25 December 2024, Wednesday
KSFE Galaxy Chits Banner 2

പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി

അബ്ദുൾ ഗഫൂർ
October 19, 2024 4:30 am

വളരെ ദൂരവ്യാപകമായ പ്രത്യാഘാതത്തിനും ദുർവ്യാഖ്യാനങ്ങൾക്കും ഇടയാക്കുന്ന വിധിയാണ് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. മുസ്ലിം പള്ളിക്കകത്ത് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള രണ്ടുപേർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയിൽ നിന്ന് ഈ വിധിയുണ്ടായത്. ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ഏത് വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണ് എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ഏകാംഗ ബെഞ്ച് ചോദിച്ചത്. 2023 സെപ്റ്റംബർ 24ന് രാത്രി, ദക്ഷിണ കന്നഡ ജില്ലയിലെ ഐറ്റൂർ ഗ്രാമത്തിലെ കഡബ-മർദല റോഡിലുള്ള പള്ളിക്കകത്ത് പ്രവേശിച്ച വ്യക്തികളാണ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത്. അടുത്ത ദിവസം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, പള്ളിക്കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചില യുവാക്കൾ ബൈക്കിൽ പള്ളിയിലേക്ക് കയറുന്നതിന്റെയും മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉണ്ടായിരുന്നത്. ഇവരുടെ നടപടി വർഗീയ കലാപം സൃഷ്ടിക്കുന്നതിന് ലക്ഷ്യം വച്ചുള്ളതാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കഡബ താലൂക്കിലെ ബിലിനെലെ സ്വദേശികളായ കീർത്തൻ കുമാർ, എൻ എം സച്ചിൻ കുമാർ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. 

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തൽ), 447 (അതിക്രമം), 505 (പൊതു ദ്രോഹം), 506 (ഭീഷണിപ്പെടുത്തൽ), 34 (ഗൂഢോദ്ദേശ്യം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിനെതിരെ കുറ്റാരോപിതർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കർണാടക ഹൈക്കോടതിയിൽ നിന്ന് കേസ് നിലനിൽക്കില്ലെന്ന വിധിപ്രസ്താവമുണ്ടായത്.
മസ്ജിദിനുള്ളിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് വ്യക്തമല്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം ഏതെങ്കിലും സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസിലാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന അപ്പീൽ ഹർജി തീർപ്പാക്കിക്കൊണ്ട് പറഞ്ഞിട്ടുണ്ട്. മസ്ജിദ് എന്നത് പൊതുസ്ഥലമാണെന്നും അതിന്റെ പരിസരത്ത് പ്രവേശിക്കുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്നും പ്രതികളുടെ അഭിഭാഷകർ വാദിക്കുകയുണ്ടായി. എന്നാൽ പള്ളി പരിസരത്ത് അത്തരം പ്രവൃത്തി പാടില്ലെന്നും സംഘർഷത്തിന് കാരണമാകുമെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. സാങ്കേതികമായി പറഞ്ഞാൽ ഹൈക്കോടതിയുടെ നിരീക്ഷണം യുക്തിഭദ്രമെന്ന് തോന്നാമെങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. അത് നിയമ പുസ്തകങ്ങളിൽ നിന്നോ വ്യാഖ്യാനങ്ങളിൽ നിന്നോ അല്ല, മറിച്ച് നമ്മുടെ നാട്ടിൽ നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് ബോധ്യപ്പെടേണ്ടതാണ്. മതവിശ്വാസമെന്നത് വ്യക്തിപരമായ അവകാശവും വിശ്വാസത്തിനനുസരിച്ച് ആരാധന നടത്തുകയെന്നത് സ്വാതന്ത്ര്യവുമായി മാത്രം പരിഗണിക്കപ്പെടുന്ന ഒരു ജീവിത പരിസരത്ത് കർണാടക ഹൈക്കോടതിയുടെ വിധിപ്രസ്താവത്തിന് സാധുതയുണ്ട്. എന്നാൽ രാജ്യത്ത് നിലവിലുള്ള സങ്കീർണമായ രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥയിൽ ഈ വിധി വളരെ പ്രശ്നങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. 

രാജ്യത്ത് ബിജെപി സംഘ്പരിവാർ ശക്തികളുടെ അധികാരാരോഹണവും ആക്രമണോത്സുകതയും ശക്തമായതു മുതൽ നാം കൂടുതലായി കേട്ടുകൊണ്ടിരിക്കുന്നതാണ് ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളി. നേരത്തെ അത് വിശ്വാസികളുടെ പ്രാർത്ഥനാ മുറികളിലെയും ക്ഷേത്രാകത്തളങ്ങളിലെയും ഹിന്ദു സംഘടനകളുടെ ചടങ്ങുകളിലെയും പ്രാർത്ഥനാ വാചകം മാത്രമായിരുന്നു. പിന്നീട് ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയണമെന്ന അജണ്ട സംഘ്പരിവാറിന്റെ രാഷ്ട്രീയ രാസപരീക്ഷണ ശാലയിൽ രൂപപ്പെട്ടതോടെ അത് വിദ്വേഷത്തിന്റെ വാചകമായി പരിണമിച്ചു. രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ നടക്കുന്ന ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും പ്രാർത്ഥനാ വാചകത്തിനപ്പുറം അത് മുദ്രാവാക്യവും പിന്നീട് സംഘർഷത്തിനും എതിരാളികളെ കായികമായി നേരിടുമ്പോൾ കരുത്താർജിക്കുവാനുള്ള അലറിവിളിയുമായി മാറുന്നതും നാം കണ്ടു. ബാബറി മസ്ജിദ് തകർത്തിട്ടും തുടർന്ന ഹൈന്ദവ തീവ്രവാദ ശക്തികളുടെ കുത്സി ത പ്രവർത്തനങ്ങളിലെല്ലാം ജയ് ശ്രീറാമെന്നത് അട്ടഹാസമാകുന്നതും നാം ശ്രവിച്ചുകൊണ്ടിരിക്കുന്നു. 

മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമവേളകളിലും പശുസംരക്ഷണമെന്ന പേരിലുള്ള ഗുണ്ടാ വിളയാട്ടങ്ങളിലും മതപരിവർത്തനമാരോപിച്ചുള്ള കടന്നുകയ്യേറ്റങ്ങളിലും ലൗജിഹാദ് എന്ന പേരിലുള്ള വിചാരണകളിലും ഈ അട്ടഹാസം നാം കേട്ടുകൊണ്ടിരുന്നു. ആൾക്കൂട്ട അതിക്രമങ്ങളിൽ ഇരകൾ ഏറ്റുവിളിക്കേണ്ട മുദ്രാവാക്യങ്ങളായും നാമിത് വാർത്തകളിൽ വായിക്കുന്നു. സമാനമായി ഇസ്ലാം മത തീവ്രവാദികൾ തക്ബീർ മുഴക്കുന്നതും നാം ചിലപ്പോഴെങ്കിലും കേൾക്കുന്നുണ്ട്. എത്രയോ സംഭവങ്ങളിലും ഇടങ്ങളിലും പരിശുദ്ധമെന്ന് അതാത് വിശ്വാസികൾ കരുതുന്ന ജയ് ശ്രീറാം ആയാലും തക്ബീർ ആയാലും തീവ്രവാദ ശക്തികൾ ദുരുപയോഗം ചെയ്യുന്നത് സ്ഥിരം അനുഭവമാണ്. എന്നുമാത്രമല്ല ഓരോ മതവിശ്വാസികളും അവരുടെ ആരാധനാലയങ്ങൾ പരിശുദ്ധമായാണ് കാണുന്നത്. അതാത് വിശ്വാസികളെ സംബന്ധിച്ച് ക്ഷേത്രങ്ങളായാലും പള്ളികളായാലും ചർച്ചുകളായാലും മറ്റ് ആരാധനാലയങ്ങളായാലും പരിശുദ്ധമെന്നാണ് വയ്പ്. അതുകൊണ്ടുതന്നെ ഇതര മതസ്ഥർക്ക് പ്രവേശിക്കാൻ പാടില്ലാത്ത ആരാധനാലയങ്ങളുമുണ്ട്. അത്തരം സ്ഥലങ്ങളിൽ കയറി ശ്രീറാം വിളിക്കുന്നതിനുള്ള ലൈസൻസായി കോടതി വിധിയെ ദുരുപയോഗം ചെയ്യില്ലെന്ന് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കരുതുക വയ്യ. 

ഈയൊരു പരിസരത്താണ് ജയ് ശ്രീറാം മുദ്രാവാക്യം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന കർണാടക ഹൈക്കോടതി വിധി ആശങ്കപ്പെടുത്തുന്നത്. പൊതു വീഥികളിലൂടെയുള്ള മതപരമായ ഘോഷയാത്രകൾ പോലും സംഘർഷമാകുന്ന കാലത്താണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നതും രണ്ട് മതങ്ങളിൽ പെട്ടവർ പരസ്പരം സംസാരിക്കുന്നതുപോലും കലാപത്തിന് വഴിവയ്ക്കുന്ന അനുഭവങ്ങൾ അടുത്തകാലത്ത് ഉത്തരാഖണ്ഡിലും യുപിയിലുമൊക്കെ ഉണ്ടായതാണ്. മതസംരക്ഷണ നിയമത്തിന്റെ പേരിലുള്ള ഗുണ്ടാവിളയാട്ടങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇവിടെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമായ വിധിപ്രസ്താവം കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ഇതര മതസ്ഥരെ കേസിൽ കുടുക്കാനും ജയിലിൽ അടയ്ക്കാനും മതപരിവർത്തന നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു കേസ് പരിഗണിച്ച ബറേലി അതിവേഗ കോടതി ജഡ്ജി രവികുമാർ ദിവാറിന്റെ ചില പരാ‍മർശങ്ങൾ അടുത്ത കാലത്ത് വിവാദമായിരുന്നതാണ്. ചില പ്രത്യേക സമുദായത്തിലെ സാമൂഹ്യ വിരുദ്ധർക്ക് ആധിപത്യമുണ്ടാക്കുന്നതിനും മതപരിവർത്തനത്തിനുമുള്ള മാർഗമായി ലൗ ജിഹാദ് മാറിയെന്നായിരുന്നു വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. ഭൂരിപക്ഷം ന്യൂനപക്ഷമായി മാറിയേക്കുമെന്നും രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വലിയ ഭീഷണിയായെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഏതെങ്കിലും നിയമത്തിന്റെയോ സർക്കാർ രേഖകളുടെയോ പിൻബലത്തിലായിരുന്നില്ല രവികുമാർ ദിവാറിന്റെ കണ്ടെത്തൽ. സുപ്രീം കോടതി ഈ പരാമർശം പിന്നീട് നീക്കുകയായിരുന്നു. ലോലമായ മത, ജാതീയാന്തരീക്ഷവും സ്പർധ സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളും ശക്തമായ ഒരു സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതാണ് കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്ന വിധിപ്രസ്താവം. അതുകൊണ്ടുതന്നെ യുപിയിലെ ജഡ്ജിയിൽ നിന്നുണ്ടായ വിധിപ്രസ്താവം തിരുത്തിയതിന് സമാനമായി കർണാടക ഹൈക്കോടതിയുടെ വിധിയും തിരുത്തുന്നതിനുള്ള ഇടപെടൽ സുപ്രീം കോടതിയിൽ നിന്നുണ്ടാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.