7 February 2026, Saturday

ജമാഅത്തെ ഇസ്ലാമി: കഥയറിയാതെ ആട്ടം കാണുന്ന പ്രതിപക്ഷ നേതാവ്

ടി കെ മുസ്തഫ
February 7, 2026 4:40 am

ന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമി തങ്ങളുടെ മതരാഷ്ട്രവാദത്തെ വീണ്ടും ശക്തമായി ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാകില്ലെന്നും പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായതെന്നുമെല്ലാം പ്രഖ്യാപിച്ചതെങ്കിലും അവർ നിലവിൽ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ടെത്തിയിരിക്കുന്നത്.

ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായ സംവിധാനമായി മതേതരത്വത്തെ അവതരിപ്പിക്കുന്നതിനും ഇസ്ലാമിക ഭരണം നിലവിൽവരാത്ത കാലത്തോളം ഒരാൾക്ക് മുസ്ലിമായി ജീവിക്കാൻ സാധിക്കില്ലെന്നുള്ള മൗദൂദിയുടെ വികല വാദഗതികളെ വെള്ളപൂശുന്നതിനും വേണ്ടിയാണ് ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും ദുർബലപ്പെടുത്തുന്ന മതരാഷ്ട്രവാദത്തെ സാധൂകരിക്കാൻ പ്രവാചകന്റെ ഭരണക്രമത്തെത്തന്നെ ജമാ അത്തെ പണ്ഡിതൻ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇതിനെ മുസ്ലിം സംഘടനകൾ ഒന്നടങ്കം ചോദ്യം ചെയ്തുവെങ്കിലും തന്റെ ജമാ അത്തെ പ്രണയത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ല കഥയറിയാതെ ആട്ടം കാണുന്ന പ്രതിപക്ഷ നേതാവ്.

മത പ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, ഒരു ഇസ്ലാമികേതര രാഷ്ട്രത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിൽ നിന്ന് വിശ്വാസികളെ തടയുന്നതിന് ഇസ്ലാമിക ഖിലാഫത്തിൽ യാതൊരു തെളിവുമില്ലെന്നിരിക്കെയാണ്, ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് വിലയിരുത്തിക്കൊണ്ടുള്ള ആശയ വക്രീകരണം അവർ നടത്തുന്നത്. മത പ്രബോധനാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ പ്രവാചകാനുചരൻമാർ, തങ്ങൾക്ക് മതപ്രബോധന സ്വാതന്ത്ര്യം നൽകപ്പെട്ട ഇടങ്ങളിലെല്ലാം ശാന്തമായി ആ ദൗത്യം നിർവഹിച്ചതല്ലാതെ അവിടങ്ങളിലൊന്നും ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുവാൻ ശ്രമിച്ചതായി കാണുന്നില്ല.

