
കാനം എന്നത് കോട്ടയത്തെ സ്ഥലപ്പേരാണെങ്കിൽ അതൊരു വിളിപ്പേരായി കേരള രാഷ്ട്രീയത്തിൽ അടയാളങ്ങളിട്ട വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റേത്. അദ്ദേഹം കടന്നുപോയിട്ട് ഇന്ന് രണ്ട് വർഷമാകുന്നു. വളരെ ചെറിയ പ്രായത്തിൽ സംഘാടക മികവും സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടമാക്കിയ അദ്ദേഹം എഐവൈഎഫിനെ കേരളത്തിലെ പ്രബല യുവജന സംഘടനയാക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
ഭിന്നിപ്പുണ്ടായതിനെ തുടർന്ന് ദുർബലമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ, പ്രത്യേകിച്ച് എഐഎസ്എഫിനെയും എഐവൈഎഫിനെയും പ്രക്ഷോഭങ്ങളിലൂടെയും താഴേത്തട്ടുവരെ ഇറങ്ങിച്ചെന്നുള്ള സംഘടനാ പ്രവർത്തനങ്ങളിലൂടെയും വേരാഴ്ത്തുന്നതിൽ അസാധാരണ മികവാണ് പ്രകടമാക്കിയത്. അതിനുള്ള അംഗീകാരം കൂടി ആയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരും പരിണതപ്രജ്ഞരുമായ നേതാക്കൾക്കൊപ്പം 25-ാം വയസിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകാൻ അദ്ദേഹത്തിന് സാധിച്ചത്. ആ പ്രായത്തിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കാൻ അവസരമുണ്ടായി എന്നത് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് വിസ്മയകരമായേക്കാവുന്ന യാഥാർത്ഥ്യവും അപൂർവതയുമാണ്.
രാഷ്ട്രീയവും സാമൂഹികവുമായി പ്രക്ഷുബ്ധമായിരുന്നു 1960കൾ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ബഹുജന സംഘടനകളെയും സംബന്ധിച്ച്. അക്കാലത്ത് വിദ്യാർത്ഥി — യുവജന പ്രസ്ഥാനങ്ങളുടെ സമര, സംഘാടക ഭൂമികയിലായിരുന്നു കാനം രാജേന്ദ്രന്റെ പോരാട്ട ജീവിതം ആരംഭിക്കുന്നതും പരുവപ്പെട്ടതും. ത്യാഗത്തിന്റെയും സഹനത്തിന്റെയും അനുഭവങ്ങളേകിയ സമരവീര്യവും വിപുലമായ സുഹൃദ് ബന്ധങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് മാറ്റുകൂട്ടി. പ്രായം ഇരുപതുകളിലെത്തുമ്പോൾ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹി എന്ന അപൂർവ സ്ഥാനലബ്ധിയും അദ്ദേഹത്തിന് മാത്രമുള്ളതാകുകയും ചെയ്തു.
എന്റെ നേതാവും പിന്നീട് ഒപ്പം പ്രവർത്തിക്കുവാൻ അവസരമുണ്ടാകുകയും ചെയ്ത കാനം രാജേന്ദ്രനെക്കുറിച്ച് ഒരു കുറിപ്പെഴുതാനിരിക്കുമ്പോൾ മനസിൽ ഓർമ്മകളുടെ കാറ്റ് വീശിയടിക്കുന്നുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയം വൈക്കത്തെ പാർട്ടി ഓഫിസിൽ ആദ്യമായി കണ്ടതു മുതൽ പിന്നീടുള്ള അര നൂറ്റാണ്ടിലധികം കാലത്തെ ഓർമ്മകൾ. കാനം അന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറിയായിരുന്നു. അന്നുമുതൽ അദ്ദേഹത്തിന്റെ അവസാനനാളുകൾ വരെ സംഘടനാ പ്രവർത്തനങ്ങളിലും പ്രക്ഷോഭസമരങ്ങളിലും കൈകോർത്തുപിടിച്ചാണ് മുന്നോട്ടുനീങ്ങിയത്.
