
ലോകത്ത് അനേകം ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. എല്ലാവരുടെയും ജന്മദിനവും വിയോഗദിനവും ലോകം ചിന്തിക്കാറേയില്ല. എന്നാൽ അപൂർവം ചില ആളുകളുടെ മാത്രം ജന്മദിനം ലോകം ആഘോഷിക്കുന്നു, അവരെയാണ് മഹാത്മാക്കൾ എന്ന് ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നത്. എത്രയോ ചക്രവർത്തിമാരും ഭരണാധികാരികളും കലാകാരന്മാരും ഒക്കെ ഈ ഭൂമിയിൽ വന്നു പോയെങ്കിലും എല്ലാവരെയും ലോകം സ്മരിക്കുന്നില്ല. നിത്യസ്മരണാർഹമായ വലിയ നന്മ ലോകത്തിനുചൊരിഞ്ഞവരെയാണ് എക്കാലവും ജനങ്ങൾ സ്മരിക്കുന്നതും ജന്മദിവസവും മറ്റും ആഘോഷങ്ങളായി കൊണ്ടാടുന്നതും. 171-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുമ്പോൾ ഗുരുദേവന്റെ വ്യക്തിത്വം തെളിയുന്നത് അദ്ദേഹം ലോകത്തിനു നൽകിയ മഹത്വമാർന്ന സന്ദേശങ്ങളിലൂടെയാണ്. ആ സന്ദേശത്തിന്റെ ആകെത്തുക മത ജാതി വർഗ വർണ ദേശ ഭാഷാ ചിന്തകൾക്കപ്പുറമുള്ള മനുഷ്യത്വവും മനുഷ്യ നന്മയുമാണ്. ഗുരുദേവൻ സഹോദരൻ അയ്യപ്പന് സ്വന്തം കൈകൊണ്ട് എഴുതി നൽകിയ വിഖ്യാതമായ സന്ദേശം ഇങ്ങനെയാണ്. “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനയിരുന്നാലും, അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.” മനുഷ്യനെ മനുഷ്യൻ തൊട്ടാൽ അശുദ്ധമാകുമെന്നും ഒരുമിച്ചിരുന്നു വിദ്യാഭ്യാസം ചെയ്യുന്നതിനും പരസ്പരം വിവാഹം ചെയ്യുന്നതിനുമൊക്കെ ജാതിയും മതവും ഇപ്പോഴും തടസമായി നിൽക്കുമ്പോഴും ഒരു നൂറ്റാണ്ടിനപ്പുറം ലോകനന്മയെ മുന്നിൽ കണ്ടുകൊണ്ട് ഗുരു നൽകിയ സന്ദേശങ്ങൾ സഫലീകൃതമായില്ല എന്നര്‍ത്ഥം. പ്രത്യക്ഷത്തില്‍ തീണ്ടലായ കാലം മാറിയെങ്കിലും തീണ്ടലും തൊടീലുമൊക്കെ പലരൂപത്തിൽ ഒളിഞ്ഞും മറഞ്ഞും ഇവിടെ നിലനിൽക്കുന്നു എന്നതാണ് സത്യം. കൂടൽമാണിക്യവും ഗുരുവായൂരും ഒക്കെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.
