14 December 2025, Sunday

ജസ്റ്റിസ് അതുല്‍ ശ്രീധരന്റെ സ്ഥലംമാറ്റം മോഡി സർക്കാരിന്റെ പ്രതികാരം

രത്ന സിങ്
October 23, 2025 4:15 am

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റം സംബന്ധിച്ച മുൻ ശുപാർശയിൽ മാറ്റം വരുത്തിയതായി കഴിഞ്ഞയാഴ്ച സുപ്രീം കോടതി പ്രഖ്യാപിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് അതുലിനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ഓഗസ്റ്റില്‍ സുപ്രീം കോടതി കൊളീജിയം നിർദേശിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളിൽ, തീരുമാനം പുനഃപരിശോധിക്കാൻ മോഡി സർക്കാർ ആവശ്യപ്പെട്ടു. അഭ്യർത്ഥനയെത്തുടര്‍ന്ന് കൊളീജിയം അവരുടെ ശുപാർശ തിരുത്തി. ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. പെട്ടെന്നുള്ള മാറ്റത്തിന് കൊളീജിയമോ സർക്കാരോ ഒരു വിശദീകരണവും നൽകിയിട്ടില്ലെങ്കിലും, അതുല്‍ ശ്രീധരൻ വെറും ജൂനിയർ ജഡ്ജിയായിരിക്കുമെന്നും പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്റെ ഭാഗമാകില്ലെന്നുമാണ് ഇതിനർത്ഥം. രാജ്യത്തെ നീതിന്യായ രംഗത്തെ സ്ഥ­ലംമാറ്റങ്ങളുടെയും നിയമനങ്ങളുടെയും സംവിധാനത്തിലെ സുതാര്യതയില്ലായ്മയും എക്സിക്യൂട്ടീവ് ഇടപെടലും ഈ സംഭവം അടിവരയിടുന്നു. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ജഡ്ജി എന്ന ഖ്യാതിയുള്ളയാളാണ് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍. 2018ൽ മധ്യപ്രദേശ് ഹൈ­ക്കോടതിയിൽ സ്ഥിരം ജ­ഡ്ജിയായി നിയമിതനായ അദ്ദേഹം, 2023ൽ തന്റെ മകള്‍ അതേ കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്യുന്നതിനാൽ താല്പര്യ വൈരുധ്യം ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടു. മാർച്ചിൽ, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നതിന് ഒരു മാസം മുമ്പ്, അദ്ദേഹത്തെ മധ്യപ്രദേശിലേക്ക് തിരികെ മാറ്റി. തിരിച്ചെത്തിയ ജസ്റ്റിസ് അതുല്‍ ശ്രീധരൻ മുതിർന്ന ജഡ്ജിമാരിൽ ഒരാളും ഹൈക്കോടതിയുടെ കൊളീജിയത്തിലെ അംഗവുമായി. പൗരാവകാശങ്ങൾക്കുവേണ്ടിയും രാഷ്ട്രീയമായി സെൻസിറ്റീവായ കേസുകളിലുമെല്ലാം സ്വമേധയാ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതില്‍ പേരുകേട്ടയാളാണ് ജസ്റ്റിസ്. കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായുടെ മേല്‍ കേസെടുക്കാൻ നിർദേശിച്ചത് ജസ്റ്റിസ് അതുൽ ശ്രീധരനാണ്. അങ്ങനെ സംഘ്പരിവാറിന്റെ പ്രതികാരനടപടിക്ക് പാത്രമായ അതുൽ ശ്രീധരിനെ ജുഡീഷ്യറിയിലെ അവസരങ്ങൾ നഷ്ടമാവുംവിധം സ്ഥലം മാറ്റിച്ച് തരംതാഴ്ത്തലിന് വിധേയമാക്കുകയാണ് മോഡി സര്‍ക്കാരിന്റെ ഉന്നം. 

