21 January 2026, Wednesday

മാറേണ്ടത് കേരളമല്ല മോഡിജീ …

ഹബീബ് റഹ്‌മാന്‍
April 30, 2023 4:45 am

ഏപ്രിൽ 24, 25 തീയതികളില്‍ നരേന്ദ്രമോഡി കേരളത്തിൽ നടത്തിയ യാത്രക്കിടെ പ്രഖ്യാപിച്ച സുപ്രധാന കാര്യം കേരളവും മാറും, മാറണം, മാറ്റും എന്നായിരുന്നല്ലോ. കൂടുതൽ മെച്ചപ്പെട്ടതിലേക്കുള്ള മാറ്റം നല്ലതു തന്നെ. പക്ഷെ 25 വർഷത്തോളം മോഡിയടക്കമുള്ള ബിജെപി നേതാക്കൾ ഭരിച്ച ഗുജറാത്തോ ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശോ പോലെ ആയിത്തീരണമെന്നാണോ മോഡി ഉദ്ദേശിച്ചത്? അതുമല്ലെങ്കിൽ നിലവിലെ ഇന്ത്യാരാജ്യം പോലെയോ? എങ്കിൽ മോഡിയോട് ചില ചോദ്യങ്ങൾ… താങ്കൾ ഗുജറാത്തിലേക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കൊണ്ടുവന്നപ്പോൾ ‘ഗുജറാത്ത് മോഡൽ’ കാണാതിരിക്കാനായി കിലോമീറ്ററുകളോളം വന്മതിൽ പണിതതുപോലെ ഇവിടെ പണിയാത്തതിനാൽ കേരള പരിസരങ്ങൾ താങ്കൾക്ക് വ്യക്തമായി ദൃശ്യപ്പെട്ടിരിക്കുമെന്ന് വിശ്വസിക്കുന്നു. കേരളത്തിന്റെ വിമാനത്താവളങ്ങളും പാതയോരങ്ങളും മാത്രമല്ല, വീടുകളും അവയുടെ ശൗചാലയങ്ങളുമൊക്കെ ഓര്‍മ്മയില്‍വച്ച് തിരിച്ചുപോകുന്നത് ഒരു താരതമ്യപഠനത്തിന് ഉചിതമാകും. ‘വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള’ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ‘യുവം 2023’ ൽ കേരളത്തിലെ യുവാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണിപ്പോഴുള്ളതെന്ന് താങ്കൾ സൂചിപ്പിച്ചല്ലോ. ദയവ്ചെയ്ത് താങ്കൾ ഡൽഹിയിലെത്തിയ ഉടൻ കേന്ദ്ര സർക്കാരിന് കീഴിൽ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 15 ലക്ഷത്തോളം ഒഴിവുകളിൽ നിയമനത്തിനായി നടപടികളുണ്ടാകണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ശരാശരികണക്കനുസരിച്ച് നിർമ്മാണ തൊഴിലാളിക്ക് കേരളത്തിൽ 838 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തില്‍ 296 രൂപയാണ് കൂലി.

 