മത വിദ്വേഷത്തിന്റെ തീപ്പൊരികൾ പലയിടത്തുനിന്നും പലരും വിതറുമ്പോൾ കേരളം ആളിക്കത്താതിരിക്കുന്നത് മലയാളനാടിന്റെ ഹൃദയത്തിൽ ഗുരു ഉള്ളതുകൊണ്ടാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാക്യം ഇല്ലായിരുന്നുവെങ്കിൽ ഇവിടം എന്നേ കലാപഭൂമിയാകുമായിരുന്നു. ഗുരുദേവൻ ഉപദേശിച്ച എല്ലാ സന്ദേശങ്ങളും നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. എങ്കിലും എല്ലാവരുടെയും പൊതു നന്മയ്ക്ക് ആവശ്യമായവ ഉൾക്കൊണ്ടില്ലെങ്കിൽ സർവ നാശമായിരിക്കും ഫലം. ലഹരിമുക്തമായ ഒരു ജീവിതത്തിനു ഗുരു വളരെ പ്രാധാന്യം നൽകിയിട്ടുണ്ടല്ലോ. അന്നത്തെ ലഹരിയായ മദ്യം ഉണ്ടാക്കുകയും കൊടുക്കുകയും കുടിക്കുകയും ചെയ്യരുത് എന്ന് സമൂഹത്തെ ശാസിച്ചു. മദ്യത്തിന്റെ എത്രയോ മടങ്ങ് ലഹരി തരുന്ന നൂതന രാസ ലഹരികൾ ഇന്ന് കേരളത്തെ ഗ്രസിക്കുമ്പോൾ ആർക്കാണ് മോചന മന്ത്രം അരുളാൻ സാധിക്കുക? നാം ഗുരുവിലേക്ക് മടങ്ങിയില്ലെങ്കിൽ സ്വാർത്ഥബുദ്ധികൾ ചേർന്ന്, കുതന്ത്രങ്ങൾ മെനഞ്ഞ് മാതൃകാസ്ഥാനമായ നമ്മുടെ നാടിനെ ഭ്രാന്താലയമാക്കി മാറ്റും എന്നുറപ്പാണ്. പലതരം ഭ്രാന്തുകൾ നടമാടുന്ന ഈ കാലത്ത് കേരള സമൂഹത്തിന്റെ എല്ലാ ഭ്രാന്തുകളും ചികിത്സിച്ച മഹാഗുരു എന്ന അപൂർവ വൈദ്യന്റെ വാക്കുകൾക്ക് വളരെ മൂല്യമാണുള്ളത്. അത് നാടിന്റെ, ജീവന്റെ മൂല്യം തന്നെയാണ്. വൈദ്യശാസനം ലംഘിച്ചുകൊണ്ടുള്ള രോഗിയുടെ യാത്ര മരണത്തിലേക്കാണല്ലോ. അതുപോലെ രോഗാതുരമായ മനസുകളുള്ളവർ അന്ധർ അന്ധരെ നയിക്കുന്നതുപോലെ സമൂഹത്തെ തെറ്റിൽ നിന്ന് തെറ്റിലേക്ക് നയിക്കുമ്പോൾ ഗുരുവിന്റെ വലിയ ശരികൾ ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ്.
ജാതിസംബന്ധമായ ആചാരങ്ങൾ നിരർത്ഥകമാണെന്നും ജന്തുബലി പോലുള്ള പ്രാകൃതമായ ആരാധനാ സമ്പ്രദായങ്ങൾ ഉപേക്ഷിക്കണമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. അജ്ഞതയിൽ ആണ്ടുകിടന്നിരുന്ന ഒരു ജനതയിൽ ആത്മബോധത്തിന്റെ തിരികൊളുത്തലായിരുന്നു 1888ലെ അരുവിപ്പുറം പ്രതിഷ്ഠ. സമൂഹത്തെ ബാധിച്ചിരുന്ന ജീർണിപ്പിന്റെ നേരെ വിരൽചൂണ്ടി, ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചുനടത്തി. ജാതിഭേദവും മതദ്വേഷവും തീണ്ടാത്ത മാതൃകാസ്ഥാപനങ്ങൾ നിർമ്മിക്കാൻ മുൻകൈയെടുത്ത ഗുരു, മാനവരാശിയുടെ മുഴുവൻ പൂർണത മുന്നിൽക്കണ്ടായിരുന്നു തന്റെ പ്രവർത്തനങ്ങളെല്ലാം ആസൂത്രണം ചെയ്തത്. “അവനവനാത്മ സുഖതിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം” എന്നെഴുതാൻ മാനവഹൃദയം തൊട്ടറിഞ്ഞ ഒരാൾക്കല്ലാതെ മറ്റാർക്കാകും? ഓരോ ഗുരു ജയന്തിയും കടന്നുവരുമ്പോൾ നാം ചിന്തിക്കണം, ഒരു വർഷം കൊണ്ട് ഗുരുവിനോട് അടുത്തുവോ അകന്നുവോ എന്ന്. അന്ധമായ ആരാധനകൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഹൃദയം കൊണ്ട് ഒരു അണു അളവെങ്കിലും ആ ദര്‍ശനങ്ങളോട് അടുക്കുവാൻ സാധിച്ചാൽ അതുതന്നെയാണ് ഏറ്റവും വലിയ ഗുരുപൂജ. ഗുരു പകർന്ന അറിവിന്റെ ലോകത്തേക്ക്, ഒരുമയുടെ മാതൃകാ സ്ഥാനത്തേക്ക് നമുക്ക് യാത്ര ചെയ്യാൻ സാധിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.