സർക്കാരിനെ കളങ്കപ്പെടുത്തിയ ചില വിധികളായിരിക്കാം അദ്ദേഹത്തിന്റെ അടിക്കടിയുള്ള സ്ഥലംമാറ്റങ്ങൾക്ക് കാരണം. 2024 ജൂലൈയിൽ, ജമ്മു കശ്മീർ ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ശ്രീധരൻ 1978ലെ ജമ്മു കശ്മീർ പൊതു സുരക്ഷാ നിയമപ്രകാരം പുറപ്പെടുവിച്ച ഒരു പ്രതിരോധ തടങ്കൽ ഉത്തരവ് റദ്ദാക്കി. ജമ്മു ജില്ലാ മജിസ്ട്രേറ്റ് നിയമം വളച്ചൊടിച്ചുവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അന്യായ തടങ്കലിന് കാരണക്കാരായ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തി. 2023 നവംബറിൽ, 21 മാസത്തെ കസ്റ്റഡിക്ക് ശേഷം ദി കശ്മീർ വാലയുടെ എഡിറ്റർക്ക് ജാമ്യം അനുവദിച്ച ബെഞ്ചിന് നേതൃത്വം നൽകിയ അദ്ദേഹം, ഭീകര ഗൂഢാലോചന ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ റദ്ദാക്കി. ജൂലൈയിൽ ഉന്നത — കീഴ്‌ക്കോടതി ബന്ധത്തെ “ഫ്യൂഡൽ പ്രഭുക്കന്മാർക്ക് കീഴിലുള്ള വിധേയത്വം” എന്ന് അദ്ദേഹം ഉപമിച്ചിരുന്നു. ഭയവും കീഴടങ്ങലും നീതിന്യായ വ്യവസ്ഥയില്‍ ആഴത്തിൽ വ്യാപിച്ചിട്ടുണ്ടെന്നും, ഇത് പലപ്പോഴും അന്യായമായ ജാമ്യ നിഷേധങ്ങളിലേക്കും തെറ്റായ ശിക്ഷാവിധികളിലേക്കും നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ, ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ ആർമി വക്താവ് കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ വർഗീയ പരാമർശങ്ങളില്‍ സ്വമേധയാ കേസെടുത്തു. നാല് മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് നടപടികൾ തടയുകയും മന്ത്രിയുടെ ക്ഷമാപണത്തിലൊതുക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ, ഒക്ടോബർ 14ന്, പിന്നാക്ക സമുദായ യുവാവിനെ ജാതി ലംഘനത്തിനുള്ള ശിക്ഷയായി ബ്രാഹ്മണന്റെ കാൽ കഴുകാനും വെള്ളം കുടിക്കാനും നിർബന്ധിക്കുന്ന വീഡിയോ നിരവധി യുട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. “ഓരോ ജാതിയും തങ്ങളുടെ സ്വത്വത്തെക്കുറിച്ച് ശബ്ദമുയർത്തുകയും ബോധവാന്മാരാകുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഒരു പ്രത്യേക ജാതിയിൽപ്പെട്ടവരാണെന്ന അഭിമാനം പ്രകടിപ്പിക്കാൻ അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് ജാതി അക്രമങ്ങൾക്ക് അവസരം സൃഷ്ടിക്കുന്നു. മിക്ക കേസുകളിലും ഇരകൾ സാക്ഷരത കുറഞ്ഞവരും സാമ്പത്തികമായി ദരിദ്രരുമാണ്” എന്നാണ് വിഷയത്തെക്കുറിച്ച് ജസ്റ്റിസ് പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ജൂണില്‍ കശ്മീരിലെ ചീഫ് ജസ്റ്റിസാകാൻ അടുത്തയാളായിരുന്നു അദ്ദേഹം. പക്ഷേ സ്ഥാനക്കയറ്റത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മധ്യപ്രദേശിലേക്ക് തിരികെ സ്ഥലംമാറ്റപ്പെട്ടു. അവിടെ ഏറ്റവും മുതിർന്ന ജഡ്ജിമാരിൽ ഒരാളും ഹൈക്കോടതി കൊളീജിയത്തിലെ അംഗവുമായി ജുഡീഷ്യൽ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ശുപാർശ ചെയ്യുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. ചീഫ് ജസ്റ്റിസും മുതിർന്ന രണ്ട് ജഡ്ജിമാരും ഉൾപ്പെടുന്ന ഹൈക്കോടതി കൊളീജിയമാണ് ജുഡീഷ്യൽ നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും പേരുകൾ ശുപാർശ ചെയ്യുന്നത്. ജസ്റ്റിസ് അതുല്‍ ശ്രീധരനെ ഛത്തീസ്ഗഢിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിൽ, അദ്ദേഹം ഹൈക്കോടതി കൊളീജിയത്തിന്റെ ഭാഗമായി തുടരുമായിരുന്നു. എന്നാ­ൽ അലഹബാദിലേക്കുള്ള സ്ഥലംമാറ്റം മനഃപൂര്‍വമാണ്. ഇവിടെ അദ്ദേഹം സീനിയോറിറ്റിയിൽ ഏഴാം സ്ഥാനത്താകും. ഫലത്തിൽ ഹൈക്കോടതി കൊളീജിയത്തിൽ നിന്ന് പുറത്താവുകയും ജുഡീഷ്യൽ നിയമനങ്ങളിലെ ഇടപെടല്‍ അവസാനിക്കുകയും ചെയ്യും. നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ അദ്ദേഹത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ച സ്ഥലംമാറ്റം, ഇന്ത്യയുടെ ഉന്നത നീതിന്യായ വ്യവസ്ഥയില്‍ എക്സിക്യൂട്ടീവ് നിയന്ത്രണത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നു. തുടര്‍ച്ചയായ സ്ഥലംമാറ്റങ്ങൾ അദ്ദേഹത്തിന്റെ പൗരാവകാശ അനുകൂല വിധികളുടെ ഫലമാണെന്ന് മധ്യപ്രദേശിലെ ഒരു അഭിഭാഷകൻ അഭിപ്രായപ്പെട്ടു. “ജസ്റ്റിസ് അതുല്‍ ശ്രീധരൻ സജീവവും തുറന്നുപറയുന്നവനും നിർഭയനുമായ ജഡ്ജി എന്ന നിലയിൽ വില കൊടുക്കുന്നതായി തോന്നുന്നു” അവർ പറഞ്ഞു. “മധ്യപ്രദേശിലേക്ക് മടങ്ങിയതിനുശേഷം അദ്ദേഹം വളരെ സജീവമാണ്, കൂടാതെ സർക്കാർ അധികാരികൾക്കെതിരെ തന്റെ വീക്ഷണങ്ങളില്‍ ഉറച്ചുനിന്ന് ശബ്ദമുയർത്തിയിട്ടുമുണ്ട്. ”
സ്ഥലമാറ്റങ്ങളിലെ രീതി വ്യക്തമാണെന്ന് മധ്യപ്രദേശിൽ പ്രാക്ടീസ് ചെയ്യുന്ന മറ്റൊരഭിഭാഷകൻ പറഞ്ഞു. “കഴിഞ്ഞ 10 മാസത്തിനിടെ ഇത് മൂന്നാമത്തെ സ്ഥലംമാറ്റമാണ്. ഓരോ തവണ മാറ്റുമ്പോഴും അദ്ദേഹത്തിന് സീനിയോറിറ്റി നഷ്ടപ്പെടുകയായിരുന്നു. ഇത് കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നു” — അവര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസിന്റെ പൗരാവകാശ അനുകൂല സമീപനം കണക്കിലെടുത്ത് നക്സലൈറ്റ് ബാധിത പ്രദേശമായ ഛത്തീസ്ഗഢിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നതിൽ കേന്ദ്രത്തിന് ആശങ്കയുണ്ടാകാമെന്ന് ഡൽഹിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകൻ അഭിപ്രായപ്പെട്ടു. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും ജസ്റ്റിസ് “നിർഭയമായും സ്വതന്ത്രമായും” തീരുമാനമെടുക്കാൻ മടിക്കില്ല എന്നതാണ് ആശങ്കയെന്ന് അഭിഭാഷകൻ പറഞ്ഞു. കൊളീജിയം തന്നെ മോഡി സർക്കാരിന് ബാധ്യതയാണെന്ന് ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ് ചൂണ്ടിക്കാട്ടി.