1970കളിലെ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തനങ്ങൾ സങ്കീർണതകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. അക്കാലത്താണ് കാനം കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹിയായി പ്രവർത്തിച്ചത്. ഞാനുൾപ്പെടെ അക്കാലത്തെ വിദ്യാർത്ഥി, യുവജന പ്രവർത്തകരെല്ലാം ആ നേതാവിന്റെ സമരശേഷിയും സംഘടനാ പ്രവർത്തനത്തിലെ മികവും നേരിട്ടനുഭവിച്ചവരാണ്. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലെല്ലാം അദ്ദേഹത്തിന്റേതായി അടയാളപ്പെട്ട നിരവധി കാര്യങ്ങളുണ്ടായിരുന്നു.
വിദ്യാർത്ഥി, യുവജന പ്രവർത്തന കാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കാനം പിന്നീട് തന്റെ കർമ്മമേഖലയാക്കിയത് തൊഴിലാളി പ്രസ്ഥാനമായ എഐടിയുസി ആയിരുന്നു. അവിടെ ആ സമരശേഷിയും സംഘടനാ പ്രവർത്തന മികവും കൂടുതൽ തിളക്കമേറിയതായി. തൊഴിലാളി സംഘടനകൾ ഇറങ്ങിച്ചെല്ലാൻ മടിച്ചിരുന്ന അസംഘടിത മേഖലയിലേക്ക് എഐടിയുസി നേതാവായിരിക്കെ അദ്ദേഹം കടന്നുചെന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിൽ വിഭാഗങ്ങളെ സംഘടനയുടെ പതാകയ്ക്ക് കീഴിൽ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മികച്ചതായിരുന്നു.
നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി രൂപപ്പെട്ടതും തൊഴിൽ ചൂഷണത്തിന് പുതിയ തലങ്ങൾ നൽകിയതുമായ പുതുതലമുറ ബാങ്കുകൾ, വിവര സാങ്കേതിക രംഗം, സാംസ്കാരികം, സിനിമ തുടങ്ങിയ തൊഴിൽ മേഖലകളിലുള്ളവരെയും അധ്വാനിക്കുന്നവരായിക്കണ്ട്, സംഘടനാ രൂപീകരണ ശ്രമങ്ങൾ ആരംഭിച്ചതും ലക്ഷ്യം കണ്ടതും അദ്ദേഹം എഐടിയുസി നേതൃത്വത്തിലുണ്ടായ കാലത്തായിരുന്നു. അതോടെയാണ് അത്തരം തൊഴിൽ വിഭാഗങ്ങൾ സർക്കാർ തലത്തിൽ പരിഗണിക്കപ്പെടുകയും അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തത്. സഖാവ് കാനത്തിന്റെ ദീർഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്. തോട്ടം തൊഴിലാളികളുടെ ജീവിത യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് കാനം സാമൂഹ്യ രാഷ്ട്രീയ ബോധത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. നിയമസഭ കണ്ട ഏറ്റവും മികച്ച നിയമസഭാ സാമാജികനുമായിരുന്നു അദ്ദേഹം. ആഴമുള്ള ബോധ്യങ്ങളും വിപുലമായ അറിവും പ്രകടിപ്പിച്ച, ഊർജസ്വലതയെ എങ്ങനെ മൂർച്ചയുള്ള നിലപാടാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിച്ച അംഗമായിരുന്നു. ലളിതവും അതേസമയം വിഷയങ്ങളെ ആഴത്തിൽ പഠിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലിക്ക് പ്രത്യേക ആകർഷണീയതയുണ്ടായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കൂടുതൽ കരുത്തുറ്റ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അവശ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് കാത് കൂർപ്പിക്കുകയും ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും പരിഹാര സാധ്യതകൾ തേടുകയും ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിൽ അദ്ദേഹത്തിന് അസാധാരണമായ ചാതുര്യമുണ്ടായിരുന്നു. തിരക്കുപിടിച്ച രാഷ്ട്രീയ നേതാവായിരിക്കുമ്പോഴും കാനം പാട്ടിനെയും സാഹിത്യത്തെയും സിനിമയെയും