28 December 2024, Saturday
KSFE Galaxy Chits Banner 2

കെ-സ്റ്റോർ: നവകേരളത്തിന്റെ പുത്തന്‍ റേഷൻ ഷോപ്പ്

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
May 12, 2023 4:45 am

സംസ്ഥാനത്തിന്റെ പൊതുവിതരണരംഗം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണ്. മലയാളികളുടെ ഗ്രാമീണ ജീവിതത്തിന്റെ അനിവാര്യഘടകമായിരുന്നു എന്നും റേഷൻകടകൾ. അവ കെട്ടിലും മട്ടിലും പുതുമകളോടും വൈവിധ്യങ്ങളോടുംകൂടി ആധുനികവല്‍ക്കരിച്ച് കെ-സ്റ്റോർ (കേരളാ സ്റ്റോർ) എന്ന നൂതനസംരംഭമായി മാറുന്നു. ഭൂതകാലത്തിൽ വേരുകളാഴ്ത്തി ഭാവിയിലേക്ക് ശിഖരങ്ങളെ അയയ്ക്കുന്ന വൃക്ഷങ്ങളെപ്പോലെ മനുഷ്യരെ കൈവിടാത്ത വികസനത്തിന്റെ കേരള മാതൃകകളിൽ ഒന്നായി മേയ് 14ന് കെ-സ്റ്റോറുകൾ നാടിന് സമർപ്പിക്കപ്പെടുകയാണ്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുൻഗണനാ-മുൻഗണനേതര വിഭാഗങ്ങൾക്ക് നിലവിൽ റേഷൻ കടകളിലൂടെ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യങ്ങൾക്കും മണ്ണെണ്ണയ്ക്കും പുറമെ ശബരി ബ്രാൻഡഡ്, മിൽമ ഉല്പന്നങ്ങൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു ഗ്യാസ് എന്നിവ ന്യായവിലയ്ക്ക് കെ-സ്റ്റോറിൽ ലഭിക്കും. റേഷൻ കാർഡ് ഉടമകൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ 10,000 രൂപ വരെ പണം പിൻവലിക്കാനുള്ള സൗകര്യവും സ്റ്റോറിൽ ലഭ്യമാകും. ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട്ട് റേഷൻ കാർഡ് വഴിയാണ് ഈ ചെറുകിട ബാങ്കിങ് സേവനം ലഭിക്കുക. വെള്ളക്കരവും വൈദ്യുതിക്കരവും അടക്കമുള്ള യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും സൗകര്യമുണ്ട്.

 


