
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ശതാബ്ദി, കഴിഞ്ഞ നൂറ് വർഷം രാജ്യത്തിനകത്ത് നടന്ന പോരാട്ടത്തെ അനുസ്മരിക്കുന്ന സന്ദര്‍ഭംമാത്രമല്ല, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് — തൊഴിലാളി പ്രസ്ഥാനങ്ങളുമായുള്ള ദൃഢവും തത്വാധിഷ്ഠിതവുമായ ഇടപെടൽ ഓർമ്മിക്കാനും ഉറപ്പിക്കാനുമുള്ള അവസരം കൂടിയാണ്. 1925ൽ രൂപീകൃതമായതുമുതൽ ഇന്നുവരെ, ഇന്ത്യയിലെ വിപ്ലവമെന്നാല്‍, സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ചൂഷണത്തിനുമെതിരായ ആഗോള പോരാട്ടവുമായും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിപിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ ശക്തിപ്പെട്ടിരുന്ന കാലത്ത്, 1925ൽ കാൺപൂരിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായത്. തുടക്കം മുതൽ തന്നെ അന്താരാഷ്ട്ര തൊഴിലാളിവർഗവാദത്തെ കാതലായ തത്വമായി സിപിഐ സ്വീകരിച്ചു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ പോരാട്ടം തൊഴിലാളിവർഗവും അടിച്ചമർത്തപ്പെട്ട ജനങ്ങളും നയിക്കുന്ന വിശാലമായ ആഗോള പോരാട്ടത്തിന്റെ ഭാഗമാണെന്നും അംഗീകരിച്ചു.
ആദ്യവർഷങ്ങളിൽ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലുമായി (കോമിന്റേൺ) അടുത്ത ബന്ധവും പുലർത്തിയിരുന്നു. മാർക്സിസം — ലെനിനിസത്തെ മനസിലാക്കാനും, കൊളോണിയൽ, അർധകൊളോണിയൽ സമൂഹങ്ങളെ വിശകലനം ചെയ്യാനും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ തന്ത്രങ്ങൾ വികസിപ്പിക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ സഹായിക്കുന്നതിൽ കോമിന്റേൺ പ്രധാന പങ്ക് വഹിച്ചു. അന്താരാഷ്ട്ര അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനൊപ്പം, കൊളോണിയൽ പ്രശ്നങ്ങൾ, കാർഷിക പോരാട്ടങ്ങൾ, ഐക്യമുന്നണി ആശയങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിലും സിപിഐ സംഭാവന നൽകി.
സിപിഐ എല്ലായ്പ്പോഴും തത്വാധിഷ്ഠിതമായ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ഐക്യം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ യഥാക്രമം 12 (1960), 81 സമ്മേളനങ്ങളില്‍ അത് പ്രതിഫലിച്ചിട്ടുണ്ട്. രണ്ട് യോഗങ്ങളുടെയും നയരേഖാ രൂപീകരണ കമ്മിറ്റി അംഗമെന്ന നിലയിൽ, പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി സഖാവ് അജോയ് ഘോഷ് പ്രധാന പങ്കാണ് വഹിച്ചത്. 1969ൽ മോസ്കോയിൽ നടന്ന ലോക കമ്മ്യൂണിസ്റ്റ് യോഗത്തിലും സിപിഐ പങ്കെടുത്തു. സമാധാനപരമായ സഹവർത്തിത്വം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം, സോഷ്യലിസത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങള്‍ എന്നിവയില്‍ ഒരു പൊതുധാരണ വികസിപ്പിക്കുന്നതിനുള്ള നിർണായക അവസരങ്ങളായിരുന്നു ഈ സമ്മേളനങ്ങള്‍.