ഇതുകൂടി വായിക്കു;പി എം കെയേഴ്സ് ഫണ്ട് പൊതുസമ്പത്തിന്റെ കൊള്ള


കർഷകത്തൊഴിലാളികൾക്ക് കേരളത്തിൽ 727 ഉം ഗുജറാത്തിൽ 220 മാണ് കിട്ടുന്നത്. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ 681 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിൽ 253 രൂപയാണ്. പരിഗണിക്കേണ്ടുന്ന മറ്റൊരു വിഷയമാണ് കേരളത്തിലെ ഭൂപരിഷ്കരണം. ഫ്യൂഡൽ ജന്മിത്വം ഇല്ലായ്മ ചെയ്തു അഞ്ച് ശതമാനം ജന്മിമാർ കുത്തകയാക്കിയിരുന്ന 70 ശതമാനത്തോളം വരുന്ന ഭൂമി 60 ശതമാനത്തോളം കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്തു. മാറിമാറി വന്ന സർക്കാരുകൾ മുൻകൈയെടുത്ത് എല്ലാവർക്കും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇതിന്റെയെല്ലാം ഫലമായി കേരളത്തിലെ ജനങ്ങൾക്ക് ഗുജറാത്തിനെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിച്ചിട്ടുണ്ടെന്ന് ഏത് സാമൂഹ്യക്ഷേമ സൂചികയെടുത്താലും കാണാൻ കഴിയും.
സർക്കാരിൽ നിന്നു ലഭിക്കുന്ന സേവനങ്ങളുടെയും സഹായങ്ങളുടെയും ആകെത്തുക വികസനക്ഷേമ സൂചികകളിൽ കാണാം. 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഗുജറാത്തിന്റെ റാങ്ക് നോക്കൂ. സ്ത്രീകളുടെ സ്കൂൾ പ്രവേശം (19-ാംറാങ്ക്), 18 വയസിനു മുമ്പുള്ള സ്ത്രീ വിവാഹം (20), ശിശുമരണ നിരക്ക് (19), വളർച്ച മുരടിച്ച കുട്ടികൾ (26), ശുചിത്വ സൗകര്യമുള്ള വീടുകൾ (18), മാനവവികസന സൂചിക (16), സ്കൂളിൽ ചേരുന്ന കുട്ടികൾ (21), സ്കൂളിലെ കൊഴിഞ്ഞുപോക്ക് (24), ഹയർ സെക്കൻഡറി പ്രവേശനം (24) ഇങ്ങനെ പോകുന്നു ഗുജറാത്തിന്റെ റാങ്ക്. അതേസമയം, ഇവയോരോന്നിലും കേരളത്തിന് ഒന്നാം റാങ്കാണെന്ന് നിതി ആയോഗ് സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഗുജറാത്ത് എത്രയോ പിന്നിലാണെന്ന യാഥാർത്ഥ്യം പല പ്രാവശ്യം തെളിഞ്ഞുകഴിഞ്ഞതാണ്. 6–23 മാസം പ്രായമുള്ള കുട്ടികളുടെ ആറ് ശതമാനത്തിനു മാത്രമാണ് അവിടെ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നത്. ആറ് മാസത്തിനും 59 മാസത്തിനും ഇടയ്ക്കുള്ള കുട്ടികളിൽ 79.7 ശതമാനം പേർക്കും വിളർച്ചയുണ്ട്. ദേശീയ ശരാശരിയായ 67.1 നേക്കാൾ കൂടുതലാണിത്. കേരളത്തിലിത് 39.4 ശതമാനം മാത്രമാണ്. കേരളത്തിൽ 99.4 ശതമാനം സ്ത്രീകൾ സാക്ഷരരായിരിക്കുമ്പോൾ ഗുജറാത്തില്‍ 73.5 ശതമാനമാണ്. ഗുജറാത്തിലെ സ്ത്രീകളില്‍ 34 ശതമാനം പേർക്കേ 10 വർഷമോ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളൂ. കേരളത്തിലിത് 77 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 41 ശതമാനവും. ഗുജറാത്തില്‍ സ്ത്രീകളിൽ 22 ശതമാനവും 18 വയസിനുമുമ്പ് വിവാഹിതരാകുമ്പോൾ ഇവിടെ ഈ തോത് 6.3 ശതമാനം മാത്രമാണ്. ഒരുലക്ഷം പ്രസവത്തിൽ ഗുജറാത്തിൽ 70 അമ്മമാർ മരിക്കുമ്പോൾ 30 സ്ത്രീകൾക്കാണ് കേരളത്തില്‍ ജീവൻ നഷ്ടപ്പെടുന്നത്. കേരളത്തിൽ 99 ശതമാനം വീട്ടിൽ ശുചിമുറികൾ ഉള്ളപ്പോൾ ഗുജറാത്തിൽ 74 ശതമാനം മാത്രമാണ്. നിതി ആയോഗിന്റെ കണക്കു പ്രകാരം കേരളത്തിലെ അതിദാരിദ്ര്യ നിരക്ക് കേവലം 0.71 ശതമാനവും ഗുജറാത്തിലേത് 8.06 ശതമാനവുമാണ്. മാനവ വികസന സൂചിക എടുത്താൽ 0.782 പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്തും 
0.672 പോയിന്റുള്ള ഗുജറാത്ത് 21-ാംസ്ഥാനത്തുമാണ്.

25 വർഷമായി ബിജെപി ഭരിക്കുന്ന താങ്കളുടെ സംസ്ഥാനത്ത് ഒരു കോടി ആളുകൾ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുകയാണെന്ന് പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ പോലുമുണ്ട്. വെറുപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും വർഗീയ ചേരിതിരിവുകളുടെയും പേരിൽ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന്റെയും ക്രൂരതയുടെയും അക്രമത്തിന്റെയും പര്യായമായ ഗുജറാത്തിൽ നിന്നും കേരളത്തിന് എന്താണ് പുതുതായി പഠിക്കാനുള്ളത്?
അതീവ ഗുരുതരമായ ശിശുമരണ നിരക്കും കുടുംബാരോഗ്യ പ്രശ്നങ്ങളും വിദ്യാഭ്യാസ നിലവാരവുമുള്ള യുപിയെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നന്ന്. 2019–21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേ പോലും ആരോഗ്യരംഗത്തടക്കം കേരളം ഒന്നാം സ്ഥാനത്തും യുപി ഏറ്റവും മോശവുമെന്ന് കണ്ടെത്തിയിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾക്ക് ആശുപത്രികളിൽ ഓക്സിജൻ നൽകാതെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് അതിനെതിരെ പ്രതികരിച്ച ഡോക്ടറെ കുടുംബസമേതം കൈകാര്യം ചെയ്യുന്ന ദുരന്തങ്ങളുടെ നാട്. പൊലീസ് വലയത്തിലുള്ള ഒരു പാർലമെന്റംഗവും അയാളുടെ ബന്ധുക്കളും നടുറോട്ടിൽ വെടിയേറ്റ് കൊല്ലപ്പെടുന്ന നാടിനെക്കുറിച്ച് എന്ത് പറയാൻ? ഈ സാഹചര്യത്തിൽ യുപിയും കേരളവും തമ്മിലുള്ള താരതമ്യം പോലും അസ്ഥാനത്താണ്. തല്ലിക്കൊല്ലലും ബലാത്സംഗങ്ങളും നിർബാധം നടക്കുന്ന അവിടങ്ങളിലിപ്പോൾ തീവയ്പുകളും ബുൾഡോസർ രാജ് എല്ലാം അരങ്ങുതകർക്കുന്നു. അതുകൊണ്ട് ഗുജറാത്തും യുപിയുമടക്കമുള്ള സംസ്ഥാനങ്ങൾ കേരളമായി മാറുകയാണ് ഉത്തമം. മതത്തിന്റെയും ജാതിയുടെയും മറ്റ് വിഭാഗീയതകളുടെയും പേരിൽ ആളുകൾ കലഹപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാത്ത ‘ദൈവത്തിന്റെ സ്വന്തം നാടായി’ ഇതര സംസ്ഥാനങ്ങളും മാറട്ടെ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.