“ഈ സ്ഥലംമാറ്റത്തിൽ കൊളീജിയത്തിന്റെ സുതാര്യതയില്ലായ്മ, മന്ത്രിയുടെ (വിജയ് ഷാ) ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൽ ജഡ്ജിയുടെ നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് കാരണമാകും,” അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിൽ നിന്ന് അലഹബാദിലേക്കുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കാൻ തീരുമാനിച്ചത് സർക്കാരിൽ നിന്ന് ലഭിച്ച ഒരു അഭ്യർത്ഥനയെ തുടർന്നാണെന്ന കൊളീജിയത്തിന്റെ അസാധാരണമായ പ്രസ്താവന സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മറ്റൊരു അഭിഭാഷകൻ ആശിഷ് ഗോയൽ ഘോഷിനോട് യോജിച്ചു. “ജസ്റ്റിസ് ശ്രീധരനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും സ്ഥലംമാറ്റുന്നതും ശിക്ഷയാണ്. പക്ഷേ കൊളീജിയത്തിന്റെ പ്രവർത്തനത്തെ എക്സിക്യൂട്ടീവിന് എത്ര എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്നുവെന്നത് അവഗണിക്കാൻ കഴിയില്ല” — ഗോയൽ പറഞ്ഞു. “ഇന്നത്തെ സ്ഥിതിയിൽ, ഏത് ഹൈക്കോടതിയിൽ ഏത് ജഡ്ജി ഭരണപരമായ റോളുകൾ നിർവഹിക്കണം (അല്ലെങ്കിൽ നിർവഹിക്കരുത്) എന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി എക്സിക്യൂട്ടീവാണെന്ന് വ്യക്തമാണ്.” ഇത്, രാജ്യത്തെ കൊളീജിയം നിയമനങ്ങളുടെയും സ്ഥലംമാറ്റങ്ങളുടെയും സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. “ഒരു ശക്തമായ എക്സിക്യൂട്ടീവുമായുള്ള പങ്കാളിത്തത്തിലൂടെ കൊളീജിയം ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഇതാദ്യമല്ല. അഖിൽ ഖുറേഷി, എസ് മുരളീധർ എന്നിവരുടെ സമീപകാല ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ജസ്റ്റിസ് അതുല്‍ ശ്രീധരന്റെ കേസ് അവസാനത്തേതായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ കൊളീജിയത്തെ വിശ്വസിക്കാൻ ഞങ്ങൾക്ക് കഴിയില്ല” — അദ്ദേഹം പറഞ്ഞു.
(ദ സ്ക്രോള്‍)

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.