ഇതുകൂടി വായിക്കു; കുടിയൊഴിഞ്ഞ് പുനരധിവാസം തേടുന്നവരെ സഹായിക്കണം


കേരളത്തിലെ പൊതുവിതരണസമ്പ്രദായത്തിനു സുദീർഘമായ ഒരു ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ ഭാരതത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടു. തിരുവിതാംകൂറിലും കൊച്ചിയിലും അന്ന് ആദ്യമായി റേഷനിങ് ആരംഭിച്ചു. 1955ൽ പൊതുവിതരണം നിർത്തലാക്കി വിലസ്ഥിരതാ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാർക്ക് മാത്രമായി റേഷൻ നിജപ്പെടുത്തി. ഭക്ഷ്യധാന്യ വിതരണച്ചുമതല ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കുമായിരുന്നു. 1957 ജനുവരി മുതൽ ഭക്ഷ്യവിതരണം റവന്യു ബോർഡ് മെമ്പറുടെ അധീനതയിലായി. റവന്യു വകുപ്പിൽനിന്നും വിഘടിപ്പിച്ച് 1962 മേയ് 28ന് പൊതുവിതരണ വകുപ്പ് രൂപീകരിക്കപ്പെട്ടു.
സംസ്ഥാനത്ത് ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാവർക്കും തുല്യഅളവിൽ ന്യായവിലയ്ക്ക് വിതരണം ചെയ്യുന്നതിന് തീരുമാനമെടുക്കുകയും 1964 നവംബർ ഒന്നു മുതൽ ഇത് നടപ്പിലാക്കുകയും ചെയ്തു. കേരള റെഗുലേഷൻ ഓഫ് ഫുഡ് ഗ്രെയ്ൻസ് ഡിസ്ട്രിബ്യൂഷൻ (റെഗുലേറ്റിങ് മെഷേഴ്സ്) ഓ‍ർഡർ1965, കേരള റെഗുലേഷൻ ഓഫ് ഫുഡ് ഗ്രെയ്ൻസ് ഡിസ്ട്രിബ്യൂഷൻ ഓ‍ർഡർ1965 എന്നീ ഉത്തരവുകൾ വി‍ജ്ഞാപനം ചെയ്യപ്പെട്ടതോടെ റേഷൻ സമ്പ്രദായത്തിന് നിയമപരമായ ചട്ടക്കൂട് നിലവിൽ വന്നു. ഇവയാണ് കേരളത്തിലെ പൊതുവിതരണ സ മ്പ്രദായത്തിന്റെ ആ ധാരശിലകൾ. ഈ ഉത്തരവുകൾ പ്രകാരം 1965 ഒക്ടോബർ 24 മുതൽ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവിൽ വരികയും പിന്നീട് ഇവയെ സമഗ്രമാക്കി പുനരാവിഷ്കരിച്ചുകൊണ്ട് 1966 ജൂലായ് ഒന്നിന് കേരള റേഷനിങ് ഓർഡർ പ്രാബല്യത്തിൽ വരികയും ചെയ്തു.

 


