ്ഥർ, സംരംഭകർ എന്നിവരുടെ സജീവ പങ്കാളിത്തം ഇതിനായി സംഘടിപ്പിച്ച സെമിനാറിലൂടെ ഉണ്ടായി എന്നത് സന്തോഷകരമാണ്.
ഉരുത്തിരിഞ്ഞ ആശയങ്ങൾ വിഷൻ 2031ന്റെ അന്തിമ രൂപരേഖയായി മാറുന്നതോടെ 2031 ലക്ഷ്യമാക്കിയുള്ള കാർഷിക പുരോഗതിയുടെ കാഴ്ചപ്പാട് തയ്യാറാകുകയാണ്. സംസ്ഥാന എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023–24 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 4.65% വളർച്ച കൈവരിച്ചു – കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിന്റെ കാർഷിക മേഖല നേടിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇത്. ഈ കാലഘട്ടത്തിൽ അഖിലേന്ത്യ ശരാശരി 2.1% മാത്രമാണ് എന്നുള്ളത് കേരളത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി നടത്തിയ ശ്രമങ്ങളും കൃഷിവകുപ്പ് 2021 മുതൽ നടപ്പാക്കി വരുന്ന വിഷൻ 2026, വിഷൻ 2033 എന്നീ കാഴ്ചപ്പാടുകളും ഈ നേട്ടത്തിന് ആക്കം കൂട്ടി. കർഷകരുടെ വരുമാനം 50% വർധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടു. ഉല്പാദനവും ഉല്പാദനക്ഷമതയും വർധിപ്പിച്ചും മൂല്യവർധിത ഉല്പന്നങ്ങൾക്ക് ഊന്നൽ നൽകി ദ്വിതീയ കാർഷിക മേഖലയെ ശക്തിപ്പെടുത്തിയുമാണ് ഈ നേട്ടം സാധ്യമാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയതോടെ 23,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. കേരളാ അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യാഥാർത്ഥ്യമായത് മൂല്യവർധിത കാർഷിക ഉല്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാൻ സഹായകരമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ 2365.5 കോടി രൂപയുടെ “കേര” (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രിവാല്യൂ ചെയിൻ മോഡനൈസേഷൻ പ്രോജക്ട്) പദ്ധതി നടപ്പാക്കുന്നതും നേട്ടമാണ്.
40 വർഷങ്ങൾക്ക് ശേഷം കാർഷിക മേഖലയിൽ നടപ്പാക്കുന്ന ആദ്യ ലോകബാങ്ക് പദ്ധതിയാണ് ‘കേര’. ഏകദേശം നാലു ലക്ഷം കർഷകർക്ക് പ്രത്യക്ഷത്തിലും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുന്നു. നെൽകൃഷിക്കായി 500 കോടി രൂപ വകയിരുത്തി. അന്താരാഷ്ട്ര നെൽ ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയും കാർബൺ ബഹിർഗമനം കുറച്ചും നെൽ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിന് കൈക്കൊള്ളുന്ന നടപടികളും വരുമാന വർധനവിന് ഇടയാക്കും. ഭക്ഷ്യസ്വയംപര്യാപ്തത, ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യങ്ങൾക്കായി ജൈവകാർഷിക മിഷൻ, പോഷകസമൃദ്ധി മിഷൻ, പ്രകൃതി കൃഷി മിഷൻ എന്നിവ നടപ്പാക്കിയതിലൂടെ ജൈവ കാർഷിക മേഖല അന്താരാഷ്ട്ര ശ്രദ്ധ നേടി. ‘കേരളാഗ്രോ ഗ്രീൻ’, ‘കേരളാഗ്രോ ഓർഗാനിക്’ ബ്രാൻഡുകളിൽ ജൈവ ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചതും കേരളാ മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി മിഷൻ ജൈവകാർഷിക മിഷന്റെ ഉപമിഷനായി നടപ്പാക്കുന്നതും അഖിലേന്ത്യാ തലത്തിൽ തന്നെ ശ്രദ്ധേയമായി. ഇന്ത്യയിലാദ്യമായി കാർഷിക മൂല്യവർധന ഉല്പന്നങ്ങൾ ബ്രാൻഡഡ് ആക്കി. “ഒരു കൃഷിഭവൻ ഒരു മൂല്യവർധിത ഉൽപ്പന്നം” എന്ന ലക്ഷ്യത്തിലൂടെ 4000 ഉല്പന്നങ്ങൾ സജ്ജമായതിൽ ആയിരത്തിന് “കേരളാഗ്രോ” എന്ന പൊതു ബ്രാൻഡ് ലഭ്യമാക്കി. എല്ലാ ജില്ലകളിലും ‘കേരളാഗ്രോ ബ്രാൻഡഡ് ഷോറൂമുകൾ’ ആരംഭിക്കുകയും ചെയ്തു. സേവനങ്ങൾ ഐടി അധിഷ്ഠിതമാക്കി കർഷകർക്ക് ലഭ്യമാക്കുവാൻ ഉതകുന്ന ‘കതിർ’ സോഫ്റ്റ്‌വേറും മൊബൈൽ ആപ്പും അഗ്രിസ്റ്റാക്ക്, ഇ ഓഫിസ് സംവിധാനങ്ങളും നടപ്പിലാക്കിയതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണ്.