ആ വേദികളിലെല്ലാം മാർക്സിസം — ലെനിനിസത്തെ ശക്തമായി പ്രതിരോധിക്കുകയും ഒപ്പം ദേശീയമായ പ്രത്യേകതകള്‍ അംഗീകരിച്ചുകൊണ്ട് സിദ്ധാന്തത്തെ സൃഷ്ടിപരമായി പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയ്ക്കായി വാദിക്കുകയുമാണ് സിപിഐ ചെയ്തത്. വെെജാത്യങ്ങൾ അടിച്ചമർത്താതെ ഐക്യം ശക്തിപ്പെടുത്തുക, വിഭാഗീയതയോ പിടിവാശിയോ അല്ല, മറിച്ച് സംവാദത്തിലൂടെ പ്രത്യയശാസ്ത്രപരമായ ചോദ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഇടപെട്ടത്. ചരിത്രത്തിലുടനീളം മാർക്സിസം — ലെനിനിസത്തെ സജീവവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ശാസ്ത്രമായി പാര്‍ട്ടി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എല്ലാത്തരം റിവിഷനിസത്തെയും ‘ഇടത് തീവ്രത’യെയും എതിർത്തിട്ടുമുണ്ട്. മാവോയിസത്തിനെതിരെയും വ്യക്തവും തത്വാധിഷ്ഠിതവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് മാർക്സിസം-ലെനിനിസത്തിന്റെ വക്രീകരണമാണെന്നും തൊഴിലാളിവർഗത്തിന്റെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും താല്പര്യങ്ങൾക്ക് ഹാനികരമായ വ്യതിയാനമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബഹുജന പ്രസ്ഥാനങ്ങളിൽ നിന്ന് അകലുന്ന ഒറ്റപ്പെട്ട സായുധ നടപടികളിലേക്കോ വിഭാഗീയ പ്രവർത്തനങ്ങളിലേക്കോ വിപ്ലവ രാഷ്ട്രീയത്തെ ചുരുക്കാൻ കഴിയില്ലെന്നാണ് സിപിഐ വാദിച്ചത്. പകരം, ബഹുജന പോരാട്ടത്തിന്റെയും ജനാധിപത്യ സഖ്യങ്ങളുടെയും മൂർത്തമായ വിശകലനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. സിപിഐയുടെ അന്താരാഷ്ട്ര നിലപാടിലെ സവിശേഷത ദേശീയ വിമോചനത്തിനും സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങൾക്കുമുള്ള അചഞ്ചലമായ പിന്തുണയാണ്. അന്താരാഷ്ട്ര തൊഴിലാളിവർഗ നയങ്ങളുള്ള പാര്‍ട്ടി, കൊളോണിയലിസത്തിനും വംശീയതയ്ക്കും വർണവിവേചനത്തിനും അധിനിവേശത്തിനും എതിരെ നില്‍ക്കുന്ന ജനങ്ങളോട് എന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് കൊളോണിയലിസത്തിനും പിന്നീട് യുഎസ് സാമ്രാജ്യത്വ ആക്രമണത്തിനും എതിരായ വിയറ്റ്നാം ജനതയുടെ വീരോചിതമായ പോരാട്ടത്തെ ശക്തമായി പിന്തുണച്ചു. വർണവിവേചനത്തിനും വംശീയ അടിച്ചമർത്തലിനുമെതിരായ നീണ്ട പോരാട്ടത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനോടും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളോടുമൊപ്പം നിന്നു. 1971ലെ വിമോചന സമരത്തിൽ ബംഗ്ലാദേശ് ജനതയുമായി ഐക്യദാർഢ്യം ഉറപ്പിക്കുന്നതിലും, അവരുടെ സ്വയം നിർണയത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീൻ ജനതയുടെ ന്യായമായ പോരാട്ടത്തെ എന്നും പിന്തുണച്ചിട്ടുണ്ട്. ഇസ്രയേൽ അധിനിവേശം, ആക്രമണം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ എന്നിവയെ അപലപിക്കുകയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിനായി നിലകൊള്ളുകയും, പലസ്തീനുമായുള്ള ഈ ഐക്യദാർഢ്യം തുടരുകയും ചെയ്യുന്നു.
കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ച പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഇത് സാമ്രാജ്യത്വ ശക്തികളുടെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ‘ചരിത്രത്തിന്റെ അവസാനം’ എന്ന അവകാശവാദങ്ങളിലേക്കും, പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പം, മനോവീര്യം തകർക്കൽ എന്നിവയ്ക്കും വഴിവച്ചു. എന്നാല്‍ ദുഷ്കരമായ ഈ കാലഘട്ടത്തിലും സിപിഐ മാർക്സിസം — ലെനിനിസം ഉപേക്ഷിച്ചില്ല. പകരം, തിരിച്ചടികളുടെ കാരണങ്ങളെക്കുറിച്ച് ഗൗരവമുള്ളതും വിമർശനാത്മകവുമായ വിശകലനം നടത്തി. പ്രായോഗിക പരാജയങ്ങളും സോഷ്യലിസ്റ്റ് ആദർശങ്ങളുടെ സാധുതയും വേർതിരിച്ചു. പ്രതിസന്ധി മാർക്സിസം — ലെനിനിസത്തിന്റേതല്ല, മറിച്ച് അതിന്റെ തെറ്റായ പ്രയോഗത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളുടെയും പ്രതിസന്ധിയാണെന്ന് ഉറപ്പിച്ചു. പ്രത്യയശാസ്ത്രപരമായ ഈ ദൃഢത പാര്‍ട്ടിയെ ദേശീയമായും അന്തർദേശീയമായും വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തനം തുടരാൻ പ്രാപ്തമാക്കി.
അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ഐക്യം വീണ്ടുംവീണ്ടും ഉറപ്പാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുടെ അന്താരാഷ്ട്ര യോഗം (ഐഎംസിഡബ്ല്യുപി) സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സജീവമായി പിന്തുണച്ചു. ആദ്യകാലം മുതൽ തന്നെ ഈ ഫോറത്തിൽ സിപിഐ ക്രിയാത്മകമായി പങ്കെടുത്തിട്ടുണ്ട്. സാമ്രാജ്യത്വം, നവലിബറലിസം, സമാധാനം, ജനാധിപത്യം, സോഷ്യലിസം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സംഭാവന നൽകിയിട്ടുമുണ്ട്. ഈ പ്രതിബദ്ധതയുടെ ഒരു പ്രധാന പ്രകടനമായിരുന്നു, സിപിഐഎമ്മുമായി ചേര്‍ന്ന് 2009ൽ ന്യൂഡൽഹിയിൽ കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുടെ അന്താരാഷ്ട്ര യോഗം സംഘടിപ്പിക്കാനും ആതിഥേയത്വം വഹിക്കാനും മുൻകയ്യെടുത്തുത്. ലോകമെമ്പാടുമുള്ള നിരവധി പാർട്ടികളുടെ പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിച്ചു. സാമ്രാജ്യത്വത്തിനും നവലിബറൽ ആഗോളവൽക്കരണത്തിനുമെതിരായ കൂട്ടായ ശബ്ദത്തെ ശക്തിപ്പെടുത്തി. ഐഎംസിഡബ്ല്യുപിയെ പിന്തുണയ്ക്കുമ്പോഴും ഇന്ത്യൻ യാഥാർത്ഥ്യങ്ങളും അതിന്റെ ചരിത്രാനുഭവങ്ങളും രൂപപ്പെടുത്തിയ സ്വതന്ത്ര ധാരണയോടെയാണ് സിപിഐ യോഗത്തില്‍ പങ്കെടുത്തത്. പാർട്ടികൾക്കിടയിലുള്ള തുല്യത, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നീ തത്വങ്ങൾ — യഥാർത്ഥ അന്താരാഷ്ട്ര ഐക്യത്തിന് അത്യാവശ്യമായ തത്വങ്ങൾ — ഉയർത്തിപ്പിടിച്ചു.