ഇതുകൂടി വായിക്കു;ഭവനമെന്ന സ്വപ്ന സാക്ഷാത്ക്കാരം


കോളനിരാജ്യങ്ങളെ പങ്കിട്ടെടുക്കാനുള്ള വികസിത മുതലാളിത്ത രാജ്യങ്ങളുടെ ആർത്തിയാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണം. അതിന്റെ ഫലമായ ഭക്ഷ്യക്ഷാമത്തിന്റെയും കോടിക്കണക്കിന് മനുഷ്യരെ പട്ടിണിക്കിടുകയും ലക്ഷങ്ങളെ പട്ടിണിമരണത്തിലേക്ക് തള്ളുകയും ചെയ്ത ഈ മഹാപാതകത്തിന്റെ പ്രായശ്ചിത്തവുമായാണ് റേഷനിങ് തുടങ്ങിയത്. എന്നാൽ, മനുഷ്യരുടെ എല്ലാ പ്രാഥമികാവശ്യങ്ങളും ഭരണകൂടം നിറവേറ്റിയ സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ അനുകരണമായാണ് അത് അഭിവൃദ്ധിപ്പെട്ടത്. സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ തകർച്ചയോടുകൂടി 1990 കളോടെ ലോകരാജ്യങ്ങൾ ക്ഷേമരാഷ്ട്ര പന്ഥാവിൽ നിന്ന് വ്യതിചലിച്ചു. സബ്സിഡികളും സൗജന്യങ്ങളും പിൻവലിച്ചു. ആഗോള–ഉദാര–സ്വകാര്യവല്‍ക്കരണ നയങ്ങൾ നമ്മുടെ രാജ്യവും സ്വീകരിച്ചു. അതിന്റെ തുടർച്ചയായി ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം നിലവിൽ വന്നു. കേരളത്തിലെ സാർവത്രിക റേഷനിങ്ങിന്റെ മരണമണി മുഴങ്ങി. അതിദരിദ്രർക്കായി റേഷൻ പരിമിതപ്പെട്ടു. എപിഎൽ‑ബിപിഎൽ വിഭജനം വന്നു. 2013 ലെ ദേശീയ ഭക്ഷ്യഭദ്രതാനിയമം തരംതിരിച്ചുള്ള റേഷനിങ് നിയമപ്രാബല്യത്തോടെ അരക്കിട്ടുറപ്പിച്ചു.
അന്ത്യോദയ–അന്നയോജന(മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക് കാർഡ്) എന്നീ മുൻഗണനാവിഭാഗങ്ങൾക്ക് മാത്രമായി റേഷൻ പരിമിതപ്പെടുത്തുകയും സംസ്ഥാനങ്ങളിലെ മുൻഗണനാവിഭാഗ ജനസംഖ്യ, കേന്ദ്രസർക്കാർ ക്ലിപ്തപ്പെടുത്തുകയും ചെയ്തു. കേരളത്തോടുള്ള വിവേചനത്തിന്റെ ഭാഗമായി ഇത് 1,54,80,040 പേരായി നിജപ്പെടുത്തി. കേരളത്തിലെ 57 ശതമാനം ജനങ്ങൾ പൊതുവിതരണത്തിന് പുറത്തായി. മാരകരോഗത്തിനുള്ള ചികിത്സയ്ക്കും റേഷൻ ആനുകൂല്യങ്ങൾക്കുമായി റേഷൻകാർഡ് തരംമാറ്റി മുൻഗണനാവിഭാഗത്തിലാക്കാനുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളുടെ നെട്ടോട്ടം ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ഈ നയങ്ങൾ കൂടുതൽ ശക്തമായി ബിജെപി സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നു. പൊതുവിതരണ സംവിധാനം ഇല്ലായ്മ ചെയ്യാനുള്ള തീരുമാനം എടുത്തിരിക്കുകയാണവർ. ഭക്ഷ്യധാന്യ സബ്സി‍ഡി പണമായി ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ സമ്പ്രദായ ത്തിലൂടെ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഢിലും പോണ്ടിച്ചേരിയിലും ഇത് നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളികളായ നമുക്ക് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്ന് ഈ വസ്തുത നേരിൽ ഗ്രഹിക്കാം. അവിടുത്തെ റേഷൻ കടകൾ ശാശ്വതമായി അടച്ചുപൂട്ടി.
സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യവിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. മണ്ണെണ്ണ പൂർണമായി നിർത്തൽ ചെയ്യാനും കേന്ദ്രം ഉദ്ദേശിക്കുന്നു. കേന്ദ്രനയങ്ങൾ അംഗീകരിക്കാതെ ജനപക്ഷ നിലപാടുകളുമായി കേരളസർക്കാർ മുന്നോട്ടുപോവുകയാണ്. എല്ലാ മേഖലകളിലും മുൻഗണനാവിഭാഗ സംഖ്യ പരിമിതപ്പെടുത്തുകയും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറയ്ക്കുകയും പൊതുവിതരണ സംവിധാനത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന കേന്ദ്രനയത്തിന് ബദലാവിഷ്കരിക്കുക കൂടിയാണ് കേരള സ്റ്റോറിലൂടെ സംസ്ഥാന സർക്കാർ. ബാങ്കിങ്ങ് സർവീസുകളും യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനങ്ങളും രണ്ട് കിലോമീറ്റർ ചുറ്റളവിൽ ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലാണ് തുടക്കത്തിൽ കെ-സ്റ്റോർ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെയും തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കടകളെയും കെ-സ്റ്റോറായി ഉയർത്തും. റേഷൻ വ്യാപാരി സമൂഹത്തിന് ഉയർന്ന വരുമാനവും പൊതുമേഖലയിൽ നിന്നും സൂക്ഷ്മ‑ചെറുകിട–ഇടത്തരം സംരംഭകമേഖലയിൽ നിന്നുമുള്ള ഉല്പന്നങ്ങളുടെ വിപണന സാധ്യതയും സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നു.
അരിയും പഞ്ചസാരയും മണ്ണെണ്ണയും കിട്ടാൻ കൂലി ദിവസമായ ശനിയാഴ്ച മുഷിഞ്ഞ നോട്ടും കന്നാസും സഞ്ചിയുമായി ജീർണിച്ച പഴയ കുടുസുമുറിയുടെ മുന്നിൽ ക്യൂ നിന്ന ഭൂതകാലസ്മരണകൾ കൈവിടാതെ തന്നെ നവകേരളത്തിന്റെ നവീന റേഷൻകടകളെ മലയാളി സ്വീകരിക്കട്ടെ. ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ കെ-സ്റ്റോറുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.