തന്നെയുമല്ല പ്രവാചകത്വത്തിന്റെ ആറാം വർഷത്തിൽ പതിനൊന്ന് പുരുഷൻമാരും നാല് സ്ത്രീകളുമടങ്ങുന്ന മുസ്ലിങ്ങളുടെ ആദ്യസംഘം അഭയാർത്ഥികളായി അബ്സീനിയയിലേക്ക് പലായനം ചെയ്തതു മുതൽ ആരംഭിക്കുന്ന ഇസ്ലാമിലെ ഹിജ്റയുടെ ചരിത്രം ദൈവിക ഭരണത്തിന് വേണ്ടി പോരാടാനും ജീവത്യാഗം ചെയ്യാനും തയ്യാറല്ലാത്തവർ യഥാർത്ഥ വിശ്വാസികളല്ലെന്ന മൗദൂദിയൻ ആശയത്തെ പൂർണമായും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. അബ്സീനിയയിലും സമാനമായ സാഹചര്യത്തിൽ കടന്നുപോയ രാജ്യങ്ങളിലും അവിടുത്തെ രാജ്യനിയമങ്ങൾ അനുസരിച്ചുകൊണ്ട് തന്നെയാണ് മുസ്ലിങ്ങൾ നിർഭയത്വവും സമാധാനവും നിറഞ്ഞ ജീവിതം അനുഭവിച്ചത് എന്ന് കാണാൻ കഴിയും. ആദർശമനുസരിച്ച് ജീവിക്കാനാവാത്ത സാഹചര്യമാണ് ജനിച്ചുവളർന്ന നാട്ടിൽ നിലനിൽക്കുന്നതെങ്കിൽ അതിന് സ്വാതന്ത്ര്യമുള്ള നാട്ടിലേക്ക്, അത് ഭരണകർത്താവിനെയോ അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതിയെയോ നോക്കാതെ പലായനം ചെയ്യുകയാണ് വിശ്വാസി ചെയ്യേണ്ടതെന്ന അധ്യാപനത്തെ നഗ്നമായി ലംഘിച്ചുകൊണ്ടായിരുന്നു ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തി മാർഗത്തിൽനിന്ന് കഴിയുംവേഗം ഒഴിവാകണമെന്ന് ജമാ അത്തുകാർ ഒരു കാലത്ത് പ്രചരിപ്പിച്ചത്.

ഒരു മുസ്ലിം തന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക വിധിവിലക്കുകൾ പാലിക്കാൻ ബാധ്യസ്ഥനായതുപോലെ ജീവിക്കുന്ന നാട്ടിലെ വ്യവസ്ഥിതിയില്‍ മതസ്വാതന്ത്ര്യമുണ്ടെങ്കിൽ പൂർണ മുസ്ലിങ്ങളും ഉത്തമ പൗരന്മാരായി ജീവിക്കുവാൻ കഴിയുമെന്ന് മതം പഠിപ്പിക്കുന്നു. വിധികർതൃത്വം ദൈവത്തിന് മാത്രമാകുന്നുവെന്ന വാദമുയർത്തി മുമ്പ് ഇസ്ലാമിക ഖലീഫമാർക്കെതിരെ രംഗപ്രവേശനം ചെയ്ത ഖവാരിജുകൾക്ക് സമമായി മതരാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നത്. പ്രമുഖ ഖുർആൻ വ്യാഖ്യാതാവും ചരിത്രകാരനുമായ ഹാഫിദ് ഇബ്നു കഥീർ ഖവാരിജുകളെ കുറിച്ച് പറഞ്ഞത്, ‘അവർക്ക് സ്വാധീനം ലഭിച്ചാൽ പ്രായ‑ലിംഗ ഭേദമന്യേ മുഴുവൻ മനുഷ്യരെയും കശാപ്പു ചെയ്യുമെന്നും കുഴപ്പങ്ങളുടെ കാരണമായി മനുഷ്യരെയും അതിനു പരിഹാരമായി കൂട്ടക്കൊലയെയുമാണ് അവർ കാണുന്നതെന്നുമായിരുന്നു.

(അൽ ബിദായ വന്നിഹായ 10/584–5) അബ്സീനിയയിൽ അവിടുത്തെ നിയമപ്രകാരം ജീവിച്ച മുസ്ലിങ്ങളിൽ പലരും മദീനയിൽ ഇസ്ലാമിക രാഷ്ട്രം രൂപീകരിച്ചുകഴിഞ്ഞതിന് ശേഷവും അവിടെത്തന്നെ തങ്ങളുടെ ജീവിതം തുടർന്നുവെന്നും മദീനയിലേക്ക് തിരിച്ചുവന്ന് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുവാൻ തിടുക്കം കാട്ടിയില്ലെന്നുമുള്ള വസ്തുതകൾ നിലനിൽക്കെയാണ് ഖവാരിജുകളുടെ വികല വാദങ്ങൾ അബുൽ അഅ്‌ലാ മൗദൂദി, മതത്തിന്റെ ലേബലിൽ അവതരിപ്പിക്കുന്നത്. തങ്ങളെ അബ്സീനിയയിലേക്ക് പറഞ്ഞയച്ചതും അവിടെ താമസിക്കുവാൻ ആവശ്യപ്പെട്ടതും പ്രവാചകനാണെന്ന ന്യായമാണ് ഇസ്ലാമിക രാഷ്ട്രമായ മദീനയിലേക്ക് മടങ്ങാതെ ഇസ്ലാമികേതര രാഷ്ട്രമായ അബ്സീനിയയിൽ തുടരുന്നതിനുള്ള കാരണമായി പ്രവാചകന്റെ പിതൃസഹോദരപുത്രൻ കൂടിയായ ജഅ്ഫർ ബിൻ അബീത്വാലിബ് പറഞ്ഞതെന്നതും ശ്രദ്ധേയം.