പട്ന, പുതുച്ചേരി, കൊല്ലം എന്നിവിടങ്ങളിലെയൊഴികെ, പാര്‍ട്ടി കോൺഗ്രസുകളിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഹോദര പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. 2022ൽ വിജയവാഡയിൽ നടന്ന പാര്‍ട്ടി കോൺഗ്രസ്, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സിപിഐയുടെ നിലനില്പും വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്ന, സഹോദര കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുടെ വലിയൊരു വിഭാഗത്തിന്റെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. അതോടൊപ്പം ഉഭയകക്ഷി, ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, മറ്റ് കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുടെ ക്ഷണം ലഭിച്ചപ്പോഴെല്ലാം സിപിഐ പങ്കെടുത്തു. ശതാബ്ദി വർഷത്തിന്റെ സമാപന ചടങ്ങിലേക്ക് ക്ഷണിക്കാമെന്ന ധാരണയില്‍, ചണ്ഡീഗഢ് പാർട്ടി കോൺഗ്രസിലേക്ക് സഹോദര പാർട്ടികളെ ക്ഷണിച്ചില്ല. പക്ഷേ, വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ ഈ പരിപാടി റദ്ദാക്കേണ്ടിവന്നു.
ഇന്ന്, ലോകമെമ്പാടുമുള്ള 70 ലധികം കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുമായി സിപിഐ സഹോദര ബന്ധം നിലനിർത്തുന്നുണ്ട്. ഈ ബന്ധങ്ങൾ മാർക്സിസം — ലെനിനിസം, അന്താരാഷ്ട്ര തൊഴിലാളിവാദം, സമത്വം, സാമൂഹിക പരിവർത്തനത്തിനുള്ള വൈവിധ്യങ്ങളോടുള്ള ആദരവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉഭയകക്ഷി കൈമാറ്റങ്ങളിലൂടെയും ബഹുമുഖ വേദികളിലൂടെയും അനുഭവങ്ങൾ പങ്കിടുകയും മറ്റുള്ളവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു. അങ്ങനെ സാമ്രാജ്യത്വം, യുദ്ധം, ചൂഷണം എന്നിവയ്ക്കെതിരായ കൂട്ടായ പ്രതിരോധത്തിന് സംഭാവന നൽകുന്നു. സിപിഐ അതിന്റെ ശതാബ്ദി വർഷം പിന്നിടുമ്പോൾ, പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സ്ത്രീകൾ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവര്‍ക്കിടയിൽ വേരുകൾ ആഴത്തിലാക്കാനും, വർഗീയത, നവലിബറലിസം, സ്വേച്ഛാധിപത്യം എന്നിവയ്ക്കെതിരായ പോരാട്ടം ശക്തമാക്കാനുമുള്ള ദൃഢനിശ്ചയം വീണ്ടും ഉറപ്പിക്കുകയാണ്. അതേസമയം, അന്താരാഷ്ട്ര സഹകരണത്തിനും ഐക്യദാർഢ്യത്തിനുമുള്ള പ്രതിബദ്ധതയും പുതുക്കുന്നു. സാമ്രാജ്യത്വ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ ദുരന്തം, വർധിച്ചുവരുന്ന അസമത്വം എന്നിങ്ങനെ മാനവികത നേരിടുന്ന വെല്ലുവിളികൾ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ്, പുരോഗമന ശക്തികളുടെ ശക്തമായ ഏകോപനം ആവശ്യപ്പെടുന്നു.
മാർക്സിസം — ലെനിനിസത്തിലും തൊഴിലാളിവർഗത്തിലുള്ള വിശ്വാസം, അന്താരാഷ്ട്ര തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത എന്നിവയോടെ, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പുനരുജ്ജീവനത്തിനും, പുരോഗതിക്കും സോഷ്യലിസത്തിനും മനുഷ്യവിമോചനത്തിനും വേണ്ടിയുള്ള ചരിത്രപരമായ പോരാട്ടത്തിനും കൂടുതൽ ഫലപ്രദമായ സംഭാവന നൽകാൻ ദൃഢനിശ്ചയത്തോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.