നെല്ല് ഉല്പാദനക്ഷമത 2020–21ൽ 3091 കിലോഗ്രാം/ഹെക്ടറിൽ നിന്ന് 2022–23ൽ 3117 ആയി ഉയർത്തിയതും ഉയർന്ന സംഭരണ വില നൽകി 7273.95 കോടി രൂപയുടെ നെൽ സംഭരിച്ചതും നേട്ടങ്ങളാണ്. 269 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് നെൽകർഷകർക്ക് നൽകിയത്. 257.4 കോടി രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. തെങ്ങിന്റെ ഉല്പാദനക്ഷമത 6228 നാളികേരം/ഹെക്ടറിൽ നിന്ന് 7211 ആക്കിയതും നാളികേര കൃഷി പ്രോത്സാഹനത്തിന് 153 കോടി രൂപ ചെലവഴിച്ചതും മേഖലയ്ക്ക് ഊർജം നൽകി. 597 കേരഗ്രാമം പദ്ധതി ഉല്പാദന വർധന ഉറപ്പാക്കുന്നു. പച്ചക്കറി ഉല്പാദനത്തിലും കേരളം പിന്നിലല്ല. 2015–16ലെ 6.28 ലക്ഷത്തില്‍ നിന്ന് 2024–25ൽ 19.1 ലക്ഷം ടണ്ണായി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സമഗ്ര പച്ചക്കറി ഉല്പാദനയജ്ഞം ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. വന്യമൃഗശല്യം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് കൃഷിവകുപ്പും നഷ്ട പരിഹാരം നൽകുന്നു. കൃഷി പ്രദേശങ്ങൾ സംരക്ഷിക്കാൻ വകുപ്പ് മൂന്നു കോടി രൂപ പദ്ധതി വിഹിതത്തിൽ നിന്നും ചെലവഴിച്ചു. ഈ സർക്കാരാണ് ആദ്യമായി ഇത്തരം ഒരു ഉൾപ്പെടുത്തൽ നടത്തിയത്. കൂടാതെ ആര്‍കെവിവൈ പദ്ധതിയിൽ 38 കോടിയും വകയിരുത്തി. വന്യമൃഗശല്യം ഫലപ്രദമായി തടയാൻ മേഖലയിലെ സ്റ്റാർട്ട് അപ്പുകളുടെ സഹായത്തോടെ ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി തുടങ്ങി. സാമ്പത്തിക സാമൂഹിക സാങ്കേതിക ക്ഷേമം പൂർണമായും ഉറപ്പാക്കുന്ന പദ്ധതിനിർവഹണരീതിയായ ‘കൃഷി സമൃദ്ധി’ 107 തദ്ദേശസ്ഥാപനങ്ങളിൽ ആരംഭിച്ചു; ഈ വർഷം 393ലേക്ക് വ്യാപിപ്പിക്കുകയാണ്. മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നു. ‘ഫ്രൂട്ട് ക്ലസ്റ്റർ’ പദ്ധതി വ്യാപകമായതോടെ വിദേശ ഫലങ്ങൾ ഉൾപ്പടെ വിപണിയിൽ എത്തിക്കുവാൻ കർഷകർക്ക് സാധ്യമായി. പുഷ്പകൃഷിയിലും കർഷകർ സജീവമായി ഇടപെട്ടു തുടങ്ങി. 724 ഹെക്ടറിൽ 6343 ടൺ പൂക്കളാണ് കഴിഞ്ഞ ഓണക്കാലത്ത് വിപണിയിലെത്തിയത്.
27 വിളകളെ ഉൾപ്പെടുത്തി സമഗ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, നെൽ, പച്ചത്തേങ്ങ സംഭരണം, റബർ ഇൻസെന്റീവ്, 16 ഇനം പഴംപച്ചക്കറികൾക്ക് അടിസ്ഥാനവില, കടാശ്വാസ കമ്മിഷൻ തുടങ്ങിയവയും കർഷകർക്ക് ആശ്വാസം നൽകുന്നു. തരിശുഭൂമി വാണിജ്യ കൃഷിക്ക് ഉപയോഗപ്പെടുത്തി സംരംഭകർക്ക് അവസരങ്ങൾ നൽകുന്ന ‘നവോത്ഥാൻ’ പദ്ധതി, തരിശുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ എത്തിക്കുവാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ്. കൃഷി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതും അഗ്രിവോളണ്ടിയർമാർ, അഗ്രി കേഡറ്റ് കോപ് സംവിധാനവും യുവതലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കുന്നു. 150ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകൾ കാർഷിക മേഖലയിലെ സംരംഭകത്വത്തിന് പിന്തുണ നൽകുന്നു. വയനാട്ടിൽ നെതർലാൻഡ് സഹായത്തോടെ 13.18 കോടി രൂപ ചെലവിൽ ‘സെന്റർ ഓഫ് എക്സലൻസ്’ സ്ഥാപിച്ചതും കൂടുതൽ ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതും നവീന കൃഷിരീതികൾക്ക് കർഷകരെ പ്രാപ്തരാക്കുവാൻ സാധ്യമാകുന്നു.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.