(സ്വഹീഹുൽ ബുഖാരി, കിതാബുൽ മഗാസി). മക്കയിൽ വിശ്വാസികൾ കടുത്ത പീഡനങ്ങൾക്കിരയായ സാഹചര്യത്തിൽ പ്രവാചക ശിഷ്യരിൽ പ്രമുഖനായ അബൂബക്കർ എത്യോപ്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങി. ഈ വേളയിൽ അമുസ്ലിമായ ഖുറൈശി നേതാവ് ഇബ്നുദുഗന്ന അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും അവിടെത്തന്നെ ആരാധനാനുഷ്ഠാനങ്ങളുമായി താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പ് നൽകുകയും ചെയ്തു. അതനുസരിച്ച് അബൂബക്കർ പലായന ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഖുറൈശി നേതാക്കൾ ഇബ്നുദുഗന്നയെ സമീപിച്ച് അബൂബക്കറിന് പ്രഖ്യാപിച്ച അഭയ കരാർ പിൻവലിക്കാൻ ആവശ്യപ്പെടുകയും അവരുടെ സമ്മർദ ഫലമായി അദ്ദേഹം കരാർ പിൻവലിക്കുന്നതുവരെ അബൂബക്കർ അവിടെ താമസം തുടരുകയും ചെയ്തുവെന്നതും ഇസ്ലാമിക ചരിത്രമാണ്. ഇത്തരം മതാധ്യാപനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും തുരങ്കംവയ്ക്കുന്ന മതരാഷ്ട്രവാദത്തിലൂടെ ഇസ്ലാമിക പ്രമാണങ്ങളെ മൗദൂദി വെല്ലുവിളിക്കുന്നത് കാണുക.

“നിങ്ങൾ ഏതെങ്കിലുമൊരാളെ നിരുപാധികം വിധികർത്താവായി സമ്മതിച്ച് അയാളുടെ അടിമത്തം സ്വീകരിക്കുമ്പോൾ വാസ്തവത്തിൽ നിങ്ങളയാളുടെ ദീനിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ സമ്മതിച്ച വിധികർത്താവ് അല്ലാഹു ആണെങ്കിൽ അല്ലാഹുവിന്റെ ദീനിൽ പ്രവേശിച്ചു. ഇനി ഒരു രാജാവിനെയാണ് വിധികർത്താവായി സ്വീകരിച്ചതെങ്കിൽ രാജാവിന്റെ ദീനിൽ പ്രവേശിച്ചു. ഒരു പ്രത്യേക സമുദായത്തെയാണെങ്കിൽ ആ സമുദായത്തിന്റെ ദീനിലാണ് നിങ്ങൾ പ്രവേശിച്ചത്. ആരുടെ നിയമമനുസരിച്ച് നിരുപാധികം പ്രവർത്തിക്കുന്നുവോ അവർക്കായിരിക്കും വാസ്തവത്തിൽ നിങ്ങൾ ഇബാദത്തു ചെയ്യുന്നത്” (ഖുതുബാത്ത് പേജ് 264, 265). അനിസ്ലാമിക ഭരണകൂടത്തിന് കീഴിൽ ഉന്നത സ്ഥാനം വഹിച്ച പ്രവാചകൻ യൂസഫിന്റെയും മൂസ നബിയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഏകാധിപതിയും അക്രമിയുമായ ഫിർഔനിന്റെ കൊട്ടാരത്തിൽ തന്റെ അചഞ്ചലമായ വിശ്വാസം മുറുകെപ്പിടിച്ച ബീവി ആസിയയുടെയും പ്രവർത്തനങ്ങളെ വളരെയധികം ശ്ലാഘിക്കുകയാണ് ഖുർആൻ ചെയ്യുന്നത്.