പ്രണയിച്ചു. അവയുടെ നവ സങ്കേതങ്ങൾ വരെ ആഴത്തിൽ മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാട്ടിയ മികവ് മുന്നണി രാഷ്ട്രീയത്തിന്റെ പ്രവർത്തനപഥങ്ങളിൽ വേറിട്ടുനിൽക്കുന്നു. വ്യതിയാനങ്ങളെ വിമർശിക്കുമ്പോഴും അതിരുവിടാതിരിക്കുവാൻ ബദ്ധശ്രദ്ധനായിരുന്നു. വിട്ടുവീഴ്ചകളും സമവായങ്ങളും ദൗർബല്യമായല്ല, ആന്തരിക ശക്തി വർധിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം കണ്ടത്. എഐടിയുസി സംസ്ഥാന ഭാരവാഹിയായിരിക്കെ അദ്ദേഹത്തിന്റെ മുൻകയ്യിൽ പണിതുയർത്തിയതാണ് പട്ടത്തെ പി എസ് സ്മാരകം. എഐടിയുസി സംസ്ഥാന ആസ്ഥാനമെന്നതിനപ്പുറം പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയുമുൾപ്പെടെ വിപുലമായ സംവിധാനമായി പി എസ് സ്മാരകത്തെ മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. കൊല്ലം കുളക്കടയിൽ പടുത്തുയർത്തിയ, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ സ്മാരക സമുച്ചയവും അദ്ദേഹത്തിന്റെ ഭാവനയിൽ വിരിയുകയും മുൻകയ്യിൽ യാഥാർത്ഥ്യമാകുകയും ചെയ്തതാണ്.
കേരളത്തിലെ സിപിഐയുടെ ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന എം എൻ സ്മാരകം വിപുലീകരിക്കണമെന്നതും കാനത്തിന്റെ സ്വപ്നമായിരുന്നു. അതിനുള്ള എല്ലാ പ്രാഥമിക പ്രവർത്തനങ്ങളും പൂർത്തിയാക്കി പണി നടന്നുകൊണ്ടിരിക്കേയാണ് അദ്ദേഹം ആകസ്മികമായി വിട പറഞ്ഞത്. പി എസ് സ്മാരകം, സി കെ ചന്ദ്രപ്പൻ സ്മാരകം, നവീകരിച്ച എം എൻ സ്മാരകം എന്നിവ അദ്ദേഹത്തിന്റെ സംഘാടന വൈഭവത്തിന്റെ പ്രതീകങ്ങളായാണ് തലയുയർത്തിനിൽക്കുന്നത്. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ മുങ്ങിനിൽക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എൽഡിഎഫിനുമെതിരായ കുപ്രചാരണങ്ങളും വിവാദങ്ങളും കത്തിനിൽക്കുകയും എൽഡിഎഫിന് തിളക്കമാർന്ന വിജയം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ നടക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അഭാവം വല്ലാതെ അനുഭവപ്പെടുന്നുണ്ട്.
ഹിറ്റ്ലറുടെ ഫാസിസത്തിന്റെ ഇന്ത്യൻ മുഖമായ ആർഎസ്എസ് — ബിജെപി കൂട്ടുകെട്ട് നാടിനുമേൽ കൂടുതൽ പിടിമുറുക്കാൻ കോപ്പുകൂട്ടുകയാണ്. 2024ൽ തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സഖ്യകക്ഷികളുടെ പിൻബലത്തിലാണ് രാജ്യം ഭരിക്കുന്നതെങ്കിലും അതിന്റെ ശൗര്യത്തിന് കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ കടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്തങ്ങൾ വർധിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയ പോലും കടന്നുകയറ്റത്തിനും അട്ടിമറിക്കും വേദിയായിരിക്കുകയാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലും നാം അത് കണ്ടുകൊണ്ടിരിക്കുകയാണ്. മതേതരത്വവും ഫെഡറൽ തത്വങ്ങളുമടക്കം അടിസ്ഥാന പ്രമാണങ്ങളെല്ലാം തകർക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കടമകൾ ഏറ്റെടുത്ത് മുന്നോട്ടുപോകും എന്നതാണ് കാനത്തോടുള്ള സ്മരണാഞ്ജലിയായി നാം പുതുക്കേണ്ട പ്രതിജ്ഞ. അദ്ദേഹത്തിന്റെ ഓർമ്മകൾ അത്തരം പ്രവർത്തനപഥങ്ങളിൽ ഊർജ പ്രവാഹമായിരിക്കും. ആ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.