ഉത്തമ വിശ്വാസിനികൾക്ക് ഉപമയായി ഖുർആൻ (66: 11) എടുത്തുകാട്ടിയതും ആസിയയെ ആയിരുന്നു. പ്രവാചകന്റെ കാലത്ത് ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ അന്ന് ജീവിച്ചത് ഹിന്ദു രാജാക്കൻമാരുടെ കീഴിൽ, അവരുടെ നിയമങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു എന്നുമോർക്കണം. ഒരാൾക്ക് മുസ്ലിമാകാൻ അയാളുടെ മത നിയമങ്ങളൊക്കെ രാഷ്ട്ര നിയമങ്ങളാകണമെന്ന ജല്പനം നടത്തി ഇന്ത്യ പോലൊരു മതേതര രാജ്യത്ത്, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതും സർക്കാർ ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹുദൈവത്വ ആശയം സ്വീകരിക്കലാണെന്ന് പ്രഖ്യാപിക്കുക വഴി ദേശീയതയോടും ജനാധിപത്യത്തോടും തുറന്ന യുദ്ധ പ്രഖ്യാപനം നടത്തുകയാണ് മുമ്പ് ജമാ അത്തെ ഇസ്ലാമി ചെയ്തത്. മതരാഷ്ട്രമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദ്ധ ആശയത്തോടുള്ള ഇതര മുസ്ലിം സംഘടനകളുടെ സമീപനത്തെ ‘ജമാ അത്തെ ഇസ്ലാമിയും ഇസ്ലാഹി പ്രസ്ഥാനവും വിയോജിപ്പിന്റെ അടിസ്ഥാനങ്ങൾ’ എന്ന ഗ്രന്ഥത്തിൽ മുജാഹിദ് പണ്ഡിതൻ എം ഐ മുഹമ്മദലി സുല്ലമി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. “ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിലധിഷ്ഠിതമാണ്. ഹാക്കിമിയത്തിന് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും നൽകുന്ന വ്യാഖ്യാന പ്രകാരം ജനാധിപത്യം തൗഹീദിനെതിരും അല്ലാഹുവിന്റെ പരമാധികാരത്തിൽ പങ്കുചേർക്കലുമാണ്.

എന്നാൽ മറ്റ് മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും ജമാ അത്തെ ഇസ്ലാമിയുടെ വാദം നിരാകരിക്കുകയാണ് ചെയ്യുന്നത്”. (പേജ്: 85) ചുരുക്കത്തിൽ പ്രവാചകന്റെ മദീനയിലെ ഇസ്ലാമിക ഖിലാഫത്തും മൗദൂദിയുടെ ജനാധിപത്യ വിരുദ്ധതയിലധിഷ്ഠിതമായ മതരാഷ്ട്ര വാദവും ഉള്ളടക്കത്തിലും ആശയത്തിലും തീർത്തും വ്യത്യസ്തമാണെന്ന് മാത്രമല്ല മതത്തിൽ സുസ്ഥിരമായും പ്രാമാണികമായും സ്ഥിരപ്രതിഷ്ഠ നേടിയ വസ്തുതകളെ തന്റെ ചിന്താവൈകല്യങ്ങൾ കൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമമാണ് മൗദൂദിയുടേത് എന്ന് രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്ന വി ഡി സതീശൻ മനസിലാക്കണം.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.